Malayalam Short Stories

എള്ളുണ്ടപ്പറമ്പിൽ ശങ്കരൻ

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണോ കെമിസ്സ്ട്രിയിലാണോ എന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ അതേ ഭൂഗോളത്തിലുള്ള ഞങ്ങളുടെ നാടിന്, എള്ളുണ്ടപ്പറമ്പിൽ ശങ്കരൻ അറിയാതെ ഒരു പ്രാവശ്യം പോലും സ്പന്ദിക്കാൻ ആവൂലാണ് നമ്മക്കറിയാം. അമാവാസിദിവസം അർദ്ധരാത്രിക്ക് ആരും കാണാതെ കുളത്തിൽ കിടന്ന് കഴുത്തോളം വെള്ളത്തിൽ മൂത്രമൊഴിച്ചാലും, പിറ്റേന്ന് അങ്ങാടിയിലേക്ക് ഇറങ്ങുമ്പോ പരിചയക്കാർ ചോദിക്കും, ‘മൂത്രത്തിന് ഒരു മഞ്ഞ കളർ ഉണ്ടല്ലോ, ഡോക്ടറെ കാണിക്കായിരുന്നില്ലേ?’എന്ന്. രഹസ്യങ്ങൾ കണ്ടുപിടിക്കുക മാത്രമായിരുന്നില്ല, അത് പരസ്യമാക്കുക കൂടിയായിരുന്നു ശങ്കരന്റെ ഹരം… ചീപ് ത്രിൽസ്.
നാല് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നാൽപ്പത് വട്ടം വിചാരിച്ചാൽ പോലും കിട്ടാത്ത നാടിന്റെ നാഡി മിടിപ്പ് ശങ്കരൻ നിന്ന നിൽപ്പിലറിയും, അജ്ജാദി സ്‌പൈയാണ്. ശങ്കരൻ മൂപ്പര് റോ യിലുണ്ടായിരുന്നെങ്കിൽ ബെസ്റ്റ് ചാര ഏജൻസിക്കുള്ള വേൾഡ് കപ്പ് ഇന്ത്യയുടെ ഷെൽഫിൽ ഇരുന്നേനെ എന്ന് ക്ലബ് നടത്തിയ അനുസ്മരണ യോഗത്തിൽ സെക്രട്ടറി സഭാഷ് സുഭാഷ് പറഞ്ഞിട്ടുണ്ട്.
അനുസ്മരണ യോഗം എന്ന് പറഞ്ഞത് കൊണ്ട് മൂപ്പര് മയ്യത്തായിക്കഴിഞ്ഞു എന്ന് തെറ്റിദ്ധരിക്കണ്ട. ശങ്കരേട്ടൻ നാടിനു നൽകുന്ന സമഗ്ര സംഭാവനകൾ കാരണം ഇടയ്ക്കിടക്ക് ഞങ്ങൾ അദ്ദേഹത്തെ അനുസ്മരിച്ച് യോഗം ചേരാറുണ്ട്. അങ്ങനത്തെ ഒരു അനുസ്മരണ യോഗം കഴിഞ്ഞമാസം വിളിച്ചു ചേർത്തത് ഉണ്ണിമോൻ ആയിരുന്നു.
അങ്ങാടിയിൽ ‘മഹിഷ്മതി ടി സ്റ്റാൾ’ നടത്തുന്ന ഉണ്ണിമോൻ, സിഗരറ്റ് വലിച്ച കൈകൾ കൊണ്ടാണ് പഴംപൊരിയുടെ മാവ് കലക്കുന്നത് എന്ന് പരസ്യമാക്കിയതിന്റെ ആഫ്റ്റർ ഇഫക്ട്. അങ്ങാടിയിൽ തന്നെയുള്ള തന്റെ വീട്ടിൽ വെച്ചിട്ടുള്ള സിസിടിവിയിൽ ഓരോ കടയിലെയും ആക്ഷൻസും ട്രാൻസാക്ഷൻസും ഒബ്സർവ് ചെയ്തിട്ട്, താൻ സിഗരറ്റ് വലിക്കുന്നത് കണ്ടുപിടിച്ച ശങ്കരനോട് ഉണ്ണിമോൻ ചോദിച്ചു,
“ഇങ്ങൾക്കിത് എന്തിന്റെ കേടാണ് ശങ്കരേട്ടാ?”
