പേരില്ലൂരിലെ കര്‍ക്കിടകമാസം ബാക്കിയുള്ള മാസങ്ങളെ പോലെയല്ല… ഇവന്റുകളുടെയും സംഭവപരമ്പരകളുടെയും ചാകരമാസമാണ്. വേറെയെവിടെയെങ്കിലും വേറെപ്പഴെങ്കിലും നടക്കേണ്ട മേളങ്ങള് വരെ വണ്ടിപിടിച്ച് ഇവിടെവന്ന് പേരില്ലൂരിനെ വേദിയാക്കും. ചിങ്ങത്തില്‍ ഒളിച്ചോടിയാലും പ്രത്യേകിച്ചൊരു മാറ്റവും സംഭവിക്കാനില്ലാത്ത കമിതാക്കൾ കര്‍ക്കിടകത്തിലോടും. ഓടുന്നതിനിടെ വഴുക്കി വീണപ്പൊ കാമുകൻ ചിരിച്ചെന്നു പറഞ്ഞ് ഉടക്കി വീട്ടിലേക്ക് തന്നെ തിരിച്ചു നടന്ന നീലിമയൊക്കെ കഴിഞ്ഞ കൊല്ലത്തെ കര്‍ക്കിടകം സ്റ്റാറാണ്.
കേരളത്തിലെ ഒരു സാധാരണ പഞ്ചായത്തിന്‍റെ ബാൻഡ് വിഡ്ത്തിന് ഒരു മാസം താങ്ങാവുന്നതിലും അധികം പ്രശ്നങ്ങളും കോളിളക്കങ്ങളും ഞങ്ങളുടെ നാട്ടിൽ കര്‍ക്കിടകത്തില്‍ അരങ്ങേറാറുണ്ട്. ചിങ്ങമാസം പകുതി വരെ പേരില്ലൂർ ആ ഹാങ്ങോവറിൽ ഹാങ്ങായി നിൽക്കും. എന്താന്നറിയില്ല, എല്ലാ കൊല്ലവും അങ്ങനാണ്.
പേരില്ലൂരിൻ്റെ ജ്യോഗ്രഫിയും ഭൂമിയുടെ ജ്യോതിശാസ്ത്രവും ക്ലാഷാവുമ്പോഴുണ്ടാവുന്ന ഒരു പ്രതിഭാസമാണെന്നാണ് അപ്പുവാര്യർ പണ്ട് പറഞ്ഞിട്ടുള്ളത്. പറഞ്ഞത് അപ്പുവാര്യർ ആയോണ്ട് ഒരു പേരില്ലൂരുകാരനും അത് വിശ്വസിക്കാൻ പോയിട്ടില്ല.
ഇക്കൊല്ലം ഒന്നാം തീയതി തിങ്കളാഴ് തന്നെ തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വീട് വെച്ചിട്ടുള്ള ജോണികുട്ടനാണ് അതിന്‍റെ സിബ്ബ് തുറന്നത്. വീടു പണി കാലത്ത് പഞ്ചായത്തുമായുള്ള അതിർത്തി തർക്കത്തിന്‍റെ പേരിൽ, ഒരു സെന്റും രണ്ട് ലിങ്ക്സും നഷ്ടപ്പെട്ടതിന്‍റെ ഒരു പാസ്റ്റുണ്ട് ജോണികുട്ടന്.
ആ വൈരാഗ്യത്തിന്‍റെ പേരില് ദിനവും രാത്രി പത്തേമുക്കാലിന്‍റെ മൂത്രം, ജോണികുട്ടൻ വീടിന്‍റെ ബാൽക്കണിയിൽ നിന്ന് പഞ്ചായത്ത് ഓഫീസിന്‍റെ ബില്ഡിങ്ങിലേക്കാണ് ഒഴിക്കാറ്. കേമൻ!
