ഒരാൾക്ക് ഇരട്ടപ്പേര് വീഴുന്നതെങ്ങനെയാണ്?
ജീവിതത്തിൽ പറ്റുന്ന നല്ല വല്ല അബദ്ധങ്ങൾ കാരണമോ, ശാരീരകമായ പ്രത്യേകതകൾ കൊണ്ടോ, വീട്ടുപേര് കൊണ്ടോ, ജോലി കൊണ്ടോ, സ്വഭാവത്തിലുള്ള ജിഞ്ചിന്നാക്കടി കൊണ്ടോ ഒക്കെ ഒരു പേര് ലഭിക്കാൻ യോഗവും ഭാഗ്യവുമുണ്ടാവും. പക്ഷേ ഞങ്ങളുടെ നാട്ടിലെ മൊയ്തുവിന് ഇരട്ടപ്പേര് വീഴാൻ ഇതൊന്നുമായിരുന്നില്ല, വേറൊരു മൊയ്തുവായിരുന്നു കാരണം.

കേരളത്തിന്റെ ഗ്രാമപഞ്ചായത്ത് മാപ്പെടുത്ത് നോക്കിയാൽ, എലി കടിച്ച എലിക്കെണി പോലെയിരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ, മൊയ്തു എന്ന് പേരുള്ള രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒന്ന് നമ്മടെ മൊയ്തു, പിന്നൊന്ന് നെലോളി കുന്നിൽ നിന്ന് നോക്കിയാൽ കാണുന്ന പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു. ‘പാതാള പാടത്തിനടുത്ത് താമസിക്കുന്ന മൊയ്തു എന്ന് നേരെയങ്ങോട്ട് വിശേഷിപ്പിച്ചാൽ പോരെ?’ എന്ന് നിങ്ങൾക്ക് തോന്നും… ഇല്ല, നെലോളി കുന്നിൽ താമസിക്കുന്ന കൂടി ആമിനയെകൂടി മെൻഷൻ ചെയ്യാതെ ഈ മൊയ്തു പൂർണ്ണതയിലേക്കെത്തില്ല.

പണ്ട്…. ‘മേനേ പ്യാർ കിയാ’ റിലീസായ കൊല്ലം. അന്ന് ആമിനയോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്ന മൊയ്തു അത് തുറന്ന് പറയാൻ അവരുടെ വീട്ടിലെത്തി. തൊടിയിലെ നെല്ലിമരത്തിൽ നിന്ന് നെല്ലിക്ക പറിച്ചുകൊണ്ടിരിക്കുകയിരുന്നു ആമിനയപ്പോൾ. ആമിനയുടെ കരിവളകൾ അയാളെ നോക്കി കിലുങ്ങിയപ്പോൾ, മൊയ്തു തന്റെ ഇഷ്ടം പറഞ്ഞു. ചെവിക്ക് ലേശം കഷ്ടിയുള്ള ആമിന, മൊയ്തു നെല്ലിക്ക ചോദിച്ചതാണെന്ന് കരുതി പുഞ്ചിരിച്ചുകൊണ്ട് ഒരു നെല്ലിക്ക കൊടുത്തു.
ആമിന തന്റെ പ്രൊപ്പോസലിനു ഓക്കേ പറഞ്ഞ് തന്നതാണ് ആ നെല്ലിക്ക എന്ന് കരുതി മൊയ്തു സന്തോഷത്തോടെ അത് വാങ്ങി വീട്ടിൽ കൊണ്ടുപോയി. വിലമതിക്കാനാവാത്ത ആ പ്രണയനെല്ലിക്ക കേടുവരാതിരിക്കാൻ വേണ്ടി മൊയ്തു ഉപ്പിലിട്ടു വെച്ചു.
തങ്ങൾക്കുണ്ടാവുന്ന കുട്ടികൾക്കും അവർക്കുണ്ടാവുന്ന കുട്ടികൾക്കുമൊക്കെ ഇത് കാണിച്ചു കൊടുക്കണം. ചാരുകസേരയിൽ കിടന്ന് ഉസ്താദ് ഹോട്ടലിലെ തിലകൻചേട്ടനെ പോലെ അവരോട് പറയാനുള്ള ഡയലോഗ് വരെ മൊയ്തു ഫോർകാസ്റ്റ് ചെയ്തുവെച്ചിരുന്നു…
“മക്കളെ… നിങ്ങളൊക്കെ പിറക്കാൻ കാരണമായ ആ മനോഹര നിമിഷത്തത്തിന്റെ ഓർമ്മയാണ് ഞാനീ കുപ്പിയിൽ അടച്ചുവെച്ചിരിക്കുന്നത്….”
പക്ഷേ ആമിന നൈസായിട്ട് വേറെ ആളെ കെട്ടിപ്പോയി. കാല്പനികമായി തേഞ്ഞ മൊയ്തു അതോടെ ‘ഉപ്പിലിട്ട മൊയ്തു’ എന്ന് പരക്കെ അറിയപ്പെടാൻ തുടങ്ങി.
പക്ഷേ രണ്ട് മൊയ്ദുമാര് ഉണ്ടായിരുന്നതുകൊണ്ട് പിന്നീട് നാട്ടിൽ എന്തെങ്കിലും മൊയ്തു റഫറൻസുകൾ വരുമ്പോൾ സ്വാഭാവികമായും,
“ഏത് മൊയ്തു, ഉപ്പിലിട്ട മൊയ്ദുവോ?”
“അല്ല ഇടാത്ത മൊയ്ദു”
എന്ന് സംസാരം വരുമല്ലോ… അങ്ങനെയാണ് ആമിനയെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് മര്യാദയ്ക്ക് നേരിട്ട് കണ്ടിട്ടു കൂടിയില്ലാത്ത നമ്മടെ മൊയ്തുവിനും ഒരു ഇരട്ടപ്പേര് ചാർത്തിക്കിട്ടുന്നത്, ‘ഉപ്പിലിടാത്ത മൊയ്തു’!
വർക്കത്ത് വരുന്ന ഓരോ വഴികളേ….

