മഴ വന്നു , നിലാവിന്റെ കസവിട്ടു വന്നൊരു രാത്രി മഴ. ആ മഴയൊഴുകിത്തുടങ്ങാൻ വേണ്ടിയാണ് , പാതിരാത്രി, ഹൈവേയിലെ ആ ബസ് സ്റ്റോപ്പിൽ ഞാൻ അത്രയും നേരം കാത്തുനിന്നത്. തോരാതെ മഴ പെയ്തിരുന്ന ഒരു തുലാമാസ രാത്രിയിലാണ് ഞാൻ ജനിച്ചത്, അതുകൊണ്ടാവും …മഴയെ ഞാൻ ഇത്രയ്ക്ക് ഇഷ്ടപെടുന്നത്. മഴ പെയ്യുമ്പൊ , എന്നിൽ നിന്നും നഷ്ടപെട്ട എന്തൊക്കെയോ എന്നിലേക്ക് തന്നെ തിരിച്ചു വരുന്നതായി എനിക്ക് തോന്നും.
ഞാൻ കുട ചൂടി വീട്ടിലേക്കുള്ള ദൂരം താണ്ടാനായി നടന്നു തുടങ്ങി.മഴ മണ്ണിൽ പുരളുന്ന ശബ്ദമല്ലാതെ, വേറൊരു ശബ്ദം എന്റെ പുറകിൽ നിന്നും ഞാൻ കേട്ടു. രണ്ടാം മഴയുടെ മൂളക്കമാണെന്ന് ഞാൻ കരുതി. പക്ഷെ അത് , വേഗത്തിൽ അടുത്തെത്തുന്ന ഒരു കാൽപെരുമാറ്റമായിരുന്നു. ഞാൻ തിരിഞ്ഞു നോക്കും മുൻപ് അതിന്റെ ഉടമ എനിക്കൊപ്പമെത്തി എന്റെ കുടയിലേക്ക് കയറി നിന്നു. അതൊരു പെണ്ണുടലായിരുന്നു !!
മഴയുടെ ശബ്ദത്തെ മുറിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ദീപുവല്ലേ? പണിക്കരുവളപ്പിലെ ?”
നാളിതുവരേയ്ക്കും ഞാനതുപോലെ വാക്കുകൾ വറ്റി നിന്നിട്ടില്ല, സത്യം. പിന്നെയെപ്പോഴോ മൂളി.ആ മൂളലിനവസാനം എനിക്കൊരു പുഞ്ചിരി കിട്ടി. അതിനുമപ്പുറം ഒരു ചോദ്യവും.
“എന്നെ മനസ്സിലായോ?”
മറു പടിയായുള്ള എന്റെ പുഞ്ചിരിയ്ക്ക് അവളുടേതിനേക്കാൾ തെളിച്ചമുണ്ടായിരുന്നു. കാരണം, എന്റെ യൗവ്വനത്തോളം പഴക്കമുള്ള ഒരു പ്രണയമുണ്ടായിരുന്നു എന്റെ ഉള്ളിൽ. ആ പ്രണയത്തിന്റെ ഓജസ്സും തേജസ്സുമാണ് മഴ നനഞ്ഞ്, ഈ നിലാമഴയത്ത് എന്നോട് പോലും ചോദിക്കാതെ എന്റെ കുടയിലേക്ക് ഓടിക്കയറിയിരിക്കുന്നത്. എന്റെ നാട്ടിൽ തന്നെയുള്ള പെണ്‍കുട്ടിയാണവൾ. പക്ഷെ കണ്ടാൽ, എന്നും മഴയുള്ള ഒരു നാട്ടിൽ നിന്നും വന്ന ഒരുവളെ പോലെ തോന്നും. അതെനിക്ക് തോന്നിയ ആ നിമിഷം മുതൽക്കു തന്നെയാണ് ഞാനവളെ ഇഷ്ടപ്പെട്ടു തുടങ്ങിയതും. കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടക്കുന്ന അച്ഛന്റെ അടുത്ത് നിന്നും വരുന്ന വഴി വൈകിയതാണെന്ന് അവളെന്നോട് പറഞ്ഞു ….എന്നെ കണ്ടുമുട്ടാൻ പാകത്തിന് അവളെ വൈകിപ്പിച്ചതിനു ഈശ്വരനോട് നന്ദി പറയുന്നതിനിടെ, അവളുടെ അച്ഛന് എങ്ങനെയുണ്ടെന്നു ഞാൻ ചോദിയ്ക്കാൻ വിട്ടുപോയി.
