നമുക്ക് ചുറ്റുമുള്ള പരിസരങ്ങളിൽ ഉള്ള വസ്തുക്കൾ രണ്ടു തരമുണ്ട്.

ഒന്ന് സ്വഭാവികമായി ആ ഇരിക്കുന്നിടത്ത് എത്തിച്ചേർന്നവ, രണ്ടാമത്തെത് അടയാളങ്ങളാണ്. ആരോ ആർക്കോ വേണ്ടി വെക്കുന്ന അടയാളങ്ങൾ.

ബൊമ്മസാന്ദ്രയിലെ ഞങ്ങളുടെ ഫ്ലാറ്റിലെ ബാത്ത് റൂമിൽ നുള്ളിൽ നിന്നായിരുന്നു വിക്റ്ററിന് ആദ്യത്തെ അടയാളം കിട്ടുന്നത്. അതൊരു പൊട്ടായിരുന്നു. ഏഴ് ആണുങ്ങൾ താമസിക്കുന്ന ആ വീട്ടിൽ, മുമ്പൊന്നും കാണാത്ത ഒരു പൊട്ട് കണ്ടതിലെ പൊരുൾ ആലോചിച്ച് വിക്റ്റർ ബാൽക്കണിയിൽ ചെന്നൊരു ബീഡിക്ക് തീ കൊളുത്തി. അപ്പോഴാണ് താഴെക്കിറങ്ങുന്ന പടിയുടെ കൈവരിയിൽ രണ്ടാമത്തേത്. മുന്നിൽ കാണുന്നത് ഒരു ദിശാസൂചിക ആണെന്ന് താഴെ പാർക്ക് ചെയ്തിട്ടുള്ള ഒരു വെള്ള ആക്ട്ടീവയ്ക്ക് മുകളിലുള്ള മൂന്നാമത്തെ പൊട്ടു കൂടി കണ്ടപ്പോഴാണ് വിക്റ്ററിന് മനസ്സിലായത്. അവനൊരു യാത്രയ്ക്ക് തയ്യാറായി… പക്ഷെ അപ്പോൾ അവനറിയില്ലായിരുന്നു, അതുവരെ ജീവിച്ച ജീവിതത്തിൽ നിന്നും, അതിന്റെ എല്ലാ ബന്ധങ്ങളിൽ നിന്നും, പതിനൊന്നു വർഷങ്ങൾ മാറിയൊഴിഞ്ഞു കൊടുക്കേണ്ടിവരാൻ പോവുന്ന ഒരു യാത്രയായിരിക്കും അതെന്ന്!

 

6mm വലിപ്പമുള്ള കടും ചുവപ്പ് നിറത്തിലുള്ള ഓരോ പൊട്ടും വിക്റ്റർ കയ്യിലെടുത്തു. അങ്ങനെ കിട്ടുന്ന അടയാളങ്ങൾ അവിടെ തന്നെ ഒരിക്കലും അവശേഷിപ്പിക്കരുത്, വേറെ ഒരാളും പിറകെ ആ വഴിയിൽ വരാതിരിക്കാൻ.

ബോർഡറിന് അടുത്തു തുടങ്ങിയത് കൊണ്ട് തമിഴ്നാടൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ഞങ്ങളുടെ ബൊമ്മസാൻഡ്രയിൽ സ്ട്രീറ്റിൽ നിന്നും

വിക്റ്ററിന് വഴികാണിച്ചുകൊണ്ട്

ഇലക്ട്രിക് പോസ്റ്റിലും മതിലുകളിലും ആയി ഇരുപത്തിയാറ് പൊട്ടുകൾ ഉണ്ടായിരുന്നു. അവനെത്തിയത് ഗ്ലാസ് ഫാക്ട്ടറി ലേ ഔട്ടിലുള്ള മിനി ഫോറസ്റ്റിലായിരുന്നു… അവിടെ വിക്റ്ററിനെ കാത്ത് ആ ചൂണ്ടയിട്ടവർ ഉണ്ടായിരുന്നു. അവർക്ക് വേണ്ടത് തലശ്ശേരിയിൽ നിന്നു ബാംഗ്ലൂരിലേക്ക് കുടിയേറിയ, അപസർപക കഥളിൽ ഹരം കണ്ടെത്തുന്ന അസാമാന്യ സാമർത്യമുള്ള ആ വിക്റ്ററിനെ അല്ലായിരുന്നു, ഇലവേറ്റഡ് ടോൾ വേ യിൽ വെച്ച് രാത്രി ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ മാത്രമായിരുന്നു.

