കഴിഞ്ഞേന്റെ കഴിഞ്ഞൊല്ലം ഹംസക്ക ലീവിന് വന്നപ്പോ , മ്മളെ നാട്ടിൽ, തോനെ സംഭവങ്ങള് തോന്ന്യപോലെ അങ്ങട് സംഭവിച്ചു . സാധനം കൊറേശ്ശെ നോണ്‍ ലീനിയരാണ് .ഹംസക്കയുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം, കൂട്ടത്തിൽ മൂത്തതാണേ …..

story of Welldone Hamza

എത്തിസലാത്ത് കലണ്ടര്‍ 1998 മേടം 16.
ദുബായി മരുഭൂമിയിലെ എക്സ്പ്രസ്സ് ഹൈ വേയിലൂടെ, 192.62013 km/hr സ്പീഡില്‍ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ഒരു വെള്ള ലാന്റ് ക്രൂയിസര്‍ പ്രാഡോ.
വണ്ടിയോടിക്കുന്നത് ഹംസക്കയാണ് ,അതോണ്ടാണിത്ര സ്പീഡ് എന്ന് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല.
വണ്ടിയിലിരിക്കുന്നത് ഒരു ദുബായി ഷേക്കും അയാളുടെ പാര്‍ട്ട് ണര്‍ ഷേക്കും . വിജനമായ ഹൈ വേ……ഹംസക്ക കണ്ടു, തൊട്ടു മുന്‍പില്‍ , ചവിട്ടിയാ കിട്ടാത്ത ദൂരത്തില്‍…. ഒരു ഒട്ടകം റോഡ്‌ മുറിച്ചു കടക്കുന്നു !!! ഞെട്ട്യാ? പക്ഷെ ഹംസക്ക ഞെട്ടീല …

ഹംസക്കക്കുള്ളിലെ മൃഗസ്നേഹിയും മനുഷ്യസ്നേഹിയും ഒരുമിച്ച് ഉണര്‍ന്നു. സഡന്‍ ബ്രേക്ക് ഇട്ടാല്‍ അറബികളുണരും, ബ്രേക്ക്‌ ഇട്ടില്ലെങ്കില്‍ ഒട്ടകം വട്യാവും . ഷൂമാക്കര് വരെ സ്റ്റീറിങ്ങ് വെച്ച് കീഴടങ്ങുന്ന സിറ്റുവേഷന്‍ . ഫ്രാക്ഷന്‍ ഓഫ് സെക്കന്റ്സ് ; അതായത് ഒരു തേങ്ങ കൊരലില്‌ നിന്ന് വീണ് നിലത്തെത്താന്‍ എടുക്കണ ടൈം ………ഹംസക്ക റിയര്‍ വ്യൂ മിററിലേക്ക് നോക്കീട്ട് ‘അല്ലി ഇല്ലി മാഫീ മുഷ്കിൽ’ എന്നും പറഞ്ഞ് ഒറ്റ ഇടലാ. എന്ത് ? റിവേര്സ് ഗിയര് ! വണ്ടി പിന്നോട്ടും ,ഒട്ടകം മുന്നോട്ടും …
ഒരു കോട്ടുവായ ഇടാൻ കണ്ണ് തുറന്ന അറബി ഇത് കണ്ടു.അറബി ഹംസക്കയുടെ തോളില്‍ തട്ടിയിട്ടു തട്ടിയിട്ടു പറഞ്ഞു “വെല്‍ഡണ്‍ ഹംസ !! ”

ഹംസക്ക അന്യായ പൊളിക്കലിന്റെ ആശാനാണ് . ഒരു രക്ഷേമില്ല .തൊള്ള തൊറന്നാ വിടൽസേ വരൂ  .
ഹംസക്കയുടെ ഓരോ വിടല്‍സ് കഥയുടെ അവസാനവും ,ആ കഥയിലെ കഥാപാത്രങ്ങള്‍ ഹംസക്കയുടെ തോളില്‍ തട്ടിയിട്ട് പറയും “വെല്‍ഡണ്‍ ഹംസ !! നാട്ടാര് ഇട്ടുകൊടുത്ത പേരാണ് ആ ടൈറ്റിലിൽ .