“ഒരു മാനസികോല്ലാസം.”

ബാക്ക് ടു യോഗം.
ശങ്കരന്റെ കത്തിക്കൽ എക്സ്പീരിയൻസ് ചെയ്തിട്ടുള്ള എല്ലാവരും, വിജയ് പടത്തിന്റെ പാട്ട് പാടുന്ന അനിരുദ്ധ് രവിചന്ദ്രന്റെ എനർജിയോടെ മീറ്റിംഗിന് വന്നു. അജണ്ട ഒന്നേയുള്ളൂ… ശങ്കരന്റെ മെന്റൽ ഉല്ലാസങ്ങൾ അടിയന്തിരമായി നിർത്തലാക്കുക. ക്ലബ് സെക്രട്ടറി സുഭാഷ് എഴുന്നേറ്റ് നിന്നു,
“അയാള് ഈ നാടിന് തീയിട്ട് കൊണ്ടിരിക്കുകയാണ്… അതൊരു കാട്ടുതീ ആവും മുൻപ് നമ്മള് കെടുത്തണം”
സുബൈറിന്റെ വക ആയിരുന്നു ആദ്യ സജഷൻ,
“ഇരുട്ടടി അടിക്കാം!”
“വേണ്ട, എത്ര ഇരുട്ടത്താണ് നമ്മൾ അടിക്കുന്നതെങ്കിലും അടിച്ചത് ആരാണെന്നും, അടിച്ച വടി ഏത് പറമ്പിലെ ആണെന്നും മൂപ്പര് കണ്ടുപിടിക്കും. അടിക്കാനുള്ള ഐഡിയ പറഞ്ഞത് സുബൈർ ആണെന്ന് ആദ്യം പിടിക്കും!”
കുട്ടാപ്പുവിന്റെ വിശദീകരണം കേട്ട സുബൈർ, ട്രാൻസാക്ഷൻ ചെയ്യാതെ തന്നെ ട്രാൻസാക്ഷണൽ മെസേജ് വന്ന ഒരു തരം ഞെട്ടലോടെ ഇരുന്നു.

മീറ്റിംഗ് വിളിച്ചത് ഉണ്ണിമോൻ ആയതുകൊണ്ട് മഹിഷ്മതിയിൽ നിന്നും പാൽചായയും പക്കവടയും വന്നു.
പക്കവട വായിൽ നിന്നിറങ്ങിയപ്പോൾ സുഭാഷ് ചോദിച്ചു,
“ഇയ് കിങ്സ് മാറ്റി മിക്സ് പോഡിലേക്ക് മാറിയോ?”
ട്രാക്ടറുകാരൻ ദാമോദരൻ പാൽച്ചായയുടെ ഏമ്പക്കത്തിനൊപ്പം ഒരു നെടുവീർപ്പു കൂടിയിട്ടിട്ട് പറഞ്ഞു,
“ആ ബാംഗ്ലൂരുള്ള ഭരതന്റെ കണ്ടത്തിൽ ഞാൻ മൂന്ന് മണിക്കൂറ് പൂട്ടിയിട്ട് അതിന്റെ കാശ് വാങ്ങിച്ചിരുന്നു, അതിലെ പതിനഞ്ച് മിനുറ്റ് ഞാൻ ഫോണില് ഗെയിം കളിച്ച് മുട്ടിച്ചതാണ് എന്നയാള് ബാംഗ്ലൂരിലേക്ക് വിളിച്ചു പറഞ്ഞു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു ആവോ, കളിച്ച ഗെയിമിന്റെ പേര് വരെ പറഞ്ഞുകൊടുത്തു.”
“മൊസാദിന്റെ ചാര സാറ്റ്ലൈറ്റിന് പോലുമില്ല ഇത്രേം കവറേജ്.” സുഭാഷ് മേൽപോട്ട് നോക്കി പറഞ്ഞു.
