ഉത്തര കർണ്ണാടകയിലെ ഏതോ നാട്ടുവഴിയിലൂടെ, ഇടയ്ക്കിടെ ഓഫായിക്കൊണ്ടിരിക്കുന്ന ഒരു ലോക്കൽ ബസ്സിലെ മൂന്ന് യാത്രക്കാരിൽ ഒരാളായി എന്റെ രാത്രി മുന്നോട്ട് പോവുകയായിരുന്നു… നഗരകാഴ്ചകൾ പോലെയല്ല വെളിച്ചമില്ലാത്ത നാട്ടുവഴികൾ, കാണുന്ന കാഴ്ചകളിൽ പാതി നമ്മൾ പൂരിപ്പിക്കേണ്ടതായി വരും. പേരറിയാത്ത കുറെ ഗന്ധങ്ങളെയും, കാട് കടന്നുവരുന്ന നിശബ്ദതകളെയും ഞാനതിനുവേണ്ടി കൂട്ടുപിടിക്കുന്നുണ്ടായിരുന്നു.
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കാണ് യാത്ര. ബസ് അവസാനിക്കുന്നിടത്തേക്കാണ് എന്റെ ടിക്കറ്റ്. പക്ഷെ ലക്ഷണങ്ങൾ കണ്ടിട്ട് ബസ്, യാത്ര സ്വയം അവസാനിപ്പിക്കുമെന്ന് തോന്നി. പിന്നെന്ത് ചെയ്യണം എന്ന് ഞാൻ ചിന്തിച്ചില്ല. ലക്ഷ്യങ്ങളില്ലാത്ത യാത്രകളിൽ തടസ്സങ്ങൾക്ക് പ്രസക്തിയില്ലല്ലോ.
ബസ് വീണ്ടും നിന്നു. ആഴമുള്ള ഇരുട്ടാണ് ചുറ്റും. അതിലേറെ പരപ്പുള്ള ഉന്മാദവുമുണ്ട്. ഞാൻ ഞാനായി ജീവിക്കുന്നതിന്റെ ഉന്മാദം. എഞ്ചിനോട് കയർത്തും കിണുങ്ങിയും കേണും കരഞ്ഞും ഡ്രൈവർ സ്റ്റാർട്ട് ആവാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു…. മുൻസീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ആ പെൺകുട്ടി ധൈര്യത്തിനായി തെളിച്ച മൊബൈൽ വെട്ടം മാത്രമുണ്ട് ബസ്സിൽ. അവളുടെ കവിളത്ത് ആ വെട്ടം വരച്ച വെള്ളിചിത്രങ്ങളുണ്ടായിരുന്നു. ഭയം പുരണ്ട കണ്ണുകൾ എന്നെയും നോക്കി, ചിത്രങ്ങളിൽ കാർവെള്ളിമേഘങ്ങൾ!
എന്റെ പിറകിലുണ്ടായിരുന്ന മുഖം വ്യക്തമല്ലാത്ത ആ നരച്ച താടിക്കാരൻ സീറ്റിൽ നിന്നെഴുന്നേറ്റു മുകളിലെ കമ്പിയില്‍ പിടിച്ചു…. പിന്നെ വണ്ടിയില്‍ നിന്നിറങ്ങാതെ മുന്നിലെ റോഡിലേക്ക് തന്നെ നോക്കിനിന്നു. അയാളുടെ കണ്ണുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. ഡ്രൈവർ തന്റെ അവസാന ശ്വാസമെടുക്കും പോലെ ഒരു പ്രയോഗം നടത്തിയപ്പോൾ എഞ്ചിൻ വീണ്ടുമുണർന്ന് ബസ് അനങ്ങാനായൊരുങ്ങി. ബസ്സിലെ വെളിച്ചത്തേക്കാൾ മുൻപ് തെളിഞ്ഞത് ആ പെണ്കുട്ടിയുടെ കണ്ണുകളായിരുന്നു. അയാൾ അങ്ങനെ തന്നെ നിന്നു.
അലൈൻമെന്റ് തെറ്റിയ ബസ്സിന്റെ ചക്രങ്ങളുണ്ടാക്കുന്ന സംഗീതം കേൾക്കാം… ചില്ല് ജനാലക്കപ്പുറം കാട് മൂളുന്നുണ്ട്. പെട്ടെന്ന്, ദൂരെ ഒരു മലയ്ക്ക് മുകളിൽ നിന്നും ചെറുതല്ലാത്ത ഒരു വെളിച്ചം ഞാൻ കാണാൻതുടങ്ങി. പൗർണ്ണമി രാത്രിയായിരുന്നു അത്! ഫെബ്രുവരി മാസവും.
കേട്ടു മാത്രം അറിഞ്ഞിട്ടുള്ള കരികാന പരമേശ്വരി ക്ഷേത്രത്തിലെ മൂൺ ലൈറ്റ് മ്യൂസിക് ഫെസ്റ്റിവലിനെ കുറിച്ചോർത്തു. മലമുകളിൽ വർഷത്തിലൊരിക്കൽ മാത്രം നടക്കാറുള്ള, ഒരു രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന കച്ചേരി! ലക്ഷണങ്ങൾ കണ്ടിട്ട് അതു തന്നെയായിരിക്കണം, ഹൊന്നാവാറിനടുത്തെ നിൽകോട് ഗ്രാമം. എനിക്കൊരു പുഞ്ചിരിയുണ്ടായി. ചില യാത്രകളിൽ ചിലപ്പോൾ നമ്മളെ തേടി ലക്ഷ്യങ്ങൾ ഇങ്ങോട്ടെത്തും.
പക്ഷെ ബസ്സിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് എനിക്ക് തിട്ടമില്ലായിരുന്നു, ആ പെണ്കുട്ടിയുടെ പ്രാർത്ഥനയുടെ ഫലത്തെപറ്റിയും.
ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ബസ് അവസാനമായി ഒന്ന് കുലുങ്ങികൊണ്ട് കണ്ണടച്ചു. ഞാൻ നോക്കിയത് അവളെയാണ്, ഭയം! കണ്ണ് നിറച്ചും കവിള് ചുവപ്പിച്ചും അതങ്ങനെ ആ മുഖത്ത് പൂത്ത് നിൽക്കുകയാണ്, ചന്തമുണ്ടത് കാണാൻ.
ഫോണിൽ അവൾ ആരെയൊക്കെയോ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നെ ബസ് ജീവനക്കാരോട് എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഒടുവിൽ ഒരു നിരാശയോടെ അവൾ ബാഗ് എടുത്ത് എഴുന്നേറ്റു. ഇറങ്ങും മുൻപ് എന്തോ… എന്നെ മാത്രം അവൾ ഒന്ന് നോക്കി.
ബസ് ജീവനക്കാർ ബസ്സിനകത്ത് കിടന്നുറങ്ങാനും, നരച്ച താടിക്കാരൻ പിറകിലേക്ക് നടക്കുവാനുമാണ് തീരുമാനിച്ചത്. പെണ്കുട്ടി മുന്നിലേക്ക് നടന്നു, ഞാനും…
നീൽകോടിലേക്കുള്ള വഴി അതുതന്നെയാണോ എന്ന് അവളോട് തിരക്കണോ വേണ്ടയോ എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു…
ഞാൻ പിറകിലുണ്ടെന്നറിഞ്ഞിട്ടും അവൾ വേഗം കൂട്ടിയില്ല, കുറച്ചതുമില്ല.