ഒന്നാന്തി രാത്രി മൂത്രമൊഴിക്കാൻ ബാൽക്കണിയിലെത്തിയ ജോണികുട്ടൻ തന്‍റെ കുട്ടനെ പുറത്തുകൊണ്ടു വന്നപ്പോഴാണ് അപ്പുറത്ത് നിൽക്കുന്ന തെങ്ങിന്‍റെ മുകളിൽ ഒരു കാഴ്ച കണ്ടത്! ഒരു വെളുത്ത വസ്തു, അതില്‍ നിന്ന് ‘ബൂ ….’ ന്നൊരു ശബ്ദവും പിന്നാലെ ഒരു വെള്ളപ്രകാശവും!
ജോണികുട്ടൻ അന്നാദ്യമായി രാത്രിമൂത്രം ക്ളോസറ്റിന് കൊടുത്തു.
പിറ്റേന്ന് രാവിലെ അങ്ങാടിയിലെ ചായക്കടയിൽ കാപ്പി കുടിക്കാനെന്ന വ്യാജേനയെത്തിയ ജോണികുട്ടൻ എല്ലാവരോടുമായി പറഞ്ഞു,
“എന്‍റെ പറമ്പിലെ തെങ്ങിന്‍റെ മുകളിൽ എന്തോ ഉണ്ട്”
“തേങ്ങയായിരിക്കും”
“തേങ്ങ! എടോ ഇത് ശബ്ദവും വെളിച്ചവും ഒക്കെ ഉണ്ടാക്കുന്നുണ്ടടോ”
ജോണികുട്ടൻ താൻ തലേന്ന് രാത്രി കണ്ടതും കേട്ടതും വിവരിച്ചു.
“നീയെന്തിനാ ജോണികുട്ടാ രാത്രി പത്തേമുക്കാലിന് ബാൽക്കണിയിൽ ഇറങ്ങി നിന്നേ?”
പലചരക്ക് കടക്കാരൻ യാവു ദുരൂഹത മണത്തു.
“അത് ഞാൻ വീമാനത്തിന്‍റെ ശബ്ദം കേട്ടപ്പോ കാണാൻ ഇറങ്ങിയതാ..”
വയസ്സ് മുപ്പത്തിയഞ്ചായിട്ടും തീവണ്ടി പോവുന്നത് കണ്ടാൽ ടാറ്റ കൊടുക്കുക, ജെ സി ബി മണ്ണുമാന്തുന്നത് കണ്ടാൽ നോക്കിനിൽക്കുക, ഹെലികോപ്റ്റർ പോവുന്നത് കണ്ടാൽ പിന്നാലെ ഓടുക തുടങ്ങിയ മച്യൂർഡ് ശീലങ്ങൾ ജോണിക്കുട്ടന് ഉള്ളതായി നാട്ടുകാർക്ക് അറിയാവുന്നതുകൊണ്ട് ആർക്കും ആ കള്ളത്തിൽ പിന്നെ സംശയങ്ങളുണ്ടായില്ല.
“അവിടെ ഉറപ്പായിട്ടും ഒരു അജ്ഞാത വസ്തു ഉണ്ട്!”
ജോണികുട്ടൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തറപ്പിച്ചു പറഞ്ഞു.
എല്ലാവരും ചായക്കടയുടെ മൂലയ്ക്കിൽ ഇരുന്നിരുന്ന അപ്പൂട്ടൻ വാര്യരെയാണ് നോക്കിയത്.
‘എലിയൻ കുഞ്ഞിന്‍റെ കയ്യീന്ന് വീണ ടെഡിബേർ ആയിരിക്കുമെന്നോ, സ്‌പേസ് ഷിപ്പിൽ നിന്നും തെറിച്ച സ്റ്റിയറിങ് ആയിരിക്കുമെന്നോ അപ്പൂട്ടൻ വാര്യർ പ്രസ്താവിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു… പക്ഷെ വാര്യർക്ക് പഴേ റെയ്ഞ്ച് ഒന്നും ഉണ്ടായിരുന്നില്ല,
“ബോംബായിരിക്കും!!”
“പിന്നെയ്…ബോംബ് തെങ്ങിന്‍റെ മണ്ടയിൽ അല്ലേ വെക്കുന്നത്…”
“വെക്കും… ഞാൻ കഴിഞ്ഞാഴ്ച ഒരു അമേരിക്കൻ ജേർണലിൽ മുൻ സി ഐ എ മേധാവി എഴുതിയ ഒരു ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്..”
