നമ്മൾ തിരിച്ചുചെല്ലുന്നതും കാത്തിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്, അതിലെയൊന്നാണ് എനിക്ക് കൊടൈ.
രണ്ടായിരത്തിപതിനാറിലെ ദീപാവലിയുടെ തലേനാൾ, കൊടൈകനാൽ വീണ്ടും വിളിച്ചു.
വഴിനീളെ പടക്കങ്ങൾ പൊട്ടികൊണ്ടിരിക്കുന്ന തമിഴ്‌നാടൻ നാട്ടുവഴികളും, ഉഡുമൽപേട്ടിലെ കാറ്റാടിയന്ത്രങ്ങളെയും,
മലമുകളിലെ പളനിയാണ്ടവനെയും കണ്ട്, ബുള്ളറ്റിൽ ഞാൻ ചുരം കയറി.

ചൂടിൽ നിന്ന് മഞ്ഞിലലിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു…. നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ ചെന്ന് അവിടെ മുളഞ്ഞു. പിറ്റേന്ന്, ദീപാവലി ദിവസം, രാവിലെ മന്നവന്നൂർ പോയി തിരിച്ചുവന്നശേഷം വട്ടൈകനാലിലേക്കാണ് യാത്ര ചെയ്തത്. ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്തുനിന്നും ഡോൾഫിൻ നോസ് വരെ സാമാന്യം നല്ല ദൂരമുണ്ട് നടക്കാൻ….
ഉച്ചമഞ്ഞും പേറി നിൽക്കുന്ന പാറകളിൽ ചവിട്ടി ഞാൻ നടന്നു… ദീപാവലി ആയതുകൊണ്ട് തിരക്ക് നന്നേ കുറവ്‌. ഇടയ്ക്ക് ഒരു കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ കടക്കാരൻ മലയാളിയാണോ എന്നെന്നോട് തിരക്കി. അതെയെന്ന് മറുപടി പറഞ്ഞപ്പോൾ, അയാൾ എന്നോട് ഒന്നു സൂക്ഷിച്ചോളാൻ പറഞ്ഞതിന്റെ അർത്ഥം എനിക്കപ്പോൾ മനസ്സിലായില്ല.

പിന്നീട് ഡോൾഫിൻ നോസിൽ എത്തി അവിടുത്തെ അവസാനത്തെ കടയിൽ ലൈമോ മറ്റോ കുടിക്കുമ്പോഴാണ്, അവിടുത്തെ പയ്യനിൽ നിന്ന് ഞാനാ വിഷയമറിഞ്ഞത്. മലയാളികൾ വട്ടയ്കനാലിൽ വന്ന് സ്ഥിരമായി ഓരോരോ പ്രശ്നങ്ങളുണ്ടാക്കി ഒടുവിൽ സഹികെട്ട പൊലീസുകാർ ഇപ്പോൾ കേരളാ രജിസ്‌ട്രേഷൻ ബൈക്കുകളുടെ കാറ്റൂരി വിടുന്നുണ്ടെന്ന്…. തണുപ്പിലും എന്റെ ചങ്ക് ശെരിക്ക് കാളി. മലയാളിചെക്കന്മാർ അവിടെ വന്നുണ്ടാക്കിയ കുരുത്തക്കേടുകൾ ഓരോന്നായി അവൻ വിവരിക്കാൻ തുടങ്ങി…
അപ്പോൾ തന്നെ തിരിച്ച് നടക്കാൻ ക്ഷീണവും കിതപ്പും സമ്മതിച്ചില്ല, പക്ഷെ അവധി ദിവസമാണ്, തിരിച്ചവിടെ നിന്ന് കൊടൈയ്ക്കനാൽ ടൌൺ വരെയുള്ള ദൂരം മുഴുവൻ വണ്ടി തള്ളുന്ന കാര്യമോർത്തപ്പോൾ ഒരുനിമിഷം പോലും അവിടെ നിൽക്കാനായില്ല…

