കഥയാക്കാൻ കഴിയാതെപോയ ചില മനുഷ്യരെക്കുറിച്ച് എഴുതണമെന്ന് തോന്നി. ആദ്യം തെളിഞ്ഞുവന്നത് കുഞ്ഞിപ്പാലു തന്നെയാണ്, എഴുത്തുമുറിയിലെ എന്റെ മേശയ്ക്കുമുകളിൽ ചമ്രം പടഞ്ഞിരിക്കുന്നു!
“നിന്നെകൊണ്ട് അത് തോന്നിപ്പിച്ചത് ഞാനാടാ” എന്നുപറഞ്ഞുകൊണ്ട് കുഞ്ഞിപ്പാലു വായിലെ മുറുക്കാൻ ജനലിലൂടെ പുറത്തേക്ക് തുപ്പി.
എന്റെ മുറിയിലേക്ക് പൂക്കാറുള്ള പുറത്തെ ആരളിമരം ചുവന്നിട്ടുണ്ടാവണം.

ഇവിടെയൊരു നിയമമുണ്ടായിരുന്നു. ‘കുഞ്ഞിപ്പാലുവിനെ കുറിച്ച് കുഞ്ഞിപ്പാലുവിനെക്കുറിച്ചറിയാത്തവരോട് പറയരുത്’. സ്വയം വാഴ്ത്തപ്പെടാതിരിക്കാൻ കുഞ്ഞിപ്പാലുതന്നെ സൃഷ്ടിച്ച ഒരു നിയമം. ഇന്ന് അതേയാൾ തന്നെ എന്നെകൊണ്ടാ നിയമം തെറ്റിക്കുകയാണ്….
കുഞ്ഞിപ്പാലു എന്നെ ഓർമ്മകളുടെ പകുതികുളത്തിലേക്ക് ഉന്തിയിട്ടു.

ആദ്യമായി കുഞ്ഞിപ്പാലുവിനെ കണ്ടത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ കുഞ്ഞിപ്പാലു ഒരു ആടിനെ ഇക്കിളിയിടുകയായിരുന്നു. ഞാൻ കാരണം തിരക്കിയപ്പോൾ ഉത്തരം വന്നു,
“ആടുകൾക്കും ചിരിക്കണം എന്നാഗ്രഹമുണ്ടാവില്ലേ”.
ചില ഭ്രാന്തന്മാർക്ക് മരുന്ന് കൊടുക്കരുതെന്ന് മമ്മദ് മാഷ് പറയും. ആ ഭ്രാന്തുകളാണ് അവരെയും ഈ ലോകത്തെയും മനോഹരമാക്കുന്നത്. ശരിയാണ്, എനിക്കാരും മരുന്ന് തരാറില്ലലോ.

“കുഞ്ഞിപ്പാലു എന്തിനാണ് അമ്പാട്ടുമുക്കിലെ കുന്നിലേക്കും, സുഗന്ധി മരിച്ചുകിടന്ന പകുതികുളത്തിലേക്കും പോവാതെ എന്റെ കണ്ണിലേക്ക് തന്നെ കയറിവന്നത്?”
“പണ്ട് നീ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളൂ…”.
ശരിയാണ്, നാട്ടിൽ ഞാനല്ലാതെ ആ ചോദ്യം ആരും ചോദിച്ചിട്ടില്ല,
“ആരാണ് കുഞ്ഞിപ്പാലു?”
കുഞ്ഞിപ്പാലു ഒരു കീചകനാണ്, യാഥാർഥ്യം എന്ന ഭീമൻ വലിച്ചുകീറികൊന്ന കീചകൻ. ആരാധകരായിരുന്ന ഞങ്ങളുടെ ഉള്ളിൽ ആ ഭീമൻ ജനിക്കും വരെ കുഞ്ഞിപ്പാലു ജീവിച്ചു.
ആടിനെ ഇക്കിളിയിട്ടും, പശുവിനെ കടലുകാണിക്കാൻ കൊണ്ടുപോയും, കോഴികൂട്ടിൽ അലാറം വെച്ചും, തിന്നും കുടിച്ചും കഥപറഞ്ഞും കറങ്ങിനടന്നു.

