പണ്ട്, ചമ്രവട്ടം പാലം വരുന്നതിനും മുൻപുള്ള കാലത്തെ ഒരു വൈകുന്നേരം. കടവത്ത്‌ നിന്നും പുറപ്പെട്ട ഒരു തോണിയിൽ, നാട്ടിലെ വേണുഗോപാലൻ മാഷ് കണ്ട ഇളം നീല ചേല ചുറ്റിയ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. പിറ്റേന്ന് മുതൽ എത്രയോ സന്ധ്യകളിൽ മാഷ് ആ കുട്ടിയെയും കാത്ത് കടവത്ത് നിന്നിട്ടുണ്ടെങ്കിലും കണ്ടുകിട്ടിയില്ല. കണ്ട മാത്രയിൽ തോന്നിയ അനുരാഗം മാഷിപ്പോഴും ആ കരളിനുള്ളിൽ വളർത്തുന്നുണ്ട്….
“ടെക്‌നോളജി വളർന്നതോടെ ഇപ്പോഴത്തെ പിള്ളേർക്കൊക്കെ എന്താ സുഖം… ഇങ്ങനെ പിരിഞ്ഞുപോവുന്നവരെയൊക്കെ എളുപ്പം കണ്ടുപിടിക്കാലോ” എന്നെപ്പഴും പറയാറുള്ള മാഷിന്, ഞാനീ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു…

എഫ് വൺ കാറിന്റെ ടയറ് മാറ്റിയിടാനുള്ള ധൃതിയോടെ, പാലാരിവട്ടം തമ്മനം റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു നമ്മുടെ കൂട്ടുകാരൻ. ബൈപാസിലേക്ക് ലെഫ്റ്റ് എടുത്ത് കയറാനൊങ്ങുമ്പോൾ അവന് എതിരെ അതാ വരുന്നു വെസ്പയിൽ ഒരു പെൺകുട്ടി!
അവന്റെ വണ്ടി പെട്ടെന്ന് മഞ്ഞുമലകയറുന്ന മിലിട്ടറി ടാങ്കിന്റെ സ്പീഡിലേക്ക് മാറി.

കണ്ടപാട് അവൻ അവളെ നോക്കി മധ്യതിരുവിതാംകൂർ ശൈലിയിൽ ഒന്നു പുഞ്ചിരിച്ചു (ചിലവൊന്നുമില്ലല്ലോ). അവനെ അമ്പരപ്പിച്ചുകൊണ്ട് പെണ്കുട്ടി തിരിച്ചും ചിരിച്ചു (ഹാപ്പി ഓണം!)

അവളും ആ റോഡിലേക്ക് തന്നെയായിരുന്നു….
ഓരോ തവണ അവളെ നോക്കാൻ തിരിഞ്ഞപ്പോഴും അവന്റെ മുഖത്തേക്ക് ഒരു മഞ്ഞുകാറ്റ് വീശി. അതെ, ആ നട്ടപ്പൊരി വെയിലത്ത് തന്നെ! ഉള്ളിലെ ഇളയരാജ വെറുതെ ഇരിക്ക്വോ, രണ്ടു ബിജിഎം എടുത്തെടുത്ത് വീശി.
ബൈപ്പാസ് എത്തും മുൻപ് അവൻ രണ്ടു തവണകൂടി അവൾക്കായി ചിരിച്ചു, രണ്ടിനും മനോഹരമായ മറുപടികൾ കിട്ടി. (മോനെ… മസ്തി മജ)

പക്ഷെ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു… ബൈപ്പാസിൽ കയറിയ രണ്ട് മിഥുനങ്ങളും രണ്ടു വഴിക്കായിരിക്കുന്നു….. പിരിഞ്ഞു!

ഓഫീസിലെത്തിയയുടനെ അവൻ നേരെ ആർ ട്ടി യോ വെബ്‌സൈറ്റിൽ കയറി ആ സ്‌കൂട്ടറിന്റെ നമ്പർ അടിച്ചപ്പോൾ അവളുടെ അച്ഛന്റെ പേരും വിവരങ്ങളും കിട്ടി. സൂബകോർപ്പറേഷൻ വെബ്‌സൈറ്റിൽ കയറി അച്ഛന്റെ പേര് സെർച്ച് ചെയ്തപ്പോൾ ഇരുപത്തിയഞ്ച് ലക്ഷം വാർഷിക വിറ്റുവരവുള്ള രണ്ടു കമ്പനികളുടെ ഡയറക്ടർ ആണ് അങ്ങേരെന്നു മനസ്സിലായി (ലൈഫ് സെറ്റ്). ഫേസ്‌ബുക്കിൽ പോയി അച്ഛനെ തപ്പിയെടുത്ത് പ്രൊഫൈലിൽ രണ്ട് സ്ക്രോൾ ചെയ്തപ്പോഴേക്ക് മകളെ കിട്ടി! (ഹെൽമെറ്റ് ഇല്ലാതെ കാണുമ്പോൾ മാരക ലുക്ക്!) ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ എച്ച് ആർ മാനേജറാണെന്ന് പ്രൊഫൈലിലുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം അകൗണ്ട് എടുത്ത് ഒന്നു പരതിയപ്പോൾ ചായയേക്കാളിഷ്ടം കാപ്പിയാണെന്നും, എന്നും വൈകുന്നേരം അഞ്ചരയ്ക്കാണ് ഓഫീസ് വിട്ടിറങ്ങാറുള്ളത് എന്നും കിട്ടി. കൃത്യം അഞ്ചേക്കാലായപ്പോൾ അവൻ ഓഫീസിനു മുന്നിലെത്തി കാത്തുനിന്നു… (ടെക്‌നോളജി ഡാ)

അഞ്ചരയായപ്പോൾ അവൾ വന്നു. അവൻ ചിരിച്ചു. പക്ഷെ കുട്ടി ചിരിച്ചില്ല! സ്‌കൂട്ടർ എടുത്ത് ഒറ്റ പോക്ക്!!
പെണ്കുട്ടി ആർ ട്ടി യോ സൈറ്റിൽ തപ്പി ഇവന്റെ പേര് കണ്ടുപിടിച്ചശേഷം ആദ്യം നോക്കിയത് ഫേസ്ബുക്കോ ഇൻസ്റ്റഗ്രാമോ അല്ല, നാഷണൽ സ്‌കിൽ രജിസ്റ്ററിയുടെ വെബ്സൈറ്റായിരുന്നു. കമ്പനികള് എംപ്ലോയികളെ പറ്റി ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യുന്ന ഇടം. ഇവന്റെ പേരിലവിടെ മൂന്ന് ഫലകങ്ങളും രണ്ടു സ്തൂപങ്ങളുമുണ്ടായിരുന്നു. ലാസ്റ്റ് ജോലി ചെയ്ത കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടപ്പോൾ കപ്പും സോസറും അടിച്ചുമാറ്റിയതടക്കം!

ടെക്‌നോളജി വളരണ്ടായിരുന്നു.

Deepu Pradeep