“എന്ത്?”
“തീവ്രവാദികൾ ഇപ്പൊ മരത്തിന്‍റെ മുകളിലും ഇലക്ട്രിക് പോസ്റ്റിന്‍റെ തുമ്പും ഒക്കെയാണ് ബോംബ് വെക്കാൻ തിരഞ്ഞെടുക്കുന്നത് എന്ന്, അതാവുമ്പോ പോലീസ് നായ നിലത്ത് മണത്ത് നോക്കിയാലോ മെറ്റൽ ഡിറ്റക്ടർ കൊണ്ട് നടന്നു നോക്കിയാലോ കണ്ടുപിടിക്കാൻ പറ്റില്ലല്ലോ….”
“നിങ്ങൾക്ക് വല്ല മലപ്പുറം ജേർണലിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എഴുതുന്ന ആർട്ടിക്കിലും വായിച്ച് ഇരുന്നാ പോരെ വാര്യരേ?”
അപ്പു വാര്യർ എഴുന്നേറ്റു
“ആഗസ്റ്റ് പതിനഞ്ച് ആണ് വരുന്നത്, തീവ്രവാദികൾ ഇക്കൊല്ലം ചെങ്കൊട്ടയും എയർപോർട്ടും ഒക്കെ വിട്ടിട്ട് പഞ്ചായത്ത് ഓഫീസുകളെയാണ് ലക്ഷ്യം വെക്കുക എന്ന് മധ്യപ്രദേശിലെ ഒരു യൂട്യൂബ് ചാനലിൽ പറയുന്നുണ്ടായിരുന്നു… ജോണികുട്ടന്‍റെ തെങ്ങിന്‍റെ തൊട്ടുതാഴെയാണ് നമ്മുടെ പഞ്ചായത്ത് ഓഫീസ്!”
സ്വാതന്ത്ര്യ ദിനത്തിന്‍റെ അന്ന് പതാക ഉയർത്തേണ്ട പഞ്ചായത്തു പ്രസിഡന്റിന് കടുപ്പത്തിലൊരു ഇക്കിളു വന്നു.
“നമ്മൾ ഇവിടെ ഇരുന്ന് തർക്കിക്കുന്നതിന് പകരം ജോണികുട്ടന്‍റെ ബാൽക്കണിയിൽ പോയി നോക്കാലോ”
പ്രസിഡന്റിന്‍റെ സജഷൻ എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ജീവന് ഭീക്ഷണിയുണ്ടായാ ഏത് അത്തിമരത്തിലും പൂ വിരിയും, കാ വരും കിളി വരും.
ബാൽക്കണിയിലെത്തിയ അന്വേഷണ സംഘം പ്രസ്തുത നാളികേരമരത്തിന്‍റെ മണ്ടയ്ക്ക് നോക്കി.
മണ്ണുത്തിയിൽ നിന്ന് ജോണിക്കൂട്ടൻ പുബർട്ടി സമയത്ത് കൊണ്ടുവെച്ച, ടീനേജിൽ ഒന്ന് വാടിയെങ്കിലും അഡൾട്ട് ഹുഡിൽ കം ബാക്ക് നടത്തി മിഡ് ലൈഫിൽ പൂർണ്ണ പുഷ്ടിയോടെ നിൽക്കുന്ന ആ കുറ്റിയാടി തെങ്ങിന്‍റെ കുരലിൽ പേരില്ലൂരുകാര്‍ ആ വെള്ള വസ്തു കണ്ടു.
“എന്താ ഇവിടെ ഒരു മണം?” മൂത്രത്തിന്‍റെ മണം കിട്ടിയ എല്ലാവരും ജോണികുട്ടനെ നോക്കി.
“ഉണ്ടല്ലേ? അപ്പൊ ശബ്ദവും വെളിച്ചവും മാത്രമല്ല, വാസനയും ഉണ്ട്” ജോണികുട്ടൻ ഒരുവിധം ഊരി.
“എന്നാലും കുഞ്ഞൻ മത്തി സുർക്കയിലിട്ടു വെച്ചമാരിത്തെ വാസനയുള്ള ഈ സാധനം എന്തായിരിക്കും?”