ആകാശത്ത് കയറിച്ചെന്നിട്ടുണ്ടെന്നാണ് കുഞ്ഞിപ്പാലു കുട്ടികളായ ഞങ്ങളോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നിട്ടാ ആകാശത്തെ വാൻ ഗോഗിനെപോലെ വരച്ചും, എസ്.കെ പൊറ്റക്കാടിനെ പോലെ വർണ്ണിച്ചും വെച്ചുതരും.
‘കുഞ്ഞിപ്പാലു ഇവിടെക്കൊന്നും വന്നിട്ടില്ല’ എന്നിനി ആകാശം വന്ന് പറഞ്ഞാലും ഞങ്ങളാരും വിശ്വസിക്കാൻ പോണില്ല. അതായിരുന്നു ആ വാക്കുകളുടെ മായാജാലം.

“എല്ലാ കഥയിലും ഒരു കൺകെട്ടുണ്ടടാ”
കുഞ്ഞിപ്പാലു എപ്പോഴും പറയാറുള്ളത് എന്റെ മുറിയിലെ ചുമരുകളും കേട്ടു.

മായാജാലക്കാരൻ തന്നെയായിരുന്നു കുഞ്ഞിപ്പാലു. അമ്പാട്ടുമുക്കിലെ കുന്നിൻ കിണറ്റിൽ താമസിച്ചിരുന്ന ഒരു സ്വാമി പറഞ്ഞുകൊടുത്ത മന്ത്രം കൊണ്ടാണത്രെ അതൊക്കെ സാധിച്ചിരുന്നത്. സ്വാമിയെ കാണാൻ ഇടയ്ക്കിടെ കുഞ്ഞിപ്പാലു ആ കിണറ്റിലേക്ക് പോവും. സ്വാമിക്ക് കൊടുക്കാനുള്ള നാല് ചാമ്പക്കയും മൂന്ന് പുളിങ്കുരുവും കൊണ്ട് കിണറ്റിലേക്ക് ഇറങ്ങുമ്പോൾ കുഞ്ഞിപ്പാലു ഞങ്ങളെയും ക്ഷണിക്കും. പക്ഷെ ഭയം കാരണം ആരും കൂടെയിറങ്ങിയിട്ടില്ല. അതുകൊണ്ടാ സ്വാമി കുഞ്ഞിപ്പാലുവിന്റെ കണ്ണുകളിൽ മാത്രം ജീവിച്ചു.

വളരെ വിരളമായി മാത്രം മുറുക്കുന്ന ഒരു ശീലമായുണ്ടായിരുന്നു കുഞ്ഞിപ്പാലുവിന്. ‘വാക്കുകളിൽ എന്തെങ്കിലും ഒളിപ്പിക്കാനുണ്ടെങ്കിൽ ഞാൻ മുറുക്കാൻ ചവയ്ക്കും, വരികളിലാണെങ്കിൽ കഥ കലർത്തും’ എന്ന് കുഞ്ഞിപ്പാലു നീലകാട്ടിലെ കരിങ്കൽക്വാറിയിലെ രണ്ടാം കല്ലിൽ എഴുതിവെച്ചിട്ടുണ്ട്. ആ ക്വാറിയിലെ കല്ലുകളിൽ നിറയെ കുഞ്ഞിപ്പാലു കോറിയിട്ട രൂപങ്ങളാണ്. ചില അക്ഷരങ്ങൾ, പല പൂജ്യങ്ങൾ, കുഞ്ഞിപ്പാലുവിന്റെ സൂക്തങ്ങൾ!

എന്റെ കട്ടിലിനു എതിരെയുള്ള ചുമരിൽ കുഞ്ഞിപ്പാലു രണ്ടു കണ്ണുകൾ വരച്ചു. കൃഷ്ണമണിയുടെ സ്ഥാനത്ത് വെച്ചത് രണ്ടു മീൻ ചെളുക്കകളാണ്.
“ഞാനിപ്പോൾ മീനാണ് വളർത്തുന്നത്”, കുഞ്ഞിപ്പാലു ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു. ആർക്കോ കാഴ്ച കിട്ടിയതായെനിക്ക് തോന്നി.

