ചെന്നൈയിലേക്കുള്ള എന്റെ മറ്റൊരു ഫ്ലൈറ്റ് യാത്ര. നെടുമ്പാശ്ശേരി സ്റ്റാന്റിൽ നിന്നുള്ള ഒമ്പതേ മുക്കാലിന്റെ ഇൻഡിഗോ പിടിക്കാൻ ഞാൻ പുലർച്ചെ ആറരയ്ക്കാണ് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചരയ്ക്ക് ഇറങ്ങാൻ വേണ്ടി ഞാൻ അഞ്ച് മണിക്ക് അലാം ഒക്കെ വെച്ചിരുന്നു. പക്ഷേ എന്ത് ചെയ്യാനാ, ചെമ്പുരുളിയില് മഞ്ചാടിക്കുരു വീഴുന്ന സൌണ്ട് പോലുള്ള അലാം ടോൺ ഞാൻ കേട്ടില്ല. ക്യാബിൻ ക്രൂ വീമാനത്തിന്റെ ഡബിൾ ബെല്ലടിക്കും മുൻപേ അവിടെ എത്താനായി എനിക്ക് വായു ഗുളിക മോഡ് ആക്ടീവ് ആക്കേണ്ടി വന്നു (ഹോണ്ട സിറ്റി i-Vtek, 1.5 NA)
ജ്യൂസും സാന്റ് വിച്ചുമായി വരുമ്പോൾ എന്റെ സീറ്റിൽ എന്നെ കാണാതെ ദുഃഖിതയാവുന്ന എയർ ഹോസ്റ്റസിന്റെ ആ മുഖമാണ് എന്നെ അസ്വസ്ഥനാക്കിയത് (‘അല്ലാതെ ഫ്ലൈറ്റ് മിസ്സായി, മീറ്റിംഗും കുളമായി, ദിവസം വേസ്റ്റ് ആവുന്നതിൽ എവനൊരു പിണ്ണാക്കും ഇല്ലേ?’ എന്ന് ചിന്തിക്കേണ്ടവർക്ക് അങ്ങനെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്)

എം.ജി റോഡിലൂടെ തൃശൂർ റൗണ്ടിലേക്ക് കേറുമ്പോൾ, വടക്കുംനാഥനെ ഒന്ന് നോക്കി ഗിയർ മാറ്റുന്നതിലും സ്പീഡിൽ ഞാൻ ഒരു പ്രാർത്ഥന വീശി എറിഞ്ഞു, ‘ഭഗവാനേ… ഫ്ലൈറ്റ് മിസ്സാവരുതേ’.
ലെ ഭഗവാൻ : ‘നീ ആകാശത്തേക്ക് എറിഞ്ഞത് ഞാൻ ചാടി പിടിക്കണമായിരിക്കും!’
എറിഞ്ഞത് എടുത്തില്ല, നൈസായിട്ടൊന്ന് എക്സിറ്റ് മിസ്സായി.
രണ്ടാമത്തെ തവണ റൗണ്ടിലൂടെ കറങ്ങുമ്പോൾ ഞാൻ അമ്പലത്തിലേക്ക് നോക്കി പല്ലിറുക്കയാണ് ചെയ്തത്.
വീണ്ടും ഭഗവാൻ : ‘ആടാ, ഇനി അതും കൂടി എന്റെ തലയിലേക്കിട്ടോ’
പണ്ട് ഇതുപോലെ എക്സിറ്റ് തെറ്റി രണ്ട് പ്രാവശ്യം റൌണ്ട് കറങ്ങിയപ്പോൾ കാറിൽ കൂടെയുണ്ടായിരുന്ന അമ്മ പറഞ്ഞതാണ് ഓർമ്മ വന്നത്,
“രണ്ട് പ്രാവശ്യം പ്രദിക്ഷണം ചെയ്താൽ പിന്നെ നിർത്താൻ പാടില്ല, അത് മൂന്ന് ആക്കണം”
നോട്ട് ടുഡേ.

