Tag: deepu pradeep malayalam blog
സൈക്കോ ബാലചന്ദ്രൻ
‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി, വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്.
പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ് ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്. പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…
സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം… ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള് തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?
പൂജാ സ്റ്റോഴ്‌സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല് ചെയ്ത ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില് ഫ്‌ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല് ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!
“ഫേഷ്യല് ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”
“അതേ… എന്തേ”
“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന് കറുക്കും!”… Read the rest
സുഡിനാം ക്ലൂരി
തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!
ഇലക്കനമുള്ള ദൈവഭാരങ്ങൾ
കഥയാക്കാൻ കഴിയാതെപോയ ചില മനുഷ്യരെക്കുറിച്ച് എഴുതണമെന്ന് തോന്നി. ആദ്യം തെളിഞ്ഞുവന്നത് കുഞ്ഞിപ്പാലു തന്നെയാണ്, എഴുത്തുമുറിയിലെ എന്റെ മേശയ്ക്കുമുകളിൽ ചമ്രം പടഞ്ഞിരിക്കുന്നു!
“നിന്നെകൊണ്ട് അത് തോന്നിപ്പിച്ചത് ഞാനാടാ” എന്നുപറഞ്ഞുകൊണ്ട് കുഞ്ഞിപ്പാലു വായിലെ മുറുക്കാൻ ജനലിലൂടെ പുറത്തേക്ക് തുപ്പി.
എന്റെ മുറിയിലേക്ക് പൂക്കാറുള്ള പുറത്തെ ആരളിമരം ചുവന്നിട്ടുണ്ടാവണം.
ഇവിടെയൊരു നിയമമുണ്ടായിരുന്നു. ‘കുഞ്ഞിപ്പാലുവിനെ കുറിച്ച് കുഞ്ഞിപ്പാലുവിനെക്കുറിച്ചറിയാത്തവരോട് പറയരുത്’. സ്വയം വാഴ്ത്തപ്പെടാതിരിക്കാൻ കുഞ്ഞിപ്പാലുതന്നെ സൃഷ്ടിച്ച ഒരു നിയമം. ഇന്ന് അതേയാൾ തന്നെ എന്നെകൊണ്ടാ നിയമം തെറ്റിക്കുകയാണ്….
കുഞ്ഞിപ്പാലു എന്നെ ഓർമ്മകളുടെ പകുതികുളത്തിലേക്ക് ഉന്തിയിട്ടു.
എട്ടാം വാർഡിന്‍റെ ദിൽകുഷ്
ആനപ്പാപ്പൻ കുട്ടാപ്പുവിന്‍റെ വീട്ടിൽ നിന്ന് ഒരു ചിഹ്നം വിളികേട്ടാണ് അന്ന് എട്ടാം വാർഡ് ചെവി തുറക്കുന്നത്, പിന്നാലെ കണ്ണും. അത് ചിഹ്നം വിളിയല്ല, കുട്ടാപ്പുവിന്‍റെ മിസിസ് ലില്ലി ചേച്ചിയുടെ നെലോളിയാണെന്നു മനസ്സിലാക്കാൻ തന്നെ വാർഡ് നമ്പർ എട്ടിന് പത്തുമിനിറ്റ് വേണ്ടിവന്നു.
വാട്‌സാപ്പിലെ ഗുഡ്മോർണിങ്ങ് മെസേജുകൾ പോലും തുറന്നുനോക്കാതെ വാർഡ് നിവാസികൾ സംഭവ സ്ഥലത്തേക്ക് മണ്ടിപാഞ്ഞെത്തി. കുട്ടാപ്പുവിന്‍റെയും ലില്ലിചേച്ചിയുടെയും മൂന്ന് അബദ്ധങ്ങളിൽ ബെസ്റ്റ് അബദ്ധമായ മൂത്തപുത്രൻ ദിൽകുഷ് അപ്രത്യക്ഷനായിരിക്കുന്നു!
ഫെല്ലോ വാർഡ് സിറ്റിസണ്സ് അന്നത്തെ പല്ലുതേപ്പും പ്രഭാതസവാരിയും ലില്ലിച്ചേച്ചിയുടെ വീട്ടിലും തൊടിയിലുമാക്കി, മിഷൻ ദിൽകുഷ്! സുരേട്ടൻ സംഭവമറിഞ്ഞ് ഓടിവരുമ്പോൾ കുട്ടാപ്പുവിന്‍റെ തൊട്ടയൽവാസി കുമാരേട്ടൻ മാത്രം ഇതിലൊന്നും ഇടപെടാതെ സ്വന്തം വീടിന്‍റെ മുറ്റത്ത് നിന്ന് ചായമോന്തുന്നതാണ് കാണുന്നത്. എന്താ…? പണ്ട് ആനവാല് ചോദിച്ചപ്പോൾ കുട്ടാപ്പു ചകിരിനാര് പെയിന്റ് അടിച്ചുകൊടുത്ത് പറ്റിച്ചതിന്‍റെ വൈരാഗ്യം! സുരേട്ടനൊരു എൻട്രി വേണമല്ലോ, നേരെ തിരിഞ്ഞ് ഒറ്റ ചോദ്യാ…
“കുമാരേട്ടാ….ഇളയമോള് സന്ധ്യ അവിടുണ്ടോ?”