പാല പൂക്കുമ്പോൾ കുഞ്ഞിപ്പാലുവിന്റെ സ്വഭാവം മാറുമായിരുന്നു. പിന്നെ കഥകളില്ല, കച്ചവടം മാത്രം. വിത്തുകളായിരുന്നു കുഞ്ഞിപ്പാലു വിറ്റിരുന്നത്. വീട്ടിൽ ചെന്നാർക്കും ഇഷ്ടപെട്ട വിത്തുകൾ എടുത്ത് ഇഷ്ടമുള്ള കാശ് വെച്ചിട്ട് പോവാം. കുഞ്ഞിപ്പാലുവിന്റെ വീടിന് വാതിലുകളില്ലാതായിരുന്നു. കൈതകാടുകൾ നിറഞ്ഞ പറമ്പിന് നടുവിലെ ആ വീട്ടിലുള്ളതെല്ലാം സമയം തെറ്റിയോടുന്ന ക്ളോക്കുകളായിരുന്നു. അവിടെനിന്ന് തിരിച്ചിറങ്ങുമ്പോൾ മാത്രമാണ് സമയം തിരിച്ചുകിട്ടുന്നത്.
കുഞ്ഞിപ്പാലു അപ്പോളൊക്കെയും പകുതികുളത്തിൽ എന്തോ തിരയുകയായിരിക്കും. തിരഞ്ഞുകിട്ടുന്നത് വീണ്ടും വൈകുന്നേരം കുളത്തിലേക്കെറിയും. ഓർമ്മകളായിരുന്നത്രെ!

വീണ്ടും മേശപ്പുറത്ത് നിന്നെഴുന്നേറ്റ കുഞ്ഞിപ്പാലു എന്റെ തലയിണയ്ക്കിടയിൽ കുറച്ച് ചാമ്പയ്ക്ക കുരുക്കൾ തിരുകുന്നത് കണ്ടു. എന്തിനാണെന്ന് ഞാൻ ചോദിച്ചു,
“തലയ്ക്കകത്ത് ചാമ്പ മരങ്ങൾ മുളച്ചാൽ നൊസ്സ് കുറയും”
കുഞ്ഞിപ്പാലു പറഞ്ഞതെനിക്ക് മനസ്സിലായില്ലെങ്കിലും, ഇളയതിന്റെ പറമ്പിലെ പാല പൂത്തു. ഇനിയുറങ്ങുമ്പോൾ ചിലപ്പോൾ ഞാൻ കാശി സ്വപ്നം കാണും. അതുമല്ലെങ്കിൽ സുഗന്ധിയെ.

ഒരു അമാവാസി ദിവസം അമ്പാട്ടുമുക്കിലെ കുന്നിൻകിണറ്റിലിറങ്ങിയ കുഞ്ഞിപ്പാലുവിനെ കാണാതായി! ഞങ്ങൾ കുട്ടികൾ കിണറിനു ചുറ്റും ആമകളെ കൊണ്ടുവന്ന് കുഞ്ഞിപ്പാലുവിനെ വിളിച്ചു. കുഞ്ഞിപ്പാലു കരളിനുള്ളിൽ ആമയെ വളർത്തിയിരുന്നു. പണ്ട് സുഗന്ധി ഒരു ആമയെ കുഞ്ഞിപ്പാലുവിന് സമ്മാനിച്ചിരുന്നത്രേ. ആ ആമ ആത്മഹത്യ ചെയ്യുംവരെ കുഞ്ഞിപ്പാലു അതിനെ വീട്ടിൽ വളർത്തി, മരണശേഷം കരളിലും.
എന്റെ ഓർമ്മയിലുള്ള കുഞ്ഞിപ്പാലു ആമകളെ എവിടെ കണ്ടാലും തീറ്റകൊടുക്കും, തീറ്റ എന്തായിരുന്നെന്ന് ഓർമ്മയില്ല. ആമ ചൂരേറ്റിട്ടും കുഞ്ഞിപ്പാലു അന്ന് പുറത്തേക്ക് വന്നില്ല. കഥകളില്ലാതാവാൻ പോവുന്നതിന്റെ ശ്യൂനത ഞങ്ങൾക്കനുഭവപെട്ടു. പക്ഷെ മരണം എന്ന വാക്കിനെ കുഞ്ഞിപ്പാലുവിനോട് ചേർത്തുകെട്ടാൻ ഞങ്ങൾക്കാവുമായിരുന്നില്ല. കുഞ്ഞിപ്പാലു അടുത്ത അവതാരമെടുക്കാൻ പോയി, അങ്ങനെ വിശ്വസിച്ചു.