ദുർഘടമായ പാതയിലൂടെ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ള കോടമഞ്ഞിലൂടെ ഞാൻ ഓടുകയായിരുന്നു തിരിച്ച്… ആഗ്രഹിച്ചെങ്കിൽ പോലും വിശ്രമിക്കാനാവാത്ത അവസ്ഥ. ഒടുവിൽ പാർക്കിങ് സ്ഥലത്ത് ചെന്നു നോക്കിയപ്പോൾ ബൈക്കിന് കുഴപ്പമൊന്നുമില്ല… ദീപാവലി ആയത് തന്നെ കാരണം, പൊലീസുകാർ ആരും അവിടെയില്ല.
വലിയൊരു ആശ്വാസത്തോടെ അടുത്ത് കണ്ട കടയിൽ നിന്നും ദാഹം തീരുവോളം ജ്യൂസും മറ്റും വാങ്ങി കുടിക്കുമ്പോഴാണ് അവളെ കണ്ടത്. ആരോ കാറ്റൂരി വിട്ട തന്റെ ട്രയംഫ് ബോണിയ്ക്ക് അരികെ പരവശപെട്ട് നിൽക്കുന്ന ഒരു പെൺകുട്ടി! ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളാണെന്ന് മനസ്സിലാക്കി ഏതോ ഒരുത്തൻ പറ്റിച്ച വിക്രസ്സാണ്.
ഞാൻ ഭയപ്പെട്ട ആ അവസ്ഥ അനുഭവിക്കാൻ പോവുന്നവൾ!

ഞാൻ അടുത്തേക്ക് ചെന്ന് വിവരം തിരക്കി….
അപ്പോഴേക്കും ഒരു റൈഡേഴ്‌സ് ഗ്രൂപ് വഴി ടൗണിൽ ഒരു മിഷലിന്റെ ഫൂട്ട് പമ്പ് അവൾ കൊണ്ടുവരാനായി കണ്ടുപിടിച്ചിരുന്നു. അവിടം വരെ പോയി അത് കൊണ്ടുവരാൻ ഞാൻ സഹായം നീട്ടി…

എന്റെ ബുള്ളറ്റിൽ, കൊടൈ ടൗണിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ പരിചയപെടുന്നത്. തലേന്ന് കണ്ടൊരു സ്വപ്നത്തിന്റെ പിറകെ സഞ്ചരിച്ച ഒരു ഭ്രാന്തി പെൺകുട്ടി!
ചുണ്ടു കൂട്ടിയിടിക്കുന്ന തണുപ്പിൽ, അവൾ പേര് പറഞ്ഞു. ദക്ഷിണ കന്നഡയിലെ പുത്തൂരാണ് സ്വദേശം.
യാത്രകളെ കുറിച്ചും, മോട്ടോർസൈക്കിളുകളെ പറ്റിയുമുള്ള നിർത്താതെയുള്ള സംസാരത്തിനിടെ ഞങ്ങളുടെ രണ്ടു ഹെൽമറ്റുകളും തമ്മിൽ ഒരുപാട് തവണ കൂട്ടിയിടിച്ചു. നാലാമത്തെ സോറിക്ക് ശേഷം അവൾ ഒടുവിൽ എല്ലാം കൂടെ ചേർത്തൊരു സോറി പറയാം എന്ന് പറഞ്ഞൊരു ചിരി തന്നു.

ടൗണിൽ നിന്നും ഫുട്ട് പമ്പ് എടുത്തിട്ടുള്ള മടക്കയാത്രയിൽ തണുപ്പ് ചെറുതായി കുറയുന്നതായി എനിക്ക് തോന്നി. അവൾ എന്നോട് കൂടുതൽ ചേർന്നിരിക്കുന്നു!
ആ കാട് പൂക്കുന്നതായെനിക്ക് തോന്നി.

വട്ടയ്കനാൽ എത്തി ട്രയംഫിന്റെ ടയർ ശരിയാക്കിയശേഷം തിരിച്ച്‌ യാത്ര തുടങ്ങിയപ്പോഴേക്കും പാത ഇരുട്ടി തുടങ്ങിയിരുന്നു…. മടക്കയാത്രയിൽ ഞങ്ങളുടെ രണ്ടു മോട്ടോർസൈക്കിളുകളും ഒരുമിച്ചുതന്നെയായിരുന്നു…
മഞ്ഞുപരന്നുമൂടിയ വിജനമായ ആ കാട്ടുപാതയിൽ, അവളുടെ ട്രയംഫിന്റെ എക്‌സ്ഹോസ്റ്റ് നോട്ട് സംഗീതമൊരുക്കികൊണ്ടിരുന്നു. മുന്നിലെ വീഥിയിലേക്കാൾ കൂടുതൽ അവളിലേക്കാണ് ഞാൻ കണ്ണുനട്ടത്….
അവൾ ത്രോട്ടിൽ കൊടുക്കുന്നതിൽ പോലും ഒരു താളമുണ്ടായിരുന്നു. കർവുകളിൽ ഡൗൺ ഷിഫ്റ്റ് ചെയ്ത് വണ്ടി ചെരിച്ച് തിരിയുന്നതിൽ ഒരു ആർട്ട് ഉണ്ടായിരുന്നു…