 

കൊച്ചി മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു….

വിക്റ്റർ ഓടിക്കുന്ന ഓട്ടോ സാമാന്യം നല്ല വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അത് വേണമായിരുന്നു എന്ന് എനിക്കും തോന്നി. വിക്റ്ററിൽ നിന്നും എനിക്കറിയാൻ കാര്യങ്ങൾ ഒരുപാടുണ്ട്.

തൃപ്പൂണിത്തുറയിൽ കൊച്ചി മെട്രോ പില്ലറുകൾ അവസാനിച്ചപ്പോൾ വിക്റ്റർ എന്നോട് ചോദിച്ചു,

“അന്ന് നമ്മളെ സഹായിച്ച അവര് വന്ന മോട്ടോർസൈക്കിൾ ഏതാണെന്നു ഓർമ്മയുണ്ടോ?” വിക്റ്റർ ചോദിച്ചു.

“ഇല്ല…”

“ഞാൻ നോക്കിയിരുന്നു, Yamaha RD 350. നമ്പർ KRF 1126.

അവർ ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത നിമിഷം മുതൽ ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷെ എന്റെ ചോദ്യങ്ങളിൽ നിന്നൊക്കെ അവൻ വിദഗ്തമായി

ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. അവൻ പോവാൻ നേരം കാണിച്ച എയർമാർഷൽ സിഗ്നലിൽ ആസ്വഭാവികമായ എന്തോ ഉണ്ടെന്നു അപ്പോഴേ എനിക്ക് തോന്നിയിരുന്നു…”

 

ഇരുമ്പനത്തു നിന്നു വിക്റ്റർ ഓട്ടോ റൈറ്റിലേക്ക് എടുത്തു.

“പിറ്റേ ദിവസം ഞാൻ പോയത് ഇൻസ്റ്റിട്ട്യൂട്ടിലേക്കായിരുന്നില്ല… ആ വണ്ടിയുടെ നമ്പർ അന്വേഷിച്ചായിരുന്നു. അത് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിലെ വണ്ടിയായിരുന്നു”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു സംശയമുണ്ടായി.

“സെക്കന്റ് ഹാന്റ് മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള, വളരെ റെയർ ആയ RD 350 എന്ന വണ്ടിയൊക്കെ ആരെങ്കിലും വാടകയ്ക്ക് കൊടുക്കുമോ? അതിലെന്തോ ഉണ്ടല്ലോ വിക്റ്റർ”

അവൻ പുഞ്ചിരിച്ചു, എന്തോ ഒളിപ്പിച്ചു വെച്ചിട്ടുള്ളപോലെ…

“അതിന്റെ ഉത്തരം ഞാൻ പിന്നീട് പറയാം….”

Race Derived 350 എന്ന RD 350 ക്ക് അതിറങ്ങിയ കാലത്തുണ്ടാക്കിയ അപകടമരണങ്ങൾ കൊണ്ട് ഒരു ഇരട്ടപ്പേര് വീണിട്ടുണ്ടായിരുന്ന കാര്യം ഞാൻ മനസ്സിലോർത്തു, Rapid Death!

വിക്റ്റർ തുടർന്നു,

“പിറ്റേ ദിവസം, നീ കൊണ്ടുവന്ന പത്രത്തിലുണ്ടായിരുന്ന ഏകാക്ഷരയും ശ്രീധന്യയുടെയും അപകട വാർത്തയ്ക്ക് പിറകെയാണ് ഞാൻ സഞ്ചരിച്ചത്. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അങ്ങനെയൊരു മരണം വേറെ എവിടെയും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു… അവരുടെ മൃതശരീരങ്ങളും കണ്ടെടുക്കപ്പെട്ടിട്ടില്ല. ആ വാർത്ത ഒരു ചൂണ്ടയായിരുന്നു… കൊത്തിയത് ഞാനും!”

