തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്.
അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല.
ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം!
Tag: kunjiramayanam
സബാഷ് സുഭാഷ്
വളരെ പണ്ട് ഒരൂസം, ദൈവം ഭാര്യയുടെ അടുത്തൂന്ന് ചീത്ത കേട്ട കലിപ്പ് ആരോടെങ്കിലും ഒന്ന്‍ തീര്‍ക്കണം എന്ന വിചാരത്തോടെ ഭൂമിയിലേക്ക് നോക്കിയപ്പോഴുണ്ട് അതാ, എടപ്പാളിനപ്പുറം, കുറ്റിപ്പുറത്തിനിപ്പുറം, കാലടി എന്ന ഞങ്ങടെ നാട് ഒരു പ്രശ്നവും ഇല്ലാതെ ഇങ്ങനെ ജീവിച്ചു പോവുന്നു. ‘ആഹാ… ന്നാ ശരിയാക്കിതരാടാ ‘ ന്ന്‍ ദൈവം മനസ്സില്‍ പറഞ്ഞ സെയിം മൊമെന്റിലാണ്, സുഭാഷിന്റെ അച്ഛന്‍ കുട്ടികളുണ്ടാവാന്‍ അമ്പലത്തില്‍ ഉരുളികമിഴ്ത്തുന്നത് കണ്ടത്. അടി സക്കേ!! … സുഭാഷ് ഭൂജാതനായി. ഇതാണ് ചരിത്രം.
ഉരുളി കമിഴ്ത്തിയപ്പൊ ഉണ്ട കുടുങ്ങി കിട്ടിയ സുഭാഷ്, അല്‍പ്പരില്‍ അല്‍പ്പനായി വളര്‍ന്നു വലുതായി . രണ്ടായിരത്തിരണ്ടിന്‍റെ ആദ്യപാദം, ഡിജിറ്റല്‍ ഡയറി എന്ന അന്നത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസ് സ്വന്തമായി ഉള്ളവര്‍ കത്തിനില്‍ക്കുന്ന ടൈം. ഇന്നത്തെ പതിനായിരം ഫേസ്ബുക്ക് ലൈക്കുകളുടെ മൂല്യമുണ്ടായിരുന്നു നാട്ടിലെ അന്നത്തെ ഡിജിറ്റല്‍ ഡയറി ഉടമകളായ സാലിക്കും കുഞ്ഞുട്ടിക്കും. പക്ഷെ ലളിതന്മാരായ അവര്‍ അവരുടെ ഡിജിറ്റല്‍ ഡയറികള്‍ നാടിന്‍റെ പൊതു സ്വത്താക്കി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഉള്ളില്‍ ഒരു തേങ്ങയും ഇല്ലെങ്കിലും, അതില്‍ മാറി മാറി തിരുപ്പിടിക്കല്‍ ആയിരുന്നു ക്ലബ്ബിലെ മെയിന്‍ നേരംപോക്ക്.
അച്ഛന്‍
‘കുഞ്ഞിരാമായണം’ എന്ന ആദ്യ സിനിമ എനിക്ക് അച്ഛന്റെ ഓർമ്മകളുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്.
പണ്ട് , ‘കുഞ്ഞിരാമായണ’ത്തിലെ ഒരു കഥയായ ‘സൽസമുക്ക്’ ബ്ലോഗിൽ പോസ്റ്റ് ചെയ്ത സമയത്ത്, ഗൾഫിൽ നിന്നും വിളിച്ച് ആ കഥയെപറ്റി കുറെ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴാണ്, അച്ഛൻ എന്റെ ബ്ലോഗിന്റെ ഒരു സ്ഥിര വായനക്കാരൻ ആയിരുന്നെന്ന കാര്യം ഞാൻ ആദ്യമായി അറിയുന്നത്.
രണ്ടായിരത്തിപതിനാലിൽ ‘കുഞ്ഞിരാമായണം’ തിരക്കഥ എഴുതികൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഹാർട്ട് അറ്റാക്ക് വരുന്നത്. ബൈപാസ് കഴിഞ്ഞ് കിടന്നിരുന്ന തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലെ ആ മുറിയിൽ, ഞങ്ങൾക്ക് കൂട്ടിന് കുഞ്ഞിരാമനും, ലാലുവും, മനോഹരനും, കുട്ടനുമെല്ലാം ഉണ്ടായിരുന്നു.
പിന്നീട് പ്രീ പ്രോഡക്ഷൻ സമയത്ത്, വിധി ക്യാൻസറിന്റെ രൂപത്തിൽ വീണ്ടും വന്നു. ഷൂട്ടിങ്ങിന് വളരെ കുറച്ചു ദിവസങ്ങളെ ഞാൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുള്ളൂ, അതിലൊന്ന് സർജറിക്ക് മുന്പ് ഷൂട്ടിങ്ങ് ഒന്ന് കാണണം എന്ന അച്ഛന്റെ ആഗ്രഹത്തിന്റെ പുറത്ത് ഞങ്ങൾ എല്ലാവരും കൂടി പോയ ആ ദിവസമാണ്. പിന്നെ ആശുപത്രികൾ ഒരു ശീലമായിമാറികഴിഞ്ഞ സമയത്ത്, എഴുത്തുകാരന് ഉണ്ടാവാറുള്ള ആദ്യ സിനിമയുടെ എക്സൈറ്റ്മെന്റോ, എഴുതിവെച്ചതത്രയും എങ്ങനെ സ്ക്രീനിൽ പുനർജനിക്കും എന്ന ആകാംഷയോ എനിക്കുണ്ടായില്ല.