രണ്ട് പ്രദിക്ഷണത്തിൽ സമയം പോയെങ്കിലും, കൃത്യം ഏഴരയ്ക്ക് മരത്താക്കര സിഗ്നൽ വഴി ദേശീയ പാതയിലേക്ക് കേറിയതോടെ ‘ഇനി എന്തായാലും ഫ്ലൈറ്റ് കിട്ടും’ എന്നെനിക്ക് ഉറപ്പായി. പക്ഷേ ‘വിധി’ എന്ന അഞ്ചക്ഷരം ഉണ്ടല്ലോ (മംഗ്ലീഷില്), അത് ചിലപ്പോൾ ഓട്ടോറിക്ഷയെ പോലെയാണ്. എപ്പോ തിരിയുമെന്നോ… എങ്ങോട്ട് തിരിയുമെന്നോ പ്രഡിക്ട് ചെയ്യാൻ പറ്റില്ല, ചാറ്റ് ജിപിറ്റിയും ക്ലോഡും കൂടി ഒരുമിച്ച് പരിശ്രമിച്ചാൽ പോലും കിട്ടില്ല.
പാലിയേക്കര ടോൾ പ്ലാസ കടന്ന ഉടനെ ഒരു വെളുത്ത ഐ ടെൻ എന്നെ ഉരച്ചു ഉരച്ചില്ല എന്ന മട്ടിൽ വെട്ടിച്ച് മുന്നിൽ കേറി. പിറകിൽ ഒരു സ്റ്റിക്കറും, ‘EGO MATTERS’!
സ്റ്റിക്കർ ‘ഈ പാവം പൊയ്ക്കോട്ടെ’ എന്നായിരുന്നെങ്കില് ഞാൻ എഴുതിതള്ളിയേനെ. ഇതിപ്പോ എന്റെ സ്പെസിഫിക്കേഷനിലും ഉണ്ടല്ലോ ആ ഫീച്ചർ, ഈഗോ!
V-tek കിക് ഇൻ ആയി, എഞ്ചിനിലും എന്റെ നെഞ്ചിലും.
വളരെപ്പെട്ടെന്ന് ഓവർടേക്ക് ചെയ്ത് ഞാൻ അയാളുടെ മുന്നിലെത്തി. നേരം തെറ്റി ഫ്ലൈറ്റ് പിടിക്കാൻ പോവുന്ന എന്റെ അത്രയുമൊന്നും തിരക്ക് എന്തായാലും അയാൾക്ക് ഉണ്ടാവില്ല, ഉണ്ടെങ്കിൽ തന്നെ ഞാൻ സമ്മതിച്ചും തരൂല… ഇതായിരുന്നു എന്റെ ലോജിക്.

പുലർച്ചെ മുതൽ ആ റോഡിൽ പാലക്കാട് നിന്നുള്ള കള്ള് കൊണ്ടുപോവുന്ന പിക് അപ്പുകളുടെ മത്സര ഓട്ടമാണ്. അതിനിടയിലൂടെ ഞങ്ങളുടെ കൂടി മത്സരം ആരംഭിച്ചു. ആമ്പല്ലൂർ സെന്ററിൽ ഫ്ലൈ ഓവറിന്റെ പണി നടക്കുന്നിടത്ത് വാഹനങ്ങൾ മെല്ലെ വരിവരിയായിട്ട് വേണം പോവാൻ. ആ സമയം കാലിയായി കിടക്കുന്ന റൈറ്റ് സൈഡിലെ കുണ്ടും കുഴിയുമുള്ള ട്രാക്കിലൂടെ അയാൾ വേഗത്തിൽ എടുത്ത് എന്റെ മുന്നിലേക്കെത്താൻ ഒരു ശ്രമം നടത്തി. തൊട്ടു മുന്നിലുള്ള കാറിനോട് ക്ലോസ് ആയി ചേർത്ത് ഞാൻ അയാൾക്ക് കേറാൻ ഒരു ഗ്യാപ് കൊടുത്തില്ല. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലൊക്കെ കാണുന്നത് പോലെ ഞാൻ അയാളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. അയാൾ ചുണ്ടനക്കി എന്തോ പറയുന്നത് ഞാൻ കണ്ടു, പുലർകാലത്തെ പുളിച്ചതെറി, അല്ലാണ്ടെന്താ?

പിന്നെ ഇരമ്പിയാർത്ത് അയാളൊരു വരവായിരുന്നു. നിർത്താതെ ഹോണടിച്ച് വെറുപ്പിച്ച് ഒരു ഭ്രാന്തൻ ഡ്രൈവിംഗ്.
ഒരു മനുഷ്യന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വരുന്നത് അവൻ ഫിറ്റാവുമ്പോഴല്ല…. വണ്ടി ഓടിക്കുമ്പോഴാണ്. ഞാനും അതെന്നെ, പണ്ട് വീട്ടിൽ നിന്നും കോഴിക്കോട്ടേക്കുള്ളൊരു യാത്രയിൽ ഇതുപോലെ ഈഗോ അടിച്ചിട്ട് ഒരുത്തനെ വെട്ടിക്കാൻ ഞാൻ കൊയിലാണ്ടി വരെ പോയതൊക്കെ ഓർമ്മ വന്നു. വെട്ടിക്കാൻ പറ്റിയില്ല എന്നുള്ളത് വേറെ കോമഡി.
പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. സ്റ്റിക്കറുള്ള ഈഗോകാരൻ ചന്നം പിന്നം ശ്രമിച്ചിട്ടും ഞാൻ മുന്നിലേക്ക് കടക്കാൻ ഒരവസരം കൊടുത്തില്ല. എന്റെ കാറിന്റെ ബാക്കിൽ ‘ഉന്നാൽ മുടിയാത് തമ്പി’ എന്നൊരു സ്റ്റിക്കർ ഉണ്ടായിരുന്നേക്കിൽ ഇപ്പോ മാസ് ആയേനെ…

