ഒരു മാസം നിങ്ങൾക്ക് എത്ര അബദ്ധങ്ങൾ വരെ പറ്റാറുണ്ട്? എനിക്ക് മൂന്നെണ്ണം ഒക്കെ സ്ഥായിയാണ്, ചില മാസം അത് ആറ് വരെ പോവും. എന്റെ തലച്ചോറിന്റെ പ്രോംപ്റ്റുകളാണോ, വിധിയുടെ സ്ക്രീൻപ്ലേ ആണോ, അതോ യൂണിവേഴ്സിന്റെ അൽഗോരിതമാണോ എന്ന് ഇതുവരെ തിരിഞ്ഞിട്ടില്ല. നിങ്ങൾ നിങ്ങളുടെ ഇതുവരെ എണ്ണിയിട്ടില്ലെങ്കിൽ എണ്ണി നോക്കൂ, നല്ല രസാണ്.
അവില് കുഴച്ചത് നല്ല ഇഷ്ടമുള്ള ഒരു സിനിമാ പ്രൊഡ്യൂസർ കൂടിയായ എന്റെ ഒരു ഫ്രണ്ട് എറണാംകുളത്തുണ്ട്. അങ്ങേരോട് പലപ്പോഴായി ഞാൻ തിരൂർ ആലത്തിയൂർ ഹനുമാൻ കാവിലെ അവിൽ നിവേദ്യത്തെ പറ്റി ബിൽഡ് അപ് ഒക്കെ ഇട്ട് ഹൈപ്പ് കേറ്റി വെച്ചിരുന്നു. ബുക്ക് മൈ ഷോ യിൽ ഷാരുഖ് ഖാൻ പടത്തിലുള്ളതിനേക്കാൾ ഇന്ററസ്റ്റ് അങ്ങേർക്ക് ആ അവിലിലുണ്ടായി.
“ദീപു.. എനിക്കതൊന്ന് കഴിക്കണം എന്നുണ്ട്, നീ എപ്പോഴെങ്കിലും കൊണ്ടു വാ..” എന്ന് എന്നോട് പറഞ്ഞു. പറഞ്ഞ കാര്യം പുള്ളി വരെ പിന്നീട് മറന്നു, ബട്ട് യുവേഴ്സ് ഫെയ്ത്ഫുള്ളി മറക്കോ? ഒന്നര വർഷം കഴിഞ്ഞിട്ടാണെങ്കിലും ഞാനോർത്തു.
കഴിഞ്ഞ മാസം ഒന്നാം തീയതി തന്നെ എനിക്ക് എറണാംകുളത്തേക്ക് പോവേണ്ട ഒരു കാര്യമുണ്ടായിരുന്നു. ഞാൻ അവളുമായി യാത്ര തിരിച്ചു, ചെ അവിലുമായി യാത്ര തിരിച്ചു.
പൊന്നാനി എത്തും മുൻപ് ഞാൻ ആ പ്രൊഡ്യൂസർ ഫ്രണ്ടിന് ഒരു വോയ്സ് നോട്ട് അയച്ചു,
“ചേട്ടാ കൊച്ചിയിൽ ഇല്ലേ? ഞാൻ വന്നുകൊണ്ടിരിക്കുകയാണ്, ഒരു സർപ്രൈസ് ഉണ്ട്”
“എന്താ?” അങ്ങേര് ആകാംഷയുടെ കൊടുമുടി കയറാൻ ട്രക്കിങ് ഷൂസിട്ടു.
ഞാൻ പറഞ്ഞില്ല. ചാവക്കാട് എത്തിയപ്പോൾ ഞാൻ വീണ്ടുമൊരെണ്ണം വിട്ടു,
“നമുക്ക് ഇന്ന് തന്നെ കാണണം ട്ടോ.”
ട്രക്കിങ് പോൾസ് കയ്യിലെടുത്തിട്ടുണ്ടാവണം.
കൊടുങ്ങല്ലൂർ എത്തിയപ്പോൾ ഞാൻ അടുത്തതയച്ചു,
“ചേട്ടൻ ഒരുപാടാഗ്രഹിച്ച ഒരു സാധനമുണ്ട് എന്റെ കയ്യിൽ.”
ബാക്ക് പാക്ക് തോളിൽ.