മധുരം മാരകം മംമ്ലിതം
മംമ്ലിതോ ?
അതെ, മംമ്ലിതം.
അതെന്താ ?
അതൊരു ടൈപ്പ് അവസ്ഥേണ്. കുഴിബോംബ് ചവിട്ടി നിൽക്കുമ്പോ, കാലിന്റെ അടീല് ചൊറിച്ചില് വരുന്ന പോലൊരു അവസ്ഥ!
മധുരം
മൂലേപ്പറമ്പിലെ മണിമാഷിന്റെ ഇളയമോള് സുമിടെ കല്യാണത്തിന്,ഒരു ഫ്‌ളവർ വൈസ് പ്രസന്റേഷനും കൊണ്ട് മാങ്കുറിശ്ശി വീടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്നു ശ്രീകുട്ടനും അനിയൻ വാസുദേവനും.
സുമിടെ കഴുത്തിൽ താലി വീണ സെക്കന്റിൽ തന്നെ, അനിയൻ വാസു ശ്രീകുട്ടന്റെ വലത്തേകൈ ചേർത്തുപിടിച്ചിട്ടു പറഞ്ഞു,
“ഏട്ടാ….അങ്ങനെ ഓളും പോയി !”ശ്രീകുട്ടന്റെ മുഖത്തെ വിഷമം കണ്ടപ്പൊ വാസുവിന് പിന്നെ കൂടുതലൊന്നും പറയാൻ തോന്നീല. പക്ഷെ ശ്രീക്കുട്ടൻ ഒന്ന് പറഞ്ഞു,
“നാട്ടിലെ ലുക്ക് പെങ്കുട്ട്യോള് കല്യാണം കഴിഞ്ഞു പോവുമ്പഴല്ലടാ സങ്കടം, അവരുടെ ഒക്കെ ഭർത്താക്കന്മാരെ കാണുമ്പഴാ. ശോകം”
“സത്യം”
22 Male മലപ്പുറം
ഒരൂസം. കൃത്യായിട്ട് പറഞ്ഞാ മേയ് പന്ത്രണ്ടാന്തി. വൈന്നേരം കോട്ടക്കുന്ന് വായനോക്കാന്‍ പോയിട്ട്, കോലൈസ് ഈമ്പി കൊണ്ടിരിക്കുമ്പളാണ് ഷാജഹാന്‍ ആ സംഭവമറിഞ്ഞത് ‘ജോലി കിട്ടി’!
കൂടെയുള്ള ടീംസിനോട് ഷാജഹാന്‍ കാര്യം പറഞ്ഞു കണ്ണൊന്ന് അടച്ചുതുറന്നപ്പൊ ഒരു ഹോട്ടലിലെത്തിയിരുന്നു.
ഭീകരന്‍റെ ആ തീറ്റ കണ്ടപ്പോ ഷാജഹാന് ഒന്ന് ഉപദേശിക്കാതിരിക്കാന്‍ തോന്നീല.
“അളിയാ….. ശത്രുക്കള് ട്രീറ്റ് തരുമ്പപ്പോലും ഇങ്ങനെ തിന്നരുത്.”
“ഉം……….” കനത്തിലൊന്നിരുത്തി മൂളീട്ട് ഭീകരന്‍ അടുത്ത ഷവായ് ഓഡറീതു.
ജോലികിട്ടിയ കാര്യം ഷാജഹാന്‍ നാട്ടിലാദ്യം പറഞ്ഞത്, മെയിന്‍ ചങ്ങായി കൂസനോടാണ്. അതെ കൂസന്‍ …… ലോകത്ത് ഒന്നിനെയും കൂസലില്ലാത്ത അതേ കൂസനോട്. കൂസന്‍ അതിനും തന്‍റെ മാസ്റ്റർപീസ് ഡയലോഗടിച്ചു.
“ഈ ബാഗ്ലൂരൊക്കെ എന്നാ ഇണ്ടായെ?”.
പിന്നെ പറഞ്ഞത് അബൂട്ടിക്കാനോടാര്‍ന്നു.
“മോനെ …..ബാംഗ്ലൂരാണ്, പോയിട്ട് വലീം വെള്ളടീം ഒന്നും തൊടങ്ങാന്‍ നിക്കണ്ട”
ഷാജഹാന്‍ മൊമെന്റില് റിപ്ലെ കൊടുത്തു,
“ഇല്ല അബൂട്ടിക്ക,ഞാന്‍ ഇനിയൊന്നും തൊടങ്ങാന്‍ പോണില്ല”
‘അല്ലെങ്കിലും ഒരേ സംഭവം രണ്ടു പ്രാവശ്യം തൊടങ്ങാന്‍ പറ്റില്ലല്ലോ’ (ആത്മഗധം)