 

തൃപ്പൂണിത്തുറ ഹിൽപാലസ് പിന്നിട്ട ഉടനെ ചോറ്റാനിക്കര റോഡിൽ ഒരിടത്ത് വിക്റ്റർ ഓട്ടോ ഒതുക്കി നിർത്തി. അൻപത്തിനാല് ഏക്കറിൽ പരന്നുകിടക്കുന്ന ആ കൊട്ടാരമായിരുന്നു വിക്റ്ററിന്റെ ഡെസ്റ്റിനേഷൻ എന്നെനിക്ക് മനസ്സിലായി.

തൃപ്പൂണിത്തുറ ഹിൽ പാലസും ഞാനും തമ്മിലൊരു ബന്ധമുണ്ട്… ഞാനീ

നാഡീ ജ്യോൽസ്യം പരീക്ഷിച്ചിട്ടുണ്ട്. അന്നെടുത്ത ഓലയിൽ എന്റെ കഴിഞ്ഞ ജന്മത്തിൽ ഞാൻ ജോലിചെയ്തിരുന്നത് തൃപ്പൂണിത്തുറ കൊട്ടാരത്തിലായിരുന്നെന്നും, വിഷം തീണ്ടിയിട്ടായിരുന്നു എന്റെ മരണം എന്നും വായിച്ചിട്ടുണ്ട്.

പിന്നെ… നാലാം വയസ്സിൽ എന്റെ ജീവിതത്തിലാദ്യമായി ഞാൻ തിയേറ്റർ പോയി കണ്ട സിനിമ ഹിൽ പാലസിൽ ഷൂട്ട് ചെയ്ത മണിച്ചിത്രത്താഴും!

കാലമാണോ അതോ നമ്മുടെയൊക്കെ പ്രായമാണോ മുന്നോട്ട് സഞ്ചരിക്കുന്നത്??

 

അവിടെ കാവലുള്ള സെക്യൂരിറ്റികൾ കാണാതെ ഞങ്ങൾ മതില് ചാടി കൊട്ടാരത്തിന്റെ കൊമ്പൗണ്ടിന് അകത്ത് കടന്നു. പാതി നിലാവിൽ നിറഞ്ഞു നിൽക്കുന്ന കൊച്ചിയുടെ കൊട്ടാരം!

സുജാതാ മോഹൻ ആഹിരി രാഗത്തിൽ ‘ഒരു മുറൈ വന്ത് പാരായോ’ പാടുന്നത് മനസ്സിൽ കേൾക്കാമായിരുന്നു.

പുത്തൻ മാളികയുടെ സമീപത്തെ വഴിയിലൂടെ ഒച്ചയുണ്ടാക്കാതെ ഞങ്ങൾ കുറച്ചു ദൂരം നടന്നു.

“പണ്ട് രാജാക്കന്മാർ ഉണ്ടാക്കിവെച്ച രഹസ്യ പാതകളൊക്കെ ഞങ്ങളെപ്പോലെ ഉള്ളവരാണ് ഇപ്പൊ ഉപയോഗിക്കുന്നത്”

“ഞങ്ങൾ എന്ന് പറഞ്ഞാൽ?”

വിക്റ്റർ അതിനുള്ള ഉത്തരം പറയുമ്പോഴേക്കും ഞങ്ങൾ കൊട്ടാരത്തിനു പിറകിലെ മാൻ പാർക്കിൽ എത്തിയിരുന്നു. അവിടുന്ന് കുറച്ചു മീറ്റർ ഇടത്തേക്ക് നടന്ന് ഹെറിട്ടേജ് മ്യൂസിയത്തിനും കുളത്തിനും അടുത്തായിട്ടുള്ള ഒരു ഡ്രൈനെജ് സ്ലാബ് വിക്റ്റർ മാറ്റി… അതൊരു ഭൂഗർഭ വഴിയായിരുന്നു!

അതിനുള്ളിൽ കയറിയതും കണ്ണുകളിൽ ഇരുട്ട് പരന്നു.