“അതുമിതും പറഞ്ഞിരിക്കാതെ പരിപാടി പ്ലാൻ ചെയ്. ഇന്നയാള് കോഴിക്കോട് ചെക്കപ്പിന് പോയതുകൊണ്ട് കിട്ടിയ അവസരമാണ്… അല്ലെങ്കിൽ ഈ മീറ്റിംഗ് നടക്കുന്നത് വരെ മണത്തറിയും”
ഉണ്ണിമോൻ അത് പറഞ്ഞു തീർന്നപ്പോഴാണ് അവന്റെ ഫോണിലേക്ക് ഒരു വോയ്സ് മെസേജ് വന്നത്. എടുത്തു നോക്കിയപ്പോൾ എള്ളുണ്ടപ്പറമ്പിൽ ശങ്കരൻ,
“പക്കവടക്ക് ഉപ്പ് കുറച്ച് കുറവാണല്ലോ ഉണ്ണിമോനെ!”
അന്തരീക്ഷം പൊടുന്നനെ നിശബ്ദമായി. ഹൊറർ സിനിമയിലൊക്കെ നായകനോ നായികയോ വീട്ടിൽവെച്ച് തന്റെ തൊട്ടു പിറകിൽ പ്രേതമുണ്ട് എന്ന് തിരിച്ചറിയുമ്പോ ഉള്ള ആ ഒരു തരിപ്പില്ലേ? അതായിരുന്നു ക്ലബ്ബിലപ്പോൾ ഉണ്ടായത്. പക്ഷേ പ്രേതം പോലെയല്ല ശങ്കരൻ, മൂപ്പര് ഈ ജില്ലയിൽ തന്നെയില്ല, എന്നിട്ടും കത്തിച്ചു.

ക്ലബ് അംഗങ്ങൾ ഓരോരുത്തരായി വീട്ടിലേക്ക് പോയി.
ഉണ്ണിമോനായിരുന്നു ഏറ്റവും സങ്കടം. പത്ത് പ്ലേറ്റ് പക്കവടയും പതിനാല് പാൽചായയും വേസ്റ്റ് ആയതാണ് കുണ്ഠിതപ്പെടുത്തിയത്. അപ്പൊ ശങ്കരന്റെ നോട്ടപ്പുള്ളി ലിസ്റ്റിൽ ഇടം പിടിച്ചത്? അത് മറ്റൊരു കുണ്ഠിതം.
പിന്നെ പിന്നെ ഞങ്ങൾ നാട്ടുകാർക്ക് ശങ്കരനെതിരെ എന്തെങ്കിലും ചിന്തിക്കാൻ വരെ പേടിയായിത്തുടങ്ങി. സ്വന്തം ഫോൺ നമ്മുടെ മൈന്റ് റീഡ് ചെയ്യുന്നതുപോലെ മൂപ്പരും നമ്മളെ റീഡ് ചെയ്യുന്നുണ്ടോ എന്നൊരു സംശയം.
നാട്ടുകാർക്ക് മാത്രമായിരുന്നില്ല എള്ളുണ്ടപ്പറമ്പുകാരൻ ഭീഷണി ആയത്, വീട്ടുകാർക്കും കൂടിയാണ്. ഗൾഫിലുള്ള മൂപ്പരുടെ മൂത്ത പുത്രൻ നിഥിൻ, അച്ഛന്റെ ബർത്ത് ഡേ ടെ അന്ന് അച്ഛനൊരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി ഒരു ഇൻസ്റ്റ റീൽ ഒക്കെ മനസ്സിൽ കണ്ട് ആരോടും പറയാതെ നാട്ടിലെത്തിയപ്പൊ, കരിപ്പൂർ എയർപോർട്ടിൽ ദേ നിൽക്കുന്നു, ശങ്കരൻ!
“അച്ഛാ… നാഷ്ണൽ ഡേയുടെ അവധിക്ക് ഞാൻ നാല് ദിവസത്തേക്ക് നാട്ടിലേക്ക് പോന്നത് എന്റെ അറബി പോലും അറിഞ്ഞിട്ടില്ല…”
ബാക്കി ചോദിക്കുമ്പോൾ നിഥിന്റെ കണ്ഠം മാത്രമല്ല, എന്തൊക്കെയോ ഇടറി,
“അച്ഛനെങ്ങനെ….?”
