കൊച്ചിയിലേക്കുള്ള ഇന്നലത്തെ കാർ യാത്ര. അതിരാവിലെ എഴുന്നേറ്റ് ഞാൻ വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചിറങ്ങി. പണിതീർന്ന ആറുവരിപാതയിൽ ഹോണ്ട സിറ്റി ചാവക്കാട് വരെ ചിരിച്ചിട്ട് പോന്നു… പണിനടക്കുന്ന ബാക്കി ദൂരം കരഞ്ഞും. നാട്ടിക പാലം എത്തിയപ്പോഴേക്ക് ചെറിയൊരു പ്രശ്നം… കാറിനല്ല, എനിക്ക്. ടോയ്ലറ്റിൽ പോണം!
കൊടുങ്ങല്ലൂർ എത്തും മുമ്പ് ലെഫ്റ്റ് സൈഡിൽ കണ്ട ഒരു ഹോട്ടലിൽ ഞാൻ കാർ സൈഡാക്കി. നേരെ ടോയ്ലറ്റിൽ കേറിയ ഉടനെയുണ്ട് വാതിലിൽ ഒരു മുട്ടൽ. ‘ആർക്കാടാ ഇത്രയ്ക്ക് ധൃതി’, ഞാൻ മൈൻഡ് ചെയ്തില്ല.
വീണ്ടും ശക്തിയായി തട്ടുന്നു. പിന്നൊരു ചോദ്യവും, “മലപ്പുറത്ത് നിന്ന് വന്ന ആളാണോ?”
വരുന്നത് എടപ്പാളിൽ നിന്നാണെങ്കിലും ജില്ല മലപ്പുറം ആണല്ലോ. ഞാൻ അതെയെന്ന് വിളിച്ചു പറഞ്ഞു.
“എന്നാ പുറത്തിറങ്ങ്, പെട്ടെന്ന് ഇറങ്ങ്!”
ഇതെന്ത് കൂത്ത്! മലപ്പുറംകാർക്കെന്താ ഇവിടെ ടോയ്ലറ്റിൽ പൊക്കൂടെ?
സ്ഥലം ചോദിച്ചിട്ട് ടോയ്ലറ്റിൽ നിന്ന് ഇറക്കിവിടുന്നു, ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവം. ഞാൻ ഇറങ്ങില്ല. വൈ ഷുഡ് ഐ?
ഒരു മിനുട്ട് കഴിഞ്ഞില്ല വീണ്ടും മുട്ട്.
ഏതവനാടാ ഇവൻ. ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ തടയുക മാത്രമല്ല ചെയ്യുന്നത്, ഒരു ജില്ലയെ മുഴുവൻ മഴയത്ത് നിർത്തുകയാണ്.
“ഇയാള് ഇറങ്ങിയില്ലേ?”
“ഇറങ്ങി, ഇത് വേറെ ആളാ” ഞാനൊരു നമ്പറിട്ടു.
“ആ.. ഓക്കേ”
മണ്ടൻ.
ആ കയ്യും ശബ്ദവും വാതിൽക്കലിൽ നിന്ന് പോയി.
ഞാൻ കാര്യങ്ങളെല്ലാം കഴിഞ്ഞ് പുറത്തിറങ്ങി. ചായ പറയും മുൻപ് ആദ്യം തിരക്കിയത് ആ കതകിൽ തട്ടിയവനെയാണ്. എന്നിട്ട് മതി ഇവിടുന്നിനി ചായ കുടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. എന്റെ ജില്ലാ സ്പിരിറ്റ് ഉണർന്നു! അവിടെ ഉള്ളതൊക്കെ അന്യസംസ്ഥാന തൊഴിലാളികൾ, കൗണ്ടറിൽ ഇരിക്കുന്ന മുതലാളി ആണെങ്കിൽ ടോയ്ലെറ്റിൽ വന്നു തട്ടാൻ പോയിട്ട് കാശ് വാങ്ങിക്കാൻ വരെ ഉണർവ്വും ഉത്സാഹമിലാത്ത ഒരു ചെങ്ങായി.
‘എന്നാലും ആരായിരിക്കും ആ മലപ്പുറം ജില്ലാ വിരോധി’ എന്ന ചിന്തയോടെ ഞാൻ ടോയ്ലറ്റ് ച്ഛെ, ചായ ഓർഡർ ചെയ്തു ആലോചിച്ചിരുന്നു.
ചായേടെ ഛായ പോലുമില്ലാത്ത ആ ചായ കുടിച്ച് പകുതിയായപ്പോഴാണ് ഒരുത്തൻ ഹോട്ടലിന്റെ പിറകുവശത്ത് നിന്നും ഗോൾഡ് ഫ്ലേക് കിംഗ്സിന്റെ മണവും കൊണ്ട് വരുന്നത്. ഹോട്ടൽ മുറ്റത്തേക്ക് നോക്കി വെപ്രാളത്തോടെ കൗണ്ടറിലെ ചേട്ടനോട് ഒരു ചോദ്യം
“ആ കെഎസ്ആർട്ടിസി പോയോ?”
അപ്പോഴാണ് ആ ഹോട്ടലിന് മുൻപിൽ ഞാൻ വണ്ടി പാർക്ക് ചെയ്യുമ്പോൾ, തൊട്ടടുത്ത് ഒരു മലപ്പുറം-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിനെ കണ്ടത് എനിക്കോർമ്മ വന്നത്. വാതിലിൽ തട്ടിയത് അതിലെ കണ്ടക്ടർ ആണെന്നുള്ള എന്ന തിരിച്ചറിവും പിന്നാലെതന്നെ വന്നു.
ഞാൻ മെല്ലെ എഴുന്നേറ്റു.
അവനോട് മലപ്പുറത്ത് എവിടെയാ വീട് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, നടന്നില്ല. പിന്നൊരിക്കലാവാം… ഭൂമി ഉരുണ്ടതാണല്ലോ.