അന്നത്തെ ആ സംഭവവം കഴിഞ്ഞ്, ഹംസക്ക  ‘ഇതൊക്കെയെന്ത്’ എന്ന പോസില്‍ നില്‍ക്കുമ്പോള്‍, അറബി അടുത്തിക്ക് വന്നിട്ട്,  ഹംസക്കയ്ക്ക് ഒരു റാഡോ വാച്ച് ഗിഫ്റ്റ് കൊടുത്തു, അറിയാലോ സ്വര്‍ണ്ണ കളര്‍ ! പിന്നെ നാട്ടില്‍ പോവാന്‍ ലീവും . ആ വരവിലാണ് വേറൊരു കഥ നടക്കുന്നത്,

‘ഫ്ലൈറ്റ് ദുബായ് എയര്‍ പോര്‍ട്ടീന്ന്‍ പോങ്ങിയപ്പഴെ ഹംസക്കയ്ക്ക് ഒരു കാര്യം മനസ്സിലായി, പൈലറ്റിന് വണ്ടിയോടിച്ച് വല്യ പിടുത്തം പോരാ…..ഫ്ലൈറ്റ് പൊങ്ങി കഴിഞ്ഞപ്പോ ഹംസക്ക നേരെ കൊക്ക് പിറ്റിലേക്ക് ചെന്ന് ചോദിച്ചു “എന്താ മോനെ പ്രശ്നം “?
പൈലറ്റ്‌ പറഞ്ഞു “കോഴിക്കോട് എയര്‍ പോര്‍ട്ടിലേക്കുള്ള വഴി അറിയില്ല സാർ” (ല്ലാരും ഹംസക്കേനെ സാർ ന്നൊ ക്കെയാ വിളിക്ക്യാ ).
ഹംസക്ക  ഏതാ മൊതല്, ഇന്നും ഇന്നലേം തോടങ്ങീതാണോ മൂപ്പര്‍ടെ ഈ ഗള്‍ഫീ പോക്ക്. ഹംസക്ക  അവിടെ ഒരു സ്റ്റൂള്‍ വലിച്ചിട്ടിരുന്നു, എന്നിട്ട് പൈലറ്റിനോട് ഒരു വേള്‍ഡ് മാപ്പും ഒരു പേനയും ചോദിച്ചു. പൈലറ്റ്‌ എടുത്തു കൊടുത്തു.
മാപ്പ് നീട്ടി വെച്ച്, ഹംസക്ക ഒറ്റ വരയാ……..ദുബായിന്ന്‍ കരിപ്പൂര്‍ക്ക് !!
പൈലറ്റ്‌ ആ വഴിയിലൂടെ വണ്ടിയോടിച്ച് കരിപ്പൂര്‍ എയർ പോർട്ടിലെത്തിയപ്പോ, സാധാരാണത്തേക്കാളും ഇരുപത് മിനുട്ട് നേരത്തെ!….അപ്പ തന്നെ എയര്‍ പോര്‍ട്ടിലെ ഉദ്യോഗസ്ഥരു ഓടി  വന്ന് ഹംസക്കാനോട് ഒന്നേ പറഞ്ഞുള്ളൂ ….”വെല്‍ഡണ്‍ ഹംസാ ” ന്ന്‍ .
ഇപ്പളും എയര്‍ ഇന്ത്യ അന്ന്‍ ഹംസക്ക  വരച്ചു കൊടുത്ത അതേ റൂട്ടാണത്രേ പ്ലൈനോടിക്കാൻ  ഉപയോഗിക്കണത്.

ഇമ്മാരി കൊറേ വിടല്സ് കഥകള് ഓരോക്കുറി ലീവിന് വരുമ്പളും  കേക്കാം . നമ്മടെ വല്ല്യോരു കളിയാക്കുമായിരുന്നു , പിന്നെ അവര് നിർത്തി. ഞങ്ങടെ ജനറേഷൻ തൊടങ്ങി, ഞങ്ങള്ക്കും മടുത്തു. ഇപ്പൊ നറുങ്ങ് പിറുങ്ങോള് തൊടങ്ങീട്ടുണ്ട് , അവരും നിര്ത്തും, ന്നാലും ഹംസക്ക നിര്ത്തൂല   .

 

അതൊക്കെ കഴിഞ്ഞിട്ട് കൊല്ലം കൊറേ ആയി. ഹംസക്ക വീണ്ടും ലീവിന് വന്നു, ഒരു വൈകുന്നേരം അങ്ങാടീല് അഞ്ചെട്ടാള്‍ക്കാരുടെ നടൂലിരുന്നു, പുത്യേ കുറെ വിടല്സ് കഥകളും പറഞ്ഞോണ്ടിരിക്ക്യാര്‍ന്നു . റാഡോ വാച്ച് ഊരി കയ്യില്‍ പിടിച്ച് കാണിച്ചിട്ട് ,

“ഇത് കണ്ടാ, അന്നെനിക്ക് കിട്ട്യ റാഡോ വാച്ചാ, എത്ര കൊല്ലായി, ഇതേ വരെ ഒരു തേയ്മാനം പറ്റീട്ടില്ല. മ്മടെ കൊളപ്പുറം ക്വോറിടെ മോളീന്ന്‍ താഴത്തിക്കിട്ടാലും ഇതിനൊന്നും പറ്റില്ല !   ”