അയാൾക്ക് വിടാനുള്ള ഭാവമില്ലായിരുന്നു. എന്റെ മുന്നിൽ കടക്കാൻ അയാള് ഉറുമിയും പരിചയുമൊക്കെ എടുത്ത് കടത്തനാടൻ ശൈലിയിൽ പലവട്ടം ശ്രമിച്ചു. ഞാൻ തുളുനാടൻ ശൈലിയിൽ എല്ലാം ബ്ലോക്ക് ചെയ്ത് ലീഡ് നിലനിർത്തി.
മുരിങ്ങൂർ സിഗ്നൽ. റെഡ് ലൈറ്റ് തെളിഞ്ഞപ്പോൾ സ്ലോ ചെയ്ത എന്നെ അപകടകരമായ രീതിയിൽ ലെഫ്റ്റിലൂടെ ഓവർടേക്ക് ചെയ്തു സിഗ്നൽ തെറ്റിച്ച് പോവാനായിരുന്നു അയാളുടെ പ്ലാൻ. ആ സമയം തിരിച്ച് മാസ് കാണിക്കണമെങ്കിൽ അയാൾക്ക് ഇപ്പുറത്ത് നിർത്തിയിട്ട കാറിലുള്ള എന്റെ മുഖത്തേക്ക് നോക്കണമല്ലോ… ചിരി റിട്ടേണും തരണം. അതിനിടയിലാണ് ലെഫ്റ്റ് സൈഡിലെ റോഡിൽ നിന്നും, അവരുടെ ഗ്രീൻ സിഗ്നൽ ആയപ്പോൾ ഒരു വണ്ടി ജംഷനിലേക്ക് കയറിയത്. അയാൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി, പിറകിലെ കള്ള് വണ്ടി വന്ന് അയാളുടെ ബാക്കിൽ ഒരുമ്മ വെക്കൽ!
ഒറാലിയത്തിന്റെ ഷീട്ടില് ചെനച്ച മാങ്ങ വീണ പോലൊരു ഒച്ച!
ഐ ടെന്നിന്റെ ഡിക്കി അഞ്ചെങ്കിലും ആയി കുറഞ്ഞിട്ടുണ്ടാവും, ഐ ഫൈവ്.

എനിക്ക് കുറ്റബോധം ഒന്നും തോന്നിയില്ല, മനപൂർവമല്ലല്ലോ… തോന്നിവാസമല്ലേ?
പച്ച തെളിഞ്ഞപ്പോൾ ഞാൻ എന്റെ സിറ്റി മുന്നോട്ടെടുത്തു, ‘ഈ പാവം പൊയ്ക്കോട്ടേ…’
ഇനി ഈഗോകാരന്റെ പ്രാക്ക് കൊണ്ട് വഴിയിൽ വല്ല ബ്ലോക്കും സംഭവിച്ചു ഫ്ലൈറ്റ് മിസ്സാവുമോ എന്നായിരുന്നു അടുത്ത ടെൻഷൻ. ബട്ട് ഇന്ന് അങ്ങേരുടെ ദിവസം അല്ലായിരുന്നു… ഞാൻ കൃത്യസമയത്ത് എയർപോർട്ടിൽ എത്തി സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് വിമാനത്തിലെ എന്റെ സീറ്റിൽ കയറി ഇരുന്നു. ‘പൈലറ്റും എന്നെ പോലെ തന്നെ മാന്യമായിട്ട് ഒക്കെ ഓടിച്ചാൽ മതിയായിരുന്നു.’

