ഷിബുവിന്‍റെ ഇൻഡിക്ക ഓടുന്നത് നെടുമ്പാശ്ശേരി എയർപോർട്ടിലാണ്. ഇൻഡിക്ക ഒറ്റയ്ക്കോടില്ലല്ലോ, അതുകൊണ്ട് ഷിബുവും.
കഴിഞ്ഞ ജൂൺ മുപ്പത് വൈകുന്നേരം ലാൻഡ് ചെയ്ത ഷാർജ ഫ്ളൈറ്റിൽ നിന്നും ഷിബുവിന്, പൂവണ്ടിന്‍റെ വെപ്രാളമുള്ള ഒരു യാത്രക്കാരനെ കിട്ടി,
“വേം വിട്, വേം വീട്, എട്ടുമണിക്ക് മുമ്പ് പെരുമ്പാവൂര് എത്തണം!!”
‘എട്ടുമണിക്കാവും അടക്ക്’, ഷിബു മനസ്സിലൂഹിച്ചു.
‘ഇങ്ങനെ ധൃതിപ്പെട്ട് പ്ലൈനിറങ്ങിയ എത്ര യാത്രക്കാരെ താൻ സമയത്തിന് എത്തിച്ചിരുന്നു. ഹോസ്പിറ്റൽ കേസ്, താലികെട്ട്, പ്രസവം, ശവടക്ക്, ടോയ്‌ലറ്റ് കേസ്…. അങ്ങനെ എന്തെല്ലാം…’
ഷിബു വണ്ടി സ്റ്റാർട്ട് ചെയ്തു, സമയം ഏഴര!
വണ്ടി എയർപോർട്ട് എൻട്രൻസ് കടന്നതും യാത്രക്കാരൻ ചോദിച്ചു,
“വണ്ടിയിൽ ചാർജറുണ്ടോ?”
“ഇല്ല”
“എന്നാ ചവിട്ടിവിട്ടോ…”
ഷിബുവിന്‍റെ മുഖത്ത് ‘ട്രാഫിക്കിലെ’ ആസിഫലിയുടെ പുഞ്ചിരി.
ഷിബു ഇന്റിക്കയെ എൺപത് കടത്തിയപ്പോഴായിരുന്നു ആദ്യത്തെ കവല, അവിടെ ചെറിയ ഒരാൾകൂട്ടവും. അത് കണ്ടതും പിറകിൽ നിന്നും ഒരു അലർച്ച,
“ചവിട്ട്!”
ഷിബു ചവിട്ടി.
“എടോ, ആക്സിലേറ്റർ അല്ല, ബ്രേക്ക്!”
നിർത്തിയ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയ പൂവണ്ട് ആൾകൂട്ടത്തിനുള്ളിലേക്ക് ഓടികയറി. സെക്കന്റുകൾക്ക് ശേഷം അതേ സ്പീഡിൽ തിരിച്ചുവന്ന് വണ്ടിയിൽ കയറുന്നു.
“വിട്ടോ, വിട്ടോ…”
നടന്നതെന്താണെന്ന് പിടികിട്ടാതെ ഷിബു വണ്ടി എടുത്തു.
മുന്നോട്ട് പോകവെ അടുത്ത രണ്ടു കവലകളിൽ വെച്ചും ഇതുതന്നെ ആവർത്തിച്ചു. അയാൾ ഒച്ചയിട്ട് വണ്ടി നിർത്തിക്കുന്നു, പീടികതിണ്ണയിൽ കൂടിനിൽക്കുന്ന ആൾക്കാരുടെ ഇടയിലേക്ക് ഓടി കയറുന്നു, തിരിച്ചുവരുന്നു, വീണ്ടും ധൃതി വെക്കുന്നു.
‘ഇതെന്ത് നേർച്ചയാണ്!’
ഷിബു തന്‍റെ ഡ്രൈവിങ്ങ് കരിയറിൽ ഇങ്ങനൊരു സംഭവവികാസം എക്സ്പീരിയൻസ് ചെയ്തിട്ടില്ലായിരുന്നു. റോഡ് കണ്ടീഷനും ട്രാഫിക്ക് ബ്ലോക്കും വെച്ച്, ഷിബുവിന്റെ ഉള്ളിലെ ഗൂഗിൾ മാപ്പ് ഉണ്ടാക്കിയ എസ്റ്റിമേറ്റഡ് അറൈവിങ്ങ് ടൈം, കരിഞ്ഞ് പൊകവരാൻ തുടങ്ങിയപ്പോൾ അവൻ റിയാക്ട് ചെയ്തു,
“ഇയാൾക്ക് പെട്ടെന്ന് വീട്ടിൽ എത്തുകയും വേണം, എല്ലാ അങ്ങാടിയിലും നിർത്തുകയും വേണംന്ന് പറഞ്ഞാൽ നടക്കൂല! ഇയാളെങ്ങോട്ടാണ് ഈ ഓടി പോവുന്നത്?”
അയാൾ ചെറിയൊരു ചമ്മലോടെ പറഞ്ഞു,
“ഇന്ന് അർജന്റീനയുടെ വേൾഡ്കപ്പ് മാച്ചുണ്ട്. അളിയന്മാരും അനിയനും ഒക്കെ ബ്രസീൽ ഫാൻസാ, കളി തീരും മുൻപ് വീടെത്തണം, അതിന്റെ ഇടയിൽ സ്‌കോർ അറിയാഞ്ഞിട്ട് ഒരു ഒരു ഇത്‌…”
“ഇത്രേയുള്ളോ?”
ഷിബുവിന്റെ ഉള്ളിൽ ‘സുഡാനി’യിലെ സൗബിൻ ഷാഹിറും, ‘ട്വന്റി ട്വന്റി’ യിലെ ബാബു ആന്റണിയും ഒരുമിച്ച് ഉണർന്നു.
“സാറ് ഇനിയുള്ള എല്ലാ അങ്ങാടിയിൽ നിന്നും സ്കോർ കാണും, ഹാൾഫ് ടൈമിന് മുൻപ് പെരുമ്പാവൂരും കാണും”
ഷിബു വണ്ടി മുന്നോട്ടെടുത്തു.
അടുത്ത ആൾക്കൂട്ടം കണ്ടപ്പോൾ അയാൾ പറയാതെ തന്നെ ഷിബു സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി. ഷാർജ ബോയ് ചാടിമറിഞ്ഞ് മണ്ടി ചെന്ന് ആദ്യം കണ്ട ആളോട് തന്നെ ചോദിച്ചു,
“മച്ചാനേ സ്കോറെന്തായി?
പതക്കോ!! നല്ലൊരടി കരണത്ത് വീണു!
“മരണവീട്ടില് വന്നിട്ടാണോടാ പട്ടീ, സ്‌കോർ ചോദിക്കുന്നത്??”
പിന്നെ കാറിൽ തിരിച്ച് കയറിയ അളിയന് സ്കോറും വേണ്ട ഒന്നും വേണ്ട, ബബിൾഗം തിന്ന മൈനടെ മാരി ഒറ്റ ഇരുപ്പ്. പെരുമ്പാവൂര് എത്തിയപ്പോൾ അവിടെ ഷിബു ആദ്യം ഊഹിച്ച പോലെതന്നെ ഒരു അടക്ക് നടക്കുകയായിരുന്നു, അർജന്റീനയുടെ.
ഫ്രാൻസ് 4- അർജന്റീന 3. ഇരട്ടി മധുരം!!

Deepu Pradeep