ഷവര്‍മ്മ നിരോധിച്ച ദിവസം. സിന്ധി പശുവിന്‍റെ ഗ്ലാമറും, വെച്ചൂര്‍ പശുവിന്‍റെ മുഖശ്രീയുമുള്ള, പി.എം.യു.പി സ്‌കൂൾ ആണ് വേദി. പി ഫോർ പീതാംബരൻ, എം ഫോർ മെമ്മോറിയല്‍ (അങ്ങേർക്കിതൊന്നും കാണേണ്ടി വന്നില്ല)

ആറ് ബിയിലെ വിദ്യാര്‍ഥി സമൂഹത്തിനെ, പുതുതായി പണികഴിപ്പിച്ച ബയോളജി ലാബിലേക്ക് ബയോളജി ടീച്ചർ ഔട്ടിങ്ങിന് കൊണ്ടുപോയതോടെയാണ് കഥ തുടങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ ക്യാരറ്റും മാങ്ങയും ഉപ്പിലിട്ടുവെച്ചതുപോലെ, ഫോര്‍മാലിന്‍ ഭരണികളില്‍ കിടക്കുന്ന തവള പ്രാണി മൃഗാദികളെ കണ്ട് കുട്ടികള്‍ വായും പൊളിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഏറ്റവും പിന്നിൽ നിന്ന് ഓരൊച്ച പൊന്തുന്നത്,
“ടീച്ചർ… ഞങ്ങള് വല്ലതിനെയും കൊണ്ടുവന്നാൽ ഇതേപോലെ ഇട്ടു വെക്കുമോ?”
ദാ നിക്കുണു നമ്മടെ മൊതല്‍, ശ്രീജുട്ടന്‍!
അവന്‍റെ വാസനയ്ക്കൊരു പ്രോല്‍സാഹനം ആയിക്കോട്ടെ ന്ന് കരുതി ടീച്ചര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
“കൊണ്ടുവന്നോളൂ… ഡൊണേറ്റഡ് ബൈ എന്ന് പേരെഴുതിതന്നെ വെക്കാം”
ചെക്കന്‍ വല്ല പാറ്റയെയോ പഴുതാരെയൊയോ കൊണ്ടുവരുമെന്നല്ലേ ടീച്ചര്‍ വിചാരിച്ചത്.

അന്ന് ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസുകളില്‍ ഇരിക്കുമ്പോഴും, അഞ്ചുമണിയുടെ ‘അമ്മേ നാരായണ’ യില്‍ നില്‍ക്കുമ്പോഴും, ‘സ്കൂളില്‍ കൊണ്ടുപോവാന്‍ ഏത് ജന്തുവിനെ തല്ലികൊല്ലും’ എന്ന ചിന്തയിലായിരുന്നു ശ്രീജുട്ടന്‍. അടുത്ത ബയോളജി പരീക്ഷയ്ക്ക് ഒരു ഗ്രേയ്സ് മാര്‍ക്കായിരുന്നില്ല അവന്‍റെ ഉന്നം, ബയോളജി ടോപ്പര്‍ സുര്‍ജിത്തിനെ വെട്ടിച്ച്, മിസ് ആറ് ബി ശരണ്യയെ ഇമ്പ്രസ്സ് ചെയ്യലായിരുന്നു. വെറും റൊമാൻസ്!

കരാട്ടേമുക്ക് സ്റ്റോപ്പില്‍ ബസ്സിറങ്ങി ശ്രീജുട്ടൻ വീട്ടിലേക്ക് നടക്കുമ്പോഴാണ് ഒരു പാമ്പ് യശശരീരനായി റോഡിന്‍റെ ഓരത്ത് കിടക്കുന്നത് കാണുന്നത്. ഏതോ ലൈൻബസിന് തലവെച്ച ഒരു വള്ളികെട്ടൻ! ശ്രീജുട്ടന്‍ ഒരു കമ്പെടുത്ത് അതിനെ വടക്കോട്ടും വലത്തോട്ടും ഒന്ന് അനക്കിനോക്കി. ങ്ങേഹെ; പാമ്പ്, ‘ഞാൻ എപ്പഴേ മരിച്ചെടാ മോനെ…’ എന്ന് പറഞ്ഞു കണ്ണടച്ച് കിടക്കുകയാണ്.
ചെക്കന്‍റെ മനസ്സ് രണ്ടായിരത്തിപതിനെട്ട് പ്രളയത്തിലെ ഇടുക്കി ഡാം പോലെ നിറഞ്ഞു. അവനാ പാമ്പിനെ അതേ കമ്പില്‍ തൂക്കി വീട്ടിലേക്ക് നടന്നു. ‘ശരണ്യ മാത്രമോ, മിസ് കേരള വരെ വളയും!’