ഞങ്ങൾ നടന്നു തുടങ്ങി , നിഴലുകൾ അനുഗമിച്ചു.അവളെന്നോട് പതുക്കെ നടക്കാൻ പറഞ്ഞു. വേഗത്തിൽ നടക്കുന്ന ഈ ആറടിക്കാരൻ നാളിതുവരെയ്ക്കും ഒരു പെണ്ണിനൊപ്പം നടക്കാനായി നടത്തത്തിന്റെ താളം ക്രമീകരിച്ചിട്ടില്ലായിരുന്നു.ആ നിമിഷം മുതൽ ഞാൻ ചെയ്തു തുടങ്ങി …അതുവരെ ഒരിക്കൽ പോലും സംസാരിചിട്ടില്ലായിരുന്ന ഞങ്ങൾ ജീവിതത്തിലാദ്യമായി സംസാരിച്ചു തുടങ്ങിയപ്പോൾ,ഞങ്ങൾക്കിടയിലേക്ക് വിശേഷങ്ങൾ വിരാമങ്ങളോ അർദ്ധവിരാമങ്ങളോ ഇല്ലാതെ വിരുന്നിനെത്തി. എന്റെ പേര്, അവളുച്ചരിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഭംഗി എന്ന് ഞാൻ തിരിച്ചറിഞ്ഞു.
നിശ്വാസങ്ങളുടെ ആരവങ്ങലുണ്ടായ, മണിക്കൂറുകളുടെ ആയുസ്സുള്ള നിമിഷങ്ങൾ! അതിലെ ആണ്‍നിശ്വാസത്തിനു അവളോട് പറയാനുണ്ടായിരുന്നത് വാക്കുകളാൽ വരച്ചിടാനാവാത്ത ഒരു വികാരത്തെ പറ്റിയായിരുന്നു. പക്ഷെ അതുമാത്രം പറഞ്ഞില്ല….പേടിയായിരുന്നു, പ്രതികരണം എങ്ങനെയാവുമെന്ന ഭയം.ആ കണ്ണിൽ ഒരു പ്രണയം കണ്ടെടുക്കുന്നതിൽ ഞാനിതുവരെയ്ക്കും വിജയിച്ചിട്ടില്ല . അവളുടെ ആഴമളെന്നെടുക്കാൻ കഴിയാത്തിടത്തോളം കാലം ഞാൻ തോറ്റുകൊണ്ടേയിരിക്കും.ഞങ്ങളുടെ നിഴലുകളും ഞങ്ങളും എന്റെ വീടിന്റെ മുന്പിലെത്തി. ‘ഇനി ഞാൻ ഒറ്റയ്ക്ക് നടന്നോളാം’ എന്ന് അവൾ പറഞ്ഞില്ല, പറഞ്ഞാലും ഞാൻ സമ്മതിക്കുമായിരുന്നില്ല. അവൾക്കു ഞാനെന്റെ മുറി കാണിച്ചു കൊടുത്തു. പിന്നെ മുന്നോട്ടു നടന്നു.
മഴഗന്ധം മുറ്റിയ ഇടവഴികളിലൂടെ ഞങ്ങൾ നടന്നു. നിലാവതിരിട്ട , മൌനം കൂടുവെയ്ക്കാൻ മറന്ന ആ രാത്രി ഞങ്ങൾ ഒരുമിച്ചു മുറിച്ചു കടക്കുകയായിരുന്നു. ആ രാത്രി മഴ പറഞ്ഞതിനേക്കാളേറെ, ഒരുപാടേറെ, ഞങ്ങളിരുവരും തമ്മിൽ പറഞ്ഞു. നിശബ്ദതയെക്കാൾ സൌന്ദര്യമുള്ളോരു വാചാലത! അതിനിടെ നടന്നു തീർത്ത വഴികളുടെ ദൂരം, ഇനി നടക്കാനുള്ളതിനേക്കാൾ കുറഞ്ഞുകൊണ്ടിരുന്നു. അവളും ഞാനും തമ്മിലുള്ള ദൈര്ഘ്യവും നേർത്തതായി വന്നു .
ഇരട്ടക്കുളം ! അതിനപ്പുറത്തെ പാടം കടന്നാൽ അവളുടെ വീടായി.
