ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.

“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”

ഞാനൊന്ന് ചഞ്ചലനായി…

“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”

“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”

“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”

“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”

ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,

“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”

അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.

“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”

“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”

‘വാക്സ് കോട്ടിംങ്ങോ, എപ്പ!’

പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.

 

റെഡിയായി ഇറങ്ങാൻ തുടങ്ങിയപ്പോൾ പൊരിഞ്ഞ മഴ, നല്ല ലക്ഷണമാണ്!

മിക്കവാറും ഈ പ്രീ വർഷിപ്ട് പ്രിസ്റ്റ്റിൻ കണ്ടീഷൻ സിംഗിൾ യൂസർ മെഷീൻ വിത്ത് ഔട്ട് ആക്സിഡൻ്റ് ഹിസ്റ്ററി നല്ല വിലയ്ക്ക് തന്നെ അങ്ങേരു കൊണ്ടുപോകും.

ഞാൻ എടപ്പാൾ സഫാരി ഗ്രൗണ്ടിൽ ചെല്ലുമ്പോ പട്ടാമ്പിക്കാരൻ അവിടെ എത്തിയിട്ടുണ്ട്. അയാളുടെ തൊട്ടടുത്ത് നിൽക്കുന്ന ആസിഫ് കയ്യും കലാശവും കാട്ടി എന്തൊക്കെയോ പറയുന്നത് കാണാമായിരുന്നു.

വണ്ടി ഓണർ ആയ എന്നെക്കുറിച്ച് നല്ല ബിൽടപ് കൊടുക്കുന്നതായിരിക്കും, കള്ളൻ!

ചില സെലിബ്രിറ്റികൾ ഉപയോഗിച്ച വണ്ടിക്ക് സെക്കൻ്റ് ഹാൻഡ് മാർക്കറ്റിലും പുതിയ വണ്ടിയുടെ റേറ്റ് കിട്ടാറുണ്ട് എന്ന കാര്യവും എനിക്കോർമ്മ വന്നു. കടും കള്ളൻ!

ബയ്യർ വന്നു സെൽഫി ഒക്കെ എടുക്കോ എന്തോ?

 

ഞാൻ മുടിയൊക്കെ ശരിയാക്കി വണ്ടിയില് നിന്നിറങ്ങി. അടുത്തേക്ക് നടന്നു ചെല്ലുന്ന എന്നെ ആ രണ്ടാളും അന്തർവാഹിനി കണ്ട ബേബി ഷാർക്കിനെ പോലെ നോക്കി.

ഞാൻ ലൈറ്റ് ആയിട്ട് ചിരിച്ച് തല ഇളക്കി ചോദിച്ചു,

“ന്തെ?”

“നീ എന്ത് കാണിക്കാനാണ് വന്നത്?”

“ബുള്ളറ്റ്.”

“ന്നിട്ട് ബുള്ളറ്റ് എവിടെ?”

ഉണ്ട കുടുങ്ങിയെന്ന് അപ്പോഴാണെനിക്ക് ബോധ്യമായത്, മഴ പെയ്തപ്പോൾ നനയണ്ട എന്ന് കരുതി ഞാൻ വീട്ടിൽ നിന്ന് കാർ എടുത്തിട്ടാണ് വന്നത്!!

എൻ്റെ സകലതും വിരിഞ്ഞു. ഭൂമി അങ്ങു പിളർന്നു പോയിരുന്നെങ്കിൽ എന്നാശിച്ച നിമിഷം.

 

മിസ്റ്റർ പട്ടാമ്പി ആസിഫിനെ മാറ്റി നിർത്തി പറഞ്ഞു,

“ഞാൻ വിട്ടു”

“വിടണ്ട, ഇവനേ ഇങ്ങനെയുള്ളൂ, ഇവൻ്റെ വണ്ടി ഉഷാറാ”

“ഉം… ഈ വിസ്മയ ചിന്താഗതിക്കാരൻ വണ്ടിയില് പെട്രോളിന് പകരം ഡീസൽ ഒക്കെ അടിച്ച് ഒടിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ പറ്റും”

സ്വാഭാവികം.

എൻ്റെ കണ്ണ് നിറഞ്ഞു. പെട്രോൾ ടാങ്കില് ഒരിക്കൽ ഒരു പോപ്പിൻസ് മുട്ടായി ഇട്ടിട്ടുണ്ട് എന്നല്ലാതെ, ഡീസൽ ഒന്നും… നിങ്ങള് തന്നെ പറ, എന്നെക്കൊണ്ട് അതിനു സാധിക്ക്വോ?

 

പട്ടാമ്പിക്കാരൻ പട്ടാമ്പിയിലേക്ക് തന്നെ പോയി. മാച്ച് തോറ്റ് തിരിച്ച് എൻ്റെ അടുത്ത് വന്ന ആസിഫ് പറഞ്ഞു,

“ഒരു കാര്യത്തിൽ എനിക്ക് സമാധനമുണ്ട്”

“എന്താ അളിയാ?”

“ഞാൻ അയാളോട് വണ്ടിയേക്കുറിച്ചേ ബിൽഡപ് ഇട്ടുള്ളൂ, നിന്നെക്കുറിച്ച് ഒന്നും ഇട്ടില്ല…. ഉണ്ടായിരുന്നെങ്കിൽ ൻ്റെ ജീവിതത്തില് ആ കുറ്റബോധം മാറില്ലായിരുന്ന്”