ഷോളയാർ ഫോറസ്റ്റ് റേഞ്ചിൽ, വെളിച്ചം പോലും നേരാവണ്ണം കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു പ്രവൈറ്റ് എസ്റ്റേറ്റിലായിരുന്നു കൂട്ടുകാരനും സംഘവും. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ലൊക്കേഷൻ ഹണ്ടിലാണ് ഡയറക്ടറായ അവനും, ക്യാമറാമാനും കണ്ട്രോളറും അടങ്ങുന്ന അവര്‍ ആറുപേര്‍… മുഴുവനായും കാടിനുള്ളിൽ ചിത്രീകരിക്കുന്ന ഒരു സിനിമയായിരുന്നു അവന്‍റെ മനസ്സിൽ. അവന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ‘ആനപിണ്ടത്തിന്‍റെ ചൂരും, അനാകൊണ്ടയുടെ പൾസുമുള്ളൊരു സിനിമ.

പക്ഷെ കൂട്ടത്തിലെ താരം ക്യാമറാമന്‍റെ ഒരു അസിസ്റ്റന്റായിരുന്നു. കാടിന്റെ നിസ്വനവും, മൃഗങ്ങളുടെ ജല്‍പനവും ഒരുപോലെ ബൈഹാര്‍ട്ടാക്കിയ ഒരു പൊന്നുമോൻ.
അടുത്തുള്ള മലവേപ്പിന്‍റെ ഇലയുടെ വാട്ടം നോക്കിയിട്ട്, ‘വലത്തെകാലിന് ചെറിയ മുടന്തുള്ള നാലര വയസ്സുള്ള ഒരു പിടിയാന ഒരാഴ്ച മുമ്പ് ഇതുവഴി കടന്നുപോയിട്ടുണ്ട്’ എന്ന ആദ്യത്തെ ഡയലോഗിലാണ് അവന്‍റെ പ്രഭാവലയത്തിലേക്ക് ബാക്കിയെല്ലാവരും ഇൻ ആവുന്നത്.
‘ഇതുകൊണ്ടാണ് ഞാനിവനെ ഈ പടത്തില്‍ അസിസ്റ്റന്റ്റ് ആക്കിയത്’ എന്ന അര്‍ത്ഥത്തില്‍ ക്യാമറാമാന്‍ ഒരു പുഞ്ചിരി. ഡയറക്ടര്‍ അപ്പഴേ പടം ഇറങ്ങുമ്പോള്‍ ക്യാമറാമാനെ പൊക്കി പറഞ്ഞു ഇടാനുള്ള എഫ് ബി സ്റ്റാറ്റസ് മനസ്സില്‍ കണ്ടു.

ഡയറക്ടര്‍ നടത്തത്തിനിടെ അവന്‍റെ അടുത്തേക്ക് എത്തി,
“നീ ഇതൊക്കെ എങ്ങനെയാ പഠിച്ചത്?”
“വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്ന എന്‍റെ വല്യമ്മാമ പറഞ്ഞുതന്നതാ…”
ഡയറക്ടര്‍ അതുവരെയുണ്ടായിരുന്ന ഹൈറാര്‍ക്കി പോക്കറ്റില്‍ മടക്കി വെച്ച് അവന്‍റെ തോളില്‍ കയ്യിട്ടു നടക്കാന്‍ തുടങ്ങി.
കാട്ടില്‍ ഷൂട്ട്‌ ചെയ്യാന്‍ വന്നവര്‍ക്ക് വേണ്ടി അവന്‍ തന്‍റെ വല്യമ്മാമയുടെ കാടനുഭവങ്ങളുടെ ബാക്ക് പാക്കും, മൃഗവിവരണങ്ങളുടെ ബ്രീഫ്കേയ്സും തുറന്നു. ഫുള്ള് വല്യമ്മാമ മയം!
രണ്ടു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്ക് പറഞ്ഞു പറഞ്ഞ്, സിംഹത്തിന്‍റെയും പുലിയുടെയുമൊക്കെ പ്രീ-വെഡിങ്ങ് ഫോട്ടോ ഷൂട്ട് വരെ നടത്തുന്നത് വല്യമാമ ആണെന്ന് വരെ ആയി.
പൊടിപാറിയ തള്ള്!

ഇതിനിടെ പെട്ടെന്ന്, മുന്നില്‍ നടന്നിരുന്ന അവന്‍ അന്തരീക്ഷത്തില്‍ എന്തോ മണത്ത് ഒറ്റ നില്‍പ്പ്. പിന്നാലെ മറ്റുള്ളവരും. മുന്നില്‍ ഇരുപതടി മാറി വള്ളിപടര്‍പ്പുകളില്‍ ഒരനക്കം!
“അയ്യോ പുലി!!” എന്നലറി പൊന്നുമോൻ ഓരോട്ടം.
ക്രൂ ചിതറിയോടി…

കണ്ടൈന്‍മെന്‍റ് സോണ്‍ മാറിയോ എന്നറിയാന്‍ എല്ലാവരും എത്തിപാളി നോക്കിയപ്പൊ എന്താ? ഒരു പാവം കലമാൻ!
ക്യാമറാമാന്‍ ഒഴികെ ബാക്കി എല്ലാവരും വള്ളിയില്‍ നിന്നും മരത്തില്‍ നിന്നും ഒക്കെയായി എണീച്ച് വന്നു. ക്യാമറാമാനോ? പുലിയെപേടിച്ച് ഒരു ക്രൈനിന്‍റെ ഹൈറ്റുള്ള കൊക്കയിലേക്ക് എടുത്തുചാടി ദേ കാലൊടിഞ്ഞു കിടക്കുന്നു.
വാട്ട് എ ഗുരുദക്ഷിണ!

സംവിധായകന്‍ മറ്റവന്‍റെ നേര്‍ക്ക് തിരിഞ്ഞു,
“പരമ്പരാഗത നാറീ…. സത്യം പറ, നിന്‍റെ ആ വല്യമ്മാമ ഒരു ഫോട്ടോയെങ്കിലും എടുക്കാൻ കാട്ടിൽകേറിയിട്ടുണ്ടോ?”
“ഉം…”
“ന്നിട്ട്???”
“എടുത്ത ക്യാൻഡിഡ് പിക് കാണാൻ കരടി അടുത്തേക്ക് വന്നു എന്നാ വല്യമ്മാമ ഐസിയുവില് വെച്ച് പറഞ്ഞത്”
.
.
.
.
ഉം…. ബാക്കി ഉണ്ടായിരുന്ന ചക്രശ്വാസം വെച്ച് വരെ തള്ളിയിട്ടാണ് അങ്ങേര് പോയത്.

Deepu Pradeep