ഷൂട്ട് കഴിഞ്ഞ ശേഷം , ആർ സി സിയിൽ നിന്നും മടങ്ങും വഴി കൊച്ചിയിൽ തങ്ങിയ നാൾ, ബേസിൽ സിനിമയുടെ എഡിറ്റ് ചെയ്ത കുറച്ചു ഭാഗങ്ങൾ കാണിച്ചതുമുതൽ അച്ഛൻ ശരിക്കും ത്രില്ലിലായിരുന്നു. രണ്ടാമത്തെ കീമോ കഴിഞ്ഞ ശേഷമാണ് തിരുവോണത്തിന്റെ അന്ന് സിനിമയുടെ റിലീസ്. സിനിമ കണ്ട് കൊച്ചിയിൽ ഉള്ള എന്നെ വിളിച്ച അച്ഛന്റെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. അത്രയും സന്തോഷത്തോടെ മുൻപൊരിക്കലും ഞാൻ അച്ഛനെ കണ്ടിട്ടില്ല. അവസാനം, ക്യാൻസർ വാർഡിൽ വെച്ച് ഇടയ്ക്കിടെ, ‘ഇപ്പൊ എത്ര ദിവസമായി സിനിമ’ എന്ന് തിരക്കിയിരുന്ന അച്ഛൻ, സിനിമയിറങ്ങി അൻപത്തിഎട്ടാം നാൾ മരിക്കുമ്പോൾ, എടപ്പാളിൽ സിനിമ വന്നിട്ട് ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ബാക്കിയായിരുന്നു…
ഇന്ന് ‘കുഞ്ഞിരാമയണം’ ടിവിയിൽ വരുമ്പോൾ ആദ്യമോർക്കുന്നത് അച്ഛനെയാണ്….
കുഞ്ഞിരാമായണം
കുഞ്ഞിരാമായണം എന്ന കഥ
രണ്ടായിരത്തി പത്തിലാണ്, അതുവരെ ബ്ലോഗിൽ വട്ടുകൾ മാത്രം എഴുതികൂട്ടിയിരുന്ന ഞാൻ, ഒന്ന് മാറി ചിന്തിച്ച് കോമഡിയിൽ കൈ വെക്കുന്നത് . ക്ലബ്ബിൽ നിന്ന് അര്ജന്റീന-ജർമനി വേൾഡ് കപ്പ് സെമി ഫൈനൽ കണ്ടു കഴിഞ്ഞ്, നാട്ടപാതിരായ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുമ്പോൾ ‘ലാലു’ എന്ന കഥാപാത്രം എവിടെനിന്നോ എന്റെ മുന്നിൽ വന്നു നിന്നു, ഞാൻ കൂടെ കൂട്ടി. ‘പാതിരാത്രിയിലെ പ്രേമം’ അവിടെയുണ്ടായി. അതിന്റെ അടുത്ത വര്ഷം നാട്ടിലെ ഒരു വളവിൽ ഞാൻ കണ്ട കുപ്പിച്ചില്ലുകളിൽ നിന്ന് ‘സൽസമുക്ക്’ പിറന്നു , കൂടെ കുഞ്ഞിരാമനും. പിന്നീട് മനോഹരനും, മല്ലികയും, കട്ട് പീസ് കുട്ടനും, രാമെന്ദ്രനും, വെൽഡണ്‍ ഹംസയും, പല കഥകളുടെ രൂപത്തിൽ ബ്ലോഗിലെത്തി. അന്നൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇതെല്ലാം കൂടി ഒരിക്കൽ ഒരു സിനിമയാവും എന്ന്, പ്രിയപെട്ട കുറേ താരങ്ങൾ സ്ക്രീനിൽ എനിക്കെതിരെ വന്നു നിന്ന് ആ കഥാപാത്രങ്ങളായി എന്നോട് സംവദിക്കുമെന്ന് ….
ഇന്നിപ്പോൾ ആ കഥകൾ ഓരോന്നും എടുത്ത് വായിക്കുമ്പോൾ, അതിലെ ഓരോ കഥാപാത്രങ്ങളും മുന്നിൽ വരുന്നത് , ‘കുഞ്ഞിരാമായണ’ത്തിൽ അതിന് ജീവൻ കൊടുത്തവരുടെ രൂപത്തിലാണ്. എനിക്ക് മാത്രമാവുമെന്ന് തോന്നുന്നില്ല….അന്ന് ആ കഥയൊക്കെ വായിച്ച് വീണ്ടും ഒരുപാട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങൾ ഓരോരുത്തര്ക്കും…