ജോണികുട്ടൻ പൊത്തിപിടിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്,
തെങ്ങിന്‍റെ മണ്ടയിൽ ഇരുന്ന ആ വസ്തുവിൽ നിന്ന് ആദ്യം ശബ്ദമുണ്ടാക്കി, പിന്നാലെ രണ്ട് ലൈറ്റും കത്തി.
ബാൽക്കണിയിൽ നിന്നാദ്യം ഇറങ്ങിയോടിയത് പ്രസിഡന്റാണ്. പിന്നാലെ ജോണികുട്ടൻ അടക്കം എല്ലാവരും ചിതറിയോടി. അപ്പൂട്ടൻ വാര്യർ മാത്രം പിന്നെയും രണ്ടു മിനിറ്റ് അവിടെ നിന്ന് നിരീക്ഷിച്ച ശേഷമാണ് എല്ലാവരും കൂടി നിൽക്കുന്ന എൽ പി സ്‌കൂൾ ഗ്രൗണ്ടിൽ വന്നത്.
ഏവരും ആകാംഷയോടെ അപ്പൂട്ടൻ വാര്യർക്ക് ചുറ്റും കൂടി.
“ഞങ്ങളു പോന്നേന് ശേഷം അവിടെ എന്തെങ്കിലും കണ്ടോ?”
“ഉം…. പ്രസിഡന്റിന്‍റെ മുണ്ടവിടെ കിടക്കുന്നത് കണ്ടു!”
അപ്പോഴാണ് എല്ലാവരും പ്രസിഡന്റിനെ ഫുൾ സൈസ് ആയി നോക്കുന്നത്, നഗ്നത!
വെപ്രാളത്തിൽ പ്രസിഡന്റ് ഓടിയപ്പോൾ ബാൽക്കണിയിലെ ആട്ടുകട്ടിൽ പ്രസിഡന്റിന്‍റെ മുണ്ട് പിടിച്ചുവെച്ചിരുന്നു!
പ്രസിഡന്റ് തൊട്ടടുത്ത വീട്ടിലെ അയലിൽ കിടക്കുന്ന മഞ്ഞലുങ്കി എടുക്കാനോടിയപ്പഴാണ് പ്രതിപക്ഷ നേതാവ് കേമൻ സോമനോട് ഉപനേതാവ് ബാപ്പുട്ടി ചെവിയിൽ ചോദിച്ചത്,
“പ്രസിഡന്റിന്‍റെ നഗ്നതാ പ്രദർശനത്തിന് എതിരെ നമുക്കൊരു അവിശ്വാസ പ്രമേയം കൊണ്ടുവന്നാലോ?”
“ഒന്നു ചുമ്മാതിരിയെടേ… എന്നിട്ട് വേണം ഭരണം മാറി പുതിയ പ്രസിഡന്റായ ഞാൻ പതാക ഉയർത്തുമ്പോൾ ബോംബ് പൊട്ടാൻ!” ശരിക്കും കേമൻ!
പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോള് പോയി. നല്ല കോളായിരുന്നത് പോലീസുകാര് പെട്ടെന്നെത്തി.
എസ് ഐ ഷമ്മി നിലത്ത് നിന്ന് നോക്കിയിട്ടും ബാല്‍ക്കണിയില്‍ നിന്ന് വിരട്ടിയിട്ടും അജ്ഞാതനായി വസ്തു പിടികൊടുത്തില്ല.
“സാറേ… ബോംബ് സ്ക്വാഡിനെ വിളിച്ചാലോ?”