ആളില്ലാത്ത കുഞ്ഞിപ്പാലുവിന്റെ വീട്ടിൽ ഓട് പൊളിച്ച് കക്കാൻ കയറിയ കള്ളൻ പരശുരാമനാണ് ആ പൊതിയും കൊണ്ടു വരുന്നത്. തുറന്നു നോക്കിയപ്പോൾ കുറെ കാശും ഒരു കുറിപ്പും,
“ഒരാഴ്ച എന്നെ കാത്തിരിക്കണം. എന്നിട്ടും ഞാൻ തിരിച്ചുവന്നില്ലെങ്കിൽ ഇതെടുത്ത് കവലയിൽ ഒരു ഷെഡ് പണിയണം, കുഞ്ഞിപ്പാലു സ്മാരക കാത്തിരുപ്പ് കേന്ദ്രം”
ഞങ്ങൾ രണ്ടാഴ്ച കാത്തു. നാലാം ആഴ്ച ഷെഡിന്റെ പണി കഴിഞ്ഞു. ഉദ്ഘാടനത്തിന് കുഞ്ഞിപ്പാലു തന്നെയായിരുന്നു മുഖ്യാഥിതി!

സ്വാമി സമാധിയായത്രേ. സ്വാമിയുടെ ആഗ്രഹപ്രകാരം ശേഷിപ്പായ ചാമ്പയ്ക്കകുരുക്കൾ കാശിയിൽ ഒഴുക്കാൻ പോയതായിരുന്നു എന്നാണ് കുഞ്ഞിപ്പാലു തിരോധാനത്തിന്റെ പിന്നിലെ കാരണമായി പറഞ്ഞത്. കിണറ്റിൽ നിന്നും തമിഴ്‌നാട്ടിലെ പർവ്വതാമല വരെ നീളുന്ന ഒരു തുരങ്കം, അവിടുന്ന് ബസും ട്രെയിനും പിടിച്ച് കാശി. തിരിച്ച് മുസരീസിൽ വന്ന് കപ്പലിറങ്ങി തിരുനെല്ലി വരെ നടന്നു.
പക്ഷെ മടങ്ങിവന്ന കുഞ്ഞിപ്പാലുവിന്റെ കീശയിൽ ആ ചാമ്പക്കകുരുക്കൾ ഇപ്പോഴും ഉള്ളതായി ഞങ്ങൾ കണ്ടുപിടിച്ചു. കുഞ്ഞിപ്പാലു സ്വാമിയെ പറ്റിച്ചല്ലോ!

കുഞ്ഞിപ്പാലു കാട്ടിലിന്‌ എതിരെയുള്ള ചുമരിൽ നോക്കി എന്തൊക്കെയോ പുലമ്പി. പിന്നീടെന്നെ നോക്കി പറഞ്ഞു,
“നിന്റെ ഈ ചുമരിൽ ഒരു പ്രേതം കിടന്നുറങ്ങാറുള്ളത് നിനക്ക് അറിയോ?
“ഇല്ല.”
“എന്നാ അറിയണ്ട. നീയ് പേടിക്കും”

പുനർജന്മത്തിലെ കുഞ്ഞിപ്പാലു ചാമ്പയ്ക്കകുരുക്കളും പുളിങ്കുരുവും തിന്നുമായിരുന്നു! പറ്റിച്ചത് സ്വാമിയാണ്!! കാശിയിൽ നിന്ന് കുഞ്ഞിപ്പാലു പാതി ദൂരം വെള്ളത്തിലൂടെ സഞ്ചരിച്ചതിന്റെ കാരണവും മനസ്സിലായി.
അതിൽപിന്നെ കുഞ്ഞിപ്പാലു സുഗന്ധിയുള്ള പകുതികുളത്തിലേക്ക് പോവാതെയായി. ചോദിച്ചപ്പോൾ പറഞ്ഞത് സുഗന്ധിയെ കാശിയിലെ മണികർണ്ണികയിൽ വെച്ച് കണ്ടു എന്നാണ്. ശരിയാണ്, മണികർണ്ണികയിലുള്ള സുഗന്ധിയെ കാണാൻ പകുതികുളത്തിന്റെ ഉയരം തികയില്ല.

