ഗ്ലാസ് ഫാക്ടറി ലേ ഔട്ടിലെ കാട്ടിലേക്ക് വിക്റ്ററിനെ ക്ഷണിച്ചവർ ഒരു ഇന്റർനാഷണൽ സ്പൈ ഏജൻസിയിൽ ഉള്ളവരായിരുന്നു.

ഏകാക്ഷരയുടെ വരവിനു പിറകിലെ ദുരൂഹതയായിരുന്നു അവരുടെ ലക്ഷ്യം. വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കിടയിൽ അവർ ആദ്യമായിട്ടായിരുന്നു ഏകാക്ഷരയെ നേരിട്ട് കണ്ട ഒരാളെ കണ്ടെത്തുന്നത്. വിക്റ്റർ ആ സംഘടനയിൽ ജോയിൻ ചെയ്തു… അവരുടെ അത്യന്തം രഹസ്യാത്മകമായ, കടുപ്പമേറിയ എല്ലാ നിബന്ധനകളെയും അംഗീകരിച്ച്…

 

ഞങ്ങൾ ഇരുന്നിരുന്ന ആ മുറിയുടെ ബാൽക്കണിയിലേക്ക് വിക്റ്റർ നടന്നു…

പോക്കറ്റിൽ നിന്നെടുത്ത ഒരു ക്യൂബൻ സിഗാർ, ഗിലറ്റീൻ കൊണ്ട് ചോപ് ചെയ്ത ശേഷം തീ കൊടുത്തു.

“ഇതിലേക്ക് മാറിയോ?”

ചിരിച്ചുകൊണ്ട് വിക്റ്റർ പറഞ്ഞത് ആൽഫ്രെഡ് ടെന്നിസൺന്റെ ഒരു വരിയാണ്.

‘I am a part of all that I have met.’

 

അവൻ ആ രഹസ്യ സംഘടനയെകുറിച്ച് സംസാരിച്ചു തുടങ്ങി…

“ലോകത്ത് പലയിടത്തും സാമൂഹികമായും സംസ്കാരികമായും രാഷ്ട്രീയമായും നടന്ന പല സംഭവങ്ങളിലും ഈ ഏജൻസിക്ക് പങ്കുണ്ട്, ഇവിടെ കേരളത്തിലും ഉണ്ടായിട്ടുണ്ട്. ചില ഹൈ പ്രൊഫൈൽ ക്ലയ്ന്റസിന്റെ തീരുമാനങ്ങൾക്ക് വേണ്ട ഇടപെടലുകൾ നടത്തുകയായിരുന്നു ഞങ്ങളുടെ ജോലി. നിങ്ങളൊക്കെ കരുതുന്നത് പോലെ ഈ ലോകം അതിന്റെ പാട്ടിനു മുന്നോട്ട് പോകുന്നതല്ല… ഇങ്ങനെ ചിലരാണ് ലോകവും മനുഷ്യരും എന്തു ചെയ്യണമെന്നും, എങ്ങനെയാവണം എന്നൊക്കെ തീരുമാനിക്കുന്നത്.

നമ്മളീ കണ്മുന്നിൽ കാണുന്ന സത്യങ്ങളെല്ലാം കുറെ അസത്യങ്ങളുടെ റിഫ്ളക്ഷനാണ്…”

വിക്റ്റർ അത്രയും പറഞ്ഞപ്പോൾ, ചില നിഗൂഢതകൾ നിഗൂഢതകളായിത്തന്നെ തുടരുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി.

 

“പത്തുവർഷമായിരുന്നു എന്റെ കോണ്ട്രാക്റ്റ്… കഴിഞ്ഞ വർഷം അതവസാനിച്ചപ്പോൾ റിന്യൂ ചെയ്യാതെ ഞാൻ ഇറങ്ങി. സാധാരണ പുറത്ത് വന്നാലും നമ്മൾ അവരുടെ ക്ളോസ് സർവയ്ലൻസിലായിരിക്കും, ഞാൻ പക്ഷെ ഗോസ്റ്റ് ചെയ്തു. ആർക്കും പിടി കൊടുക്കാതെ  സഞ്ചരിച്ചുകൊണ്ടിരുന്നു. വേറൊന്നിനുമല്ല, എന്റെയുള്ളിലുണ്ടായിരുന്ന ഒരു ട്രാവലറിനെ തൃപ്തിപ്പെടുത്തണമായിരുന്നു എനിക്ക്…  സംഘടനയ്ക്ക് ഇപ്പോൾ എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കണം… അതായിരിക്കാം അവർ നീ വഴി എന്നിലേക്ക് എത്താൻ ശ്രമിച്ചത്.