“വരട്ടെ… ബോംബ് സ്ക്വാഡില് എന്‍റെ അമ്മായിടെ മോന്‍ സാബു ഉണ്ട്, വിളിച്ചുവരുത്തീട്ട് സാധനം ബോംബ് അല്ലെങ്കില് അവന്‍ ഫാമിലി ഗ്രൂപ്പില് എന്നെ കളിയാക്കും”
ഷമ്മിയേട്ടൻ ഒടുവില്‍ തെങ്ങിന്‍റെ മുകളിലേക്ക് നോക്കി ഒരു പാരഗ്രാഫ് ആത്മഗതം എറിഞ്ഞു,
“തെങ്ങിൽ കേറാൻ അറിയുന്ന പോലീസുകാരില്ല, ബോംബ് കണ്ടാല്‍ മനസ്സിലാവുന്ന തെങ്ങുകയറ്റകാരനുമില്ല”
“ഉണ്ട്”
എസ് ഐ അത് പറഞ്ഞ അടാപറമ്പിലെ സുരേന്ദ്രന്‍ aka സുരേട്ടനെ തിരിഞ്ഞുനോക്കി,
“വി ഹാവ് ടൈഗര്‍ വീരാന്‍!”
തെങ്ങുകേറ്റകാരൻ ടൈഗർ വീരാൻ. രാവിലെ ഉറക്കം ഉണർന്ന് വാമൊസ് അർജന്റീന എന്ന് ഉറക്കെ മൂന്നുവട്ടം പറഞ്ഞില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് വിശ്വസിക്കുന്ന വീരാൻ. വീരാനോളം വേഗത്തിൽ തെങ്ങിന്‍റെ ഉച്ചിയിൽ എത്തുന്ന ഒരു താരം പൊന്നാനി താലൂക്കിൽ വേറെ ഇല്ലായിരുന്നു.. താഴേക്ക് എത്തുന്നതിൽ രണ്ട് മീറ്റ് റെക്കോർഡുകൾ വേറെയും.
ഇടയ്ക്ക് സമയം ലാഭിക്കാൻ വേണ്ടി വീരാൻ തെങ്ങിന്‍റെ മണ്ടയിൽ നിന്ന് താഴേക്ക് ഊർന്നിറങ്ങാതെ വായുവിലൂടെയും പോന്നിട്ടുണ്ട്. ജസ്റ്റ് ടൈഗർ വീരാൻ തിങ്സ്!
“അയാൾക്ക് ബോംബ് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റോ?”
“തിരിച്ചറിയാന്‍ പറ്റോന്നോ… വേണേല്‍ ബോംബ് നിര്‍വ്വീര്യമാക്കി കയ്യില്‍ തരും… നയന്ടീസില് വീരാന്‍ ശ്രീലങ്കയിലുണ്ടായിരുന്ന കാലത്ത് തമിഴ് പുലികള് ബഹുമാനത്തോടെ വിളിച്ച പേരാണ് ടൈഗര്‍ വീരാൻ” സുരേട്ടന്‍ എടുത്ത് അലക്കി.
അത്ഭുതം കൂറി നിന്ന എസ് ഐ ഷമ്മി പക്ഷെ യഥാര്‍ത്ഥ കഥ അറിഞ്ഞില്ല… പണ്ട് ധ്രുവം സിനിമയില്‍ മമ്മുക്ക വില്ലന്‍ ടൈഗര്‍ പ്രഭാകരനെ തൂക്കി കൊല്ലുന്നത് കണ്ട് തിയേറ്ററില്‍ വാവിട്ടു കരഞ്ഞ വീരാന് വീണ പേരാണ് ടൈഗര്‍ വീരാനെന്ന്! സുരേട്ടന് അങ്ങനെയൊന്നുമില്ല, നാട്ടുകാര് തന്‍റെ പറ്റിക്കലില്‍ വീഴാതായാ എസ് ഐ നെ വീഴുത്തും. വീരാനെ വിളിക്കാന്‍ എസ് ഐ ഓര്‍ഡറിട്ടു. സുരേട്ടന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു… രണ്ടു കൊല്ലം മുന്പ് വീട്ടിലേക്ക് തേങ്ങയിടാന്‍ വിളിച്ച വീരാനുമായി കൂലി തര്‍ക്കത്തില്‍ ഒരു അടിയുണ്ടായ അന്ന് സുരേട്ടന്‍ ഒരു ശപഥമെടുത്തിട്ടുണ്ടായിരുന്നു, എന്നെങ്കിലും വീരാനെ കൂലി കൊടുക്കാതെ ഒരു തെങ്ങില്‍ കേറ്റും എന്ന്, അത് നടന്നു.