പക്ഷേ മൂപ്പര് ആ ചോദ്യം തന്നെ അവഗണിച്ചു,
“നീ ഫ്ലൈറ്റിൽ നിന്ന് ഇയർഫോൺ എടുത്തിട്ടില്ല ട്ടോ”

ആലപ്പി എക്സ്പ്രസ്സിൽ കേറി മൂന്ന് മണിക്കൂർ ട്രാവൽ ചെയ്ത്, എറണാംകുളം സൗത്തിലിറങ്ങി ഓട്ടോപിടിച്ച്, തിരക്ക് കുറഞ്ഞ ഒരു ജങ്കാറിൽ കേറി ആരും തങ്ങളെ നിരീക്ഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം, നടുകായലിൽ വെച്ചാണ് സുഭാഷിനോട് അന്നത്തെ ക്ലബ്ബിൽ ഇടാൻ തുടങ്ങിയ പ്ലാനിങ്ങിന്റെ ബാക്കി ഉണ്ണിമോൻ പറഞ്ഞു തുടങ്ങിയത്. അപ്പോഴാണ് സുഭാഷ്, നിഥിന്റെ സർപ്രൈസ് ശങ്കരേട്ടൻ റീലില്ലാതെ മടക്കി കൊടുത്ത കാര്യം ഉണ്ണിമോനോട് തിരിച്ച് പറഞ്ഞത്.
“ആകാശത്ത് വരെ ശങ്കരേട്ടന്റെ സെൻസറുകൾ പ്രവർത്തിക്കുന്നുണ്ട്! പിന്നെയാണോ ഈ ഫോർട്ട് കൊച്ചി.”
മഹിഷ്മതിയുടെ പ്രൊപറേറ്റർ നെഞ്ചത്ത് കൈ വെച്ചു’. ഒരു ദിവസത്തെ കച്ചവടം, എറണാകുളം ഡേ ട്രിപ്പിന്റെ കാശ്. നഷ്ടക്കണക്കാണല്ലോ ശിവഗാമി ദേവീ…’
എന്നാലും സുഭാഷിനൊരു പ്ലാനുണ്ടായിരുന്നു…
“ശങ്കരനെയല്ല, അയാളുടെ അച്ഛനെ വരെ നമ്മള് പൂട്ടും.”
“ഷൊർണൂർ ശാന്തിതീരം കാര് വന്ന് മാവും കൊള്ളി വെച്ച് ദഹിപ്പിച്ച അയാളുടെ അച്ഛനെ പൂട്ടിയിട്ട് ഇനി എന്ത് മാങ്ങ കിട്ടാനാ? അയാളെ പൂട്ടണം, ശങ്കരനെ” ഉണ്ണിമോൻ എസ്കലേറ്റായി.
“ഓക്കേ.”
സുഭാഷ് വിശദീകരിച്ചു,
“നീ ശങ്കരേട്ടന്റെ മോളെ ശ്രദ്ധിച്ചിട്ടില്ലേ? നല്ല സുന്ദരിയല്ലേ, തൊണ്ണൂറുകളിലെ മോണിക്ക ബെല്ലൂചിയെ പോലെ?”
“ഇയ് മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ.”
“ശീമാട്ടിയുടെ ഫ്ലെക്സിൽ നിന്നിറങ്ങി വന്നപോലെ”
“ആ.”
“അവൾക്കൊരു പ്രണയമുണ്ടെന്ന് നമ്മൾ വരുത്തിതീർക്കും. അത് കണ്ടുപിടിക്കാൻ ഉറക്കം നഷ്ടപ്പെട്ട് അയാള് തലങ്ങും വിലങ്ങും കിടന്നോടണം. മോളോട് ചോദിച്ചാൽ അവൾ ആരും ഇല്ലെന്നല്ലേ പറയൂ? നാട്ടിലെ സകലമാന കാര്യങ്ങളും കണ്ടുപിടിക്കുന്നൊരാൾക്ക് സ്വന്തം മോളുടെ കാര്യം അറിയാൻ പറ്റില്ലെന്ന് വരുമ്പോ…”
“പ്രാന്താവും!”