പാമ്പിന്‍റെ മുകളില്‍ ചവിട്ടി നൃത്തം ചെയ്യുന്ന ശ്രീജുട്ടന്‍റെ മുഖമുള്ള ശ്രീകൃഷ്ണനെ സ്വപ്നം കണ്ടാണ് ആവന്‍ രാവിലെ എഴുന്നേല്‍ക്കുന്നത്. പതിവിലും വേഗത്തിലവന്‍ കുളിച്ച് റെഡിയായി, കുറച്ച് പൌഡര്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു പോക്കറ്റിലും തിരുകി; ബയോളജി ലാബിലേക്ക് പോവുമ്പൊ ഇടണ്ടേ‍…
പാമ്പിനെ ഇട്ടുവെച്ച ബ്യൂട്ടി സില്‍ക്സിന്‍റെ കവറും കൊണ്ട് സ്കൂളിലേക്ക് ഇറങ്ങുമ്പോള്‍, ദേവസേനയേം കൊണ്ട് മഹിഷ്മതിയിലേക്ക് ചെല്ലുന്ന ബാഹുബലിയുടെ ആ ഒരു ഇത് ഉണ്ടായിരുന്നു അവന്‍റെയും മുഖത്ത്.

മലയാളം പിരീഡ് കഴിഞ്ഞ് ഇന്‍റര്‍വല്ലിന്‍റെ ബെല്ലടിച്ചതും ശ്രീജുട്ടന്‍ ബയോളജി ലാബിലേക്കോടി.
“ടീച്ചർ… ഇന്നലെ പറഞ്ഞപോലെ ഞാനൊരു സാധനം കൊണ്ടുവന്നിട്ടുണ്ട്”
“എന്താ ശ്രീജുട്ടാ…?”
“ഒരു പാമ്പാ!”
സ്വന്തമായിട്ടു വീട്ടിൽ രണ്ട് സർപ്പക്കാവുള്ള ടീച്ചറ് വരെ ഞെട്ടി പുറകോട്ടു മാറി. എജ്ജാദി വാസന!!
“എന്നിട്ടെവിടെ???”
“എന്‍റെ ക്ളാസിലുണ്ട്”
“ക്ളാസിലോ!!”

കൊണ്ടുവന്നത് ഒരു പാമ്പിനെയാണെന്നറിയുമ്പോള്‍ തന്നെ പൊന്നാടയണിയിച്ച് ആശ്ലേഷിക്കും എന്ന് കരുതിയ ടീച്ചറുണ്ട് നെഞ്ചത്ത് കൈവെച്ച് ആറ് ബിയിലേക്കോടുന്നു. ‘ചിലപ്പോള്‍ ക്ലാസ്സിലെല്ലാവരുടെയും മുന്നില്‍ വെച്ച് അനുമോദിക്കാനായിരിക്കും’. ശ്രീജുട്ടന്‍ പൌഡറിട്ട് പിന്നാലെ ചെന്നു.
ക്ലാസിലെത്തിയ ടീച്ചര്‍, ശ്രീജുട്ടന്‍ കാണിച്ചുകൊടുത്ത കവര്‍ ശ്ശടേന്ന് തുറന്നു. കാലി!! ഒരു കത്ത് പോലും എഴുതിവെക്കാതെ പാമ്പ് പോയിരിക്കുന്നു!