പക്ഷെ ഒരു പ്രശ്നമുണ്ട്! വീരാൻ അങ്ങനെ വലിച്ചു വാരി എല്ലാ തെങ്ങിലും കേറുന്ന ടൈപ്പ് അല്ല…
സെലക്റ്റീവ് തേങ്ങ ഇടലിന്‍റെ ആളാണ്. ചില തെങ്ങിന്‍റെ ചുവട്ടിൽ പോയി തെങ്ങിനെ, അങ്ങളയുടെ പെണ്ണുകാണലിന് പോയ പെങ്ങന്മാരെ ഒരു നോട്ടം നോക്കും. എന്നിട്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ തന്‍റെ നാഗപ്പട്ടണം മെയ്ഡ് തളപ്പെടുത്ത് കാലിൽ ചുറ്റുമായിരുന്നുള്ളൂ…
“അതെന്താ വീരാനേ ഈ തെങ്ങിൽ കയറേണ്ട ?” ന്ന് ചോദിച്ചാൽ പറയും
“ഈ തെങ്ങിൽ എനിക്കൊരു വൈബ് കിട്ടണില്ല…. നമുക്ക് അടുത്തത് നോക്കാം.” വൈബ് ഇല്ലാത്ത പണി വീരാൻ ചെയ്യൂല!
എന്തായാലും ഉടമയ്ക്ക് കൂലിയിൽ പ്രൊഫിറ്റാണ്.
അക്ഷമരായി കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് ഒരു അര്‍ജന്റീന ജേഴ്സിയും ഇട്ട് വീരാനെത്തി. തളപ്പ് കയ്യില്‍ പിടിച്ച് വീരാന്‍ തെങ്ങിന്‍റെ മുകളിലേക്ക് ചാഞ്ഞും ചരിഞ്ഞും നോക്കി.
വീരാന് വൈബുണ്ടാവണേ എന്ന് എല്ലാവരും പ്രാർത്ഥിച്ചു. ‘ദൈവമില്ലാ സംഘം’ വെറുതെ നിന്നു.
“കഴിഞ്ഞ പ്രാവശ്യം തെങ്ങ് കേറാന്‍ വന്നിട്ട് വീരാന്‍ ഈ തെങ്ങില്‍ കേറിയില്ല”, ജോണികുട്ടന്‍ അടുത്ത് നിന്ന പ്രസിഡന്റിനെ നെഗറ്റീവ് അടിപ്പിച്ചു. പക്ഷെ ഇത്തവണ വീരാന്‍ കേറാന്‍ തയ്യാറായി.
ചുറ്റും ഇത്രേം ആള് കൂടിയപ്പൊ വീരാന് വൈബായതാണ്.
എസ് ഐ വീരനെ ഷെയ്ക്ക് ഹാന്റ് നല്‍കി പരിചയപ്പെട്ടശേഷം പറഞ്ഞു,
“വീരാന്‍…. സാധനം ബോംബ് അല്ല എന്ന് നൂറു ശതമാനം ഉറപ്പു വരുത്തിയിട്ടേ അതില് തൊടാന്‍ പോലും പാടൂ…”
വീരാന്‍ തലയാട്ടി.
“ഞാന്‍ താഴെ നിന്ന് ഇന്‍സ്ട്രക്ഷന്‍സ് തന്നോളാം, അതനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക”
വീണ്ടും ആട്ടി.
വീരാന്‍ തന്‍റെ പിങ്ക് തോര്‍ത്തെടുത്ത് തലയില്‍ കെട്ടി, തളപ്പെടുത്ത് കാലില്‍ ഇട്ട്, മടവാളും പിറകില്‍ വെച്ച് തയ്യാറായി ഒന്ന് ചുറ്റും നോക്കി. നാട്ടുകാര്‍ മുഴുവന്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു! പോലീസുകാരും പഞ്ചായത്ത് മെമ്പര്‍മാരും വരെ വീരാനെ വീരനെ പോലെ നോക്കുന്നു!! ആ സെക്കന്റില്‍ വീരാന്‍ ഒരു ഗോള്‍ഡ് ഫ്ലേക്ക് എടുത്ത് കത്തിച്ച് പുകവിട്ടു. എസ് ഐ ക്ക് ഒന്നും പറയാന്‍ പറ്റാത്ത കണ്ടീഷന്‍. വീരാൻ തന്റെ സ്റ്റാർഡം ആസ്വദിക്കുകയായിരുന്നു.
