കാമുകിയെ സ്വന്തമാക്കാൻ ചിലര് കൂട്ടുകാരുടെ സഹായം തേടും, ചിലർ നിയമത്തിന്റെയോ സോഷ്യൽ മീഡിയയുടെയോ ബന്ധുക്കളുടെയോ ഒക്കെ ഹെൽപ് എടുക്കും. പക്ഷേ പ്രണയസാക്ഷാത്കാരത്തിനായി ഗ്രീക്ക് മിത്തോളജിയിൽ നിന്ന് ഒരു ഏട് ചീന്തിയെടുത്ത് പ്രയോഗിച്ചതോടെയാണ് പച്ചത്തോട്ടിൽ സുനിൽ കുമാർ ‘ട്രോജൻ സുനി’ ആയി അറിയപ്പെടാൻ തുടങ്ങിയത്.
അങ്ങ് വടക്ക്, ഗ്രേറ്റർ നോയിഡ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ കുങ്ങണാംഞ്ചേരിക്കാരൻ സുനിൽ കുമാർ അവിടെ കാലുകുത്തിയ സമയത്താണ് ആ സിറ്റിയും രൂപീകൃതമാവുന്നത്. സുനിൽ കുമാർ അവിടെ ഉള്ളതുകൊണ്ടാണ് ണെന്ന്പേരിനൊപ്പം ‘ഗ്രേറ്റർ’ എന്ന് ചേർത്തതെന്ന് കുട്ടു ഇടയ്ക്കിടെ പറയാറുണ്ട് (സുനിൽ കുമാറിനെ വീട്ടിൽ വിളിക്കുന്ന പേരാണ് ട്ടോ കുട്ടു) എന്തായാലും ഗ്രേറ്റർ നോയിഡയുടെ കൂടെ കുട്ടു എന്ന സുനിൽ കുമാറും വളർന്നു. അവിടെ യൂസ്ഡ് കാർ ബിസിനസ് തുടങ്ങിയ സുനിൽ കുമാർ അത്യാവശ്യം റിച്ച് ആയി.

രണ്ടായിരത്തി പതിനഞ്ചിൽ സുനിൽ തന്റെ ബി.എം.ഡബ്ല്യു ത്രീ സീരീസ് സർവീസ് ചെയ്യാൻ പോയപ്പോഴാണ്, ഫൈവ് സീരീസ് സർവീസ് ചെയ്യാൻ പോയ സൊനാലിയെ കണ്ടതും അവരുടെ പ്രണയത്തിന്റെ തുടക്കമാവുന്നതും. പക്ഷേ ബെൻസ് സി ക്ലാസ് ഓടിക്കുന്ന അവളുടെ അച്ഛനും, ഓഡി ക്യൂ 7 ഓടിക്കുന്ന അവളുടെ ചേട്ടനും ആ ബന്ധത്തെ എതിർത്തു. അധികം വൈകാതെ അവർ സൊനാലിയുടെ കല്യാണം ഉറപ്പിച്ചു. പക്ഷേ സൊനാലിയുടെ ആഗ്രഹത്തിന് അവളുടെ സ്നേഹമുള്ള ഹിന്ദി തന്ത പൂർണമായും വില കൊടുക്കാതിരുന്നില്ല, സൊനാലിയുമായി കല്യാണം ഉറപ്പിച്ച ചെക്കന്റെ പേരും സുനിൽ കുമാർ എന്നായിരുന്നു.