പി.എം.യു.പിയുടെ പ്യൂൺ പ്രിൻസിപ്പാളിന്‍റെ റൂമിലേക്ക് ഇരച്ചുകയറി,
“സാറേ…. സ്‌കൂളിൽ പാമ്പ് കേറി!”
ജംപ് കട്ട്!
പ്രിസിപ്പൽ മേശപ്പുറത്തെത്തി. ഒരലർച്ചയായിരുന്നു…
“പിടി സാറിനെ വിളിക്ക്!”
അതല്ലെങ്കിലും ഏത് സ്കൂളിലും ഒരു ഡാം തുറന്നാല്‍ ആദ്യം ഒലിച്ചുപോവുന്നത് പിടി സാറിന്‍റെ പറമ്പായിരിക്കുമല്ലോ…

സ്പോർട്സ് റൂമിനുള്ളിൽ ക്രിക്കറ്റ് കിറ്റിന്‍റെ ഉള്ളിൽ കയ്യിട്ട് പന്ത് തിരയുന്നതിനിടെയാണ് പ്യൂൺ ഓടിവന്ന് അത് പറയുന്നത്.
“സാറേ… പാമ്പ്!”
പാമ്പുള്ളത് താൻ കയ്യിട്ടിരിക്കുന്ന ബാഗിന്‍റെ ഉള്ളിലാണെന്നു വിചാരിച്ച് പാവം പിടി സാറിന്‍റെ ബോധം, വാം അപ്പില്ലാതെ കെട്ടു വീണു.
ക്ടും! ആ കിടക്കണു മൂത്ത ധൈര്യത്തിന്‍റെ മൂർത്തീ ഭാവം, നെഞ്ചുറപ്പിന്‍റെ കുത്തബ് മിനാർ!

ആവനാഴിയിലെ ഏറ്റവും ബെസ്റ്റ് അസ്ത്രം വൈഡ്ബോള്‍ കളിച്ച് ഗോള്‍ഡണ്‍ ഡക്കായത് അറിഞ്ഞ പ്രിന്‍സിപ്പാള്‍ നെഞ്ചത്ത് കൈവെച്ചു,
“കാർത്യായനീ…”
“അതേതാ ദേവി?”
“എന്‍റെ ഭാര്യയാടോ”

ഈ ഓളമൊന്നും വെട്ടാതിരുന്ന സ്റ്റാഫ് റൂമിൽ, ഓൺലൈൻ ന്യൂസ് അഡിക്റ്റായ ഫിസിക്സ് ലാബ് അറ്റന്റർ ആണ് വിവരമെത്തിക്കുന്നത്,
“സ്‌കൂളിൽ പാമ്പ് കേറി, പിടി സാറിനെ കടിച്ചു”
കമ്പ്യൂട്ടർ ടീച്ചർ, “വക തിരിവുള്ള പമ്പാ, പി ടി സാറായത് കൊണ്ട് കുട്ടികളുടെ പഠിപ്പ് മുടങ്ങില്ലല്ലോ… ”
“സമയമുണ്ട്, പാമ്പിനെ കിട്ടിയിട്ടില്ല.” അറ്റന്റർ കെമിസ്ട്രി ലാബിലേക്കോടി. കെമിക്കൽസിന്‍റെ മണമുള്ളിടത്തേക്ക് പാമ്പ് വരില്ലത്രേ…

പി.എം.യു.പി സ്‌കൂളിന്‍റെ കരുത്തനെ ആശുപത്രിയിലേക്ക് എടുക്കാൻ വേണ്ടി റൂമിന് പുറത്തെത്തിച്ചു. സ്റ്റാഫ്റൂമിലെ മേശവലിപ്പിൽ നിന്ന് സെൻട്രൽ ലോക്ക് വർക്ക് ചെയ്യാത്ത തന്‍റെ കാറിന്‍റെ ചാവിയുമെടുത്ത് മലയാളം മാഷ് ഓടിവന്നപ്പോഴേക്കും, അഞ്ച് പേരെ കൊള്ളുന്ന ആൾട്ടോയിൽ ആറ് മാഷുമാര് സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു! ഡ്രൈവിങ് സീറ്റിലിരിക്കുന്ന കണക്ക് മാഷിന്, മറ്റു നിവർത്തിയൊന്നും ഇല്ലാതെ രണ്ടു കൈകൊണ്ടും ചാവി കൊടുക്കുമ്പോൾ മലയാളം മാഷ് ദയനീയമായി പറഞ്ഞു,
“പെട്രോളെങ്കിലും അടിക്കണം”
വണ്ടി സ്‌കൂളിന്‍റെ പടി കടന്നുപോവുന്നത് നോക്കി നിൽക്കുന്ന പ്രിന്‍സിപ്പാള്‍ പ്യൂണിനോട്‌ ചോദിച്ചു,
“നമ്മുടെ പി ടി സാറിനോട് മറ്റു സാറന്മാർക്ക് ഇത്രയ്ക്കൊക്കെ സ്നേഹം ഉണ്ടായിരുന്നല്ലേ?”
“അത് സ്നേഹം കൊണ്ടല്ല, അവര് പാമ്പ് കടി പേടിച്ചിട്ടു മുങ്ങിയതാ…”
ട്രാപ്ഡ്!

