അയൽനാട്ടിലൊരു വാസുവാശാനുണ്ടായിരുന്നു. കുടി എന്നൊക്കെ പറഞ്ഞാൽ കൂടിയ ഇനം കുടിയാണ് മൂപ്പരെ കുടിയൻമാർക്കിടയിലെ ഗോട്ടാക്കിയത്. ഒരു ശരാശരി മനുഷ്യൻ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്ന് നമ്മള് എല്ലാവരും സ്കൂളിൽ പഠിച്ചിട്ടില്ലേ? വാസുവാശാൻ കേട്ടത് എട്ട് ഗ്ലാസ് മദ്യം എന്നായിരുന്നെന്ന് തോന്നുന്നു…. അജ്ഞാദി കുടി.
വേറെയാരാണെങ്കിലും ഈ സൈസ് കുടിക്ക് കണ്ണും കരളും തെക്കോട്ടെത്തേണ്ടതാണ്. പക്ഷെ ഗോട്ട് ഗോട്ടാണ്. കാലൻ വന്ന് നാല് പ്രാവശ്യം കയറിട്ട് വിളിച്ചതാ… വാസുവാശാൻ പോയില്ലെന്ന് മാത്രമല്ല, ആ കയറ് പിടിച്ച് വലിച്ച് അതും വിറ്റ് കള്ളു കുടിച്ചെന്നാണ് ലോക്കൽ ലെജൻഡ്. ലാസ്റ്റ് കാലൻ, ‘പുല്ല്, എന്തെങ്കിലും കാണിക്ക്’ എന്നൊരു ടെസ്റ്റിമോണിയൽ എഴുതിവെച്ച് പോയത്രേ!
ഒടുവിൽ വിഷമായ മദ്യം കഴിച്ചിട്ടല്ല ആ വാസുവാശാൻ യശശരീരനാവുന്നത്, ഹെൽത്തിയെന്ന് എല്ലാവരും പറയുന്ന ഇലക്കറി കാരണമായിരുന്നു.
മൊഞ്ചുള്ള ഒരു മിഥുനം. മുരിങ്ങടെ ഇല പൊട്ടിക്കാൻ മൂവാണ്ടൻ മാവിൽ കേറിയതായിരുന്നു വാസു ഗോട്ട്. ലോജിക്കൽ മിസ്റ്റേക്കല്ല, ആ മാവിൽ നിന്ന് മുരിങ്ങയുടെ ഇല പറിക്കാൻ എളുപ്പമായിരുന്നു. മിഥുനമാസമല്ലേ… വാസുവാശാൻ മാവിൻ കൊമ്പിൽ നിന്ന് ഏന്തി വലിഞ്ഞു മുരിങ്ങ കൊമ്പിലേക്ക് കൈനീട്ടിയപ്പോഴാണ് അന്തരീക്ഷത്തിന് ഒരു കാറ്റിനെ പ്രസവിക്കാൻ തോന്നിയത്… വാസുവാശാൻ മാവിൽ നിന്ന് പുറപ്പെടുകയും ചെയ്തു മുരിങ്ങയിലേക്കോട്ട് എത്തുകയും ചെയ്തില്ല!
ആശാൻ ടോം ആന്റ് ജെറിയിലെ ടോമിനെ പോലെ കുറച്ച് നിമിഷം എയറിൽ നിന്ന ശേഷം താഴെത്തി. പിന്നെ കാട്ടുവാനമ്പാടിയെ പോലെ ചിറകടിച്ചുയർന്ന് അണ്ടകാടാഹവും കടന്ന് മേലോട്ട് പോയി.
ചടങ്ങുകൾ നടക്കുമ്പോൾ ഡെഡ് ബോഡി കണ്ട് കഷ്ടം വെച്ചുകൊണ്ട് നിന്നിരുന്ന വാസുവാശാന്റെ രണ്ട് അയൽവാസി ചേച്ചികൾ തമ്മിലൊരു കോൺവസേഷനുണ്ടായി…
“വാസുവേട്ടൻ ഇതിപ്പോ എന്തിനാ മുരിങ്ങടെ ഇല പൊട്ടിക്കാൻ മരത്തിൽ കേറിയത്?”
“ഇലക്കറി കഴിച്ചാൽ ആയുസ്സുകൂടും എന്ന് ആരോഗ്യമാസികയില് വായിച്ചിട്ട്!”
പരമകഷ്ടം.