കാമുകിയെ അവളുടെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുവരാൻ സുനിലിന്റെ മുന്നിൽ ഒരു വഴിയുമുണ്ടായില്ല. എട്ടടി മതിലും എട്ട് കാവൽക്കാരും എട്ട് സിസിടിവികളും ഉള്ള കൊട്ടാരം പോലത്തെ ആ വീടിന്റെ കോമ്പൗഡിൽ കയറാൻ കഴിയാതെ സുനിൽ കുമാർ വിഷമിച്ചു. അപ്പോഴാണ് കല്യാണത്തിന് പ്രമാണിച്ച് മോടി പിടിപ്പിക്കൽ നടന്നുകൊണ്ടിരിക്കുന്ന ആ വീടിന് മുന്നിലെ വാട്ടർ ഫൗണ്ടെയിന്റെ അടുത്ത് വെക്കാൻ വേണ്ടി എട്ടടി ഉയരമുള്ള ഒരു കുതിരയുടെ പ്രതിമ അവര് ഓർഡർ ചെയ്തത് സുനിൽ അറിഞ്ഞത്. നമ്മളൊക്കെ സ്കൂളിൽ പഠിച്ചതൊക്കെ അവിടെ തന്നെ ഉപേക്ഷിച്ചിട്ടല്ലേ ജീവിക്കുന്നത്. പക്ഷേ സുനിൽ കുമാർ അങ്ങനെയായിരുന്നില്ല, ഹിസ്റ്ററി ബുക്കിൽ പഠിച്ച ട്രോജൻ വാർ തന്നെ എടുത്ത് പ്രയോഗിച്ചു.
ആ ഓർഡർ എടുത്തവരെ പോയി കണ്ട് അഞ്ച് ലക്ഷം രൂപ കൊടുത്തു ബ്രൈബ് ചെയ്ത് സുനിൽ കുമാർ കുതിരയുടെ ഉള്ളിൽ ഒരു അറയുണ്ടാക്കിപ്പിച്ച് അതിനുള്ളിൽ കയറി ഒളിച്ചു. കുതിര അവര് വീട്ടിൽ ഡെലിവർ ചെയ്തു.

നാട്ടിലുള്ളപ്പോൾ കളരിപ്പയറ്റിൽ റെഡ് ബെൽറ്റ് കിട്ടിയ ഒരു അഭ്യാസിയായിരുന്നു സുനിൽ കുമാർ. പാതിരാത്രി കുതിരയുടെ ഉള്ളിൽ നിന്നും പുറത്തിറങ്ങി തന്റെ പീക്ക് അഭ്യാസങ്ങൾ മുഴുവനും പുറത്തെടുത്ത് സൊനാലിയേയും കൊണ്ട് ഇൻഡിഗോ എയർലൈൻസിൽ സ്ലിപ്പർ ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരാനായിരുന്നു സുനിൽ കുമാറിന്റെ പ്ലാൻ.
നടന്നില്ല.
ഒഡീസിയുടെ കഥ അറിയാത്ത ശില്പികള് കുതിരയുടെ അകത്ത് തുറക്കാനുള്ള കൊളുത്ത് വെച്ചിട്ടുണ്ടായിരുന്നില്ല! 

കുതിരയുടെ ഉള്ളിൽ കിടന്ന് മര്യാദയ്ക്ക് ശ്വാസം കിട്ടാതെ സുനിൽ കുമാർ ഇരുന്നും കിടന്നും വിയർത്തു. അവിടെ താലികെട്ടൽ ഇവിടെ പാലുകാച്ചൽ എന്ന ആ മൊമെന്റ്! സുനിൽകുമാർ യമലോകത്തിന്റെ ടോൾ ഗെയിട്ട് വരെ പോയി തിരിച്ചുവന്നു. ഫാസ്റ്റ് ടാഗിൽ ബാലൻസില്ലാത്തതുകൊണ്ട് മാത്രമാണ് കുങ്ങണാംഞ്ചേരി അഞ്ചാം വാർഡിലെ വോട്ടേഴ്സ് ലിസ്റ്റിൽ ഒരാള് കുറയാണ്ടിരുന്നത്.
ഒച്ചപാടും ബഹളവും ഒക്കെ ഉണ്ടാക്കി കുതിരയുടെ വയറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്ക്, സൊനാലി മറ്റേ സുനിൽ കുമാറിന്റെ കൂടെ പോയിരുന്നു.
എന്തായാലും ഇത് മറ്റേ മലയാള സിനിമയിലെ ഡയലോഗ് പോലെയായി, ‘കാമുകിയെ ചാടിച്ചു കൊണ്ടുവരാൻ പോയി, കാമുകിയെ കിട്ടിയില്ല, ചിലവ് അഞ്ച് ലക്ഷം.’ സുനിൽ കുമാറിന്റെ പേര് അതോടെ ട്രോജൻ സുനി എന്നുമായി.