അപ്പൊ തന്നെ, നാട്ടിലെ പ്രധാന വട്ടന്‍ രമേന്ദ്രൻ ആ വാച്ച് വാങ്ങി നിലത്തു വെച്ചിട്ട് ഒരു കരിങ്കല്ലെടുത്ത് കുത്തിപോട്ടിച്ചു . എന്നിട്ട്, യാതൊരു എക്സ്പ്രഷന്‍ ചേഞ്ചും ഇല്ലാതെ രമേന്ദ്രൻ പറഞ്ഞു ,
“ഇത് അതെ ക്വോറിലെ കരിങ്കല്ലാ…..”
ചിരി വരുന്നുണ്ടെങ്കിലും ചിരിക്കാതെ ബാക്കിള്ള നമ്മള്  ഹംസക്കാന്റെ മുഖത്തേക്ക് നോക്കി . ആ മുഖത്ത്, കക്കൂസില്‍ പോയിരുന്ന്‍ പൈപ്പില്‍ വെള്ളമില്ലാത്ത അവസ്ഥ !

“ഓന്‍ പ്രാന്തനല്ലേ, ഓനൊക്കെ എന്തും ആവാലോ “, ഹംസക്ക വെറുതെ വിട്ടു.പക്ഷെ, ഹംസ തന്നെ, ‘പ്രാന്തൻ’ എന്ന് അഭിസംഭോധന ചെയ്തത് രമേന്ദ്രൻ നോട്ട് ചെയ്തു. ഓന്റെ മനസ്സിൽ വല്ലതും പതിഞ്ഞാൽ പതിഞ്ഞതാ .   ഹംസക്കാടെ ജാതകത്തിൽ രമേന്ദ്രൻ ഒരു പുതിയ അദ്ധ്യായം എഴുതിചേർത്തു.  അതെ കൊടുമ്പിരി കൊണ്ട ട്വിസ്റ്റ്‌ !

 

Story of  valavile Ramendran

രമേന്ദ്രൻ aka രാമചന്ദ്രൻ.

എല്ലാ നാട്ടിലും ഉണ്ടാവും ഒരു വട്ടൻ , ഇത് മ്മളെ നാട്ടിലെ വട്ടനാണ് .
ആറടി പൊക്കം, മൾട്ടി ശരീരം, സ്ഥാനം തെറ്റിയ ഷർട്ടിന്റെ കുടുക്ക് ,ചൂടിക്കയറിട്ട് അരകെട്ടിയ മടക്കി വെച്ച പാന്റ് ,മണ്ണ് കളറ് ഹവായി ചെരുപ്പ് …..രാമേന്ദ്രനായി .

സ്കൂളിലൊക്കെ പഠിച്ചിട്ടുണ്ട്, തുള്ളിച്ചാടി സ്കൂളിൽ പോവാൻ ഒരു രസാണല്ലോ.സ്കൂളിൽ പോണ വഴിക്ക് ഇരട്ടക്കുളത്തിന്റെ സൈഡിലെ പൊന്തക്കാട്ടിൽ കൂടോത്രം ചെയ്തതിന്റെ ബാക്കി കിടക്കുന്നത് കാണാം .മൂടി കെട്ടിയ കുടവും, കുറെ പൊതികളും…അത് കണ്ട മ്മള് കുട്ട്യോളെല്ലാം മാറി നടക്കും. രാമേന്ദ്രൻ ഓടി ചെന്ന് കുടം തുറക്കും. അതിലെ തെച്ചി പൂവെടുത്ത് ചെവിയിൽ വെച്ച് , ശർക്കരയും മലരും എടുത്തു വായിലിടും. അഞ്ചിന്റെയൊ രണ്ടിന്റെയോ ഒക്കെ കൊട്ടനുർപ്പ്യ ഉണ്ടാവും, അതെടുത്തു പോക്കറ്റിലിട്ടു കുടം കല്ലിലെറിഞ്ഞു പൊട്ടിച്ചിട്ട് ഒരൊറ്റ ചിര്യാ….

ആ പൈസക്ക് സ്കൂളിൽ ചെന്ന് പുളിയച്ചാർ വാങ്ങി എല്ലാ കുട്ട്യോൾക്കും കൊടുക്കും,ഭയങ്കര ട്രീറ്റ് ! അത് മ്മള് തിന്നും. പൈസേമ്മെ കൂടോത്രം പിടിക്കില്ലാലോ.