കാറ്റാണോ മാവാണോ മുരിങ്ങയാണോ അതോ ആരോഗ്യമാസികയാണോ കൊലപാതകി എന്നറിയാതെ മരണപ്പെട്ട ആ വാസുവാശാന്റെ മോള് കനകേച്ചിയെ കെട്ടിയത് വേറൊരു കുടിയനായിരുന്ന പ്രശാന്തനായിരുന്നു. പ്രശാന്തൻ കുടി തുടങ്ങിയ അന്നാണ് കേരളത്തിൽ ചാരായം നിർത്തലാക്കുന്നത്. അല്ലെങ്കിലും മഹാന്മാരുടെ ഡെബ്യൂ ഒക്കെ അങ്ങനെയാണ്…
ആ തൊണ്ണൂറ്റിയാറ് ഏപ്രിൽ ഒന്നാന്തി മുതൽ പ്രശാന്തൻ കുളിക്കാൻ വിട്ടുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ കുടിക്കാൻ വിട്ടുപോയിട്ടില്ല. പക്ഷേ വാസുവാശന്റെ കൂടി പോലെയായിരുന്നില്ല പ്രശാന്തന്റെ കൂടി. രാവിലെയും വൈകീട്ടുമായി നാല് പെഗ് ഓൾഡ് മോങ്ക് റം. അത് കൃത്യമായൊരു നിഷ്ഠയാണ്. വേറൊരു ബ്രാന്റും ഇല്ല, നാലിൽ കൂടുതൽ ഒരു ദിവസം കഴിക്കാറുമില്ല. അതും കഴിച്ചു ചിറിയും തുടച്ച് വീട്ടിൽ പോവുന്ന അച്ചടക്കമുള്ള ഒരു മാന്യ കുടിയനായിരുന്നു പ്രശാന്തൻ.
രണ്ടായിരത്തിയൊന്നിലെ ചിങ്ങത്തിൽ ഇരുവരുടെയും കല്യാണം കഴിഞ്ഞു. പപ്പയുടെ പൂസ് ലൈഫ് അടുത്ത് നിന്ന് കണ്ടിട്ടുള്ള കനകേച്ചി പ്രശാന്തനെ ആദ്യരാത്രി അടുത്തുകിട്ടിയപ്പോൾ ആദ്യം പറഞ്ഞത് ഇതായിരുന്നു,
“പ്രശാന്തേട്ടൻ കുടിക്കില്ലല്ലോ? ഇനി കുടി തുടങ്ങരുത്!”
വൈകുന്നേരത്തെ പതിവ് രണ്ട് പെഗ് ഓൾഡ് മോങ്ക് അടിച്ച് വന്നിരിക്കുന്ന പ്രശാന്തന് രണ്ട് ഇക്കിൾ വന്നു.
‘പൊട്ടിക്ക് മനസ്സിലായിട്ടില്ല!’ പ്രശാന്തൻ മനസ്സിൽ പറഞ്ഞു.
“നീയാണെ… ഞാനിനി കുടി തുടങ്ങില്ല” എന്ന് പറഞ്ഞ് പ്രശാന്തേട്ടൻ കനകേച്ചിയുടെ തലയിൽ തൊട്ട് സത്യം ചെയ്തു.
‘അല്ലെങ്കിലും ഒരു കാര്യം രണ്ട് പ്രാവശ്യം തുടങ്ങാൻ പറ്റില്ലല്ലോ’
കാലം കടന്നുപോയി… ബെവ്കോയും, കൺസ്യൂമർഫെഡും, വിദേശ മദ്യവും അവസാനം വീര്യം കുറഞ്ഞ മദ്യവും കേരളത്തിലെത്തി. പക്ഷേ പ്രശാന്തേട്ടൻ ഇപ്പോഴും അതേ നാല് പെഗ് ഓൾഡ് മോങ്ക്. കനകേച്ചിക്കോട്ട് മനസിലായിട്ടുമില്ല… ബ്യൂട്ടിഫുൾ കപ്പിൾ!
പ്രശാന്തന് പുല്ലു വെട്ടലാണ് തൊഴിൽ. അമ്പത് സെന്റ് അഞ്ചു മണിക്കൂറില് ഹലുവ പോലെ ആക്കിത്തരും. മുൻപ് പ്രശാന്തേട്ടന്റെ കൊലീഗായിരുന്ന ഉണ്ണിക്കുട്ടൻ ഗൾഫിൽ പോയിട്ട് രണ്ട് വർഷങ്ങൾക്കിപ്പുറം, ദമ്മുള്ള ഒരു ധനുമാസത്തിൽ ലീവിന് വന്നു. കരിയറിലെ ആദ്യ ജോബിന് കേറിയപ്പോൾ തന്റെ ഗുരുവായിരുന്ന പ്രശാന്തേട്ടന് അന്ന് കൊടുക്കാൻ പറ്റാത്തിരുന്ന ഗുരുദക്ഷിണ ഇപ്പോൾ ഡ്യൂട്ടി ഫ്രീയിൽ നിന്നും വാങ്ങിയ ഷിവാസ് റീഗലിന്റെ രൂപത്തിൽ ഉണ്ണിക്കുട്ടൻ എടുത്ത് മുന്നില് വെച്ചു.