തന്റേതല്ലാത്ത കാരണത്താൽ ഇരട്ടപ്പേര് വീണ ഉപ്പിലിടാത്ത മൊയ്തു അതോടെ, ഉപ്പിലിട്ട മൊയ്തുവിനെ അൺഫ്രണ്ടും അൺഫോളോയും ചെയ്തു. രണ്ടുപേർക്കും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നും ഇല്ലാത്തതിനാൽ കണ്ടാൽ നോക്കാതിരിക്കുക, മിണ്ടാതിരിക്കുക, സഹകരിക്കാതിരിക്കുക തുടങ്ങിയവയാണ് ചെയ്തത്. ആ മൊയ്തു ഇരിക്കുന്ന കല്യാണ പന്തിക്ക് പോലും ഇരിക്കാതെ വേറെ പന്തിക്ക് ഇരിക്കുന്ന അളവിൽ നീരസമായിരുന്നു ഉപ്പിലിടാത്തയാള് ഉള്ളിൽ കൊണ്ടുനടന്നത്.

ഉപ്പിലിട്ട മൊയ്തു ആ നെല്ലിക്ക ഭരണി എടുത്ത് തോട്ടിലിട്ടശേഷം ഒരു കല്യാണം കഴിച്ചു. അതിലുണ്ടായതാണ് മഷർ. വലുതായശേഷം ഒരു കുങ്ഫു മാസ്റ്റർ ആവണം എന്നായിരുന്നു മഷറിന്റെ ആഗ്രഹം. അപ്പോ ആരോ പറഞ്ഞു പറ്റിച്ചു, കുങ്ഫു മാസ്റ്റർ ആയാൽ തലമുടി കൊഴിയും. മഷറും ആലോചിച്ചു, ശരിയാ… കണ്ടിട്ടുള്ള എല്ലാ കുങ്ഫു ഫ്ലെക്സുകളിലെ മാസ്റ്റർമാർക്കും കഷണ്ടിയുണ്ട്, ‘മഹേഷിന്റെ പ്രതികാരത്തി’ലെ കുങ്ഫു മാസ്റ്റർക്കും ഉണ്ട്. അങ്ങനെ അതിൽ നിന്ന് പിന്മാറി അവൻ വാപ്പയുടെ തൊഴിലായ ബേക്കറി ബിസിനസിലേക്ക് കടന്ന് ചെന്ന് ഒരു നെപ്പോ കിഡ് ആയി.
ഈ മഷർ ആണ് ഉപ്പിലിട്ട മൊയ്തുവിനെയും ഉപ്പിലിടാത്ത മൊയ്തുവിനെയും തമ്മിൽ ബന്ധിപ്പിച്ച ചമ്രവട്ടം പാലം. എങ്ങനെയെന്നല്ലേ, ബേക്കറിയിൽ ഇടക്കിടെ കേക്ക് വാങ്ങാൻ വന്നിരുന്ന ഉപ്പിലിടാത്ത മൊയ്തുവിന്റെ മകൾ ഷിംനയുമായി മഷർ പ്രേമത്തിലായി! ഷിംന വാങ്ങിച്ച ഒരു കേക്കിൽ ‘ഹാപ്പി ബർത്ത് ഡേ’ ക്ക് പകരം ‘ഐ ലവ് യു ഷിംന’ എന്ന് എഴുതിയാണ് മഷർ തന്റെ ഇഷ്ടം പറഞ്ഞത്.
പക്ഷേ ഉപ്പിലിട്ടതും ഉപ്പിലിടാത്തതുമായ മൊയ്തുമാർ ബന്ധുക്കളാവാൻ പോവുന്ന ഗ്രാമീണ കൗതുകത്തിന് കാത്തിരുന്നവരെ നിരാശരാക്കിക്കൊണ്ട് ഉപ്പിലിടാത്ത മൊയ്തു ഉടക്ക് വെച്ചു.