ആൾട്ടോ സ്‌കൂൾ ഗെയ്റ്റ് കടന്നതും, മുൻസീറ്റിൽ ബോധം കെട്ടു കിടക്കുന്ന പി ടി സാറിനെ നോക്കി, കണക്ക് മാഷ്,
“എന്നാലും പേടി ന്ന് പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ ഒരു പേടി”
“അതെന്നെ.”
കെമിസ്ട്രിയുടെ മടിയിലിരുന്ന് സോഷ്യൽ സ്റ്റഡീസ് ശെരിവെച്ചു.

കർട്ടൻ തുണികൊണ്ട് ഷർട്ട് അടിക്കാറുള്ള സ്‌കൂൾ ബസ്സിന്‍റെ ഡ്രൈവർ ഗംഗേട്ടൻ ഇതുകണ്ട് ഓടിവന്ന് പ്രിൻസിപ്പാളിനോട് കാര്യം തിരക്കി. പ്രിൻസി സംഭവത്തിന്‍റെ ഒരു സിനോപ്സിസ് പറഞ്ഞുകൊടുത്തു.
“അയ്യോ സാറേ… കുട്ടികളോട് പറയണ്ടേ? പാമ്പ് വല്ല ക്ലാസിലും കയറിയാൽ സംഗതി കൈവിട്ടുപോവും”
“ഉം… ആറ് ബിയിലെ പിള്ളേരൊക്കെ ക്ലാസിനു പുറത്തിറങ്ങി. താൻ പോയി ഒന്നാം നിലയിലൊക്കെ ഒന്ന് അറിയിപ്പിക്ക്‌. പിന്നേയ്…. കുട്ടികളോട് സ്‌കൂളിനകത്ത് പാമ്പ് കേറി എന്നു പറയണ്ട, പാനിക് ആവും…. വേറെന്തെങ്കിലും പറഞ്ഞോ”
പാനിക്കിന്‍റെ മീനിംഗ് അറിയാത്ത ഗംഗേട്ടൻ ‘ഓക്കേ’ ന്ന് പറഞ്ഞ് ഒരൊറ്റ ഓട്ടം.
പിന്നെ ഒന്നാം നിലയിൽ നിന്നും ഉണ്ടായത് കുട്ടികളുടെ കൂട്ട അലർച്ചയും കൂട്ടയോട്ടവും ആയിരുന്നു. ഏറ്റവും പിറകിലായി ഓടിവന്ന കർട്ടൻ തുണിക്കാരനോട് പ്രിൻസിപ്പാൾ ചോദിച്ചു,
“ഗംഗാധരാ…. താനെന്താ പറഞ്ഞത്?”
“സ്കൂളിനകത്ത് ഒരു മുതല കേറി ന്ന്”
“ഗംഗേ!!!”

പിന്നെ പ്രിൻസിപ്പാൾ മൈക്കിലൂടെ അനൗൻസ് ചെയ്തു, “ആരും പേടിക്കണ്ട, സ്‌കൂളിന് അകത്ത് കയറിയത് മുതലയല്ല, പാമ്പാണ്‌”
കുട്ടികൾ കുറച്ചടങ്ങി.
പക്ഷെ പിന്നെ ഫ്രൂട്ടി ഫാക്റ്ററിയിൽ എയ്ഡ്സ് രോഗിയുടെ രക്തം വീണ പോലെയായിരുന്നു സ്‌കൂളിൽ ആ പാമ്പിന്‍റെ ലീലാവിലാസങ്ങൾ. ഫിസിക്സ് ലാബില് സീൽക്കാരം കേട്ടു, അഞ്ച് ബിയില് വാല് കണ്ടു, മൂന്ന് ഡിയില് വന്നു കമന്റടിച്ചിട്ടു പോയി… ഫുള്ള് റൂമർ!
ഇതിനിടയിൽ ‘പാമ്പ് ആദ്യം കടിക്കുന്നതാരെയാവും’ എന്ന വിഷയത്തിൽ വിദ്യാര്ഥികൾക്കിടയിൽ ഒരു സർവ്വേ തുടങ്ങികഴിഞ്ഞിരുന്നു.
“പാമ്പ് ആരെയെങ്കിലും കടിച്ചാൽ ലീവ് കിട്ടുമായിരിക്കും അല്ലെ?”
“ഉം…. പ്രിൻസിപ്പാളിനെ കടിച്ചാൽ മൂന്ന് ദിവസം കിട്ടും!”
ബെല്ലടിച്ചിട്ടും പിള്ളേരാരും വീട്ടിലേക്കോടാത്തത് കണ്ട് പ്യൂൺ ചില കുട്ടികളെ വിളിച്ച് ചോദിച്ചു,
“അല്ലാ… നിങ്ങളാരും എന്താ വീട്ടിൽ പോവാത്തത്?”
“അടുത്ത ഹവർ പി.ടി പിരീഡാ”
“അപ്പൊ നിങ്ങളോ?”
“ഞങ്ങളിതേവരെ പാമ്പ് ഒരാളെ കടിക്കുന്നത് കണ്ടിട്ടില്ല”
“അശ്രീകരങ്ങള്”

പ്രിൻസി പ്യൂണിനോട് ചോദിച്ചു,
“എന്നാലും ആ പാമ്പ് എവിടേക്കായിരിക്കും പോയിട്ടുണ്ടാവുക?”
“പാമ്പുകൾക്ക് തണുപ്പ് ഭയങ്കര ഇഷ്ടമാണ്.”
“അതിന്?”
“സ്‌കൂളിൽ, പ്രിൻസിപ്പലിന്‍റെ മുറിയിൽ മാത്രേ ഇവിടെ എസി ഉള്ളൂ”
“പേടിപ്പിക്കാതടോ…. ആ പാമ്പിനെ കൊണ്ടുവന്നവന്‍റെ പേരെന്താ?”
“ശ്രീജുട്ടൻ”
“ഉം, അവനെ ഒരാഴ്ച സസ്‌പെന്റ് ചെയ്യാം”
“അത് ചെയ്യാം…. പക്ഷെ ലെറ്റർ ഹെഡും സീലും സാറിന്‍റെ മുറിയിലാ…”
“എന്നാ വേണ്ട, വീട്ടുകാരെ വിളിച്ച് ക്ലാസിൽ കേറിയാമതി എന്ന് പറയാം”

ഒന്നാം നിലയിലെ വരാന്തയിൽ വാർ റൂം തുറന്നു. യുദ്ധമെങ്കില്‍ യുദ്ധം!
“സാറേ, ഫയർ ഫോഴ്‌സിനെ വിളിച്ചാലോ?”
“എന്തിനാ, എന്‍റെ നെഞ്ചിലെ തീയ് കെടുത്താനാണോ?”
ഇംഗ്ലീഷ് ടീച്ചര്‍ മലയാളത്തിലുള്ള ഒരു ഐഡിയയും കൊണ്ടുവന്നു, “നമുക്കൊരു ഒരു കീരിയെ കൊണ്ടുവന്നാലോ”
“ആ നന്നായിരിക്കും… എല്ലാ കുട്ടികളോടും ഓരോന്ന് വീതം കൊണ്ടുവരാൻ പറയാം. പാമ്പിനെ കൊല്ലുന്ന കീരിയെ കൊണ്ടുന്ന കുട്ടിക്ക് ഗ്രെയ്സ് മാർക്കും കൊടുക്കാം.”
എൻ എസ് എസ് ചാർജുള്ള ഹിന്ദി ടീച്ചർ പ്രിൻസിപ്പാളിന്‍റെ അടുത്തേക്ക് വന്നു.
“സാറേ… എന്തായാലും കുട്ടികളൊക്കെ സ്‌കൂളിന് പുറത്തുണ്ട്”
“ഉം”
“നമുക്ക് സ്‌കൂളിന്‍റെ ചുറ്റുമുള്ള പൊന്ത ഒക്കെ വെട്ടികൂട്ടിയിട്ട് കത്തിച്ചാലോ”
“അപ്പൊ പാമ്പ് പോവോ?”
“ഇല്ല, സ്കൂള് കുറച്ച് വൃത്തിയായി ഇരിക്കുമല്ലോ.”
“വാലിനു തീപിടിച്ച് നിക്കുമ്പൊതന്നെ ടീച്ചര്‍ക്ക് മാഗി ഉണ്ടാക്കണമല്ലേ?”
പ്രിൻസി എല്ലാവരോടുമായി പറഞ്ഞു, “പാമ്പിനെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം, ആദ്യം നമുക്ക് ആറ് ബിയുടെ അവിടെത്തന്നെ തിരയാം”
പക്ഷെ അത് കേട്ടിട്ടും ബാക്കിയുള്ളവർക്ക് ഒരു ഉത്സാഹമില്ല, വീഗാലാന്റിലേക്കൊന്നുമല്ലല്ലോ വിളിക്കുന്നത്….
“ധൈര്യത്തോടെ വായോ…. നമ്മള് എട്ടുപത്തു പേരില്ലേ? എന്തായാലും പത്തിൽ കൂടുതൽ പേരെ കടിക്കാനുള്ള വിഷമൊന്നും ഒരു പാമ്പിന്‍റെ ഉള്ളിൽ ഉണ്ടാവില്ല…”
“പക്ഷെ സാറിന്‍റെ ഒരു ടൈം വെച്ച് നോക്കുകയാണെങ്കിൽ ആദ്യത്തെ അഞ്ച് കൊത്ത് പുറത്തെവിടെയും പോവില്ല.” പിന്നേം പ്യൂൺ.