“ചിലപ്പോൾ ഏകാക്ഷരയുടെ കേസ് തന്നെ ആണെങ്കിലോ…?” ഞാൻ ചോദിച്ചു.

“ആവാം… ആവാതിരിക്കാം, ഞാൻ എന്തായാലും അവർക്ക് മുന്നിലേക്ക് പോവുകയാണ്, അതിനു മുമ്പായി നിന്നെ ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി, ഇനി ഈ കളത്തിലും കളിയിലും നീ ഉണ്ടാവില്ല”

വിക്റ്റർ പറഞ്ഞു നിർത്തി. കുറെ ഒക്കെ ഭാരം ഒഴിഞ്ഞതുപോലെ തോന്നി എനിക്ക്.

 

എന്നെ തിരിച്ചു ബസ് കയറ്റി വിടാൻ വേണ്ടി മാനന്തവാടിയിലേക്കുള്ള കാർ യാത്രയിലാണു വിക്റ്റർ തന്റെ അന്വേഷണത്തെ പറ്റി പറയുന്നത്…

“ഈജിപ്ഷ്യൻ ട്രഷറർ ഹണ്ടേഴ്സ് രണ്ടുപേരും വയനാടൻ കാടുകളിൽ എത്തിയത് നിധി തേടിയിട്ടായിരുന്നില്ല എന്ന് ഞാൻ കണ്ടുപിടിച്ചു… നിധിയേക്കാൾ വിലപിടിപ്പുള്ള ഒരു മനുഷ്യനെ തേടി ആയിരുന്നു!

പക്ഷെ ഇടയ്ക്ക് വെച്ച് അവരുടെ മിഷനിൽ എന്തോ തെറ്റ് പറ്റി, അപ്പുറത്തുള്ളവർ കളിച്ചതാവാനും മതി, കളിച്ചത് സമയം കൊണ്ടായിരുന്നു… TIME!

ഞാൻ കണ്ടെത്തുന്ന വിവരങ്ങൾ അങ്ങോട്ട് റിപ്പോർട്ട് ചെയ്യുക എന്നതല്ലാതെ ഓർഗനൈസേഷൻ കണ്ടെത്തിയ വിവരങ്ങൾ ഞാനുമായി ഷെയർ ചെയ്യുന്ന ഒരു രീതി അവിടെ ഉണ്ടായിരുന്നില്ല.

എന്റെ അന്വേഷണം എട്ടുമാസം പിന്നിട്ടപ്പോൾ മുകളിൽ നിന്നും വന്ന ഒരു എമർജൻസി മെസേജിൽ എല്ലാം സ്റ്റോപ്പ് ചെയ്യുകയായിരുന്നു.”

 

വിക്റ്ററിന്റെ കാറും, ഞങ്ങളും മാനന്തവാടി ഡിപ്പോയ്ക്ക് മുമ്പിലെത്തി. വണ്ടി നിർത്തിയശേഷം അവൻ എന്റെ മുഖത്തേക്ക് നോക്കി,

“അന്നത്തെ ആ ഇൻസിഡന്റും, നീയും എന്റെ ജീവിതത്തിലേക്ക് ഇതുപോലെ തിരിച്ചു വരുമെന്ന് ഞാൻ കരുതിയിരുന്നില്ല… പക്ഷെ ഒരു കാര്യം ഉണ്ടെടാ, ഏകാക്ഷരയും ശ്രീധന്യയും RD 350 എന്ന മോട്ടോർ സൈക്കിളും… ഇലവേറ്റഡ് ടോൾവേയിൽ പ്രത്യക്ഷപ്പെടുന്നതിനു പിറകിൽ ഒരു രഹസ്യമുണ്ട്, എന്തിനാണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ലാത്ത ഒരു രഹസ്യം!”

ഇതുവരെ എഴുതാതെ ഇരുന്ന ഒരു കാര്യം അപ്പോൾ ഞാൻ അവനോടു പറഞ്ഞു,

“വിക്റ്റർ, കഴിഞ്ഞ സെപ്റ്റംബർ പതിനൊന്നിനാണ് തൃശൂർ വെച്ച് എനിക്കാ അനുഭവം ഉണ്ടാവുന്നത്… നമ്മൾ 2012ൽ ഇലവേറ്റഡ് ടോൾവേയിൽ വെച്ച് അവരെ കണ്ടതും, വിഷ്ണു 2022 ൽ കണ്ടതും ഒരു സെപ്റ്റംബർ പതിനൊന്നിന് ആയിരുന്നു…  ആൻഷ്യന്റ് ഈജിപ്ഷ്യൻ കലണ്ടർ പ്രകാരം അവരുടെ വർഷം ആരംഭിക്കുന്ന ദിവസം!”