ഒരു കാരണവശാലും മോളെ മഷറിന് കെട്ടിച്ച് കൊടുക്കില്ലെന്ന് മൊയ്തു തീർത്തു പറഞ്ഞു. കാരണം ഒന്നേയുണ്ടായിരുന്നുള്ളൂ… തന്നെ ഉപ്പിലിടാത്തവനാക്കിയ മറ്റേ മൊയ്തുവിനോടുള്ള ഈ മൊയ്തുവിന്റെ പക.

ഫാദർ ഇൻ ലോ മൊയ്തുവിന്, തന്റെ ഫാദർ മൊയ്തുവിനോടുള്ള ഇഷ്ടക്കേട് മാറ്റി കല്യാണം നടത്താൻ മഷർ പല വഴിക്കും പരിശ്രമിച്ചു. പക്ഷേ ഉപ്പിലിടാത്ത മൊയ്തു അടുത്തില്ല. അവസാനം മഷർ രണ്ടുംകല്പിച്ച് ഷിംനയുടെ വീട്ടിൽ ചെന്ന് പെണ്ണുചോദിക്കാൻ തന്നെ തീരുമാനിച്ചു,
അവന്റെ വാരിപൂശിയ ക്രോമുള്ള ഫോർച്യൂണർ ഉപ്പിലിടാത്ത മൊയ്തുവിന്റെ വീടുമുറ്റത്ത് എത്തി. മഷറിന്റെ പാക്കോ റബാനയുടെ മണവും, മൊയ്തുവിന്റെ ഊദിന്റെ വാസനയും വീട്ടുമുറ്റത്ത് വെച്ചാണ് കൂട്ടിമുട്ടിയത്.
കുറെ നേരത്തെ വാക്ക് തർക്കത്തിനൊടുവിൽ, മഷറിന്റെ ഡിറ്റർമിനേഷനും മുറ്റത്തുള്ള ഫോർച്യൂണറും അങ്ങനെ എളുപ്പം റിവേഴ്സെടുത്ത് പോവില്ലെന്ന് മനസ്സിലായ ഉപ്പിലിടാത്ത മൊയ്തു ഒരു കണ്ടീഷൻ മുന്നോട്ട് വെച്ചു.
“ശരി കല്യാണം നടത്തിതരാം, പക്ഷേ നിന്റെ വാപ്പ പേര് മാറ്റണം.”
കല്യാണം നടക്കണമെങ്കിൽ ഗ്രൂമിന്റെ അച്ഛന്റെ പേര് മാറ്റണം എന്നൊരു കണ്ടീഷൻ ലോകത്തൊരു കല്യാണത്തിലും ഉണ്ടായിക്കാണില്ല, ക്രൂര നാറി!
മഷർ തിരിച്ചു പറഞ്ഞു,
“അല്ലന്നും, ഇത് നാട്ടുകാര് വിളിക്കുന്ന പേരല്ലേ, പേര് മാറ്റി ഗസറ്റിൽ പരസ്യം കൊടുത്താലൊന്നും ഈ തെണ്ടികൾ അവര് പേര് വിളിക്കുന്നത് മാറ്റില്ലല്ലോ…?”
“അതെനിക്കും അറിയാം… പക്ഷേ ഒന്നും ചെയ്യാതെ എനിക്കൊരു ഇരട്ടപ്പേര് കൊണ്ട് തന്ന അന്റെ വാപ്പയോട് ഇങ്ങനെയെങ്കിലും ഞാൻ പ്രതികാരം ചെയ്യണ്ടേ?”
അതെ, ഈ കല്യാണം നടന്നാൽ നാട്ടിൽ ഒരു മൊയ്തു മാത്രമേ അവശേഷിക്കൂ…
തിരിച്ച് വീട്ടിലേക്ക് ഫോർച്യൂണർ ഓടിക്കുമ്പോൾ മഷർ, വാപ്പയ്ക്ക് ഇടാൻ പറ്റിയ പേരുകൾ ആലോചിക്കുകയായിരുന്നു…