ഇന്‍സ്ട്രക്ഷന്‍സ് കൊടുക്കാന്‍ പാകത്തിന് എസ് ഐ ജോണികുട്ടന്‍റെ ബാല്‍ക്കണിയില്‍ കയറിനിന്നു. സിഗരറ്റ് കഴിഞ്ഞപ്പോള്‍ വീരാന്‍ കയറാന്‍ തുടങ്ങി.
മുകളിലെത്തിയ വീരാന്‍ ആദ്യം തന്നെ മൂത്ത രണ്ടു പട്ട വെട്ടി താഴേക്ക് ഇട്ടു. ബാല്‍ക്കണിയില്‍ എസ് ഐ ക്ക് ഒപ്പമുണ്ടായിരുന്നവരുടെ കൂട്ടത്തിലെ പ്രസിഡന്റ്റ് കയ്യടിച്ചു,
“ഹോ വർക്ഹോളിക്ക് വീരാൻ! ബോംബെടുക്കാന്‍ തെങ്ങില്‍ കേറിയാലും ഓന്‍ ഓന്‍റെ കടമ മറക്കൂല”
“മണ്ടത്തരം പറയാതെ മിണ്ടാതിരിക്കടോ, പട്ട വെട്ടിയാലേ അവിടെ ഇരിക്കുന്നത് എന്താണെന്ന് ശരിക്ക് കാണാന്‍ പറ്റൂ…”
മടവാള്‍ തിരിച്ച് വൈസ്റ്റ്റ് പൌച്ചില്‍ വെച്ച്, പട്ട പോയ ശ്യൂനതയിലൂടെ വീരാന്‍ ആ സാധനത്തെ ശരിക്ക് നോക്കി.
വസ്തു എന്താണെന്ന് മനസ്സിലായ ഉടനെ വീരാന്‍റെ മുഖം മാറി. എസ് ഐ ടെ ഇന്‍സ്ട്രക്ഷന്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ആ വസ്തു കയ്യിലെടുത്ത് നിലത്തേക്ക് ഒറ്റ ഏറ്!
ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നവര്‍ ആദ്യമോടി, താഴെയുണ്ടായിരുന്നവര്‍ പരന്നോടി.
പക്ഷെ സംഭവം നിലത്ത് വീണിട്ടും ഒന്നും പൊട്ടാഞ്ഞത് കണ്ട് എല്ലാവരും പയ്യെ തിരിച്ചുവന്നു. ഇല്ല, ബാല്‍ക്കണി കാലി ആയിരുന്നില്ല… ഒരാള്‍ മാത്രം അവിടെ നില്‍പ്പുണ്ടായിരുന്നു, എസ് ഐ ഷമ്മി!
സത്യത്തില്‍ ആദ്യമോടിയത് ഷമ്മിയാണ്, പക്ഷെ ആട്ടുകട്ടിലില്‍ തട്ടി വീണ് അവിടെ തന്നെ കിടന്നു. പിന്നെ എഴുന്നേറ്റു നിന്നപ്പ കാണുന്ന കാഴ്ച താഴെയുള്ള നാട്ടുകാര്‍ തന്നെ അഭിമാനത്തോടെ നോക്കുന്നതാണ്.
‘ഷമ്മിസാറിന്റെ ഒരു കരളുറപ്പ്!!’ നാട്ടുകാരുടെ അത്മഗതങ്ങളില്‍ നിന്നൊരു റാപ്പുണ്ടായി.
വീണുകിടക്കുന്ന വസ്തുവിന്‍റെ അടുത്ത് ആദ്യമെത്തിയത് കേമന്‍ സോമനാണ്.
“സാറേ…ഇത് മറ്റതാണ്”
“എന്ത്?”
“കല്യാണങ്ങള്‍ക്ക് പറക്കണ സാധനം”
ഡ്രോണ്!
