നമുക്ക് സ്വന്തം വീട് പോലെ പെരുമാറാനും, അടുക്കളയിൽ വരെ കേറിച്ചെന്ന് വാരിതിന്നാനും സ്വാതന്ത്ര്യമുള്ള ചില കൂട്ടുകാരുടെ വീടുകളുണ്ടാവും…. മിക്കവാറും അതേ അവന്‍റെ കല്യാണം കഴിഞ്ഞശേഷം ആ വീടിന്‍റെ മുറ്റത്ത് പോലും കാലുകുത്താൻ പറ്റാത്ത കോലത്തിലുമാവും. വന്നു കയറിയ പെണ്ണ് കാരണമല്ല, ആ കല്യാണത്തിന് നമ്മള് തന്നെയൊപ്പിക്കുന്ന പണികളുടെ എന്റർടെയ്ൻമെന്‍റ് വാല്യു കൊണ്ട്!

കണ്ണു പരിശോധനയ്ക്ക് കമ്പനിക്ക്‌ കൂടെ വന്നിട്ട് സിസ്റ്റർമാര് കാണാതെ ബോർഡിലുള്ള അക്ഷരങ്ങള് പറഞ്ഞുതരിക, പനി പിടിച്ച് വീട്ടിൽ കിടക്കുന്ന നമ്മളെ കാണാൻ വന്നിട്ട് പോവാൻനേരം നമ്മളോട് തന്നെ ബസ് സ്റ്റോപ്പിലൊന്ന് ഡ്രോപ്പ് ചെയ്യാൻ പറയുക… ഇജ്ജാദി കുറെ കുനുട്ട് കുരുത്തക്കേടുകൾ കയ്യിലുള്ള ഒരു സ്നേഹിതൻ എല്ലാവർക്കും കാണും, അവന്മാരുടെ കൂട്ടത്തില് അത് ബാലുവായിരുന്നു. ലവന്‍റെ കല്യാണമുറപ്പിച്ചു!
ബാക്കിയുള്ളവരുടെയൊക്കെ കല്യാണപണികൾക്ക് മുത്തുകുടയും വെഞ്ചാമരവും പിടിച്ച് മുന്നിൽ നടന്ന മൊതലാണ്, പഞ്ചവാദ്യവും ഇരട്ടതായമ്പകയും വേറെ….
അതുകൊണ്ട് തന്നെ റിവഞ്ചു കമ്മിറ്റി രൂപീകരണം പെട്ടെന്ന് കഴിഞ്ഞു.
ബാലു കല്യാണവീട്ടിൽ നടന്നു പുകച്ച സാംമ്പ്രാണിതിരിയുടെ പുക കാരണം ആദ്യരാത്രി മുഴുവൻ അലർജിയുള്ള ഭാര്യയുടെ തുമ്മലും കണ്ടിരിക്കേണ്ടി വന്ന അർജുൻ സെക്രട്ടറിയായി. കല്യാണം കഴിഞ്ഞ് ബ്രേക്കില്ലാത്ത സൈക്കിളിൽ ഭാര്യയെയും കൊണ്ട് വരേണ്ടിവന്ന ഇറക്കത്ത് വീടുള്ള റാഷിദ് പ്രസിഡന്റായി.

റിവഞ്ച് കമ്മിറ്റി മുടങ്ങാണ്ട് ബാലുവിന് സൂചന കൊടുത്തു “ഞങ്ങള് പണിയും ട്ടാ” ഓരോതവണയും ഭയത്തിന്‍റെ ഒരു കണിക പോലുമില്ലാത്ത മുഖവും വെച്ച് ബാലു തിരിച്ച് പുഞ്ചിരിക്കും…..
കല്യാണ ദിവസം അടുത്തടുത്ത് വന്നു… സാധാരണ കൂട്ടുകാർ തരുന്ന പണിയെന്താവും എന്ന് ചിന്തിച്ചു കല്യാണചെക്കന്മാരുടെ നെഞ്ചിടിപ്പാണ് കൂടുക, ഇതിപ്പോ അവന്‍റെ കോണ്‍ഫിഡന്‍സ് ലെവല് കണ്ട് അവന്മാരുടെ ആകാംഷയാണ് കൂടിയത്.
“ഇവനെന്താ ഒരു പേടിയും ഇല്ലാത്തേ?”
“ആവോ… ഇനി നമ്മളറിയാതെ ഒളിച്ചോടാൻ വല്ല പ്ലാനും ഇട്ടിട്ടുണ്ടോ ഇവൻ!”
“ഉവ്വ, കെട്ടി നടത്തിച്ചുകൊണ്ടുവരാൻ ഒരുത്തിയെ കിട്ടിയത് തന്നെ ഭാഗ്യം”