അടുത്തുനിന്നാണോ അകലെ നിന്നാണോ എന്നറിയാതെ വിക്റ്ററിന്റെ ശബ്ദം എനിക്ക് ചുറ്റും മുഴങ്ങി, “ഇനി കുറച്ചുനേരം നീ കാണുന്നതും കേൾക്കുന്നതുമൊന്നും നിന്റെ ഓർമ്മയിൽ ഉണ്ടാവില്ല… സോറി”

 

ഞാൻ കണ്ണ് തുറക്കുന്നത് ഏതോ തേയിലതോട്ടത്തിന് നടുവിലുള്ള പൂട്ടിയിട്ട ഒരു വീട്ടിനുള്ളിലാണ്. സ്ഥലകാലങ്ങൾ മനസ്സിലാക്കിയെടുക്കാൻ എൻറെ കയ്യിൽ ഫോണും ഇല്ലായിരുന്നല്ലോ. വിക്റ്ററിന്റെ ഒരു കുറിപ്പും കഴിക്കാനുള്ള ഭക്ഷണവും ആ മാത്രമാണ് ആ വീട്ടിൽ എന്നെ കൂടാതെ ഉണ്ടായിരുന്നത്.

‘ഇന്ന് നീ ഇവിടെ കഴിയുക… ഞാൻ നാളെ രാവിലെ തിരിച്ചെത്തും’

വിക്റ്റർ ഇപ്പോൾ ഏതോ അജ്ഞാത സംഘടനയിലാണ് ഉള്ളത് എന്ന് ഞാനൂഹിച്ചു. ആ ‘ഞങ്ങൾ’ അവരാണ്!

ഹിൽപാലസിൽ ഞങ്ങൾ അസമയത്ത് കയറിയത് അവിടുത്തെ ആളുകളുടെ കണ്ണ് വെട്ടിച്ചിട്ടാണോ ആതോ അവർ കണ്ടിട്ടും ഞങ്ങളെ ‘കാണാതിരുന്നതാണോ’ എന്നെനിക്ക് ഇപ്പോൾ സംശയമുണ്ട്. എന്തായാലും രണ്ടായിരത്തിപന്ത്രണ്ടിൽ അപ്രത്യക്ഷനായ വിക്റ്റർ അവിടെനിന്നൊരുപാട് വളർന്നിട്ടുണ്ട്. രാത്രി വരെ, കഴിഞ്ഞ കാര്യങ്ങൾ പലകുറി റീവൈന്റ് ചെയ്തിട്ടും ഞാൻ ഇരുട്ടിൽ തന്നെയായിരുന്നു.

 

പിറ്റേദിവസം രാവിലെ കണ്ണ് തുറപ്പോൾ വിക്റ്റർ എന്റെ മുറിയിലുണ്ടായിരുന്നു.

“നമ്മളിപ്പോ എവിടെയാണ്?”

“കുറെ ദൂരെയാണ്… ഊഹിക്കാൻ പറ്റുമോ?”, വിക്റ്റർ എനിക്കൊരു ചാലഞ്ച് തന്നു

ടീ പ്ലാന്റെഷനും കോടമഞ്ഞുമുള്ള ഒരു ഹൈ റേഞ്ച്… അത് ഏതുമാവാം നെല്ലിയാമ്പതി, പീരുമേട്, മൂന്നാർ, ബോണക്കാട്…. അങ്ങനെ ഏതും.

“പക്ഷെ ഇത് വയനാട് ആണ്”

വിക്റ്റർ ചിരിച്ചു

“എങ്ങനെ കണ്ടുപിടിച്ചു?”

ഒരു ദിവസമായി ഞാനിവിടെ. ഇതേവരെ ഒരു വിമാനത്തിന്റ ശബ്ദം പോലും കേട്ടിട്ടില്ല…. എന്റെ അറിവിൽ ഇക്കൂട്ടത്തിൽ സിവിൽ ഏവിയേഷൻ ഫ്ലൈറ്റ് റൂട്ട് ഇല്ലാത്ത ഒരേയൊരു സ്ഥലം വയനാടിന്റെ കർണ്ണാടകയോട് ചേർന്നുക്കിടക്കുന്ന പ്രദേശങ്ങളാണ്”

വിക്റ്റർ ക്ലാപ് ചെയ്തു, “impressive.”

“വിക്റ്റർ, നമ്മൾ എന്താണിവിടെ?”

