രണ്ടായിരത്തിപന്ത്രണ്ടിൽ ബാംഗ്ലൂരിൽ എത്തിപെട്ട ഞങ്ങള് കുറച്ച് കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജ് കിടാങ്ങൾ, ഇലക്ട്രോണിക് സിറ്റിയ്ക്ക് അടുത്തുള്ള സിംഗസാന്ദ്ര എന്ന സ്ഥലമാണ് വാസസ്ഥലമായി തിരഞ്ഞെടുത്തത്. പേരിലൊരു ‘സാന്ദ്ര’ ഉള്ളത് കൊണ്ട് എനിക്കും ഇഷ്ടമായി.
രണ്ടുപേർക്ക് താമസിക്കാൻ വേണ്ടി എടുത്ത ഒറ്റ മുറി ഫ്ലാറ്റിൽ ഏഴുപേര് താമസിച്ചു എന്ന നിസ്സാരകുറ്റത്തിന് ഓണർ പിടിച്ചു പുറത്താക്കും വരെ, സ്വർഗ്ഗം അവിടെയായിരുന്നു.
പർചെയ്സിങ്‌ ആന്റ് കുക്കിങ് മാമുവും പീസുട്ടനും നൈസും, ക്ളീനിംഗ് മധുവും അംബുജവും ഞാനും, പാത്രം കഴുകൽ ജഗൻ… അങ്ങനെ ഡ്യൂട്ടികൾ എല്ലാം കൃത്യമായി വിഭജിക്കപെട്ടിരുന്നു. ഞങ്ങൾ
സ്ഥിരമായി സാധനങ്ങൾ വാങ്ങിച്ചിരുന്നത് കണ്ണൂര്കാരൻ ഷാജിർ നടത്തുന്ന തൊട്ടടുത്തുള്ള പലചരക്കു കടയിൽ നിന്നായിരുന്നു. പണ്ട് വാട്ടർ തീം പാർക്കില് നീർക്കോലിയെ കൊണ്ടിട്ട കേസില് നാടുവിട്ടു ബാഗ്ലൂർ എത്തിയ മൊതലാണ്. അത് വേറൊരു ബയോപിക്.
തൊട്ടടുത്തുള്ള പിജിയിലെ പെൺകുട്ടികൾക്ക് വായ നോക്കാൻ ആരെങ്കിലും വേണ്ടേ എന്ന് കരുതി ഷാജിറിന്റെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു ഞാനും മാമുവും. അപ്പോഴാണ് ഞങ്ങളുടെ മൂന്നു നില അപാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന,  സർദാർജി അവിടേക്ക് വന്ന് ഷാജിറിനോട്‌ ഹിന്ദിയിൽ ചോദിക്കുന്നത്,
“ഷാജിർ… ഇന്നലെ ആരാ ഇവിടെ നിന്ന് പരിപ്പ് വാങ്ങിച്ചത്?
“കുറെ പേര് വാങ്ങിച്ചിരുന്നു, കൃത്യമായിട്ട് ഓർമ്മയില്ല” എന്ന ഷാജിറിന്റെ മറുപടി കേട്ട് സർദാർജി നിരാശയോടെ തിരിച്ചു നടന്നു.
ഒന്നും മനസിലാവാതെ നിന്ന ഞങ്ങളോട് ഷാജിർ പറഞ്ഞു,
“ഇയാള് എന്നും വരും, ഇന്നലെ ഇവിടെ നിന്നാരാ കോളിഫ്‌ളവർ വാങ്ങിച്ചത്, ഗ്രീൻപീസ് വാങ്ങിച്ചത്, ചിക്കൻ മസാല വാങ്ങിച്ചത് എന്നൊക്കെ ചോദിച്ച്…”
“അതെന്താ?”
“ആവോ… പക്ഷെ മാമൂ, എല്ലാ ദിവസവും നിങ്ങള് വാങ്ങിക്കുന്ന സാധനങ്ങളാണ് അയാള് പിറ്റേ ദിവസം വന്നു കൃത്യമായി ചോദിക്കുന്നത്”
മാമുവും ഞാനും പരസ്പരം നോക്കി.
“എന്റെ കൈപ്പുണ്യത്തിന്റെ മണം അടിച്ചിട്ടാവും!’ മാമു അഭിമാനത്തോടെ എന്നോട് പറഞ്ഞു.