പ്രശാന്തേട്ടനാകട്ടെ ഗുരുദക്ഷിണ ആയതുകൊണ്ട് നിരസിക്കാനും കഴിഞ്ഞില്ല. അങ്ങനെ ലൈഫിലാദ്യമായി പ്രശാന്തേട്ടൻ ഓൾഡ് മോങ്ക് അല്ലാത്തൊരു മദ്യം കഴിച്ചു. പ്രശാന്തേട്ടൻ വിസ്കി കഴിച്ച് വിലായി എന്ന് കരുതണ്ട, അതേ ഫിറ്റളവ് അതേ കാലുറപ്പ്… പ്രശാന്തേട്ടൻ അച്ചടക്കത്തോടെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപാട് പ്രശാന്തേട്ടൻ അടുത്തുവന്ന കനകേച്ചിയോട് എന്തോ സംസാരിച്ചപ്പോഴേ കനകേച്ചി പൊക്കി. കനകേച്ചി വലത്തേ കൈ കൊണ്ട് പ്രശാന്തേട്ടന്റെ ഇടത്തേ കവിളത്ത് സ്പർശിച്ചു. ചെക്കിട്ടത്ത് കിട്ടി എന്ന്!
“നിങ്ങൾ കള്ള് കുടിച്ചിട്ടുണ്ടല്ലേ?”
പ്രശാന്തേട്ടൻ മലക്കുകളെയും മാലാഖമാരെയും കണ്ടു തിരിച്ചെത്തി.
ആദ്യരാത്രി മുതൽ ഇരുപത്തിയഞ്ച് കൊല്ലം സ്ഥിരമായി വാസനിക്കുന്നതല്ലേ പ്രശാന്തേട്ടനെ ഓൾഡ് മോങ്ക്, മൂപ്പത്യാർ വിചാരിച്ചിരുന്നത് അതാണ് തന്റെ ഭർത്താവിന്റെ മണം എന്നായിരുന്നു!
അടുത്ത ദമ്മ് പൊട്ടിക്കാനായി ഒന്നും കൂടി കയ്യോങ്ങിക്കൊണ്ട് കനകേച്ചി ചോദിച്ചു,
“എന്റെ തലയിൽ തൊട്ട് സത്യം ചെയ്തിട്ട് ഇത്രയും കാലം കുടിക്കാതെ, ഈ അമ്പതാം വയസ്സിൽ കള്ളുകുടി തുടങ്ങാൻ നിങ്ങൾക്ക് എന്താണ് കാരണം?”
തന്റെ കള്ളുകുടിയുടെ മുപ്പതാം വാർഷികമാണ് ഇതെന്ന് പറഞ്ഞാൽ അടുത്ത കൊല്ലം ഈ ദിവസം ചരമവാർഷിക ദിനമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രശാന്തൻ നെറുകംതലയിൽ നേരിപ്പോട് കത്തിച്ചുവെച്ചപോലെ നിന്നു.
“തെറ്റ് പറ്റിപ്പോയി കനൂ… ഇനി തൊട്ട് ഞാൻ കുടിക്കില്ല”
എന്ന് പറഞ്ഞ് മാപ്പ് പറഞ്ഞപ്പോഴാണ് കനകേച്ചി തെല്ലൊന്നടങ്ങിയത്.
പിറ്റേന്ന് പണിക്ക് പോയ പ്രശാന്തേട്ടൻ വൈകുന്നേരം വരെ ഓൾഡ് മോങ്ക് കുടിക്കാതെ കടിച്ചു പിടിച്ചു നിന്നു… പക്ഷേ ഒടുവിൽ മദ്യം ജയിച്ചു, മനുഷ്യൻ തോറ്റു, വരുന്നത് വരട്ടെ എന്ന് കരുതി പ്രശാന്തേട്ടൻ രണ്ട് പെഗ് അകത്താക്കി. മെഡിക്കൽ സ്റ്റോറിൽ നിന്നൊരു വേദനസംഹാരിയും വാങ്ങിച്ച് തിരിച്ച് വീട്ടിലെത്തിയ പ്രശാന്തനെ ഉമ്മറവാതിൽക്കൽ തന്നെ തടഞ്ഞു നിർത്തി കനകേച്ചി ബ്രെത്ത് അനലൈസർ ടെസ്റ്റ് നടത്തി. എന്തോ സംശയം തോന്നി അവർ വീണ്ടും മണത്തുനോക്കി. സ്ഥിരം മണം കിട്ടിയപ്പോൾ പുഞ്ചിരിയോടെ കനകേച്ചി പറഞ്ഞു,
“അപ്പൊ വാക്ക് പാലിക്കാനൊക്കെ അറിയാം…”
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.