ഉപ്പിലിട്ട മൊയ്ദുവിനോട് മകൻ മഷർ ഭാവി വധുവിന്റെ വാപ്പ വെച്ച കണ്ടീഷൻ വെളിപ്പെടുത്തി. അത് കേട്ടതും മൊയ്തുവിന്റെ ശരീരത്തിന്റെ താപനിലയും മർദ്ദവും കൂടി, ഏത് നിമിഷവും അതൊരു മിന്നൽ പ്രളയം പോലെ ഇടിച്ചികുത്തി പെയ്യുകയോ പൊടിക്കാറ്റ് പോലെ വീശിയടിക്കുകയോ ചെയ്യുമെന്ന് മഷറിനു തോന്നി. പക്ഷേ വന്നത് ഒരു കടലാണ്…
“നിനക്കറിയോ… ഇതുവരെ എന്നെ ഉപ്പിലിട്ട മൊയ്തു എന്ന് വിളിച്ച ഒരുത്തനേയും ഞാൻ തിരിച്ചൊന്നും പറഞ്ഞിട്ടില്ല…. ഓരോ തവണ അത് കേൾക്കുമ്പോഴും എനിക്ക് അവളെ ഓർമ്മ വരും. എനിക്ക് കെട്ടി കൂടെ കൂട്ടാൻ പറ്റിയില്ലെങ്കിലും, എന്റെ പേരിന്റെ കൂടെ അവളുണ്ട്…. അത് ഞാൻ മരിക്കും വരെ അങ്ങനെ തന്നെ വേണം!”
എല്ലാ ഇരട്ടപ്പേരുകളും തമാശയല്ല, ചിലത് ഓർമ്മകളെ ജീവനോടെ വെക്കാനുള്ളതുകൂടിയാണെന്ന് മഷർ തിരിച്ചറിഞ്ഞു.

ഒരു മാസം തികയും മുൻപേ അത് സംഭവിച്ചു. ഉപ്പിലിടാത്ത മൊയ്തുവിന്റെ വീട്ടിൽ നിന്നും മകൾ ഷിംന അപ്രത്യക്ഷയായി. സാധാരണ ഒളിച്ചോടിപ്പോവുന്ന പെൺകുട്ടികൾ ആണല്ലോ മാതാപിതാക്കൾക്ക് വായിക്കാൻ ഒരു കുറിപ്പ് എഴുതിവെക്കുക, ഇത് ഷിംനയെ ചാടിച്ചുകൊണ്ടു പോയ മഷർ ആയിരുന്നു മൊയ്തുവിന് വായിക്കാൻ ഒരു കുറിപ്പ് വെച്ചിരുന്നത്.
“എന്റെ വാപ്പാന്റെ പേര് ഉപ്പിലിട്ട മൊയ്തു എന്ന് തന്നെയായിരിക്കും.”
കരിവളകൾ വീണ്ടും കിലുങ്ങി. അതെ, ഉപ്പിലിട്ട മൊയ്തുവിന്റെ മനസ്സിലെ നെല്ലിമരത്തിലിരുന്ന് ആമിന ഇപ്പോഴും നെല്ലിക്ക പൊട്ടിക്കുന്നുണ്ട്…


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.