“പതിനാലാം തീയതി മോന്റെ ബർത്ത് ഡേ ആണ്. താൻ വരണം”
ഉമാകാന്തൻ സാർ എന്റെ കൈയിൽ പിടിച്ച് കുലുക്കികൊണ്ടാണ് ക്ഷണിച്ചത്.
സാറിന് മോനാണ് എന്ന് പോലും ഞാൻ അറിയുന്നത് അപ്പോഴാണ്. അടുപ്പമുള്ളവരുടെ ഫാമിലി ഡീറ്റെയിൽസ് ഒന്നും ചോദിച്ചറിയുകയോ, ചോദിച്ചാൽ തന്നെ ഓർത്തുവെക്കുകയോ ചെയ്യാത്ത ഒരു പ്രാകൃത പ്രകൃതമാണ് എന്റേത്.
ഒരു കുലുക്കി സർബത്ത് മെയ്ക്കിങ്ങിന്റെ കുലുക്കൽ സ്റ്റാൻഡേർഡ് ആയ പത്ത് കുലുക്കൽ കഴിഞ്ഞിട്ടും എന്റെ കൈ വിടാതെ പിടിച്ചിട്ടുള്ള ഉമാകാന്തൻ സാറിനോട് ഞാൻ ചോദിച്ചു,
“മോന് എത്ര വയസ്സായി?”
“കുട്ടന് ഒമ്പതാവുന്നു”
പ്രായത്തിന്റെ കാര്യത്തിൽ ഹാൾഫ് സെഞ്ച്വറി അടിച്ച് ബാറ്റുയർത്തി നിൽക്കുകയാണ് ഉമാകാന്തൻ സാർ. കുട്ടന് ഒമ്പതാവുന്നതേയുള്ളെങ്കിൽ സാർ ഒന്നുകിൽ ലേറ്റ് മാര്യേജ് ആയിരിക്കണം, അല്ലെങ്കിൽ ലേറ്റ് ബോൺ ബേബി. എന്റെ ഓവർതിങ്കിങ് ബ്രെയിൻ പ്രോമ്റ്റ് ഇല്ലാതെ പണി തുടങ്ങി. ‘സ്റ്റോപ്പ് റെസ്പോൺസ്’, എന്ത് കുന്തമാണെങ്കിലും സാറിന് കുട്ടനെ കിട്ടിയില്ലേ?
“ഞാൻ എത്താം സാർ”
വീണ്ടുമൊരു കുലുക്കി സർബത്ത്.
“റിനോഷ് എന്നാണ് പേര്, ഞങ്ങൾ കുട്ടനെന്നാണ് വിളിക്കാറ്. ഈവനിംഗ് ചെറിയൊരു കേക്ക് കട്ടിങ്, ചെറിയൊരു പാർട്ടി… ശരത്തിനെയും വിളിച്ചിട്ടുണ്ട്.”
ഇത് കൂടി പറഞ്ഞിട്ട് ഉമാകാന്തൻ സാർ പോയി… സാറിന്റെ കുലുക്കി കൈയും.
പതിനാലാം തീയതി രാവിലെ ജിമ്മിൽ വെച്ച് ഫോർ ആംസിന് കളിച്ചശേഷം കണ്ണാടിയിൽ കയ്യിന്റെ സൗന്ദര്യം നോക്കിയപ്പോഴാണ് എനിക്ക് ഉമാകാന്തൻ സാറിനെയും സാറിന്റെ ഇൻവിറ്റേഷനും ഓർമ വന്നത്. ലെഗ് ഡേ ആയിരുന്നെങ്കിൽ വിട്ടുപോയേനെ!
ഞാൻ ഫോണെടുത്ത് ശരത്തിനെ ഡയൽ ചെയ്തു. പിന്നെയാണ് ഓർത്തത്,
ഡൊമസ്റ്റിക് ഫ്ളൈറ്റിലെ പൈലറ്റ് മൈക്രോഫോണിലൂടെ പാസഞ്ചേഴ്സിനോട് സംസാരിക്കുന്ന പോലെയാണ് ആണ് ശരത്ത് സംസാരിക്കുക, ഒരു തേങ്ങയും മനസ്സിലാവൂല. ഉടനെ കട്ട് ചെയ്ത് വാട്സാപ്പിൽ മെസേജ് അയച്ചു, ടെക്സ്റ്റ്.