വിക്റ്ററിന്റെ മുഖത്ത് ആദ്യമായി ഭയം കതിരിടുന്നത് ഞാൻ കണ്ടു. കണ്ണുകളിൽ ആ ഭയത്തിന്റെ കണ്ണുനീര് നിറയുന്നതും… എനിക്കൊന്നും തന്നെ മനസ്സിലായില്ല.

“എന്തേ?”

“അപ്പോൾ ഞാൻ ഉദ്ദേശിച്ചവർ അല്ല നിന്റെ പിറകെയുള്ളത്!”

അവൻ ധൃതിയിൽ ഫോണെടുത്ത് വിറച്ചുകൊണ്ട് ആർക്കോ ഒരു ടെക്സ്റ്റ് മെസേജ് അയച്ചു.

“ഞാന്‍ ഭയപ്പെട്ടിരുന്ന ഒരു കാര്യം സംഭവിക്കാന്‍ പോവുന്നു!

ഞാൻ എന്റെ സംഘടനെയെയാണ് തുടക്കം മുതൽ സംശയിച്ചത്… തെറ്റിപ്പോയി.”

അവൻ തലയിൽ കൈ വെച്ചു,

“അല്ലെങ്കിലും ഈ ഒരു കേസിൽ തുടക്കം മുതൽ എൻറെ ഊഹങ്ങളും കണ്ടെത്തലുകളും ഒക്കെ തെറ്റികൊണ്ടിരിക്കുകയാണ്” വിക്റ്റർ ഡ്രൈവിങ് സീറ്റിൽ ഇരുന്നു ഭ്രാന്തമായി അലറി!

 

കെ എസ് ആർ ട്ടി സിയിൽ ചുരമിറങ്ങുമ്പോൾ, വിക്റ്റർ പിരിയാൻ നേരം പറഞ്ഞത് മാത്രമാണ് എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നത്..

“ആരായാലും അവർ നിന്നെ തേടിവരും… രണ്ടു ദിവസം അവരുടെ കൺവെട്ടത്ത് നിന്നും നീ മാറിയത് അവർക്കറിയാൻ പറ്റും, നീ എൻറെ കൂടെയായിരുന്നു എന്നുള്ളതും… ഉറപ്പായും അവർ നിന്നെ തേടിയെത്തും!”

 

വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് പകൽ നിനച്ചിരിക്കാതെ എനിക്കൊരു ഇന്റർനെറ്റ് കോൾ വന്നു… വിക്റ്റർ എങ്ങനെയാണ് ബന്ധപ്പെടാൻ പോവുന്നത് എന്നറിയാതെ ഇരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ മുറിക്ക് അകത്ത് കയറി വാതിലും ജനാലകളും കൊട്ടിയടച്ച് ഞാൻ ആ കോൾ അറ്റൻഡ് ചെയ്തു. പക്ഷെ വിളിച്ചത് വിക്റ്റർ അല്ല, കൂട്ടുകാരൻ ജിതിനായിരുന്നു. മധ്യപ്രദേശിലെ ഉജ്ജ്യയിനിൽ ഒരു ഹോം ഓട്ടോമേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അവൻ. ഞാൻ മുറിയിലെ കട്ടിലിൽ ഇരുന്നു. അധികം നീണ്ടു നിൽക്കാത്ത ഒരു കുശലന്വേഷണത്തിന് ശേഷം അവൻ നേരെ കാര്യത്തിലേക്ക് കയറി.

“എടാ നിനക്ക് ആർത്താറ്റ് അറിയുമോ?”

“ഉം… കുന്നംകുളത്തിന് അടുത്തുള്ളതല്ലേ, നമ്മള് ഗുരുവായൂർ പോവുമ്പോ കണ്ടിട്ടുണ്ട്.. എന്തെ?”

“എന്റെ കമ്പനിക്ക് ഈ അടുത്ത് അവിടെ നിന്നും ഒരു വർക്ക് വന്നു…. ഒരു വീട്ടിലെ കുറച്ചു സ്ഥലം മോഷൻ സെൻസിങ്ങ് അലാം ചെയ്യാൻ വേണ്ടി. ഞാൻ ആണെങ്കിൽ നാട്ടിൽ വരാൻ ഒരു കാരണം നോക്കി ഇരിക്കുകയായിരുന്നു… പക്ഷെ അവർക്ക് ശക്തമായൊരു ഡിമാന്റ്, പണിക്ക് വരുന്നത് നോർത്ത് ഇന്ത്യയിൽ നിന്നുള്ള ആരെങ്കിലും തന്നെ ആവണം, ആളിന്റെ പേരും ഐഡിയും നേരത്തെ തന്നെ അയച്ചു കൊടുത്ത് അവരുടെ അപ്രൂവൽ എടുക്കണമെന്നും.  എന്റെ സ്വഭാവം നിനക്കറിഞ്ഞൂടെ, അപ്പൊത്തന്നെ എനിക്ക് പൊട്ടി… വീട് അല്ലേ, റിസർവ് ബാങ്ക് ഒന്നും അല്ലല്ലോ: ഞാൻ എം ഡിയുടെ സമ്മതവും വാങ്ങി എന്റെ ഫെയ്ക് ഐഡി ഉണ്ടാക്കി അവരുടെ സ്‌ക്രീനിങ്ങും പാസായി ഒരു നോർത്ത് ഇന്ത്യക്കാരൻ ആയിട്ട് അവിടെ പണിക്ക് പോയി”