“ഷാജിറെ ഇനി അയാള് വന്നു ചോദിക്കുമ്പോൾ ഞങ്ങളാണ് വാങ്ങിച്ചതെന്ന് പറഞ്ഞേക്ക്… ഞാനാണ് അവിടുത്തെ കുക്കറെന്നും, അല്ല കുക്കെന്നും!”
‘ഹോ…. സ്വാദിന്റെ മണം പരത്തുന്ന കുറച്ച് മലയാളി ചെറുപ്പക്കാർ, ആ രുചിയുടെ ഉറവിടം അന്വേഷിച്ച് നടക്കുന്ന ആഹാരപ്രിയനായ ഒരു സർദാർജി… വെറും ഫീൽ ഗുഡ്!’
തന്റെ കുക്കിങ്ങിന് ഒരു നോർത്ത് ഇന്ത്യൻ കോമ്പ്ലിമെന്റ് കിട്ടിയ ആ ഹരത്തില് മാമു അന്ന് രാത്രി കടലക്കറി ആണ്  വെച്ചത്. ജഗൻ പാത്രങ്ങൾ കഴുകി വെക്കുമ്പോൾ ഞങ്ങൾ,
ഭക്ഷണം നൽകി പോക്കറ്റിലാക്കിയ
സർദാർജിയുടെ സ്വിഫ്റ്റ്‌ കാർ എടുത്ത് നന്ദി ഹിൽസിൽ ടൂർ പോവുന്നതും, അയാളുടെ ഇൻവെസ്റ്റ്മെന്റിൽ മടിവാളയിൽ ഒരു നോർത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ആരംഭിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു!
പിറ്റേന്ന് രാവിലെ ഒരു ഇന്റർവ്യൂ ന് പോവാനായി പതിവില്ലാതെ നേരത്തെ എഴുന്നേറ്റ് ഇറങ്ങിയ ഞങ്ങൾ ഒരു കാഴ്ച കണ്ടു.
തൊട്ടു താഴെയുള്ള റോഡിൽ പാർക്കിൽ ചെയ്യാറുള്ള തന്റെ വെള്ള സ്വിഫ്റ്റിന്റെ മുകളിൽ നിന്നും സർദാർജി കടലക്കറി വടിച്ചു കളയുന്നു!
നല്ല പരിചയമുള്ള കടലക്കറി!!
എന്നും രാത്രി ബാക്കി വരുന്ന ഫുഡ് ഓപ്പോസിറ്റ് ഉള്ള ഒഴിഞ്ഞ പറമ്പിലേക്ക്  ടെറസിൽ നിന്നും നീട്ടി എറിയലായിരുന്നു ജഗന്റെ പതിവ്. നടുവിലെ റോഡിൽ കിടക്കുന്ന സർദാർജിയുടെ സ്വിഫ്റ്റ് വിരിമാറ് കാണിച്ചുകൊടുക്കുന്നത് അവന്റെ തെറ്റായിരുന്നില്ല!
ഒരു നല്ല കാര്യത്തിന് ഇറങ്ങിയ ഞങ്ങളെ ആ സർദാർജി പിറകീന്ന് വിളിച്ചു. ഓടാൻ റെഡിയായികൊണ്ട് ഞങ്ങൾ തിരിഞ്ഞുനിന്നു…
പക്ഷെ സർദാർജിയ്ക്ക് ഉണ്ടായിരുന്നത് പാചകത്തെ പറ്റിയുള്ള ഒരു സംശയം ആയിരുന്നു,
“നിങ്ങള് സൗത്ത് ഇന്ത്യൻസ് ചെനാ മസാലയിൽ ചെറിയ ഉള്ളി ഇടാറുണ്ടോ?”
ഒരുപാട് ഇന്ത്യക്കാർ തിങ്ങിനിരങ്ങി താമസിക്കുന്ന ആ സ്ട്രീറ്റിലുള്ള ഏത് സംസ്ഥാനക്കാരനാണ് പ്രതികൾ എന്നയാൾക്ക് അപ്പോഴും അറിയില്ലായിരുന്നു.
കുക്കിങ്ങിന്റെ ക ഖ ഗ ഘ ങ്ങ അറിയാത്ത ഞങ്ങൾ എല്ലാവരും മാമുവിനെ നോക്കി, ബോലോ താരാ ര ര!
“എനിക്ക് കടുക്  വറുത്തിടാൻ പോലും അറിയില്ല സർദാർജീ!”