“hi, ഉമാകാന്തൻ സാറിന്റെ വീട്ടിൽ ഇന്നല്ലേ പ്രോഗ്രാം, പോവുന്നില്ലേ?
അതിന് പൈലറ്റ് മോൻ റിപ്ലൈ അയച്ചതാകട്ടെ വോയ്സ് മെസേജ് ആയിട്ടും!
‘ടെക്സ്റ്റ് മെസേജ് അയച്ചാൽ ഇവനൊക്കെ ടെക്സ്റ്റ് ആയിട്ട് തന്നെ റിപ്ലെ തന്നൂടെ?’
ചെറുപ്പത്തിൽ പൈലറ്റ് ആവാൻ മോഹിച്ചിട്ട് അത് നടക്കാതെവന്നപ്പോൾ സംസാരമിങ്ങനെ ആയതാണെങ്കിൽ പോട്ടേന്ന് വെക്കാം… ഇത് അവന്റെ അപാർട്മെന്റ് കോംപ്ലക്സിൽ ഉണ്ടായിരുന്നൊരു എയർ ഹോസ്റ്റസിനെ വളയ്ക്കാൻ വേണ്ടി കഷ്ടപ്പെട്ട് ട്രാക്ക് മാറ്റിയതാണ്.
അഞ്ച് തവണ പല സ്പീഡിൽ കേട്ടിട്ടാണ് ആ വോയ്സ് എനിക്കൊന്ന് ഡീക്കോഡ് ചെയ്യാൻ സാധിച്ചത്.
‘പോവുന്നുണ്ട്, ഗിഫ്റ്റ് ഒക്കെ വാങ്ങിച്ചു, ഈവനിംഗ് സിക്സ് ആവുമ്പൊ ഞാനങ്ങോട്ട് എത്താം’
(ഫോൺ കോളിൽ ആയിരുന്നെങ്കിൽ, ‘ഗുഡ്മോർണിംഗ് ജന്റിൽമാൻ….ദിസ് ഈസ് യുവർ ശരത്ത് സ്പീക്കിങ്’ എന്നും കൂടെ കേൾക്കായിരുന്നു)
അപ്പൊ ഇനി ഗിഫ്റ്റ് വാങ്ങിക്കണം.
സ്വന്തമായിട്ട് എടുക്കുന്ന വസ്ത്രങ്ങളൊക്കെ കൂറ ആവുമെങ്കിലും, മറ്റുള്ളവർക്ക് ഗിഫ്റ്റ് ചെയ്യാൻ വാങ്ങിക്കുന്നത് മികച്ചതാവുകയും ചെയ്യുന്ന ഒരു മെഡിക്കൽ കണ്ടീഷനുണ്ട് എനിക്ക് (മരുന്നൊന്നും കഴിക്കുന്നില്ല, വ്യായാമം കൊണ്ട് ശരിയാക്കാൻ നോക്കാണ്) പക്ഷെ ഡ്രസ് റിസ്കാണ്, വേറെന്തെങ്കിലും വാങ്ങിക്കാമെന്ന് തീരുമാനിച്ചു.
വൈകുന്നേരം ഉമാകാന്തൻ സാറിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഞാനൊരു ഹൈപ്പർ മാർക്കറ്റിൽ കയറി. കാര്യം പറഞ്ഞപ്പോൾ അവിടുത്തെ സെയിൽസ് ഗേൾ, മണിച്ചിത്രത്താഴിലെ ഗംഗ നാഗവള്ളിയുടെ ആഭരണങ്ങൾ കാണിച്ചുതരുന്നത് പോലെ ഓരോന്നായി കാണിച്ചുതന്നു.
കാസിയോ ജി ഷോക്ക്. ‘കൊച്ചേ, എന്റെ മോന്റെ ബർത്ത്ഡേയല്ല.’
ആന ബൊമ്മ. ‘ഉമാകാന്തൻ സാർ ഒരു കടുത്ത ആനപ്രേമിയാണ്… ബൊമ്മ കുട്ടന് കിട്ടില്ല, സാർ എടുത്ത് കളിക്കും.’