രാത്രി, കൊടൈ ടൗണിൽ വെച്ച് ഈരണ്ടു കാപ്പി കുടിച്ചശേഷം രണ്ടുപേരും രണ്ടു വഴിക്കായി പിരിയാൻ ഒരുങ്ങുമ്പോൾ പേരറിയാത്ത ഒരു ശ്യൂന്യതായിരുന്നു എന്റെ ഉള്ളിൽ. പക്ഷെ അവൾക്ക് ഒരു ചോദ്യമുണ്ടായിരുന്നു,
‘ഒരിക്കൽ കൂടി വട്ടയ്കനാൽ കാണാൻ പോരുന്നോ… ഇന്നത്തെ പോലെയല്ല, ആശ്വാസത്തോടെ, ശാന്തമായി ആ സ്ഥലം കാണാം…’
സുന്ദരമായ ചോദ്യം!
ഞാൻ സന്തോഷത്തോടെ തലയാട്ടി. ഞങ്ങൾ രണ്ടുപേർക്കും വട്ടൈകനാലിനെ കുറിച്ചോർക്കുമ്പോൾ നല്ലൊരോർമ്മ വേണമായിരുന്നു…
പിറ്റേന്ന് രാവിലെ കൃത്യം എട്ടു മണിക്ക് അതേ സ്ഥലത്ത് കണ്ടുമുട്ടി യാത്ര തുടങ്ങാം എന്ന തീരുമാനത്തിൽ ഞങ്ങൾ ഇരുവഴിക്കും പിരിഞ്ഞു. തൊടിയിലെ പേരാലിന്റെ ചുവട്ടിൽ പെയ്യുന്ന മഴയാണ് ആ രാത്രി ഞാൻ സ്വപ്നം കണ്ടത്.

പക്ഷെ പിറ്റേന്ന്‌….. കാണാമെന്ന് പറഞ്ഞിടത്ത് അവളുണ്ടായില്ല, കാണാമെന്ന് പറഞ്ഞ സമയത്തും, അതിനുശേഷവും…
വീണ്ടും കാണും എന്ന പ്രതീക്ഷയിൽ വട്ടൈകനാൽ വരെ ഞാൻ പോയിനോക്കി… പൊള്ളുന്ന വെയിലായിരുന്നു അവിടെ.
യാത്ര പറയാതെ പിരിയുന്നവരുടെ ഓർമ്മകൾക്ക്, ആഴം കൂടുതലായിരിക്കുമെന്ന് അവിടുന്നുള്ള മടക്കയാത്രയിൽ ഞാനറിഞ്ഞു…

പിന്നെ സോഷ്യൽ മീഡിയയിൽ എവിടെ തിരഞ്ഞിട്ടും ആ പേര് ഞാൻ കണ്ടിട്ടില്ല. പക്ഷെ വേറൊന്ന് കണ്ടിട്ടുണ്ട്,
ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച.
അതെന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും, അത്…. ഒരു രാത്രിമഞ്ഞിന്റെ തണുപ്പത്ത്, ഫുള്ള്‌ റൈഡിങ്ങ്‌ സ്യൂട്ടിൽ മോട്ടോർസൈക്കിൾ ഓടിക്കുന്ന ഒരു പെൺകുട്ടിയുടെ കാഴ്ചയാണെന്ന്… ഹെൽമെറ്റിന് താഴെക്കൂടെ പുറത്തേക്കിറങ്ങി കാറ്റിൽ പറക്കുന്ന മുടിയിഴകൾ! തല ചെരിക്കുമ്പോഴോ താഴ്ത്തുമ്പോഴോ മാത്രം കാണാനാവുന്ന പിൻകഴുത്തിന്റെ പെൺഭംഗി!
എനിക്കെന്റെ ലോകം തന്നെ നിശ്ചലമായിപോയിട്ടുണ്ട്.