ഇന്നത്തെ രാമേന്ദ്രൻ ഏതാച്ചിട്ടാ ഐറ്റം . എല്ലാ ഭ്രാന്തന്മാർക്കും ഒരു മാസ്റ്റർ പീസ്‌  കാണും .  ബൈക്ക് കാരാണ് രാമേന്ദ്രന്റെ സ്ഥിരം ഇര. ബൈക്ക് കണ്ടാൽ ഓനൊരു ചൊറിച്ചിലാണ് . ഒരു വളവുണ്ട് , ‘രാമേന്ദ്രൻ വളവ്’ ന്നാണ് മ്മള് ഇട്ട പേര് . ആ വളവില് വണ്ട്യോളൊക്കെ മെല്ലയാ പോവാറ് .ചെല  ദിവസം രാമേന്ദ്രൻ വായില് വെള്ളം നിറച്ച് ആ വളവില് നിൽക്കും , ബൈക്ക് പോണത് കണ്ടാ ചാടി വീണ് മുഖത്തേക്ക് ആ വെള്ളം മുഴോനും തുപ്പും. ഒരുമാതിരി പെട്ട ബൈക്ക് ഡ്രൈവർമാരൊക്കെ ആ അപ്രതീക്ഷിത ആക്രമണത്തിൽ കണ്ട്രോൾ പോയി നിലത്തു വീണ് ചിറിയും പല്ലും ഒന്നായി നെലത്ത് കെടക്കും.അന്ന് ട്രോഫി കിട്ടിയത്  ഹംസക്കയ്ക്കായിരുന്നു . ആ ലീവിന് വരവില് ഗൾലേക്ക് തിരിച്ചു പോണേന്റെ തലേസം. രമേന്ദ്രൻ തുപ്പി.ഹംസക്ക വിജയ്‌ പടത്തിലെ അടികൊണ്ട വില്ലന്മാരെ പോലെ പറന്നു പോയി മലച്ചു കെട്ടി വീണു. ഗൾഫിൽ പോക്ക് കല്ലത്തായി.വിസ ക്യാൻസലായി.പിന്നെ മൂപ്പര് ഗൾഫ് കണ്ടിട്ടില്ല.

ഈ പുകില് കഴിഞ്ഞേന്റന്നു  ‘ചലഞ്ച്  ആർട്ട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിൽ’ ഒരു ജനറൽ ബോഡി യോഗം കൂടി. രാമേന്ദ്രനെ നന്നാക്കുക എന്നത് നാടിന്റെ ആവശ്യമായി മാറിയിരിക്കുന്നല്ലോ. ഗജാൻഞ്ചി ,എസ്കേപ് അലിയാണ് എല്ലാത്തിനും മുന്നിട്ടിറങ്ങിയത് (ഈ എസ്കേപ് അലിക്കൊരു കഥയുണ്ട്, അത് ഇത് കഴിഞ്ഞു പറയാ )
അലി എഴുന്നേറ്റ് നിന്ന് പറഞ്ഞു….”രമേന്ദ്രന് നല്ല നാല് പെടയുടെ കൊറവുണ്ട് , അത് കൊടുത്താ ഓൻ നേരേവും.” എല്ലാരും ലൈക്കടിച്ചു ,ബില്ല് പാസ്സായി .

എസ്കേപ് അലി തന്നെ ഒരു മടക്കന കോലും കൊണ്ട് മുന്നിലിറങ്ങി, പിന്നാലെ ഒരു പത്തു പന്ത്രണ്ട് മൊതലുകളും. രമേന്ദ്രൻ വളവിന്റെ അപ്പുറത്തുള്ള എടോഴീല് വെച്ച് ഓനെ കിട്ടി. രാമേന്ദ്രൻ ഇത് കണ്ടപാട്  ഓടി, പിന്നാലെ എല്ലാവരും …..നെക്സ്റ്റ് കട്ട് …ബാക്കിയുള്ള പതിനൊന്നു പേരെയും വകഞ്ഞു മാറ്റി തിരിഞ്ഞോടുന്ന എസ്കേപ് അലി. പിന്നാലെ രാമേന്ദ്രൻ ഒരു ഇഷ്ടികയുമായിട്ട് …പിന്നെ ആരും ഓടുകയല്ലാതെ വേറൊന്നും ചെയ്തില്ല. എസ്കേപ് അലി ഫസ്റ്റ് എസ്കേപ്പായി .
രാമേന്ദ്രന് ആകെ കയ്യിൽ കിട്ടിയത്, ടൈലർ കട്ട് പീസ്‌ കുട്ടനെയാണ് .കുട്ടൻ രാമേന്ദ്രന്റെ കാലുംമിക്ക് അങ്ങട് വീണു.”പുന്നാര രാമേന്ത്രാ,സോറി……അലി പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്തത്. ന്നെ ഒന്നും ചെയ്യരുത്.നിക്കൊരു കല്യാണമൊക്കെ കഴിക്കണം ”
രമേന്ദ്രൻ മയപെട്ടു. “വെറുതെ വിടണമെങ്കിൽ നിക്കൊരു ഷർട്ട് ഇപ്പൊ അടിച്ചേരണം”
കുട്ടന്റെ മുഖത്തേക്ക് അതി ദയനീയാവസ്ഥ ടൂറിസ്റ്റ് ബസ് വിളിച്ചു വന്നു
“കരളേ….രാമേന്ദ്രാ,അണക്കറിയാലോ,ലോകത്തൊരു ടൈലറും ,ഒറ്റൂസം കൊണ്ട് ഒന്നും തുന്നിയിട്ടില്ല. കൊണ്ടുവരുന്ന തുണി മിനിമം രണ്ടാഴ്ചയെങ്കിലും പീട്യേല് ഇങ്ങനെ അനങ്ങാതിരിക്കണത് ഞങ്ങള്ക്ക് കാണണം, അതാ ഒരു സുഖം .നീ വേറെ എന്ത് വേണേലും പറഞ്ഞോ, ഞാൻ ചെയ്തേരാം…”
“ന്നാ, നിക്കൊരു കത്തെഴുതി തരണം”
കുട്ടൻ തല രണ്ടു മിനുട്ട് ആട്ടി കൊടുത്തു.