ഹാലൂസിനേഷൻ പീരിയഡ് കഴിഞ്ഞ ട്രോജൻ സുനി തന്റെ ബിസിനസ്സുകൾ വിറ്റൊഴിവാക്കി സ്വന്തം നാടായ കുങ്ങണാംഞ്ചേരിയിൽ വന്നു സെറ്റിലായി. സുനി വന്നതോടെ കുങ്ങണാംഞ്ചേരിയുടെ പേര് മാറ്റി, ഗ്രേറ്റർ കുങ്ങണാംഞ്ചേരി എന്നാക്കണം എന്ന് അടുത്ത പഞ്ചായത്ത് മീറ്റിങ്ങിൽ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും അതിന് സുനിയുടെ അമ്മാവന്റെ വോട്ട് മാത്രം കിട്ടിയതുകൊണ്ട് പാസായില്ല (മൂപ്പരായിരുന്നു പ്രതിപക്ഷ നേതാവ്).
പക്ഷേ കുങ്ങണാംഞ്ചേരി ഗ്രേറ്റർ തന്നെയായിരുന്നു. ഗ്രീസ് എവിടെയാണെന്ന് പോലും അറിയാത്ത കിഴങ്ങന്മാര് വരെ സുനിയെ ‘ട്രോജാ’ എന്നും, മിത്തോളജിയും ബയോളജിയും തമ്മിൽ തിരിച്ചറിയാത്ത നാട്ടിലെ നറുങ്ങുപിറുങ്ങുകൾ ഒക്കെ സുനിയെ ‘ട്രോജേട്ടാ’ എന്നും വിളിച്ചു തുടങ്ങി. ഐമാക്സിൽ ഷൂട്ട് ചെയ്ത ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’ സിനിമയ്ക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ റിവ്യൂസ് വന്നതും കുങ്ങണാംഞ്ചേരിയിൽ നിന്നായിരുന്നു. അത് മിത്തോളജി ആണെന്ന് അറിയാത്തവർ സിനിമയിൽ ട്രോജൻ വാറിന്റെ സീൻ വന്നപ്പോൾ ‘ദേ സുനിയേട്ടന്റെ ബയോപിക്’ എന്നൊക്കെ വിളിച്ചു പറഞ്ഞു. പാവം ക്രിസ്റ്റഫർ നോളൻ റൈറ്റ്സ് വാങ്ങിക്കാതെ സിനിമയെടുത്ത കള്ളനായി.

നിരാശാകാമുകന്മാരുടെ ദേശീയ ഗാനമായ ‘അഴലിന്റെ ആഴങ്ങളിൽ’ കേട്ട് നടക്കുമ്പോഴാണ് ട്രോജൻ സുനിയുടെ നോവിന്റെ തീരത്ത് പുതിയൊരു ബോട്ട് അടുക്കുന്നത്.
ട്രോജൻ യുദ്ധം കഴിഞ്ഞ് മടങ്ങിയ ഒഡീസിയസ്സിനുണ്ടായ ഹാലൂസിനേഷൻസ് പോലെ സുനിക്കും ഉണ്ടായിരുന്നു ഒരു പ്രശ്നം. ഏത് റൂമിൽ കേറിയാലും വാതിൽ അടയ്ക്കും മുൻപ് അത് അകത്ത് നിന്നും തുറക്കാൻ പറ്റില്ലേ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്ന ഒരു കണ്ടീഷൻ. ഓഫീസിലും, ബാങ്കിലും പോയിട്ട് അവിടെ ഓട്ടോമാറ്റിക് ആയി ക്ലോസ് ആവുന്ന വല്ല ഡോറും ആണെങ്കിൽ സുനി പോയി അത് ബ്ലോക്ക് ചെയ്തു വെക്കും, ഹോട്ട് വാട്ടറിൽ വീണ പൂച്ച. 
ആ അസ്കിത കലശലായപ്പോൾ സുനി ടൗണിലുള്ള ഒരു സൈക്കോളജിസ്റ്റിനെ പോയി കണ്ടു, ശ്രീരേഖ: Monsoon girl ☔ | Chai lover | Good vibes only ✨ (ഇൻസ്റ്റ ബയോ ആണ്). 
ശ്രീരേഖയോട് നോയിഡയിൽ വെച്ചുണ്ടായ ഗ്രേറ്റർ എക്സ്പീരിയൻസ് ട്രോജൻ സുനി വിശദമാക്കി. പിന്നെ തന്റെ ‘വാതിൽ ഫോബിയ’യും. 
“സുനിൽ… താങ്കൾ താങ്കളുടെ ഭയത്തിനെ കീഴ്പ്പെടുത്തണം. നിങ്ങൾ കരുതും പോലെ വാതിൽ അല്ല നിങ്ങളുടെ പ്രശ്നം, യഥാർത്ഥ ഭയം അതിന് പിറകിൽ ഒളിച്ചിരിക്കുന്നുണ്ട്”
“എന്താ?”
“കുതിര.”
ട്രോജൻ സുനി ആലോചിച്ചു, ശരിയാണ് തനിക്കിപ്പോൾ കുതിരയെ ഭയമാണ്. ഇടയ്ക്കിടെ കണ്ട് ഞെട്ടിയുണരുന്ന ദുഃസ്വപ്നങ്ങൾ മുഴുവനും ഒരു കുതിരയുടേതാണ്. വണ്ടി കച്ചവടത്തിൽ ഹോഴ്സ് പവർ ഒഴിച്ചുകൂടാത്തതിനാൽ ആയിരിക്കണം, ഉപബോധമനസ്സ് ബിസിനസ് നിർത്തി നാട്ടിൽ വരാൻ പ്രേരിപ്പിച്ചതും. 
സുനി അതേയെന്ന് തലയാട്ടി. 
“താൻ ആ ഭയത്തെ ആദ്യം മെരുക്കണം.” ശ്രീരേഖ അത് പറഞ്ഞ് കുറച്ച് മരുന്നുകൾ കുറിച്ചു നൽകി അടുത്ത കൺസൾട്ടേഷൻ തിയ്യതി പറഞ്ഞു. 

ട്രോജൻ സുനി നേരെ പോയി ഒരു കുതിരയെ വാങ്ങിച്ചു. കുങ്ങണാംഞ്ചേരിയുടെ ചരിത്രത്തിലെ ആദ്യത്തെ കുതിര (വെളുത്ത നിറം, ശുദ്ധജാതകം, ചൊവ്വാദോഷമുണ്ട്, ബാധ്യതകളില്ല).
പക്ഷേ ഒരബദ്ധം പറ്റി, പറഞ്ഞ തുക ട്രാൻസ്ഫർ ചെയ്ത് കുതിരയുടെ ചാവിയും ഭാവിയും കയ്യിലേക്ക് വാങ്ങിച്ച ശേഷമാണ് സുനിൽ കുമാർ പഴയ ഓണറോട് അത് ചോദിക്കുന്നത്, 
“എന്താ ഇതിന്റെ പേര്?” 
“സൊനാലി.”
ആഹാ… ബ്ലിസ്സ്. പ്യൂവർ ബ്ലിസ്സ്!

ട്രോജൻ സുനി സൊനാലിയെ സ്വന്തമാക്കിയ കാര്യം എസ്.ബി.ഐ ബാങ്കിന്റെ ഒടിപി വരുന്നതിലും വേഗത്തിൽ നാട്ടിൽ പരന്നു, 
“എന്തെല്ലാം ടൈപ്പ് റിവഞ്ചുകളാ ഈ ലോകത്ത്.” 
സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാതിരുന്നപ്പോൾ അവളുടെ മകളെ കല്യാണം കഴിച്ച ‘വെള്ളിമൂങ്ങയിലെ’ മാമച്ചനും, കാമുകിയുടെ അനിയത്തിയെ കെട്ടിയ ‘പ്രേമത്തിലെ’ ജോർജിനും ഇങ്ങ് കുങ്ങണാംഞ്ചേരിയിൽ നിന്നൊരു ചെക്ക്.
പക്ഷേ ലവൾ ചില്ലറക്കാരിയായിരുന്നില്ല, ട്രോജൻ സുനിയുടെ പുതിയ സൊനാലി. രാജഭരണ കാലഘട്ടം ആയിരുന്നെങ്കിൽ രാജാവിന്റെ പടക്കുതിരയാവാനുള്ളത്രയും എനർജിയും എന്തൂസിയാസവും പിന്നെ എന്താണ്ടൊക്കെയോ… 
അറുക്കാൻ കൊണ്ടുവന്ന പോത്തോടിയ ഒരു നാടില്ലേ, അതായിരുന്നു പിന്നീട് കുങ്ങണാംഞ്ചേരി പഞ്ചായത്തിന്റെ അവസ്ഥ. അതും ഒന്നും രണ്ടും ദിവസമല്ല, എന്നും! ബൈക്കുകാരുടെ പിറകെ ഓടുക, ബുള്ളറ്റുകാരാണെങ്കിൽ ചവിട്ടി നിലത്തിടുക, നാലാളു കൂടി നിൽക്കുന്നത് കണ്ടാൽ കർഫ്യൂ പ്രഖ്യാപിച്ച് വിരട്ടിയോടിക്കുക, ഓരോ വീടിന്റെയും മുറ്റത്ത് പോയി കുതിരച്ചാണകം അൺലോഡ് ചെയ്യുക, റോഡിലൂടെ പോവുന്ന കാറുകളെ വട്ടം വെച്ച് നിർത്തി അതിന്റെ സൈഡ് മിറർ കുത്തിപ്പൊട്ടിക്കുക… ഒരു സൈക്കോപാത്ത് കുതിര. 

തന്റെ ഭാവിയുടെ ചാവി ഇപ്പോൾ ആ കുതിരയുടെ കയ്യിലാണ് എന്ന് മനസ്സിലായ ഉടനെ ട്രോജൻ സുനി അമ്മാവനെയും കൂട്ടി ശ്രീരേഖയുടെ മുന്നിലെത്തി. ശ്രീരേഖ കോൺഫിഡൻസോടെ ചോദിച്ചു, 
“സുനിൽ കുമാറിന് ഇപ്പോ പഴയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലല്ലോ?”
“ഇല്ല.”
ശ്രീരേഖ നേർരേഖയിൽ ഞെളിഞ്ഞിരുന്നു.
“പുതിയ കുറെ ബുദ്ധിമുട്ടുകളാണ്.”
സുനി കുതിര സൊനാലിയെക്കുറിച്ച് വിശദമായി വിവരിച്ചു. എല്ലാം കേട്ട് ശ്രീരേഖ തലയിൽ കൈവെച്ചിരുന്നു.
“ഏഡോ, തന്റെ ഭയത്തെ മെരുക്കാൻ ആണ് ഞാൻ പറഞ്ഞത്, അല്ലാതെ കുതിരയെ വാങ്ങിച്ച് അതിനെ മെരുക്കാൻ അല്ല.”
മുട്ടയിടാൻ മുക്കിക്കൊണ്ടിരുന്ന പുള്ളിക്കോഴി പെട്ടെന്ന് കുറുക്കനെ കണ്ടതുപോലെയായിരുന്നു അപ്പോൾ സുനിയുടെ മുഖം. 
“എന്നാ പിന്നെ അതിനെ മേയാൻ വിടാതെ വീട്ടിൽ തന്നെ കെട്ടിയിട്ടുകൂടേടോ?”
“അതിന്റെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്കെന്റെ സൊനാലിയെയാണ് ഓർമ്മ വരുന്നത്…. അതുകൊണ്ട് ഞാൻ രാവിലെ കെട്ടഴിച്ച് വിടും.”
നേരത്തെ തലയിൽ വെച്ച കൈ അവിടെത്തന്നെ ഇരുന്നതുകൊണ്ട് ശ്രീരേഖയ്ക്ക് വീണ്ടും വെക്കേണ്ടി വന്നില്ല.
കഴിഞ്ഞാഴ്ച തന്ന ഗുളികകൾ ഇനി കഴിക്കണ്ട എന്ന് പറഞ്ഞിട്ടാണ് ശ്രീരേഖ സുനിയെ പറഞ്ഞയച്ചത്. ഇത് ഗുളികയിലൊന്നും നിൽക്കില്ല.
മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അനന്തരവന്റെ തോളിൽ കൈവെച്ചു കൊണ്ട് അമ്മാവൻ പറഞ്ഞു, 
“കുട്ടൂ… ഇത്രയും നാള് ഞാൻ വിചാരിച്ചിരുന്നത് നീ പ്രേമത്തില് മാത്രം മണ്ടത്തരം കാണിക്കുന്ന ഒരുത്തൻ ആണെന്നാ, ജീവിതത്തിൽ ഫുൾ ഇതെന്നെ ലേ?”
പി ബി ഷെല്ലിയുടെ പ്രസിദ്ധമായ ഒരു വാക്യമാണ് സുനി മറുപടിയായി പറഞ്ഞത്.
“We are all Greeks, നമ്മുടെ നിയമങ്ങളുടെയും സാഹിത്യത്തിന്റെയും മതങ്ങളുടെയും കലയുടെയും എല്ലാം വേരുകൾ ഉള്ളത് ഗ്രീസിലാണ്.”
അമ്മാവൻ മനസ്സിലാവാതെ നിന്നപ്പോൾ സുനി കയ്യിന്ന് ഒന്നുകൂടി ഇട്ടു, “മണ്ടത്തരങ്ങളുടെയും.”


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.