‘എപ്പോഴാണ് ഡയറക്ടർ ആവുന്നത്?’ തിരക്കഥാകൃത്തായ ഞാൻ സ്ഥിരം നേരിടുന്ന ഒരു ചോദ്യമാണത്. ഒരു ഡയറക്ടർ ആവുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടൊന്നുമില്ലെങ്കിലും, എട്ട് വർഷത്തിലേറെയായി ഞാൻ ഒരു പ്രൈവറ്റ് ലിമിറ്റ് കമ്പനിയുടെ ഡയറക്ടറാണ്, പത്ത് എംപ്ലോയീസുള്ള ചെറിയൊരു സോഫ്റ്റ് വെയർ കമ്പനി. കുറച്ച് പ്രൊഡക്റ്റ്സുണ്ട്, കസ്റ്റം ഡിവലപ്മെന്റ്സുകളും ചെയ്യും.
ബിസിനസ്സിന്റെ ആവശ്യത്തിനായി പുതിയ ആളുകളെ മീറ്റ് ചെയ്യുമ്പോൾ കഥയാക്കാനുള്ള വസ്തു വകകൾ എനിക്കങ്ങനെ കിട്ടിയിട്ടില്ല… പണ്ടൊരിക്കൽ ഒരു പൊട്ടൻഷ്യൽ ക്ലയന്റ്, “ഫേസ്ബുക്ക് പോലത്തെ ഒന്നുണ്ടാക്കാൻ എന്ത് കാശ് വരും?” എന്ന് ചോദിച്ചത് മാത്രം ഓർമ്മയിലുണ്ട്. സക്കർബർഗിന് ഡയറക്റ്റ് കോംപിറ്റീഷൻ കൊടുക്കാൻ ട്രൗസറിട്ടിറങ്ങിയ അങ്ങേരെ, കോഴിക്കോടുള്ള ഒരു ഐ.ടി കമ്പനി രണ്ടര ലക്ഷം രൂപയ്ക്ക് ഒരു ഫേസ്ബുക്ക് ഉണ്ടാക്കിക്കൊടുത്തു ട്രൗസർ ഊരിച്ചു വിട്ടെന്ന് പിന്നീടറിഞ്ഞു. നല്ല ‘പൊട്ടൻ’ഷ്യലായിരുന്നു…
ബഷീറിയൻ ഭാഷയിൽ പറയുകയാണെങ്കിൽ സുന്ദരവും സുരഭിലവും ദിവ്യവും ശിഞ്ജീരമഞ്ചിതവുമായ ഒരു സുദിനം. എനിക്കന്നൊരു ക്ലൈന്റ് മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ തന്നെ ഒരു ക്ലൈന്റിന്റെ റഫറൻസിൽ, ഒരു മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്യാനായിരുന്നു ഗിരീഷ് എന്ന ആ വ്യക്തി കോണ്ടാക്ട് ചെയ്തത്. ചന്ദ്രിക സോപ്പിന്റെ നിറമുള്ള ഒരു ഷർട്ടുമിട്ടിട്ട് ഞാൻ പോയി. മൂപ്പര് ഇട്ടിരുന്നത് സന്തൂറിന്റെ കളറുള്ള ഒന്നായിരുന്നു. അവിടെത്തന്നെ ഞങ്ങള് കണക്റ്റായി.
മീറ്റ് ചെയ്യാൻ വരുന്ന എന്നെക്കുറിച്ച് അദ്ദേഹം മുൻപേ തന്നെ ഒരു പഠനം നടത്തിയിരുന്നു.
“കഥകളൊക്കെ വായിച്ചു, നന്നായിട്ടുണ്ട്. ഇരട്ടപ്പേരുകൾ ആണല്ലോ നിങ്ങളുടെ ഒരു യു എസ് പി?”
ഞാൻ മറുപടിയായൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു, മുന്നോട്ട് കൊണ്ടുപോയില്ല. ‘കഥ പ്രസിദ്ധീകരിക്കാനല്ലല്ലോ ഞാനിവിടെ വന്നിരിക്കുന്നത്, കച്ചോടത്തിനല്ലേ?’ പക്ഷേ എന്റെ ലെവൽ ടു അഡാസ് സിഗ്നൽ കൊടുത്തിട്ടും മൂപ്പര് അതേ ട്രാക്കിൽ തന്നെ വണ്ടിയോടിച്ചു,
“എനിക്കുമുണ്ടൊരു ഇരട്ടപ്പേര്, വണ്ടർ ഗിരീഷ്.”
“വണ്ടർ ഗിരീഷോ?” ഞാൻ ചോദിച്ചു.
“യെസ്, ഞാനൊരു വണ്ടർ ആണെന്നാണ് ഫ്രണ്ട്സ് പറയുന്നത്.”
ഞാൻ മനസ്സിൽ അടുത്തത് ആലോചിക്കും മുൻപ് അദ്ദേഹം തന്നെ ഇങ്ങോട്ട് പറഞ്ഞു,
“എന്ത് അർത്ഥത്തിലാണാവോ…”
എന്നിട്ട് പുലിവാൽ കല്യാണത്തില് സലീമേട്ടന്റെ മണവാളൻ ചിരിക്കുന്ന പോലെ ചിരിച്ചു. ഇത് രണ്ടാം ഫേസ്ബുക്ക് മുതലാളിയെ വെട്ടിക്കും എന്നെനിക്കുറപ്പായി.