വിമാനം പുറപ്പെടും മുൻപ്, അവസാനത്തെ യാത്രക്കാരനായി നേരത്തെ കണ്ടുമുട്ടിയ ഐ ടെൻ കാരനുണ്ട് മുൻവാതിൽ വഴി അകത്തേക്ക് കയറുന്നു. കണ്ണ് തുറിച്ച് വെളിയിൽ വന്നാൽ അതെടുത്ത് തിരിച്ചു വെയ്ക്കാനുള്ള മെഡിക്കൽ സയൻസ് ഞാൻ പഠിച്ചിട്ടില്ലാത്തതുകൊണ്ട് വെളിയിൽ വരുന്നതിനു തൊട്ടു മുൻപ് ഞാൻ കണ്ണടച്ചു.
കാലത്തിന്റെ കാവ്യനീതി പോലെ അയാൾ, അല്ല അദ്ദേഹം, ഇരിപ്പിടം തിരഞ്ഞ് അവസാനം എന്റെ സീറ്റിന്റെ തൊട്ടടുത്ത് തന്നെയെത്തി!
മനസ്സ് ഷൈജു ദാമോദരന്റെ കമന്ററി പോലെ അലറി…
‘നൂറു നൂറു പൂക്കളെ, ചതച്ചരച്ച കാലമേ വാഴുകില്ല വീഴുകില്ല ഈ മഞ്ഞപ്പൂവുകൾ. ഇറ്റ്സ് ഐ ടെൻ വൺ, സിറ്റി നിൽ.’ 
മനസ്സിലെ ട്വന്റി ഫോർ ന്യൂസിൽ ഹാഷ്മി ഒരു ബ്രെക്കിങ് ന്യൂസ് വായിച്ചു,
‘യാത്രക്കാർ തമ്മിൽ സംഘർഷം. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി, അതിലൊരാളുടെ അടിയന്തിരം വീട്ടുവളപ്പിൽ.‘

ചെന്നൈ വരെ മുഖം പൊത്തി ഇരിക്കണോ അതോ, വിമാനത്തിൽ ബോംബുണ്ടെന്ന ഭീക്ഷണി സന്ദേശം അയക്കണോ എന്ന ആലോചനയിലായിരുന്നു ഞാൻ. അപ്പോൾ അദ്ദേഹം എന്നെ തട്ടി വിളിച്ചു. ഞാൻ എനിക്ക് തന്നെ ഒരു കണ്ടോളൻസസ് നേർന്നു.
പക്ഷെ അത്, ഞാൻ അദ്ദേഹത്തിന്റെ സീറ്റിൽ വെച്ചിട്ടുണ്ടായിരുന്ന എന്റെ പുസ്തകം തരാനായിരുന്നു… ഏതാ ബുക്ക്? ‘Do Epic Sh*t’
എന്നെ മനസ്സിലായിട്ടില്ല… എങ്ങാനും മനസ്സിലായിരുന്നെങ്കിൽ… എന്റെ സിവനേ!

കോക്പിറ്റിലെ മീറ്ററുകളിൽ അന്തരീക്ഷത്തിലെ തുഷാരങ്കവും ആപേക്ഷിക ആർദ്രതയും അളന്നശേഷത്തെ പൈലറ്റ് ഫ്‌ളൈറ്റ് ആകാശത്തേക്കുയർത്തി. തൊട്ടടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ നാഡീവേഗവും രക്തസമ്മർദ്ദവും ഒരു മീറ്ററും ഇല്ലാതെ എനിക്ക് അളക്കാൻ കഴിയുമായിരുന്നു… ടിയാന്റെ കയ്യും കാലുമൊക്കെ അപ്പോഴും വിറയ്ക്കുന്നത് ഞാൻ കണ്ടു. കണ്ണും കലങ്ങിയിട്ടുണ്ട്.
ടിക്കറ്റിന്റെ കൂടെ ഓർഡർ ചെയ്തിരുന്ന സാൻഡ്വിച്ചും ജ്യൂസും എയർ ഹോസ്റ്റസ് കൊണ്ടുവന്നു തന്നപ്പോൾ ഞാൻ ജ്യൂസ് അദ്ദേഹത്തിന് നേരെ നീട്ടി. മിസ്റ്ററിന്റെ കണ്ണൊക്കെ നിറഞ്ഞു. വാഴ മൂവിയിലെ ബി.ജി.എമ്മും പ്ലേ ആയി കാണണം.
അത് വാങ്ങികുടിച്ച അദ്ദേഹം നല്ലവനായ തന്റെ സഹയാത്രികനോട് മനസ്സ് തുറന്നു…
“എയർപോർട്ടിലേക്ക് വരുന്ന വഴിക്ക് എന്റെ കാർ ഒന്ന് തട്ടി, അതിന്റെയാ”
“ആണോ?”
“ഉം…”
ആ പാവത്തിന്റെ മുഖം കണ്ടപ്പോൾ എനിക്കത് വെളിപ്പെടുത്താതെ ഇരിക്കാനായില്ല…
“ഞാൻ എപ്പോഴും എയർപോർട്ടിലേക്ക് കെ.എസ്.ആർ.ട്ടി.സിയിലാ വരാറ്. ഇന്ന് പ്രത്യേകിച്ചും”


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.