കല്യാണദിവസം. ചെക്കനെ പുറപ്പെടീപ്പിച്ച് ദക്ഷിണ കൊടുപ്പിച്ച് എല്ലാവരും മുറ്റത്തേക്കിറങ്ങി. പെണ്ണിനേയും കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഒരു ജിമിട്ടന്‍ ഘോഷയാത്രതന്നെ പ്ലാന്‍ ചെയ്തു നില്‍ക്കുന്ന സംഘത്തിന്‍റെ അടുത്തേക്ക് ബാലുവിന്‍റെ അച്ഛൻ ഒരു ലിസ്റ്റും കൊണ്ട് വന്നു.
“കല്യാണം കഴിഞ്ഞ് ഞങ്ങള് തിരിച്ച് വീട്ടിലെത്തും മുന്പ് നിങ്ങള് ഇതൊക്കെ വാങ്ങിച്ച് വെക്കണം’
ലിസ്റ്റ് നോക്കി, നാല് മണിക്കൂറ് കൊണ്ട് ഒരു മിനി സൂപ്പർമാർക്കറ്റ് തുടങ്ങാൻ വേണ്ട എല്ലാ ഐറ്റംസും അതിലുണ്ടായിരുന്നു.
ഹാർപ്പിക്, ഡെറ്റോള്, ചൂല്, തൈര്, ചവിട്ടി, കർപ്പൂരം, കുന്തിരിക്കം, കരയാമ്പൂവ് …………. അലമാര കട്ടിൽ, കിടക്ക, ബക്കറ്റ്, ആശാരി
“അതെന്തിനാ ആശാരി?”
“നീയൊന്ന് ശരിക്ക് വായിച്ചുനോക്കിക്കേ…
ആശ വെച്ചിട്ട് വേറെന്തെങ്കിലും ആവും. ”
“അല്ല, ആശ കഴിഞ്ഞിട്ട് രി തന്നെയാണ്‌”
അച്ഛൻ തന്നെ പറഞ്ഞു, “ആശാരി കട്ടില് കൂട്ടാനാണ്. അതിന്‍റെയും കിടക്കയുടേയുമൊക്കെ ക്യാഷ് കൊടുത്തിട്ടുണ്ട്, വണ്ടി വിളിച്ച് കൊണ്ടുവന്നാൽ മാത്രം മതി.”
‘ഇതിനിടയിലെവിടെയാണ് കല്യാണം കൂടാൻ നേരം?’
“അച്ഛാ… ഇന്നലെ രാത്രി പതിന്നൊര വരെ ഞങ്ങളിവിടെ ഉണ്ടായിരുന്നില്ലേ… ഇതെന്താ ഇപ്പൊ പറയുന്നത്?”
“ബാലുവാ പറഞ്ഞത്, തലേന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടാന്ന്”
‘ഓഹോ… അതായിരുന്നു യുദ്ധതന്ത്രം!
“സഹായിക്കാന്‍ നിങ്ങളുടെ കൂടെ ബാലുവിന്‍റെ മാമനും വരും”
സാരെ ജഹാം സെ അച്ഛാ!
പ്ലാന്‍ ബിയും ഉണ്ട്. ഇനിയിപ്പോ അവര്‍ക്ക് ഉത്തരവാദിത്വമുള്ള സ്നേഹിതന്മാരായി നിന്നല്ലേ പറ്റൂ…’
പണിയൊന്നും നടത്താനുള്ളത് പോയിട്ട് ആലോചിക്കാൻ ഉള്ള സാവകാശവും പോലും കിട്ടില്ല.
രാവിലെ തൊട്ടു എന്ഗേജ്ഡ് ആക്കാനുള്ള മൂവ്…

“എല്ലാ സാധനങ്ങളും വാങ്ങിച്ചിട്ട് ഏറ്റവും അവസാനം നമ്മക്ക് ആശാരിയെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞാലോ…”
അത് വേണമെങ്കിൽ നോക്കാം എന്നായി. പക്ഷെ അത് കേട്ടുകൊണ്ടായിരുന്നു ബാലുവിന്‍റെ മാമന്‍റെ വരവ്.
ഓട്ടോറിക്ഷയുടെ വെപ്രാളവും, ലിമിറ്റഡ്സ്റ്റോപ്പ് ബസ്സിന്‍റെ ധൃതിയുമുള്ള സഞ്ചുമാമന്‍. അതോടെ ആ ചിന്തയും ചീറ്റി!! കുടുംബത്തോടെയുള്ള അടവാ…. ബാലു അവരെ നോക്കി വിജയഭാവത്തില്‍ പുഞ്ചിരിച്ചു.