മുന്പ് തെങ്ങ് കേറ്റക്കാര് മാത്രം എക്സ്ക്ലൂസിവായി കണ്ടിരുന്ന ഒരു നാടിന്‍റെ ഏരിയല്‍ വ്യൂ നാട്ടുകാര്‍ക്ക് മുഴുവന്‍ കാണിച്ചു കൊടുക്കാന്‍ തുടങ്ങിയ ഡ്രോണുകളോടുള്ള ചൊരുക്ക് ആയിരുന്നു വീരാന്‍ അത് താഴേക്ക് എറിഞ്ഞതിന് പിന്നില്‍. പോലീസ് ഡ്രോൺ കസ്റ്റഡിയിലെടുത്തു.
പഞ്ചായത്ത് പ്രസിഡനടിന്റെ പുത്രന്‍ പ്ലസ്റ്റുക്കാരന്‍ പുനീത് വന്നു കുറ്റം ഏറ്റെടുത്ത് കീഴടങ്ങി. തെങ്ങിന്‍ കുരലില്‍ കുടുങ്ങിയ ഡ്രോണ്‍ ഊരിയെടുക്കാന്‍ അവന്‍ ശ്രമിച്ചപ്പഴായിരുന്നു ലൈറ്റ് ആന്റ് സൌണ്ട്സ് വന്നുകൊണ്ടിരുന്നത്. പട്ടം പറത്തേണ്ട പ്രായത്തില്‍ ഡ്രോണ്‍ പറത്തി നാടിനെ മുള്‍മുനയിലാക്കിയ പുനീതിന്‍റെ അച്ഛനും കിട്ടി വേണ്ടോളം.
കാര്യപരിപാടികള്‍ എല്ലാം തീര്‍ന്നപ്പോള്‍ എസ് ഐ ഷമ്മിയേട്ടന്‍ ജോണികുട്ടനെ അടുത്തേക്ക് വിളിച്ചു. വീണപ്പോള്‍ ചതഞ്ഞ മുട്ടുകാലും നെറുകം തലയും തടവികൊണ്ട് എസ് ഐ ചോദിച്ചു,
“ആ ആട്ടുകട്ടില് നീ എവിടുന്നാ വാങ്ങിച്ചത്?”
“പറഞ്ഞുണ്ടാക്കിപ്പിച്ചതാ…. എന്താ സാര്‍?”
“അത് ഒ എല്‍ എക്സില്‍ ഇടുന്നുണ്ടെങ്കില്‍ പറയണം, വാങ്ങിച്ചിട്ടെനിക്ക് കത്തിക്കാനാ…
ഷമ്മി പല്ലിറുമ്മി. ജോണികുട്ടന്‍ കുറച്ചുസമയം വെളിച്ചം കിട്ടാതെ നിന്നു.
പോലീസ് ജീപ്പിലെക്ക് ഡ്രോണുമായി കയറിയ ഷമ്മിയുടെ അടുത്തേക്ക് ഓടിച്ചെന്ന് ജോണികുട്ടന്‍ ചോദിച്ചു,
“സാറേ… ഈ ഡ്രോണ്‍ ഇനി എന്ത് ചെയ്യും”
“ഫൈന്‍ അടപ്പിച്ചിട്ടു തിരിച്ചു കൊടുക്കും”
“അതിന്‍റെ ഉള്ളിലെ മെമ്മറി കാർഡ് നശിപ്പിച്ചിട്ട് തിരിച്ചു കൊടുത്താ മതി”
“ഉം… ഇത്രയൊക്കെ പ്രശ്നങ്ങള് ഇവൻ ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അതില് എന്തൊക്കെ വീഡിയോ ഉണ്ടെന്നു കൂടി നോക്കട്ടെ”
“അയ്യോ!!” ജോണികൂട്ടന്‍റെ ഉലകം ഒന്നു കുലുങ്ങി.
പഞ്ചായത്ത് ഓഫീസ് നനയ്ക്കുന്ന പരിപാടി ജോണികുട്ടന്‍ അന്നത്തോടെ നിര്‍ത്തി.