പറവൂർ ടൗൺ,
“ചേട്ടൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ്.”
സ്ലീപ്പിംഗ് ബാഗ് ചുരുട്ടി ബാഗിൽ തിരുകി.
അവസാനം ഇടപ്പള്ളി എത്താറായപ്പോഴാണ് ഞാനാ സസ്പെൻസ് പൊളിക്കുന്നത്,
“ഹനുമാൻ കാവിലെ അവിൽ.”
“ഹോ!”
മൂപ്പർക്കുണ്ടായ ഒരു സന്തോഷം.
ബൈപാസില് പാലാരിവട്ടം പാലം കഴിഞ്ഞ് എന്നെ കാത്തുനിൽക്കാമെന്ന് മൂപ്പര് പറഞ്ഞു. ഞാനവിടെ എത്തിയപ്പോൾ എന്നെക്കാൾ മുന്നേ ആള് അവിടെയെത്തിയിട്ടുണ്ടായിരുന്നു. വണ്ടി നിർത്തി ഞാൻ പിൻ സീറ്റിൽ വെച്ചിരുന്ന അവിലെടുത്ത്…. ഇല്ല, വെക്കാൻ മറന്നിരുന്നു! വീട്ടിൽ നിന്ന് അവിലെടുത്ത് കാറിൽ വെക്കാൻ മറന്നിരുന്നു.
മൂപ്പര് ‘ആഞ്ജനേയ സ്വാമി!’ എന്ന് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
ഫോൺ നോക്കുമ്പോ വാട്സാപ്പിൽ അമ്മയുടെ വോയ്സ് നോട്ട്,
“അപ്പഴേ പറഞ്ഞതാണ്…”
ഭാര്യയുടെ സ്റ്റിക്കർ,‘സ്വാഭാവികം.’
മാസത്തിലെ ഒന്നാമത്തേത് ഒന്നാം തീയ്യതി തന്നെ തരാക്കി.
പിറ്റേ ആഴ്ച വരെ അബദ്ധങ്ങൾ ഒന്നും പിണയാൻ വിടാതെ ഞാൻ കഷ്ടപെട്ടു ജീവിച്ചു തീർത്തു.
പത്താം തിയ്യതി. എറണാകുളത്തേക്ക് വീണ്ടും പോവണം. അരി പൊടിപ്പിക്കാൻ കൊടുക്കണം. എനിക്ക് രാവിലെ തന്നെയുള്ളത് ഈ രണ്ട് സിംപിൾ ടാസ്കുകളായിരുന്നു. പക്ഷേ ഞാനായത് കൊണ്ട് അത് സിംപിളായി അവസാനിക്കില്ലല്ലോ.
അരി കാറിൽ വെച്ച് വീടിന് ഒരു കിലോമീറ്റർ അപ്പുറത്തുള്ള മില്ലിൽ കൊടുത്തിട്ട് എനിക്ക് നേരെ അങ്ങ് പോയാൽ മതി. കുറച്ച് കഴിഞ്ഞ് കസിൻ ബ്രദർ പോയി പൊടിപ്പിച്ചത് വാങ്ങിക്കോളും. പക്ഷേ എന്നെ നന്നായി അറിയുന്ന എന്റെ അമ്മ എന്നെ അഞ്ച് വട്ടം ഓർമ്മിപ്പിച്ചു,
”ഇനി അത് മറന്നിട്ട് അരിയുമായി എറണാംകുളത്തേക്ക് പോവരുത്!”
ഇൻസൾട്ട്. ‘ഇന്ന് അബദ്ധമൊന്നും പറ്റരുത്’ എന്ന് മനസ്സിൽ അഞ്ച് വട്ടം തന്നെ ഉരുവിട്ടുകൊണ്ട് ഞാൻ യാത്ര തുടങ്ങി.
മില്ലിന് മുൻപിൽ മറക്കാതെ വണ്ടി നിർത്തി രണ്ട് കിലോ അരിയുള്ള കവർ അവിടെ ഏൽപ്പിച്ച് ഞാൻ വിജയകരമായ ആദ്യത്തെ ടാസ്ക്ക് പൂർത്തീകരിച്ചു.