 

story of S.I Bruce Lee Pushpanath

ആയിടയ്ക്കാണ് മ്മടെ സ്വന്തം പോലീസ്  സ്റ്റേഷനിൽ ഒരു പുതിയ  S.I ചാര്ജ് എടുക്കുന്നത് .ബ്രൂസ് ലീ പുഷ്പൻ  . ബ്രൂസ്‌ലി ക്ക് പോലും അറിയാത്ത കുറെ നമ്പറുകൾ മൂപ്പരുടെ കയ്യിലുണ്ട് എന്ന്, ആള് ഞങ്ങടെ സ്റ്റേഷനിൽ ചാർജ്  എടുക്കും മുമ്പേ ഞങ്ങളറിഞ്ഞിരുന്നു. കോഴിക്കോട്  ജില്ലേല് ഒരു സമരത്തിലെ കല്ലേറിനെടേല് ഇയാള് തിരിച്ചെറിഞ്ഞ കല്ല്‌ കൊണ്ടിട്ട് , ഒമ്പത്  പേരാ അന്ന്  ആശുപത്രീലായത്. അതിലൊറ്റ സമരക്കാര്  പോലും ഉണ്ടായിരുന്നില്ല എന്ന കാര്യാണ്  വിറ്റ് . ആ ഉന്നത്തിന് ,അപ്പൊ തന്നെ കേരളാ പോലീസ് ഒരു അവാര്ഡ് കൊടുത്തു, പനിഷ് മെന്റ് ട്രാൻസ്ഫർ ! ഡി വൈ എസ് പി തോളിൽ തട്ടീട്ട് പറയാത്രേ ….”പഹയാ ,ഇയ് സുലൈമാനുമല്ല, ഹനുമാനുമല്ല, അതിന്റപ്പുറള്ള  വേറെന്തോ സാധനമാണ് “ന്ന് .

പുഷപ്പനെസ്സൈയ്, രണ്ടു പ്രാവശ്യം പോലീസിലെടുക്കാനുള്ള നെഞ്ചളവ്‌ , മൂന്ന് പെരുന്നാളിന് അറക്കാനുള്ള ഇറച്ചി, അർണോൾഡിന് ബ്രൂസ് ലിയിലുണ്ടായ കട്ടിങ്ങ്സ് . ചൂടനാണ്‌, പെരും ചൂടൻ ! പോരാത്തതിന് ട്രാൻസ്ഫർ കിട്ടിയെന്റെ ഹാലിളക്കവും. പക്ഷെ ചാര്ജ് എടുത്തേന്റെ മൂന്നിന്റന്ന്, പുഷ്പൻ സാറിന്റെ, ഓ നെഗറ്റീവ് ചോര തിളച്ച പോലെ തന്നെ നീരാവിയായി പോയി .സ്റ്റേഷനിലെ ഫയല് മറിച്ചു നോക്കീട്ട് ആള് അന്തം വിട്ട് അട്ടത്തു നോക്കിയിരിക്കുന്ന സീൻ ! മാസങ്ങളായിട്ടു മ്മളെ സ്റ്റേഷനിൽ ഒരു കേസും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാധാരണ കേരളത്തിലെ ഒരു സ്റ്റേഷനിൽ ആവറേജ് എട്ടു കേസൊക്കെ ഒരുദിവസം റിപ്പോര്ട്ട് ചെയ്യാറുണ്ട്. ഇവടെ കേസിന് വേണ്ടി പോലീസുകാര് മാർക്കെറ്റിങ്ങിനിറങ്ങേണ്ട അവസ്ഥ  . എസ് ഐ, കോണ്‍സ്റ്റബിൾ സുഗുണന്റെ മുഖത്തേക്ക് നോക്കി.”സാർ, ഈ സ്റ്റേഷന് എന്തോ കുഴപ്പുമുണ്ട് , അല്ലാണ്ട് കേരളത്തിലെ ഒരു പോലീസ് സ്റ്റേഷന് ഈ ഗതി വരില്ല “.സുഗുണൻ തന്നെ പരിഹാരവും പറഞ്ഞു കൊടുത്തു “നമുക്ക് സോമൻ പണിക്കരെ വിളിച്ചു ഒന്ന് പ്രശ്നം വെച്ച് നോക്കാം …”