താലി കെട്ട് കഴിഞ്ഞു ആദ്യം ഫോട്ടോ എടുത്തത് അവരാണ്… ആദ്യത്തെ പന്തിക്ക് സദ്യയും കഴിച്ച് ഒരോട്ടമായിരുന്നു. ഓരോരുത്തരും ഓരോ വഴിക്ക്. ചെക്കനും പെണ്ണും വീട്ടിൽ കേറും മുൻപ് എല്ലാം സെറ്റാക്കണമല്ലോ… കട്ടിൽ എടുക്കാൻ പോയ ജിഷ്ണുവും സഞ്ചുമാമനുമാണ് ആദ്യം വീട്ടിലെത്തിയത്. കട്ടിലിന്‍റെ പീസുകള് മുറ്റത്ത് വെച്ച് സഞ്ചുമാമനെ വീട്ടില്‍ നിര്‍ത്തി ജിഷ്ണു ആശാരിയെ വിളിക്കാന്‍ പോയി. അയാള് കൂടെയില്ലാത്ത ഗ്യാപില് എന്തെങ്കിലും പണി ഒപ്പിക്കാന്‍. കുറച്ച് കഴിഞ്ഞപ്പോഴുണ്ട് മാമന്‍റെ കോള്… ‘ആശാരിയെ വേണ്ട, നിങ്ങള് ഇങ്ങോട്ട് പോരെ…’

സാധനജംഗമങ്ങളുമായി എല്ലാവരും വീട്ടിലെത്തിയപ്പോഴാണ് ആ കാഴ്ച! മുറ്റത്ത് സഞ്ചുമാമന്‍ തന്നെ കട്ടില് കൂട്ടി വെച്ചിരിക്കുന്നു.
കല്യാണ പാര്‍ട്ടിയുടെ കൂടെ സംഭവം കണ്ടുവന്ന ബാലുവിന്‍റെ അച്ഛന്‍ ഒരൊറ്റ അലര്‍ച്ചയായിരുന്നു, “പെങ്ങളെ കെട്ടിയ മരപ്പൊട്ടാ…. ഇനി ഇതെങ്ങനെ ഈ വീടിന് അകത്തേക്ക് കയറ്റും???”
എല്ലാവരും നോക്കി, ഉമ്മറത്തെ വാതില് ന്യൂ ബോണ്‍ ബേബിയുടെ ഡയപര്‍ ആയിരുന്നെങ്കില്, കട്ടില് ഘടോല്‍കചനായിരുന്നു!
ഒറ്റ സെക്കന്റ്, സഞ്ചുമാമന്‍ ടാർപ്പായ തുരന്ന് മാനത്തേക്ക് പോയോ, അതോ അടുപ്പ് മാന്തി മണ്ണിലേക്ക് മുങ്ങിയോ ന്ന് പോലും അവര്‍ക്ക് മനസ്സിലാക്കാൻ സാധിച്ചില്ല, ചെങ്ങായി സ്‌കൂട്!

ഉണ്ടായിരുന്ന നട്ടും ബോൾട്ടും പോരാഞ്ഞിട്ട്, അനന്തിരവന് വേണ്ടി ആണി കൂടി അടിച്ച് വെച്ചിട്ടുണ്ട് ആ മഹാൻ. കരുത്തോടെ…കരുതലോടെ!
കല്യാണപെണ്ണിന്‍റെ കൂടെ വീട്ടിലേക്ക് വന്ന അവളുടെ ബന്ധുക്കൾ, പന്തലിൽ കിടക്കുന്ന കട്ടിലിലേക്ക് നോക്കി മൂക്കത്ത് വിരല് വെച്ച്, ‘ഇവിടങ്ങളിലൊക്കെ ഇങ്ങനെയാണോ ആചാരം’ എന്ന് പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കണ്ണീര് നിറഞ്ഞ കണ്ണുകളുമായി ബാലു കൂട്ടുകാരോട് ചോദിച്ചു,
“എടാ… എനിക്ക് കട്ടിലിൽ കിടന്ന് ഒരു ആദ്യരാത്രി ആഘോഷിക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ??”
“ഉം…..”
“എന്താത്?”
“മുറ്റത്തുള്ള കട്ടിലിൽ കിടന്നാ മതി!!”

അച്ഛന്‍റെയും അവന്‍റെയും മുഖത്തേക്ക് നോക്കിയപ്പോൾ ബാക്കിയുള്ളവർക്ക് തോറ്റ മത്സരത്തില് മാൻ ഓഫ് ദി മാച്ച് കിട്ടിയ ഒരു തരം സന്തോഷം. എല്ലാവരും വീട്ടിലേക്ക് നടന്നു.

Deepu Pradeep