കൊച്ചിയിൽ എത്തിയപ്പോഴാണ് അമ്മ വിളിക്കുന്നത്. കസിൻ ബ്രദർ പൊടിപ്പിച്ച അരി മില്ലിൽ നിന്നെടുത്ത് തിരിച്ച് വീട്ടിൽ കൊണ്ടുവന്ന് തന്നത്രേ… പക്ഷേ, അതിനൊരു ചോക്ലേറ്റ് നിറം!
വെളുത്ത പച്ചരി, ബ്രൗൺ ആയ പ്രതിഭാസത്തെകുറിച്ച് അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. പക്ഷേ എനിക്കറിയാമായിരുന്നു, പ്രതിഭാസം ഞാനാണല്ലോ.
ഞാൻ മില്ലിൽ കൊടുത്തത് അരിയുടെ കവർ ആയിരുന്നില്ല, കാറിലുണ്ടായിരുന്ന ഹനുമാൻ കാവിലെ അവിലിന്റെ കവറായിരുന്നു!
അപ്പൊ അരി?
കഴിഞ്ഞയാഴ്ച എന്റെ അബദ്ധത്തിന് ഇരയായ ആ പ്രൊഡ്യൂസർ അത്രയും ആശിച്ചതല്ലേ എന്ന് കരുതി, ഞാനാ അവിൽ ഇപ്രാവശ്യം വീണ്ടും എടുത്തിരുന്നു. വീട്ടിൽ നിന്ന് ആ കോൾ വരും മുൻപ് പോർട്ടർ ആപ്പ് വഴി അങ്ങേർക്ക് അയക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞാൽ അങ്ങേരുടെ ബർത്ത് ഡേ കൂടി ആയതുകൊണ്ട് വാട്സാപ്പിൽ ഒരു വിഷ്വും!
ചീത്ത പറഞ്ഞ് അമ്മ ഫോൺ വെച്ചശേഷം ഉടനെയുണ്ട് ആളുടെ കോൾ. കുറച്ച് നേരത്തെ സൈലൻസ്….
“ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരാൾക്ക് ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് രണ്ട് കിലോ പച്ചരി കിട്ടുന്നത്, താങ്ക്സ്.”
വളരെ മാന്യമായിട്ട് ഊക്കി.
“സഞ്ചിയിലുള്ള സ്റ്റിക്കി നോട്സിൽ പറഞ്ഞതുപോലെ ചെയ്യണോ, അതോ ഇങ്ങനെ തന്നെ ഷോക്കൈസിൽ വെച്ചാൽ മതിയോ?”
“സ്റ്റിക്കി നോട്ടോ?”
എന്നോട് പറയാൻ ഏൽപ്പിച്ചാൽ ഞാൻ മറക്കും എന്നറിയാവുന്നത് കൊണ്ട് മില്ല് കാരനുള്ള ഇൻസ്ട്രക്ഷൻ അമ്മ അരിയുടെ കൂടെ ഒരു സ്റ്റിക്കി നോട്ട്സിൽ എഴുതിവെച്ചിരുന്നു, ‘നൈസ് ആയിട്ട് പൊടിപ്പിക്കണം’.
നൈസായിട്ട് തന്നെ പൊടിഞ്ഞു. ഒറ്റ ഇൻസിഡന്റിൽ രണ്ടബദ്ധങ്ങൾ പറ്റുന്നത് നവ്യാനുഭവം ആയിരുന്നു, രണ്ട് സ്ഥലത്ത് ഇളിമ്പ്യനായി.
ഈ ബി സ്റ്റോറി കൂടി വീട്ടിലറിഞ്ഞാൽ, ‘എന്തൊക്കെ കഴിവുകളാ എന്റെ കുട്ടിക്ക്’ എന്ന് പറഞ്ഞ് അമ്മ നെഞ്ചത്ത് കൈ വെക്കും. പക്ഷേ തിരിച്ചുപോവുമ്പോൾ വെറും കയ്യോടെ പോവാൻ പറ്റില്ലല്ലോ… എറണാംകുളത്ത് നിന്ന് രണ്ട് കിലോ പച്ചരി വാങ്ങിയാണ് ഞാൻ വീട്ടിൽ ചെന്നത്. ഏയ്, ബർത്ത് ഡേ ഗിഫ്റ്റ് തിരിച്ച് വാങ്ങിക്കുന്നത് മോശല്ലേ?