ഈസമയം പാമ്പിനെ പിടിക്കാനുള്ള വഴികൾ വിദ്യാർഥികളും ആലോചിക്കാൻ തുടങ്ങിയിരുന്നു,
“പാമ്പ് സ്റ്റാഫ് റൂമിന് അകത്തുണ്ടെന്നു പറഞ്ഞ് നമുക്ക് സ്റ്റാഫ് റൂമിന് തീയിട്ടാലോ?”
“അതെന്തിനാ?”
“നാളെ ഓണ പരീക്ഷയുടെ പേപ്പർ കിട്ടും”.
ഏഴ് സിയിലെ തുളസി അവിടെയിരുന്ന് ഒരു കവിത എഴുതാൻ തുടങ്ങിയിരുന്നു. ‘സർപ്പഹൃദയം’, ഒരു യു പി സ്‌കൂളിൽ വന്നുപെട്ട ഒരു പാമ്പിന്‍റെ മാനസികാവസ്ഥ.
ഇതിനിടെ കഥാനായകൻ ശ്രീജുട്ടന്‍റെ ഇടവും വലവും നിന്ന് സാഹിലും സുമിത്തും കടുക് വറുത്തിടാൻ തുടങ്ങിയിരുന്നു.
“ചിലപ്പൊ ഇവൻ വീട്ടിൽ നിന്ന് എടുത്ത സഞ്ചി മാറിപ്പോയതാവും”
“അങ്ങനെയാണെങ്കിൽ ഇവന്‍റെ അച്ഛനേം അമ്മെനേം പാമ്പിപ്പൊ കൊത്തിയിട്ടുണ്ടാവും”
“സാഹിലേ..!”
“ഞാനൊരു സാധ്യത പറഞ്ഞതല്ലേ… അത് പോട്ടെ, നീയാ പാമ്പിനെ നോവിച്ചിരുന്നോ”
“ഇല്ല.”
“പ്ലാസ്റ്റിക് കവറിന്‍റെ ചൂട് തട്ടിയാൽ പാമ്പുകൾക്ക് നല്ല നോവലാ… ആ പാമ്പ് നിന്‍റെ മുഖം കണ്ടിരുന്നോ?”
“അറിയില്ല…”
“അതൊക്കെ പാമ്പ് നോക്കി വെച്ചിട്ടുണ്ടാവും, സുമിത്തേ…. നമ്മളിനി ഇവന്‍റെ കൂടെ നടക്കണ്ടട്ടോ!”

പാമ്പ് പിടുത്ത കമ്മിറ്റി ആറ് ബിയുടെ മുന്നിലെത്തി. പക്ഷെ ആരാദ്യം കേറും എന്നായിരുന്നു പ്രശ്‌നം. പ്രിൻസിപ്പാൾ ആദ്യം വിളിച്ചത് ഹിസ്റ്ററി മാഷിനെയായിരുന്നു.
“എനിക്ക് എന്തായാലും പറ്റില്ല”
“അതെന്താ മാഷേ ഒരു ഉടക്ക് വർത്താനം?”
“ഞാൻ ഇന്ന് ഉച്ച വരെ സ്‌കൂളിൽ ഇല്ലല്ലോ”
“ങ്ങേ?”
“രാവിലെ അരമണിക്കൂർ വൈകിയതിന് സാറെന്നെ ഹാഫ് ഡേ ലീവാക്കിയില്ലേ, ഞാനിപ്പൊ ഈ സ്‌കൂളിൽ ഇല്ല.” സ്വീറ്റസ്റ്റ് റിവഞ്ച്.
പ്രിൻസിപ്പാൾ അറബി മാഷെ നോക്കി.
“ഇക്ക് പറ്റൂല, ന്‍റെ ജാതകത്തില് സർപ്പശാപം ഉള്ളതാ…” അറബി മാഷ്.
“ഏട്ടാ… ഒന്ന് നോക്ക്”
കമ്പ്യൂട്ടർ ടീച്ചർ ഭർത്താവായ ഫിസിക്സ് മാഷിനെ കാര്യമായി നിർബന്ധിച്ചു. ഒടുവിൽ ആ പാവം മടിച്ച് മടിച്ച് അകത്തുകയറി തിരച്ചിലാരംഭിച്ചു. ടീച്ചർ വാതിൽക്കൽ നിന്ന് വിളിച്ചുപറഞ്ഞു,
“ഏട്ടാ…. കുട്ടികളുടെ ബാഗുകളും കൂടി ഒന്ന് നോക്കിയേക്ക്”
ടീച്ചറിന്റെ പിറകിൽ നിൽക്കുന്ന പ്യൂൺ ചോദിച്ചു,
“സാറിന്‍റെ എൽ ഐ സി ഇന്ഷൂരൻസിന്‍റെ നോമിനി ടീച്ചർ ആണല്ലേ”
“അതെ, എങ്ങനെ മനസ്സിലായി?”
“മനസ്സിലാവും, കാള വാല് പൊക്കുന്നത് സെല്‍ഫി എടുക്കാനാവില്ലല്ലോ…”

ഫിസിക്സ് മാഷിന്‍റെ തിരച്ചിലിൽ, ലൂക്ക് ഔട്ട് നോട്ടീസുള്ള പാമ്പ് ആ പരിസരത്തെങ്ങും ഇല്ല എന്നുറപ്പായി. പാമ്പ്‌ എങ്ങോട്ടെങ്കിലും ഇഴഞ്ഞുപോയിട്ടുണ്ടാവും എന്ന ആശ്വാസത്തില്‍ ‘മിഷന്‍ വള്ളിക്കെട്ടന്‍’ ഡിസ്പേര്‍സ്‌ ചെയ്യാന്‍ ഒരുങ്ങവെയാണ് മലയാളം മാഷ്‌ അത് പറയുന്നത്,
“തിരച്ചില്‍ നിര്‍ത്താറായിട്ടില്ല, എന്ത് വിലകൊടുത്തും നമ്മളാ പാമ്പിനെ കണ്ടുപിടിച്ചേ പറ്റൂ…”
“അതെന്തിനാ മാഷേ?”
“ആ പാമ്പ്‌ സ്കൂളില്‍ കേറിയതിന്‍റെ ഭയം ഇനി നമ്മുടെ എല്ലാവരുടെ ഉള്ളിലും ഉണ്ടാവും. ഒരു കടലാസ് പാറിയാൽ വരെ പാമ്പാണ്‌ എന്നു പറഞ്ഞു കുട്ടികള് കരയും. അടുത്ത കൊല്ലം നമ്മുടെ സ്കൂളില് അഡ്മിഷൻ വരെ കുറയും.”
“അയ്യോ! അപ്പൊ എന്താണൊരു വഴി?”
“എവിടുന്നെങ്കിലും ഒരു പാമ്പിനെ വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നിട്ടാണെങ്കിലും കുട്ടികളുടെ മുന്നില് നമ്മള് പാമ്പിനെ പിടിച്ചു എന്ന് കാണിക്കണം”
“എന്നിട്ട് വേണം പിന്നെ അതിനെയും കാണാതായി, ഈ സ്കൂളിനെ മൃഗസംരക്ഷണ വകുപ്പ് വന്ന് ഏറ്റെടുക്കാന്‍” പ്രിന്‍സി കാല് നിലത്ത് ഉറയ്ക്കാതെ നിന്ന് തുള്ളുകയായിരുന്നു…
“ആ പാമ്പിനെ കൊണ്ടുവന്ന അമാനുഷികനെ ഇങ്ങോട്ട് വിളിച്ചേ”
പ്യൂൺ ശ്രീജുട്ടനെ പോയി വിളിച്ചോണ്ട് വന്നു. പാണ്ടിലോറി തൊട്ടുമുന്നിലെത്തിയ തവളയുടെ എക്സ്പ്രഷനുമായി അവൻ നിന്നു.
“ശ്രീജുട്ടാ…. സത്യത്തിൽ ആ പാമ്പ് ചത്തിരുന്നോ?”
“അങ്ങനെ ചോദിച്ചാൽ…”
“ചോദിച്ചാൽ…?”
“പാമ്പ് കണ്ണടച്ചിട്ട് കിടക്കുകയായിരുന്നു…”
സബാഷ്!
“ഡാ ആറാം ക്ലാസിലെ അഞ്ചരപൊട്ടാ… നീ ആ കവറിൽ തന്നെ ആണോ ആ പാമ്പിനെ കൊണ്ടുവന്നത്?”
“ഉം… പക്ഷെ അതിന്‍റെ ള്ളിൽ വേറെ ഒരു പ്ലാസ്റ്റിക് കവറു കൂടിയുണ്ടായിരുന്നു”
ടും ടും ടും…. ബി ജി എം മാറി.
“അപ്പൊ ആരോ മാറ്റിയതാണ്, അല്ലാതെ പാമ്പ് പ്ലാസ്റ്റിക് കവറും കൊണ്ടു പോവില്ലല്ലോ”
“ചിലപ്പോൾ പരിസ്ഥിതി സ്നേഹിയായ പാമ്പായിരിക്കും!”

പ്രിൻസി ആറ് ബിക്കാരെ മുഴുവന്‍ അവിടേക്ക് വിളിച്ച് നിരത്തി നിർത്തി. എല്ലാവരോടുമായി ചൂരലും കയ്യിൽ പിടിച്ച് ചോദിച്ചു,
“ആരാണ് ആ കവറിന്‍റെ ഉള്ളിലുണ്ടായിരുന്ന കവറും, ആ പാമ്പിനെയും എടുത്ത് മാറ്റിയത്‌?”
ആരും കുറ്റം ഏറ്റെടുക്കുന്നില്ല… പ്രിന്‍സി ഒന്ന് മയപ്പെട്ടു,
“പേടിക്കാതെ പറഞ്ഞോളൂ…. സത്യം പറഞ്ഞാൽ ഞങ്ങൾ ആളെ വെറുതെവിടും”
അപ്പോഴുണ്ട് ആറ് ബിയുടെ റോൾ നമ്പർ ഒന്ന്, ആദർശ് മുന്നോട്ട് വരുന്നു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കാവുന്നു…..
“സാർ, ഇന്നലെ സ്റ്റാഫ് റൂമിൽ നിന്ന് കളർ ചോക്ക് കട്ടത് ഞാനാ… എന്നെയും വെറുതെ വിടണം”
ഒരടി കൊടുത്തുകൊണ്ട് പ്രിൻസി,
“പോയി ഇരിക്കടാ!!”
കൺഡ്രോള് പോയ പ്രിൻസിപ്പാൾ അലറി,
“ആരാണെങ്കിലും ഇപ്പൊ പറഞ്ഞോ, ഞങ്ങളായിട്ടു കണ്ടുപിടിച്ചാൽ അത് ചെയ്തവനെ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റില് ഏൽപ്പിക്കും!”
അതേറ്റു, ബയോളജി ടോപ്പര്‍ സുര്‍ജിത്ത് വന്ന് കുറ്റം ഏറ്റു,
“ഞാനാണ് സാർ. ശ്രീജുട്ടന് മാർക്ക് കിട്ടണ്ട എന്നു കരുതി ഞാനാ കവറെടുത്ത് മാറ്റിവെച്ചതാ”
എല്ലാവരുടെ മുഖത്തും ഒരാശ്വാസം.
“നീ എവിടെയാ വെച്ചത്”
“അത്….”
“എവിടെയാടാ വെച്ചത്???”
“മലയാളം മാഷിന്റെ ആൾട്ടോയില്!!!”