പൊതുവെ ഞാനൊരു സെഡേറ്റഡ് ഡ്രൈവറാണ്. ആരെങ്കിലും നമ്മളെ ചൊറിഞ്ഞും കൊണ്ട് ഓവർട്ടേക്ക് ചെയ്താലോ, മുന്നിലോ ബാക്കിലോ നിന്ന് വെറുപ്പിച്ചാലോ സ്വഭാവം മാറും, ചെറിയൊരു റോഡ് റാഷിന്നാരംഭമാവുകയും ചെയ്യും. പക്ഷെ ഇന്നേവരെ മോട്ടോർ സൈക്കിളിൽ അത് സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നലെയതുണ്ടായി.
വൈകുന്നേരം ബുള്ളറ്റിലാണ് വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടത്. തൃശൂർ റൗണ്ട് ചുറ്റിക്കഴിഞ്ഞപ്പോഴേക്കും ഇരുട്ടായിരുന്നു. പി ജെ ഫ്രൂട്സിൽ നിന്ന് രണ്ടു ജ്യൂസും കൂടി കുടിച്ചശേഷമാണ് മിഷൻ ഹോസ്പിറ്റൽ വഴി ഹൈവേയിലേക്ക് ഓടിച്ചത്. രാത്രി ഒരുപാടൊന്നും വൈകാത്തത് കൊണ്ട് റോഡിൽ അത്യാവശ്യം വണ്ടികളുണ്ട്.
നടത്തറ സിഗ്നലിൽ വെച്ച് ഗ്രീൻ കിട്ടി ഹൈവെയിലേക്ക് കയറുമ്പോൾ ഒരു ബൈക്കുകാരൻ അപകടകരമായ രീതിയില് എന്നെ ഓവർട്ടേക്ക് ചെയ്ത് മുന്നോട്ട് കയറി. ഞെട്ടൽ, കോപം, അഡ്രിനാലിൻ റഷ്! ത്രോട്ടിൽ ചെയ്ത് ഹൈവെയിൽ കയറി തിരിച്ചതേപോലെ അയാളെ വെട്ടിച്ച് ഞാൻ മുന്നിൽ കയറി. അത്യാവശ്യം നല്ല വേഗത്തിലാണ് പിന്നെ മുന്നോട്ട് പോയത്. പക്ഷെ കുട്ടനെല്ലൂർ കഴിഞ്ഞപ്പോ മുന്നിൽ അതാ ആ ബൈക്കുകാരൻ!
ഒരു കാര്യവുമില്ലാതെ ആൺ ഈഗോ ഉണർന്നു. റോഡ് സൈഡിൽ വാങ്ങാൻ കിട്ടുന്ന സാധാ ഹെൽമെറ്റു മാത്രം വെച്ച് നൂറ്റിയമ്പത് സിസിയുള്ള ബൈക്കിൽ, ഫുൾ റൈഡിങ് ഗിയർ ഇട്ട് ഇരട്ടിയിലധികം സിസിയും പവറും ഉള്ള വണ്ടിയിൽ പോവുന്ന എന്നെ ഓവർട്ടേക്ക് ചെയ്ത അയാളെ വെട്ടിച്ചിട്ടല്ലേ ബാക്കിയുള്ളൂ…. വീണ്ടും അത് ചെയ്തു.
ഇനി പിടുത്തം കൊടുക്കാതിരിക്കലാണ് നെക്സ്റ്റ് ടാസ്ക്. തൊണ്ണൂറ്റിയഞ്ചിലൊക്കെ പിടിച്ച് ഞാൻ മുന്നോട്ട് പോയി. അതിൽ കൂടുതലൊന്നും ഞാൻ സാധാരണ എടുക്കാറില്ല. പക്ഷെ അധികം താമസിയാതെ മരത്താക്കര എത്തിയപ്പോൾ അയാളുണ്ട് വീണ്ടും എന്റെ മുന്നിൽ!
ഇത്തവണ ഓവർട്ടേക്ക് ചെയ്യാതെ ഞാനയാളെ നിരീക്ഷിച്ചു. ഒരു കറുത്ത ഹോണ്ട യൂണിക്കോൺ ആണ്, തയ്‌പ്പിച്ച പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമാണ് വേഷം, നാല്പത്തിനുമേൽ എന്തായാലും പ്രായം കാണും. പിറകിൽ സൈലൻസറിനു മുകളിലേക്കായി തൂക്കിയിട്ടിരിക്കുന്ന അധികം സാധനങ്ങൾ നിറയ്ക്കാത്ത ഒരു ഡഫിൾ ബാഗുണ്ട്, ടെക്സ്റ്റെയിൽസിൽ നിന്നൊക്കെ കിട്ടുന്ന പോലൊരെണ്ണം. അത് സൈലൻസറിൽ തട്ടാതിരിക്കാൻ ഒരു ഇരുമ്പ് ഫ്രെയിം വെൽഡ് ചെയ്തു പിടിപ്പിച്ചിട്ടുണ്ട്. തൃശൂർ രെജിസ്റ്ററേഷൻ കൂടിയായതുകൊണ്ട് ഈ ലക്ഷണങ്ങൾ കണ്ടിട്ട് ഈ റൂട്ടിൽ സ്ഥിരം ജോലിക്ക് പോവുന്ന ഒരാളായിരിക്കണം, ബാഗിൽ പണി ഡ്രസ്സും, ഞാൻ കണക്കുകൂട്ടി. കാണുന്ന കാഴ്ചകളിൽ നിന്ന് ഇങ്ങനെ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതി എനിക്ക് വർഷങ്ങൾക്ക് മുൻപ് കൂടെ താമസിച്ചിരുന്ന ഒരാളിൽ നിന്ന് കിട്ടിയതാണ്.
പാലിയേക്കര ടോൾ കഴിഞ്ഞതും ഞാൻ അയാളെ പിന്നെയും പിറകിലാക്കി, അതിനുശേഷം ആമ്പല്ലൂർ സിഗ്നൽ മഞ്ഞ ആയിട്ടും ഞാൻ മുന്നോട്ടെടുത്തു, തൊട്ടു പിറകെയുള്ള പുതുക്കാട് സിഗ്നൽ ഞാൻ കടന്നതും, അതും റെഡ്. രണ്ടു സിഗ്നലുകളിലും അയാൾ പെട്ടിട്ടുണ്ടാവും എന്നുറപ്പാണ്. സ്വാഭാവികമായും നമ്മൾ വലിയൊരു ലീപ്പ് എടുത്തിട്ടുണ്ടാവും എന്നല്ലേ നമ്മൾ വിചാരിക്കുക. പക്ഷെ നെല്ലായി എത്തിയില്ല, അയാളുണ്ട് എന്റെ മുന്നിൽ പോവുന്നു!
വിശ്വസിക്കാനേ പറ്റിയില്ല…
ഞാൻ ഇങ്ങനെ ഒക്കെ പോയിട്ടും അയാളെന്റെ മുന്നിലെത്തിയതല്ല എന്നെ അമ്പരിപ്പിച്ചത്…. അയാൾ എന്നെ വെട്ടിച്ചുപോവുന്നത് ഞാൻ കാണണ്ടേ??
ഇത്രയും തവണയായിട്ടും ഒരിക്കൽ പോലും അയാൾ എന്നെ കടന്നുപോവുന്നത് ഞാൻ കണ്ടിട്ടില്ല, പക്ഷെ ഓരോ തവണയും എന്റെ മുന്നിൽ അയാളുണ്ട്!… Read the rest