സോമൻ പണിക്കര് വന്നു കവടി ബോര്ഡ് നിരത്തി, കവടി തോന്നിയിടതൊക്കെ വെച്ചു , ബാക്കി വന്ന രണ്ടെണ്ണം എടുത്തു എസ് ഐ ക്കും കൊടുത്തു “ഞാൻ പോവുമ്പോ തരണം, അല്ലെങ്കെ ഞാൻ മറക്കും.”
നോക്കി നോക്കി ലാസ്റ്റ് സോമൻ പണിക്കര് ഒറ്റ ഡയലോഗാ, “വാസ്തു ശരിയല്ല ”
ഈ ഒരൊറ്റ ഡയലോഗിലാണ്, മ്മടെ കേരളത്തിലെ പല കോണ്ട്രാക്ടർമാരുടേം പണിക്കാരുടേം ജീവിത നിലവാരം മെച്ചപെട്ടത്
“പോലീസ് സ്റ്റേഷന്റെ വാസ്തു ശരിയല്ല, ഇപ്പൊ മെയിൻ റോഡിലേക്കുള്ള എന്ട്രൻസ് മാറ്റി അപ്പുറത്തെ ഇടവഴിയിലേക്ക് ആക്കണം ,അതോടെ എല്ലാ പ്രശ്നവും തീരും”

എസ് ഐ നൂറിന്റെ ഒറ്റ നോട്ടെടുത്ത് കൊടുത്തു. അതും പോയി, പണിക്കരും പോയി.ടെൻഷൻ കാരണം ആ രണ്ട് കവടി കൊടുക്കാൻ എസ് ഐ മറന്നു. പോട്ടെ, അതിലല്ലല്ലോ കഥ കെടക്കണത് .

പിറ്റേസം  തന്നെ മേസ്തിരി സുന്ദരേട്ടനും പണിക്കാരും വന്നു ഗേറ്റ് , മെയിൻ റോഡീന്ന് മാറ്റി ഇടവഴിയിലേക്ക് മാറ്റി വെച്ച്.
ട്വിസ്റ്റ്‌ ! പണിക്കര് പറഞ്ഞ പോലെ, വാസ്തു ശരിയാക്കിയ നെക്സ്റ്റ് മോമെന്റിൽ ഫസ്റ്റ് കേസ് വന്നു. കൂലി കുറഞ്ഞു ന്നും പറഞ്ഞ് ,വർത്തമാനമായി ,ലാസ്റ്റ് തേപ്പു പണിക്കാരൻ കുഞ്ഞുട്ടി സുന്ദരേട്ടന്റെ ചിറിക്ക് തേച്ചു,സുന്ദരേട്ടൻ കേസ് കൊടുത്തു.ദൈവമില്ലാ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പരമു മാമ വരെ അന്ന് രാത്രി സോമൻ പണിക്കരുടെ വീട്ടിലേക്ക് ജാതകം കൊണ്ടോടി എന്നാണു ഞങ്ങളറിഞ്ഞത് .

പിന്നെ പോലീസ് സ്റ്റേഷനിൽ കേസോട് കേസ് . ചാവക്കാടും, അരീക്കോടും ഉള്ളോരു വരെ ഇവടെ വന്ന് മയ്യത്താവാൻ തുടങ്ങി.അതുവരെ അതിർത്തിയുടെ അ വല്യേ ‘ആ’ ആണോ അതോ ചെര്യേ ‘അ’ ആണോ, എന്ന് പോലും അറിയാത്ത ടീംസ് വരെ അതിനുശേഷം അതിര്ത്തി തർക്കവുമായി സ്റ്റെഷനിലെത്തി.

ഇമ്മാരി കേസുകളുടെ ഏറും കളിയും കണ്ട് പൂത്തിരി കമ്പിത്തിരി ആയി ഇരിക്കണ എസ് ഐ ക്ക് മുന്നിലേക്ക്‌ ആ ദിവസം വൈന്നേരം രാമചന്ദ്രൻ ഒരു പരാതിയും കൊണ്ട് വന്നു.
എസ് ഐ പരാതി വായിച്ചു.