ഡംമ്പൽ സെറ്റ്. വേണ്ട, ഇരുമ്പ് ഗിഫ്റ്റ് കൊടുത്താൽ ഇരുന്നൂറ് നാൾ കഷ്ടകാലം എന്നൊരു റീലിൽ കണ്ടിട്ടുണ്ട്.
പോർഷേ 911 സ്കെയിൽ മോഡൽ. അതും വേണ്ട, പോവുന്ന വഴിക്ക് പാക്കറ്റ് പൊട്ടിച്ച് ഞാനെന്റെ വീട്ടിലേക്ക് കൊണ്ടുപോവും.
അവസാനം ഒന്നും കിട്ടാതെ വെറും കയ്യോടെ ഞാൻ ഹൈപ്പർ മാർക്കറ്റിന് പുറത്തിറങ്ങിയപ്പോൾ നേരെ മുന്നില് അതാ ഒരു പുസ്തകകട.
‘വൈ നോട്ട് എ ബുക്ക്?’
ഞാൻ അകത്ത് കേറി നല്ല കട്ടിയും കടുകട്ടി ലാഗ്വേജുമുള്ള ഒരു പ്രസിദ്ധ പുസ്തകം വാങ്ങിച്ചു. ഒമ്പതു വയസ്സുള്ള ഒരു കുട്ടിക്ക് കൊടുക്കാൻ പറ്റിയ പുസ്തകമാണോ അതെന്നൊന്നും ഞാൻ ചിന്തിച്ചില്ല, ഉമാകാന്തൻ സാർ പണ്ട് ഞങ്ങളെ പഠിപ്പിച്ചതോർക്കുമ്പോൾ സാറിന്റെ മോൻ കുറച്ച് കഷ്ടപ്പെടുന്നതിൽ തെറ്റൊന്നുമില്ലെന്ന് തോന്നി.
സാർ ഇനി ഇത് അവനെ കൊണ്ട് വായിപ്പിച്ച് അതിനെ ബേസ് ചെയ്ത് ഒരു ടെസ്റ്റ് വരെ കണ്ടക്ട് ചെയ്തെന്നു വരും. എനിക്ക് ചിരി വന്നു.
പൊതിഞ്ഞ ഗിഫ്റ്റുമായി ഞാൻ സാറിന്റെ വീട്ടിലെത്തി. ബർത്ത് ഡേ വൈബ്സ് പിടിച്ചുകൊണ്ടു അത്യാവശ്യം നല്ല ആളുകളുണ്ടായിരുന്നു അവിടെ. ശരത്ത് ഗേറ്റിനടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും സാറിന് ഒരുപാട് സന്തോഷമായി. അകത്തേക്ക് കൊണ്ടുപോയി സാർ മിസ്സിസിനെ വിളിച്ചു. മിസ്സിസ്സിന്റെ ഒക്കത്തുണ്ടായിരുന്നു ബർത്ത് ഡേ ബോയ്, കുട്ടൻ aka റിനോഷ്. വെള്ള കുഞ്ഞുടുപ്പും ബർത്ത്ഡേ തൊപ്പിയും വെച്ചിട്ടുള്ള ചിഹുവാവ ബ്രീഡിൽ പെട്ട പട്ടി കുട്ടി!
അത് ബർത്ത് ഡേ അല്ല, ബാർക്ക് ഡേ ആണെന്ന സത്യം ഞാനപ്പോഴാണ് മനസ്സിലാക്കിയത്!!
ഉമാകാന്തൻ സാർ ലേറ്റ് മാര്യേജുമല്ല കുട്ടൻ ലേറ്റ് കിഡുമല്ല… സാറിന്റെ മക്കൾ രണ്ടും കോളേജ് പഠനം കഴിഞ്ഞ് ജോലിക്ക് കേറിയിരുന്നു.
ചിഹുവാവ കുട്ടൻ പുസ്തകം വായിക്കുന്ന ആ രംഗമോർത്തപ്പോൾ മനസ്സിൽ പീയാനോയിൽ പപ്പായ വീണ പോലൊരു ബാക്ക് ഗ്രൗണ്ട് സ്കോറുണ്ടായി.