 

“ഞാനൊരു കഥ പറയാം….

വയനാട്ടിൽ പണ്ട്, ലേറ്റ് സെവന്റീസിലും ഐറ്റീസിലുമൊക്കെ സജീവമായ ഒരു റിസോർട്ട് ഉണ്ടായിരുന്നു, ആയിരം ഏക്കർ പ്രൈവറ്റ് ഫോറസ്റ്റ് ന് നടുവിലുള്ള ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. അവര് ഓഫർ ചെയ്തിരുന്നത് പ്രൈവസി ആയിരുന്നു. ഇന്ത്യയിൽ കാലുകുത്തിയാൽ വരെ വാർത്തയാവുന്ന ലോക നേതാക്കന്മാരും പുറത്തുനിന്നുള്ള സെലിബ്രിറ്റികളും, എയർ സിഗ്നൽസ് ഒഴിവാക്കിയുള്ള ചാർട്ടേഡ് ഫ്ളൈറ്റുകളിലോ ചോപ്പറുകളിലോ വന്ന് ആ റിസോർട്ടിൽ താമസിച്ച്, ഒരു പാപ്പരാസികളുമറിയാതെ തിരിച്ചുപോവാറുണ്ടായിരുന്നു.”

വിക്റ്റർ പറഞ്ഞുകയറുന്നത് എവിടെക്കാണെന്ന് എനിക്ക് മനസ്സിലായില്ല. അവന്റെ കഥ തുടർന്നു…

“1989ലാണ് ആ റിസോർട്ട് പൂട്ടുന്നത്.

അവിടെ അവസാനത്തെ താമസക്കാരായി ചെന്നത് ഈജിപ്തിൽ നിന്നുള്ള രണ്ടു നിധിവേട്ടക്കാരാണ്. ബാംഗ്ലൂരിൽ നിന്ന് ഒരു മോട്ടോർസൈക്കിൾ റെന്റിനു എടുത്തിട്ടാണ് അവർ വയനാട്ടിലേക്ക് സഞ്ചരിച്ചത്. അവർ എത്തിയതിന്റെ പിറ്റേന്ന്, അവർ രണ്ടുപേരും, പിന്നെ റിസോർട്ടിലുണ്ടായിരുന്ന ഇരുപത്തിനാല് ജീവനക്കാരും ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷരായി! ഇവിടുത്തെ എല്ലാ സിസ്റ്റവും വര്ഷങ്ങളോളം അന്വേഷിച്ചിട്ടും ഇതേവരെ അവരെക്കുറിച്ച് ഒരു തുമ്പോ തെളിവോ കിട്ടിയിട്ടില്ല.”

“ആ റിസോർട്ടും നമ്മളും തമ്മിൽ എന്താണ് ബന്ധം?”

വിക്റ്റർ ഒന്ന് പുഞ്ചിരിച്ചു.

“അന്ന് ആ ഈജിപ്തുകാർ വാടകയ്ക്ക് എടുത്തത് ഒരു RD 350 മോട്ടോർ സൈക്കിൾ ആയിരുന്നു…. നമ്പർ KRF 1126!

അന്ന് അപ്രത്യക്ഷരായ റിസോർട്ട് ജീവനക്കാരുടെ കൂട്ടത്തിൽ ബാംഗ്ലൂരിൽ നിന്നുള്ള ഒരു ചെക്കനും പെണ്ണും ഉണ്ടായിരുന്നു. അവളുടെ പേര് ശ്രീധന്യ,

അവന്റെ പേര്…… ഏകാക്ഷര!

1989ൽ അവരെ കാണാതെയാവുന്ന പ്രായത്തിൽ തന്നെയാണ് 2012 ൽ നമ്മൾ അവരെ കണ്ടത്!!

പത്തു വർഷങ്ങൾക്ക് ശേഷം 2022ൽ അവർ വീണ്ടും പ്രത്യക്ഷപ്പെട്ട രാത്രി അവരെ കണ്ട നിന്റെ കൂട്ടുകാരൻ വിഷ്ണുവിനോടും ചോദിച്ചു നോക്ക്, അവർക്കിപ്പോഴും…. അതേ പ്രായമായിരിക്കും!”