ഓരോ ടാറ്റൂവിന് പിന്നിലും ഒരു കഥയുണ്ടാവും എന്നാണല്ലോ പറയാറ്….
അശോകേട്ടന്റെ വലതു കൈത്തണ്ടയിലുണ്ടായിരുന്ന ടാറ്റൂ ന്റെ പിറകിലുണ്ടായിരുന്ന കഥ, അനിമേ ആക്കി ഇറക്കിയാലും, റാപ്പ് ആക്കി പാടിയാലും ഹിറ്റാവും. തൽക്കാലം ഇത് രണ്ടും എനിക്ക് വശമില്ലാത്തതുകൊണ്ട് കഥയായിത്തന്നെ എഴുതുന്നു.

ഈ യുഗത്തിൽ അശോകേട്ടനായി പിറവിയെടുത്ത ആ ആത്മാവിനെ കുറിച്ച് വേണം ആദ്യം കുറിക്കാൻ.
എന്തെങ്കിലും നല്ലത് കണ്ടാൽ അതിനെ അപ്രീസിയേറ്റ് ചെയ്യുന്നതൊരു കഴിവാണ്. നമ്മളിൽ പലർക്കും അതില്ല. നല്ലൊരു പ്രവൃത്തി കണ്ടാലോ, മികച്ചൊരു കലാസൃഷ്ടി കണ്ടാലോ നമ്മൾ അത് ചെയ്തവരെ അപ്രീസിയേറ്റ് ചെയ്യാറുണ്ടോ? വളരെ കുറവായിരിക്കും. 
എന്നാൽ അശോകേട്ടന് ആ കഴിവ് ആവശ്യത്തിൽ കൂടുതലുണ്ട്. മൂപ്പർക്ക് എന്തെങ്കിലും കാര്യം ഇഷ്ടപ്പെട്ടാൽ അത് തോളിൽ തട്ടിക്കൊണ്ട് പറയാതെ മൂപ്പര് വിടില്ല. അതിപ്പോ എത്ര ചെറിയ കാര്യമാണെങ്കിലും.
സഞ്ചരിച്ച വിമാനം ലാന്റ് ചെയ്‌തശേഷം അതോടിച്ച പൈലറ്റിനെ എങ്ങാനും കാണുകയാണെങ്കിൽ അശോകേട്ടൻ തോളിൽ തട്ടിക്കൊണ്ട് പറയും, 
“ഓടിച്ചത് നന്നായിരുന്നു ട്ടോ, പെരിയാറിന്റെ മുകളിൽ വെച്ച് ആ വളച്ചെടുത്തതൊക്കെ സ്മൂത്തായിരുന്നു.”
പതിനായിരം ഫ്ലൈയിങ് ഹവേഴ്സ് ഉള്ള പൈലറ്റിന് പോലും അതൊരു നവ്യാനുഭവം ആയിരിക്കും, തന്റെ മുഖത്ത് ഒരു പുഞ്ചിരിയും, മനസ്സിൽ ഒരു കോൺഫിഡൻസും സൃഷ്ടിച്ച അശോകേട്ടനെ ആ പൈലറ്റ് എന്നും ഓർക്കുകയും ചെയ്യും.
പൈലറ്റിനെ മാത്രമല്ല, നിത്യ ജീവിതത്തിന്റെ കാണുന്ന നാനാ തുറകളിൽ പെട്ട മനുഷ്യരെ എല്ലാം അശോകേട്ടൻ അപ്രിസിയേറ്റ് ചെയ്ത് എൻകറേജ് ചെയ്യാറുണ്ട്. 
ഉത്സവത്തിന് അനൗൺസ്മെന്റ് ചെയ്യാനിരുന്ന പയ്യനോട്, “നന്നായിട്ട് വിളിച്ച് പറയുന്നുണ്ട് ട്ടോ.”
പമ്പിൽ വെച്ച് തന്റെ ബുള്ളറ്റിൽ പെട്രോൾ അടിച്ച ചേട്ടനോട്, “നന്നായി അടിച്ചുട്ടോ.”
മാളിൽ ഗ്രീറ്റ് ചെയ്യാൻ നിൽക്കുന്ന ചേച്ചിയോട്, “തൊഴുതത് നന്നായിരുന്നുട്ടോ.”
പാർക്കിങ്ങിൽ നിന്ന സെക്യൂരിറ്റിയോട് “നന്നായിരുന്നു ട്ടോ, വണ്ടി ഓഫ് ചെയ്തു ഞാൻ പുറത്ത് ഇറങ്ങും മുൻപ് തന്നെ, ഒന്നും കൂടി ഇറക്കി ഇടാൻ വേണ്ടി പറഞ്ഞ ആ മനസ്സാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.”
എന്നൊക്കെ എത്ര പേര് പറയും. അതാണ് അശോകേട്ടനെ നമ്മളിൽ നിന്നൊക്കെ വ്യതസ്ഥനാക്കുന്നത്.
തിരക്കുള്ള ട്രാഫിക് ജംഷനിൽ വണ്ടി കഷ്ടപെട്ട് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ട്രാഫിക് പോലീസുകാരെ മാത്രം അശോകേട്ടൻ അപ്രീസിയേറ്റ് ചെയ്യാറില്ല. ഒരിക്കൽ ജംഷനിൽ തന്നെ വണ്ടി നിർത്തി, “നിയന്ത്രിക്കല് നന്നായിരുന്നുട്ടോ” എന്ന് പറഞ്ഞപ്പോൾ കേട്ട പുളിച്ച തെറികളുടെ പുളിച്ചു തികട്ടൽ തന്നെയായിരുന്നു കാരണം.