സാർ,
ഇത് ഞാനാണ് പി പി രാമചന്ദ്രൻ. ഞാനും മേസ്തരി സുന്ദരൻ മാമയുടെ മകൾ സുനിതയുമായി എട്ടുവർഷമായി അഗാതമായ പ്രേമത്തിലാണ് .ഇപ്പോൾ അവളുടെ വീട്ടുകാർ അവൾക്ക് വേറെ കല്യാണം ആലോചിക്കുകയാണ്. ആയതിനാൽ കേരളാ പോലീസിനെ പ്രധിനിധീകരിച്ച് സാർ മുന്നിട്ടിറങ്ങി അവളോടും സുന്ദരൻ മാമയോടും ഞാൻ പ്രേമിക്കുന്ന കാര്യം പറഞ്ഞു, ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണമെന്നു താഴ്മയായി അറിയിച്ചു കൊള്ളുന്നു .
വിശ്വസ്തയോടെ
തമ്പ് ഇമ്പ്രഷൻ
പി പി രാമ ചന്ദ്രൻ

ജയ്‌ ഹിന്ദ്‌

പുഷ്പനെസ്സൈയ്ക്ക് ഇടത്തേ കാലിലെ ചെറുവിരലിലെ കാക്കാ പുള്ളിയിൽ നിന്ന് ചൊറിഞ്ഞു വന്നു .

“നീ പൊയ്ക്കോ, നിനക്കുള്ള കല്യാണ കത്തും അടിച്ചിട്ട് ഞാൻ വരാം ”

രമേന്ദ്രൻ പോയി . എസ് ഐ നേരെ അങ്ങാടീൽക്ക് ഫോണ്‍ ചെയ്തു.
“ആ വട്ടനില്ലേ, രാമേന്ദ്രൻ ….അവനിപ്പോ ഒരു കത്തും കൊണ്ട് ഇവിടെ വന്നിരുന്നു. അവൻ വട്ടനാണ് , അവനെ കൊണ്ട് ഇതൊന്നും എഴുതാൻ പറ്റില്ല, അവനിത് എഴുതി കൊടുത്തവൻ അവടെ എവിടെയെങ്കിലും കാണും. അവനോടു പറഞ്ഞേക്ക് ഞാനങ്ങൊട്ട് അഞ്ചു മിനുട്ടിനുള്ളിൽ എത്തും ,ട്രൌസറിട്ട് നിന്നോളാൻ .”

പുഷ്പനാഥ് ചോപ്പ് പൾസർ സെല്ഫ് സ്റ്റാർട്ട് അടിച്ചിറക്കി.

ന്യൂസ്‌ വ്യാജ സിഡി സ്‌പ്രഡ് ആവുന്നേലും സ്പീഡിൽ പരന്നു .  കത്തെഴുതി കൊടുത്ത കുട്ടന്റെ ഹേർട്ട് ബീറ്റ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോടി അവൻ നാട് വിടാൻ തീരുമാനിച്ചു.പെട്ടെന്നുള്ള യാത്രയല്ലേ, ഇട്ടുമാറാൻ ഡ്രസ്സ് വീട്ടിൽ പോയി എടുക്കാൻ പറ്റില്ലല്ലോ. ആരൊക്കെയോ അടിക്കാൻ കൊടുത്ത ഷർട്ടും പാന്റുമൊക്കെ എടുത്തൊരു കവറിലിട്ടു   കടയടച്ച് കുട്ടൻ പുറത്തേക്കിറങ്ങി…
രാമേന്ദ്രൻ വളവ് . രാമേന്ദ്രൻ കണ്ടു, എസ് ഐ അടിച്ചാർത്ത് വരുന്നത്. വണ്ടിയപ്പോ ഫോര്ത്ത് ഗിയറിലും ….
രാമേന്ദ്രൻ ഒന്നും ചെയ്തില്ല ,ഒരു സല്യൂട്ട് കൊടുത്തു .അല്ലെങ്കിലും ചെല സമയത്ത് ഓന് ഒരു ബുദ്ധിക്കാനുണ്ട് .

 

story of Escape Ali

എസ്കേപ് അലി.
പണ്ട് ദുബായിക്ക് പോയിട്ട്, ‘ഇതല്ല ഞാൻ വിചാരിച്ച ദുബായ് ‘ എന്ന് പറഞ്ഞു തിരിച്ചു വന്ന എസ്കേപ് അലി , ആശാരി പണിക്ക് പോയിട്ട്, ഓടിടാൻ പറഞ്ഞപ്പോ മൂത്താശാരിയുടെ നെറുകം തലയ്ക്ക് തന്നെ കൃത്യമായിട്ട് ഓടിട്ടു കൊടുത്ത എസ്കേപ് അലി.