ഭാഷ അറിയുന്ന മനുഷ്യന്മാർക്ക് തന്നെ വായിച്ചാൽ മനസ്സിലാവാത്ത പുസ്തകമാണല്ലോ ഞാൻ ആൽഫബെറ്റ്സ് പോലുമറിയാത്ത ഒരു പട്ടി കുട്ടന്…. ഹവ് ക്രൂവൽ!
സാറിന്റെ പട്ടി അല്ല, മോൻ… എന്റെ കയ്യിലുള്ള കവറിലേക്ക് നോക്കി നിരത്താതെ കുര തുടങ്ങി…. കുരകുരോ കുരകുര.
ശുനകന് മനസ്സിലായിക്കാണും അകത്തുള്ളത് തനിക്ക് ജന്മത്ത് ഉപകാരപ്പെടാത്ത എന്തോ ആണെന്ന്. അല്ലെങ്കിൽ ബാക്കിയുള്ള ഒരു ഗിഫ്റ്റ് ബോക്സിലേക്കും നോക്കാതെ അവൻ എന്റേത് മാത്രം ഫോക്കസ് ചെയ്ത് കുരയ്ക്കുന്നത് എന്തിനാണ്? എല്ലാവരും എന്നെയും എന്റെ കയ്യിലുള്ള ഗിഫ്റ്റിനെയും നോക്കി.
“ഈ തെണ്ടിക്ക് കേക്ക് കൊടുക്കരുത്.” എന്നാണ് ആ കുരയുടെ അർത്ഥം എന്ന് അവിടെ എനിക്ക് മാത്രമേ മനസ്സിലായിരുന്നുള്ളൂ…
ഉമാകാന്തൻ സാർ എന്റെ അടുത്തേക്ക് വന്നു,
“കുട്ടന് നല്ല ഇഷ്ടമുള്ളത് എന്തോ ആണല്ലോ താൻ വാങ്ങിച്ചിട്ടുള്ളത്”
ഞാൻ ആണെന്നും അല്ലെന്നും എന്നർത്ഥം വരുന്ന രീതിയിൽ തലയാട്ടി.
ഉമാകാന്തന്റെ കുട്ടൻ എന്നേം കൊണ്ടേ പോവൂ!
“എന്ന ഇപ്പോ തന്നെ ഓപ്പൺ ചെയ്ത് കൊടുത്ത് നോക്കാം, കുട്ടന് സന്തോഷമാവും”
എന്നും പറഞ്ഞ് സാർ എന്റെ കയ്യിൽ നിന്നും ബോക്സ് വാങ്ങിച്ച് തുറന്നു.
അനശ്വരമായ വസന്തം!
ഉമാകാന്തൻ സാർ എന്നെ നോക്കി. കൽപറ്റ ജലജ ബേക്കറിയിലെ ചുവന്ന ലഡ്ഡുവിന്റെ പോലെയുണ്ടായിരുന്നു അപ്പോൾ സാറിന്റെ മുഖം.
വിധി എന്നോട് എന്തിനാണിങ്ങനെ എല്ലാ മാസവും ഓരോ വർണ്ണജാലം കാട്ടുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്.
അവിടെ നിന്നും മടങ്ങി പോരുമ്പോൾ ശരത്ത് എന്നെ ആശ്വസിപ്പിച്ചു,
“വിഷമിക്കണ്ടടാ…”
“ഏയ് എനിക്കെന്ത് സങ്കടം, കേക്ക് കിട്ടിയല്ലോ…”
“അടുത്ത ബർത്ത് ഡേക്ക് നിന്നെ ക്ഷണിക്കുമ്പോൾ സാർ അതേ സൈസിലുള്ള പുസ്തകം തന്നെ തരാൻ നിന്നോട് ഇങ്ങോട്ട് ആവശ്യപ്പെടും!
ഞാൻ കണ്ണ് തുടച്ചിട്ട് ചോദിച്ചു, ”അതെന്താ?“
മറുപടി പറയുമ്പോൾ ശരത്തിന്റെ ശബ്ദത്തിൽ ഫ്ലൈറ്റ് ക്യാപ്റ്റൻ ഉണ്ടായിരുന്നില്ല… ഞാൻ വ്യക്തമായിട്ട് തന്നെ കേട്ടു.
“കുട്ടന്റെ അപ്പി കോരാൻ ഇനി ടിഷ്യൂ പേപ്പർ വാങ്ങേണ്ടല്ലോ!”
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.