കാനഡയിലെ ജോലി മതിയാക്കി നാട്ടിലെത്തി റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഇടയ്ക്കാണ് ആശാന്റെ അഗതാരിലൊരു അഗ്നി തെളിഞ്ഞത്, ഒരു സംരഭകനാവണം! നെറ്റി ചുളിച്ച ഭാര്യയോട്, ‘പി.എൻ.സി മേനോൻ ശോഭാ ഗ്രൂപ്പ് തുടങ്ങുന്നത് നാല്പത്തിയേഴാം വയസ്സിലും, കേണൽ ഹർലന്റ് കെഎഫ്സി തുടങ്ങുന്നത് അറുപത്തിരണ്ടാം വയസ്സിലുമാണ്’ എന്ന് പഞ്ചടിച്ചത്രേ. പ്രേമവും ചിക്കൻപോക്സും പോലെതന്നെയാണ് സംരംഭക മോഹവും, കുറച്ച് വൈകിയിട്ടാണെങ്കിലും എല്ലാർക്കും വരും!
എന്നോടും കുറച്ചില്ല, മൂപ്പര് കുത്തിയിരുന്നു വായിച്ച ബിസിനസ് പുസ്തകങ്ങളിൽ, മഞ്ഞ ഹൈലൈറ്റർ വെച്ച് മാർക്ക് ചെയ്ത ഏതാനും ചില ക്വോട്ടുകളും എന്നോട് ഉദ്ധരിച്ചു. പിന്നെ ഉപദേശവും,
“മറ്റുള്ളവർ പറയുന്ന ആപ്പ് ഐഡിയ മാത്രം ഉണ്ടാക്കാതെ നിങ്ങൾ സ്വന്തമായി എന്തെങ്കിലും കൂടി ഉണ്ടാക്കൂ…. നമ്മൾ ലൈഫിൽ നേരിട്ട ഒരു ഒരു പ്രോബ്ലത്തിനെ അഡ്രസ് ചെയ്ത് അതിനൊരു സൊല്യൂഷൻ കൊടുത്തിട്ടാണ് എല്ലാ ബിസിനസുകാരും സക്സസ്ഫുൾ ആയിട്ടുള്ളത്.”
അതിനൊക്കെശേഷമാണ് അങ്ങേരുടെ ഖൽബിലുണ്ടായിരുന്നു മൊബൈൽ ആപ്പ് ഐഡിയയിലേക്ക് സംസാരമെത്തിയത്, കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ ഓഡിറ്റോറിയങ്ങളിലും നടക്കുന്ന കല്യാണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു മൊബൈൽ ആപ്പ് ആയിരുന്നു പുള്ളിയുടെ ബിസിനസ് പ്ലാൻ.
ഐഡിയ ഓക്കേ. പക്ഷേ അതിനൊരു യൂസ് കേസ് വേണമല്ലോ. ഞാൻ ചോദിച്ചു,
“ഇത് ആരെയാണ് ടാർഗറ്റ് ചെയ്യുന്നത്?”
“ക്ഷണിക്കാത്ത കല്യാണത്തിന് പോവുന്നവരെ!”
മനോഹരം, മുന്തിരി വള്ളിയില് മത്തങ്ങ ഉണ്ടായ പോലെ മനോഹരം.
“എവിടെയൊക്കെ കല്യാണം ഉണ്ടെന്നും, എന്ത് ഫുഡ് ആണെന്നും എന്നുള്ള വിവരങ്ങൾ കൊടുക്കാൻ പറ്റിക്കഴിഞ്ഞാൽ നമുക്ക് ചെറിയൊരു മന്ത്ലി സബ് സ്ക്രിബ്ഷനും വെക്കാമല്ലോ, കോസ്റ്റ്ലി ഫുഡ് അല്ലേ ഫ്രീയായിട്ട് കിട്ടുന്നത്. ആളുകൾ റെസ്റ്റോറന്റ് സെർച്ച് ചെയ്യാതെ എന്റെ ആപ്പ് സേർച്ച് ചെയ്യും.”
ബുദ്ധി ബോയിങ് വിമാനം തന്നെ, 737.
“ചെക്കന്റെയും പെണ്ണിന്റെയും പേരും അഡ്രസും മാത്രമല്ല, അവർ എവിടെ പഠിച്ചു, എവിടെ ജോലിചെയ്യുന്നു, അച്ഛനും അമ്മയും എന്ത് ചെയ്യുന്നു എന്നുള്ള കുറച്ച് വിവരങ്ങൾ കൂടി ആപ്പിൽ ലഭ്യമാക്കണം.”
“അതെന്തിനാ?”
“ആരെങ്കിലും സംശയം തോന്നി ചോദ്യം ചെയ്താലും തല്ല് കൊള്ളാതെ രക്ഷപ്പെടാമല്ലോ!”
ഇത് ഇങ്ങേര് ലൈഫിൽ നേരിട്ട ഒരു പ്രോബ്ലം തന്നെയാണ് എനിക്ക് ഉറപ്പായി, അല്ലാതെ ഇത്രയും ക്ലാരിറ്റിയും ഡെപ്തും കിട്ടില്ല. വണ്ടറേട്ടാ….
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.