അക്കൊല്ലം മകര മാസത്തിൽ കുഞ്ഞിപ്പാലു ഇളയതിന്റെ പാലമരത്തെ മെർക്കുറി തിരുകിവെച്ച് കരിയിച്ചു. പൂക്കാൻ വേറെ പാലയില്ലാത്ത ആ നാട്ടിൽ, കുഞ്ഞിപ്പാലു സ്വഭാവം മാറാതെ ജീവിക്കുന്നത് കാണാൻ ഞങ്ങളിരുന്നു. പക്ഷെ പാല ആ ഓർമ്മ കളയാതെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
കുഞ്ഞിപ്പാലുവിന്റെ മരണകാരണമായി ഞങ്ങൾ കരുതുന്നത് ആ പാലമരത്തിന്റെ ചുവട്ടിൽ നിന്ന് കുഞ്ഞിപ്പാലു പിന്നീട് ചവിട്ടിയ ചാണകമാണെന്നാണ്. ആദ്യം ആ കാല് ചുവന്നു, പിന്നെ കുഞ്ഞിപ്പാലുവിന്റെ കണ്ണിലേക്ക് അത് പടർന്നു. അതിൽപിന്നെ ദേഹമൊട്ടാകെ ചുവക്കാൻ തുടങ്ങി ഉടലിലെ ഓരോ നിറവും ചുവപ്പായി. ഇനിയും ചുവന്നാൽ കുഞ്ഞിപ്പാലു ഒരു ചുവന്ന ഗോളമായി മാറും എന്ന സ്ഥിതിയായി. കുഞ്ഞിപ്പാലു സൂര്യനാവാൻ പോവുകയാണെന്ന് തോന്നി. ആയില്ല, അതിനുമുമ്പ് കുഞ്ഞിപ്പാലു അമ്പാട്ടുമുക്കിലെ കുന്നിലേക്കോടി. പിന്നെ ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി, ആരെയും ക്ഷണിക്കാതെ കിണറ്റിലേക്ക് ചാടി. കുഞ്ഞിപ്പാലു ഇല്ല!
ആ കിണറും, കുന്നും ചുവന്നു. ആ ചുവന്നകുന്ന് പിന്നെ അസ്ഥിക്ക് വേണ്ടി ഞങ്ങൾ മാന്തിയും നോക്കി. കിട്ടിയത് ഒരു ചില്ലുകുപ്പിയിൽ അടച്ചുവെച്ച ജീവനുള്ള വണ്ടിനെയും ഒരു കുറിപ്പുമാണ്.
“ഞാൻ മരിച്ചെന്ന് നിങ്ങളാണ് തീരുമാനിച്ചത്, ഞാൻ പ്രഖ്യാപിച്ചിട്ടില്ല”
വണ്ട് സ്വതന്ത്രനായി.

ഇന്നാലോചിക്കുമ്പോൾ തോന്നും കുഞ്ഞിപ്പാലു ഒരു ദൈവമായിരുന്നെന്ന്.
“അതേടാ, ഒന്ന് മനസ്സുവെച്ചിരുന്നെങ്കിൽ എനിക്ക് സ്വന്തം പേരിലുള്ള ആശുപത്രികളിലൂടെയും കോളേജുകളിലൂടെയുമൊക്കെ ഇപ്പോഴും ജീവിക്കാമായിരുന്നു.”
കുഞ്ഞിപ്പാലു പുകയായി മാറി മാഞ്ഞുപോയി.
അതെ, കുഞ്ഞിപ്പാലു ദൈവമായിരുന്നു. വിശ്വാസികളില്ലാത്ത ദൈവം!

തലയാറിയപ്പോൾ ഞാൻ എഴുന്നേറ്റു. കണ്ണടച്ചു. ചുമരിലുണ്ടായിരുന്ന ആ പ്രേതത്തിനെയായിരിക്കും ഞാനപ്പോൾ കേട്ടത്,
“ചില കഥപറച്ചിലുകാർ കഥയവസാനിപ്പിചാലും ആ കെട്ട് ഊരാതെ വെക്കും.”