സമചതുരത്തിലുള്ള ആ ഒറ്റ കുളത്തെ ഇരട്ടയാക്കിയ, നടുവിലെ ഒറ്റയടി ചെങ്കൽ പാകിയ വഴിൽ എത്തിയപ്പോൾ മാത്രം അവളെന്റെ തൊട്ടു മുന്പിലായി നടന്നു. എന്റെ നിശ്വാസങ്ങളെ അവളുടെ മുടിയിഴകൾ തന്നിലെക്കാവാഹിക്കുന്നതായി എനിക്ക് തോന്നി.
ഞങ്ങൾ അവളുടെ വീടിന്റെ പടിക്കലെത്തി…..ആ മഴ,അവളുടെ മുറ്റത്തെ കാറ്റാടി മരത്തിൽ പടര്ന്ന വള്ളിമുല്ലയുടെ പൂക്കളെ താഴേക്കു അഴിച്ചുവിട്ടിട്ടുണ്ടായിരുന്നു.മുറ്റം മുഴുവൻ അത് പരന്നു കിടന്നു. ഞാൻ യാത്ര പറഞ്ഞപ്പോൾ, അവളെനിക്കു നേരെ തിരിഞ്ഞു നിന്ന് എന്നെയൊരു നോട്ടം നോക്കി. എന്റെ ആത്മാവിന്റെ ആഴമളന്ന നോട്ടം !!
“വേറെ എന്തെങ്കിലും പറയാൻ ഉണ്ടായിരുന്നോ ?”
ആ ചോദ്യം എന്നെ അവിടെതന്നെ നിർത്തി. എന്നിലേക്ക് പ്രവഹിച്ച പേരറിയാത്തൊരൂർജ്ജം എന്നെകൊണ്ടത് പറയിച്ചു…അതും അവളുടെ ചെവിയിൽ തന്നെ,
“നിനക്കും, നിന്റെ വീടിനും ….നിന്റെ മുറ്റത്തെ വള്ളിമുല്ലയുടെ മണമാണ് ”
അവൾ ഒരു വെളുത്ത ചിരി ചിരിച്ചു . പിന്നെ, തിരിഞ്ഞു കൊണ്ട് ആ മുല്ലകളിലേക്ക് ഓടി….
ആ രാത്രി എനിക്ക് വേണ്ടി കാത്തുവെച്ചിരുന്ന നിലാമഴയെയും , അവളെയും അവളുടെ വീട്ടിലാക്കി നടന്നു തീർത്ത വഴികലൂടെ ഞാൻ തിരിച്ചു നടന്നു , എന്റെ വീട്ടിലേക്ക്.
മഴ അവസാനിച്ചിരിക്കുന്നു.പക്ഷെ, അപ്പോഴും ഇടവഴികളിൽ, തങ്ങളിലേക്ക് ചാറിയ മഴയെ, ഇലകൾ കുടഞ്ഞു കളയുന്നുണ്ടായിരുന്നു .
ഞാൻ വീട്ടിലെത്തി. എന്റെ മുറിയിൽതന്നെ ഞാൻ ആ കുടയെ നിവർത്തിവെച്ചു ഉണങ്ങാൻ വിട്ടു. ഇരുട്ടിലും അതിന്റെ കറുപ്പ് ഞാൻ വേർതിരിച്ചറിയുന്നുണ്ടായിരുന്നു .പതിവില്ലാതെ അന്ന് ഞാൻ വളരെ സമയമെടുത്താണ് ഉറങ്ങിയത് ….സ്വപ്നങ്ങളൊന്നും കണ്ടതുമില്ല.
രാവിലെ, ഉറക്കത്തിനും ഉണര്വ്വിനും ഇടയിലെ നിമിഷത്തിലാണ് അമ്മ വന്നു വിളിച്ചു എന്നോടത് പറയുന്നത്
“ആ കുട്ടി ഇന്നലെ രാത്രി മരിച്ചെടാ”
“ഏതു കുട്ടി ?”
അമ്മ പറഞ്ഞ ഉത്തരത്തിൽ അവളുടെ പേരും , വീട്ടുപേരും തന്നെയായിരുന്നു.
ഞാൻ ഞെട്ടുമായിരുന്നു , എനിക്ക് പേരിനെങ്കിലും ഒരു ശരീരമുണ്ടായിരുന്നെങ്കിൽ ,ജീവന്റെ കണികയെങ്കിലും ബാക്കിയുള്ള ഒരു മനസ്സുണ്ടായിരുന്നെകിൽ …..എനിക്ക് എന്നെതന്നെ നഷ്ടപെട്ടിരിക്കുന്നു!
“കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു…പാവം, നിന്റെ പ്രായേ ഉണ്ടായിരുന്നുള്ളൂ ”
അതും പറഞ്ഞു അമ്മ മുറിയിൽ നിന്നും പുറത്തേക്കു പോയുടൻ ഞാൻ വാതിലടച്ച്, കരച്ചിലിന്റെ അതുവരെ കാണാത്ത ആഴങ്ങളിലേക്ക് മറിഞ്ഞുവീണു. ചില കണ്ണീരൊഴുകി പോകുന്നത്, ചോര വാർന്നു പോകുന്നതിനേക്കാൾ വേദന സമ്മാനിച്ചായിരിക്കും. ഇടയെക്കെപ്പോഴോ ഞാൻ ആ കുട കണ്ടു. അതിൽ മഴ ബാക്കി വെച്ചുപോയ ഈര്പ്പമുണ്ടായിരുന്നു, എന്റെ കിടക്കയിൽ ഒരു മുല്ലപ്പൂവും.
ശേഷിച്ചത് ….ഞാനോ , നിന്റെ ഓർമ്മയോ? എനിക്ക് തിരിച്ചറിയാനാവുന്നില്ല.

December 22, 2013 at 6:23 am
deepu magic again… Nalla feel ulla ezhuthu, superb!!!!!!
December 22, 2013 at 8:20 am
വാക്കുകള്‍ കിട്ടുന്നില്ല… അതിമനോഹരം എന്നോ അസാധ്യമെന്നോ എന്ത് എഴുതും…
ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്… ശാസ്ത്രത്തിണോ യുക്തിക്കോ നിര്‍വചിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍….
താന്‍ പോലുമറിയാതെ തന്നേ ഒരുപാട് ഒരുപാട് സ്നേഹിച്ച അവള്‍ … ആ പ്രണയം മുഴുവന്‍ ഒരു നിലാമഴ പോലെ തന്നില്‍ ചൊരിഞ്ഞ് ഇരുളില്‍ മാഞ്ഞുപോയി…
അതേ!!! ചില കണ്ണീരൊഴുകി പോകുന്നത്, ചോര വാർന്നു പോകുന്നതിനേക്കാൾ വേദന സമ്മാനിക്കും…
December 22, 2013 at 1:24 pm
🙁
December 22, 2013 at 6:09 pm
മനോഹരം…………….അല്ലാതെന്തെങ്കിലും പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല, അതിമനോഹരം
December 23, 2013 at 7:01 am
അടിപൊളി… <3ed it…
December 23, 2013 at 12:08 pm
ഒറ്റ വാക്ക് ….. ‘ഗംഭീരം’ ….
December 24, 2013 at 4:26 pm
“അതിനിടെ നടന്നു തീർത്ത വഴികളുടെ ദൂരം, ഇനി നടക്കാനുള്ളതിനേക്കാൾ കുറഞ്ഞുകൊണ്ടിരുന്നു…..”
super.. വാക്കുകള്‍ കൊണ്ട് ചിത്രം വരയ്ക്കാമെന്നും അതിനു ജീവന്‍ നല്‍കാമെന്നും ദീപു വീണ്ടും തെളിയിച്ചിരിക്കുന്നു..
December 27, 2013 at 9:42 am
ബ്ലോഗ് പോര..ഗോപുമോന്റെ കമന്റ് കൊള്ളാം..മാന്‍ലിനെസ്സ് വീണ്ടെടുക്കാന്‍ ഡബിള്‍ഷോട്ട് എസ്പ്രെസ്സോ അടിക്കേണ്ടിവന്നു
January 24, 2014 at 11:42 am
എന്തെങ്കിലും പറയണം എന്ന് തോന്നി . ഗംഭീരം
February 6, 2014 at 11:27 am
പ്രണയം അനുഭവിച്ചവർക്കെ ഇങ്ങനെ എഴുതാൻ കഴിയൂ
February 6, 2014 at 11:32 am
നന്നായിട്ടുണ്ട് , പ്രണയം അനുഭവിച്ചവർക്കെ ഇങ്ങനെ എഴുതാൻ കഴിയൂ
March 21, 2014 at 8:56 am
deepu , very good
August 12, 2014 at 1:45 pm
Beautiful story Deepu..vayyichu kazhinjappol ammammente koode irayathirunnu mazha kanda pole..
September 9, 2014 at 6:48 pm
ezhuthan vakkukal illa…. thudarnnum ezhuthuka, itharam jeevanulla kadhakal…
December 16, 2014 at 5:24 am
മനസ്സിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനോഹാരിത……