‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി, വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്.
പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ് ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്. പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…
സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം… ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള്‍ തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?
പൂജാ സ്റ്റോഴ്സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല്‍ ചെയ്ത ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില്‍ ഫ്ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല്‍ ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!
“ഫേഷ്യല്‍ ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”
“അതേ… എന്തേ”
“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന് കറുക്കും!”… Read the rest