എഞ്ചിനീയറിങ് കോളേജിലെ സെമസ്റ്റർ ലാബ് എക്സാം കാലം. ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലെ വൈവ മേശയാണ് വേദി.

സാർ ഫ്‌ളോ റേറ്റ് മെഷർമെന്റിനെ കുറിച്ചൊക്കെ ചോദിച്ച് നോച്ചസിൽ എത്തി. ‘ഓവർ ഫ്ലോ’ എന്നുത്തരം വരുന്ന ഒരു ചോദ്യമായിരുന്നു പിന്നെ വന്നത്.
പക്ഷെ ആ ആൻസറിയാതെ മുന്നിൽ പകച്ചിരിക്കുന്ന ആള് റോൾ നമ്പർ 22 ആണ്. രണ്ടു ദിവസം മുന്നത്തെ പ്രൊഡക്ഷൻ എഞ്ചിനീയറിങ് ലാബ് വൈവയ്ക്ക് ഉത്തരം മുട്ടിയപ്പോൾ
“ന്റെ വീട്ടില് ലേത്ത് മെഷീൻ ഒന്നുമില്ല സാറേ” എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ അതേ റോൾ നമ്പർ 22. ഹാന്റിൽ വിത്ത് കെയർ ഐറ്റമാണ്.

ആവശ്യത്തിലധികം വെള്ളമുള്ള ഫ്ലൂയിഡ് മെക്കാനിക്സ് ലാബിലും കൂടി അവന്റെ കണ്ണുനീര് ഒഴുക്കി എന്ന ചീത്തപ്പേര് കേൾക്കാണ്ടിരിക്കാൻ സാർ മാക്സിമം ഹെൽപ് ചെയ്തു. പക്ഷെ എന്തുചെയ്തിട്ടും റോൾ നമ്പർ 22 അങ്ങോട്ടെത്തുന്നില്ല. ‘ഓവർ ഫ്ലോ’ എന്ന വാക്കൊഴികെയുള്ള പത്തുത്തരം വരെ അവൻ പെടച്ചു.
എങ്ങനെയെങ്കിലും ഒന്നു കഴിച്ചിലായി പൊക്കോട്ടെ ന്നു കരുതി സാറ്‌ ലാസ്റ്റ് അവന്റെ വീട്ടിലെ എക്‌സാമ്പിൾ തന്നെ എടുത്തിട്ടു, ഇമോഷണൽ കണക്റ്റ്.
“എടോ… തന്റെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുകയാണ് ന്ന് സങ്കൽപ്പിക്ക്…”
“സങ്കൽപ്പിച്ചു”
“ഉം…. അപ്പൊ ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയാൽ, താൻ എന്താ പറയാ?
“അമ്മേ…. മോട്ടറ് നിറഞ്ഞു!!”