ബാക്ക് ടു ടാറ്റൂ… കഴിഞ്ഞവർഷമാണ് ഞാൻ എന്റെ ആദ്യത്തെ ടാറ്റൂ ചെയ്യുന്നത്. ആ സമയത്ത് ഇൻസ്റ്റഗ്രാമിലും പിൻട്രസ്റ്റിലും ഒക്കെയുള്ള ഒരുമാതിരിപ്പെട്ട ഡിസൈൻസൊക്കെ ഞാൻ പരതിയിരുന്നു. അതുകൊണ്ട് തന്നെ, അശോകേട്ടന്റെ കയ്യിലുള്ള ചട്ടുകത്തിന്റെ ഡിസൈനുള്ള ടാറ്റൂ പോലെയൊന്ന് കണ്ടപ്പോൾ എനിക്ക് കൗതുകമായിരുന്നു. അതുപോലൊന്ന് ഞാൻ കണ്ടിട്ടേയില്ല. ചട്ടുകത്തിന്റെ ഡിസൈൻ ഒരു സിൽഹൗട്ടോ, മിനിമലിസ്റ്റ് ഡിസൈനോ ഒന്നുമായിരുന്നില്ല, സാധാരണ ഒരു ചട്ടുകത്തിന്റെ അതേ അളവും വലുപ്പവും. ഷെഫ് ഒക്കെ ആണെങ്കിൽ ഏറ്റവും ഫേവറിറ്റ് പണിയായുധത്തിന്റെ ഓർമ്മയ്ക്ക് ടാറ്റൂ ചെയ്തതായിരിക്കാം എന്ന് വെക്കാം. പക്ഷേ അശോകേട്ടൻ കൽക്കണ്ടത്തിന്റെ ബിസിനസ്സുകാരനായിരുന്നു, അതെ റോക്ക് കാൻഡി. ‘ഇനി അതിന്റെ മെയ്ക്കിംഗിൽ എങ്ങാനും ചട്ടുകം ഉപയോഗിക്കുന്നുണ്ടാവുമോ….?’ എന്റെ ക്യൂരിയോസിറ്റിയുടെ പുഴ കരകവിഞ്ഞൊഴുകി.

പല ടാറ്റൂകളും ഒരു കോൺവസേഷൻ ഓപ്പണർ കൂടി ആയതുകൊണ്ട് ഞാൻ പുള്ളിയോട് ആ ചട്ടുകത്തിനെ പറ്റി തന്നെ ചോദിച്ചു,
“പണ്ടൊരിക്കൽ ഞാൻ ഭക്ഷണം കഴിക്കാൻ കേറിയ തട്ടുകടയിലെ ആള് ചട്ടുകം പഴുപ്പിച്ച് വെച്ചതാ… പാട് പോവാതെയായപ്പോൾ ഞാൻ അതിന്റെ പുറത്ത് ഒരു ടാറ്റൂ ചെയ്തു.”
അതിമനോഹരം! എന്റെ നിഗമനങ്ങളെല്ലാം എട്ടുനിലയിൽ തെറ്റിയിരിക്കുന്നു.
അന്ന് ദോശ കഴിച്ച് കഴിഞ്ഞ അശോകേട്ടനും, ദോശ ചുട്ട തട്ടുകടക്കാരനും ഒരുമിച്ചാണ് മൂത്രമൊഴിക്കാൻ മുട്ടിയത്. തട്ടുകടയോട് ചേർന്നുള്ള പറമ്പിൽ ഏകദേശം അടുത്തടുത്ത് നിന്നിട്ട് തന്നെയാണ് ഇരുവരും മൂത്രമൊഴിച്ചതും. കഴിഞ്ഞപ്പോൾ അശോകേട്ടൻ അയാളുടെ തോളിൽ തട്ടി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
’ഒഴിക്കല് നന്നായിരുന്നു ട്ടോ.’
താൻ ഉദ്ദേശിച്ചത് ദോശ മാവ് ഒഴിച്ചത് ആണെന്ന് ഇന്നുവരെ അയാളോട് പറയാൻ കഴിഞ്ഞില്ല എന്നതാണ് അശോകേട്ടനെ ആ ചട്ടുകം കൊണ്ട് പൊള്ളിയതിനേക്കാൾ നീറിക്കുന്നത്.


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.