 

അത്രയുമായപ്പോൾ എനിക്ക് വേണ്ട എന്തോ ഒന്ന് ജിതിൻ പറഞ്ഞു വരുന്നുണ്ടെന്നു എനിക്ക് തോന്നിത്തുടങ്ങി.

“എന്നിട്ട്”

“കണ്ടാൽ തന്നെ നല്ല ചിക്കിളി ഉണ്ടെന്നു ഉറപ്പിക്കാവുന്ന ഒരു പഴയ തറവാട്ടിൽ, നിലവറയ്ക്ക് അകത്തായിരുന്നു ജോലി. പക്ഷെ നിലവറയ്ക്ക് ഉള്ളില് ഞാൻ ഊഹിച്ചത് ആയിരുന്നില്ല പരിപാടി… സ്വത്തും പണ്ടവും ഒന്നുമല്ല, എന്തൊക്കെയോ വെച്ചാരാധനകളും കർമങ്ങളും ഒക്കെയാണ് അവിടെ.

ഒരു പത്തെഴുപത്തിയഞ്ചു വയസ്സൊക്കെയുള്ള,  ഭ്രമയുഗത്തിലെ മമ്മൂക്കയെ പോലെ ഒരു ചെങ്ങായി ആയിരുന്നു അവിടുത്തെ മെയിൻ. ഈ വക വശപിശക് ഒക്കെ മണത്തത് കൊണ്ട് ഞാൻ ഹിന്ദി അല്ലാതെ ഒരു വാക്ക് മിണ്ടിയില്ല. ഇവര് രഹസ്യങ്ങള് പുറത്ത് പോകാതിരിക്കാൻ ഡിവൈസുകൾ വാങ്ങി സ്വന്തമായി ഒന്ന് സെറ്റ് ചെയ്യാൻ ശ്രമിച്ച് പാളിയശേഷമാണ് നോർത്ത് ഇന്ത്യക്കാരെ തപ്പി ഇറങ്ങിയത് എന്ന് എനിക്ക് മനസ്സിലായി. ഇടയ്ക്ക് ആൾക്കാരു മാറി ഞാൻ ഒറ്റയ്ക്ക് ആയപ്പോൾ അതിനകത്തുള്ള പല മുറികളിൽ ഒരു മുറി ഞാൻ തുറന്ന് നോക്കി… അകത്തെ ചുവരിനപ്പുറത്ത് നിന്നു കടലിന്റെ ഇരമ്പം കേട്ടപ്പോഴേ എന്റെ പാതി ജീവൻ പോയി… ആ ചുവരിൽ പഴയൊരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടായിരുന്നു, ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒമ്പതിലെ! കാട്ടിലെ ഏതോ ഒരു ബിൽഡിങ്ങിന് മുന്നിൽ നിൽക്കുന്ന പത്തു മുപ്പത് ആള്ക്കാര്, അതിലെ രണ്ടു പേര് ഫോറിനേഴ്സാ….”

ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.  അപ്രത്യക്ഷരായവർ! ഈജിപ്തിൽ നിന്നു വന്ന നിധിവേട്ടക്കാരും, ഏകാക്ഷരയും ശ്രീധന്യയും പിന്നെ റിസോർട്ടിലെ ജീവനക്കാരും!! ‘അവരെങ്ങനെ ആർത്താറ്റിലെ ആ വീട്ടിൽ?’

“ആ മുറിയില് നീ വേറൊന്നും കണ്ടില്ലേ?”

കുറച്ചു നേരത്തെ നിശബ്ദത ആയിരുന്നു അവന്റെ ഭാഗത്തു നിന്നും ഉണ്ടായത്”

“ഞാൻ ആ ഫോട്ടോയിൽ തന്നെ വേറൊരു കാര്യം  കണ്ടിരുന്നു”

“എന്താ……?”

“ആക്കൂട്ടത്തിലെ ഒരാൾ, നീയായിരുന്നു!”