അങ്ങനെ ലാസ്റ്റ് എസ്കേപ് അലിയിപ്പോ ‘സ്പ്രിംഗ് വാലി’ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം നമ്പർ ഐഷർ ബസ്സിന്റെ ഡ്രൈവറാണ് . അന്ന് ‘സ്പ്രിംഗ് വാലി’ യിലെ L.K.G -B ക്കാർക്ക് ഒരു കളിയാണ് പഠിപ്പിച്ചു കൊടുത്തിരുന്നത്. പുറകിലൂടെ ചെന്ന് കണ്ണുപൊത്തി ‘ആരാണെന്ന് പറയാമോ ‘ എന്ന് ചോദിക്കുന്ന ഒരു കളി.അലി വണ്ടിയോടിച്ച്‌  അങ്ങാടി എത്താറായപ്പോ ബസ്സിലെ ഒരു  ചെക്കൻ എഴുന്നേറ്റ് അലിയുടെ കണ്ണ് പൊത്തി യിട്ട് ഒറ്റ ചോദ്യാ “ആരാണെന്ന് പറയാമോ” .പിന്നെ ഒക്കെയൊരു പൊകയായിരുന്നു. വെപ്രാളത്തിൽ അലി ബ്രേക്കിന് പകരം ബ്രേക്ക് അല്ലാത്തതൊക്കെ ചവിട്ടി. വണ്ടി വീഗാലാണ്ടിലെ റൈഡ് പോലെ തിരിഞ്ഞും മറിഞ്ഞും പോയിട്ട് ഒരു ഇട്യാ . ഒരു ചോപ്പ് പൾസർ പറന്നു പോണത് കണ്ടു. “പടച്ചോനേ….എസ് ഐ ബ്രൂസ് ലീ പുഷ്പൻ ”

പൾസറ്  പെട്രോൾ ഒലിപ്പിച്ച്  ക്വസ്റ്യൻ മാർക്ക് പോലെയും , പുഷ്പനെസ്സെയ് ചോരയൊലിപ്പിച്ച്  ഹാഷ് ടാഗ് പോലെയും റോഡിൽ കിടന്നു.സൂരജും ഷരീഫും ഇത് കണ്ട് , ശക്തിമാൻ പൈപ്പിന്റെ പരസ്യം എഴുതിയ മതിലിന്റെ മോളിൽ ഇരിക്കുന്നുണ്ടാർന്നു . എല്ലാ നാട്ടിലും ആണുങ്ങളെ പറയിപ്പിക്കാൻ കുറച്ചെണ്ണം ഉണ്ടാവൂലോ….ഫ്രീക്ക് ഫ്രീക്ക്. അതാണ്‌ ഐറ്റങ്ങൾ…. മുടിയും താടിയും നീട്ടിവളർത്തി പെയിന്റടിച്ച് മഞ്ഞ ഷൂസും , മൈലാഞ്ചി പച്ച ബെൽറ്റും ഇട്ട് ഇരിക്ക്യാ ….ഷരീഫ് ഐസ് ഐ ടെ കിടപ്പ്  കണ്ട പാട് മറ്റോനോട് പറഞ്ഞു “എസ് ഐ ‘ജോക്കി’ ടെ  ആളാട്ടോ ”  ഓടി കൂടിയവരുടെ കൂട്ടത്തിൽ കുട്ടനും ഉണ്ടായിരുന്നു……അവന്റെ മുഖത്ത് ‘ചക് ദേ ഇന്ത്യ’ യുടെ ക്ലൈമാക്സിൽ ഷാരൂക്ക് ഖാന്റെ മുഖത്തുണ്ടായ എക്സ്പ്രഷൻ വിരിഞ്ഞു.ഓടി ചെന്ന് അലിയെ കെട്ടിപിടിച്ചു. അന്ന് ഒറ്റ ദിവസം കൊണ്ട്  കുട്ടൻ അലിക്ക് വേണ്ടി ഒരു ഷർട്ടടിച്ചു. അലി , രമേന്ദ്രന് രണ്ടു മാസം പുളിയച്ചാർ   വാങ്ങി കൊടുത്തിട്ടാണ് അവരുടെ ഇടയിലെ പ്രശ്നങ്ങൾ സോൾവ്‌ ചെയ്തത്  .

രസമതല്ല, ആശുപത്രീല് ബ്രൂസ് ലീ പുഷ്പനാഥ് പോയി പെട്ടത് ഹംസക്കയുടെ തൊട്ടടുത്ത ബെഡ്ഡിൽ !

അന്ന് രാത്രി ഹംസക്ക ഗൾഫ് യുദ്ധത്തിന്റെ ഒരു കഥ എസ് ഐ യെ പറഞ്ഞു കേൾപ്പിച്ചു എന്ന് കോണ്‍സ്റ്റബിൾ സുഗുണൻ പറഞ്ഞറിഞ്ഞു………