“എക്സാറ്റ്ലി”
വീശിയ ഗദ ലക്ഷ്യത്തിൽ കൊണ്ടത് കണ്ട പൽവാൾ ദേവനെ പോലെ സുഭാഷ് പുഞ്ചിരിച്ചു.
“ഇതിനെ നമുക്ക് മിഷൻ ശങ്കരൻ എന്ന് വിളിക്കാം”
“മണ്ടാ… അയാൾക്ക് മനസ്സിലാവാൻ നെയിംസ്ലിപ് ഒട്ടിച്ച് കൊടുക്കണോ, വേറെന്തെങ്കിലും പേരിടാം. ഇയ് നേരത്തെ പറഞ്ഞതുണ്ടല്ലോ, തൊണ്ണൂറുകളിലെ ആരാണ്ടോ?”
“മോണിക്ക, മിഷൻ മോണിക്ക!”
ഇരുട്ട് റൂമിൽ എൽഇഡി ലൈറ്റ് തെളിഞ്ഞ മാതിരിയായി ഉണ്ണിമോന്റെ ഹൃദയം.

ശങ്കരേട്ടന്റെ മകൾ നിധിക്കൊരു പ്രണയമുണ്ടെന്ന് നാട്ടിൽ പറഞ്ഞ് പരത്തിയത് വളരെ പെട്ടെന്ന് വൈറലായി, കണ്ണാ പിന്നാ ഹിറ്റ്! ശങ്കരേട്ടന്റെ മനസ്സാകട്ടെ, പാലരുവി എക്സ്പ്രസ്സിന്റെ ശൗചാലയം പോലെ കലങ്ങിമറിഞ്ഞു. മകളെ മൂപ്പർ പലക്കുറി ചോദ്യം ചെയ്തെങ്കിലും അവളൊന്നും പറഞ്ഞില്ല. അല്ലെങ്കിലും ഇല്ലാത്ത കാമുകനെ പറ്റി ആ കുട്ടി എന്ത് പറയാൻ? അച്ഛന്റെ വിഷമവൃത്തത്തിന് ഒരു പരിഹാരം കാണാൻ ആരെയെങ്കിലും പ്രേമിച്ചാലോ എന്ന് വരെ നിധി ചിന്തിച്ചു, പക്ഷേ പിന്നെ അതിനെ അതിജീവിച്ചു. ബ്രേക്ക് അപ്പ് ഒക്കെ പോലെ, ഇമ്മാതിരി സമ്മർദ്ദഘട്ടങ്ങളിലാണ് ചില കിഴങ്ങൻമാര് പല പെൺകുട്ടികളുടെയും തലയിലാവുന്നത് എന്ന് ബുദ്ധിയുള്ള അവൾക്ക് അറിയായിരുന്നു.

അതോടെ ശങ്കരേട്ടന് നാട്ടുകാരുടെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ പറ്റാതെയായിത്തുടങ്ങി… നാട്ടിൽ രഹസ്യങ്ങളൊക്കെ പൂക്കാനും തളിർക്കാനും തുടങ്ങി… വസന്തകാലം! പക്ഷേ അതിലാണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്…
മഹിഷ്മതി ടീ സ്റ്റാളിൽ ഭക്ഷ്യവിഷബാധ, ദാമോദരന്റെ ട്രാക്റ്ററിലെ പെട്രോൾ മോഷണം, കുട്ടാപ്പുവിന്റെ തൊഴുത്തിൽ അജ്ഞാതജീവി….
ഒരുദിവസം രാവിലെ ഉറക്കമുണർന്ന സുഭാഷിന്റെ വീട്ടിലേക്ക് സുബൈർ ഓടിവന്നു,
“സുഭാഷെ, നിന്റെ ട്യൂഷൻ സെന്ററിൽ കുക്കുട മാംസവും, വീഞ്ഞ് ചഷകങ്ങളും”
“എന്തോന്ന്??”
“മലയാളം ക്ലാസിൽ നിന്ന് കിട്ടിയതുകൊണ്ട് പറഞ്ഞതാണ്, കോഴിക്കറിയുടെ വേസ്റ്റും മദ്യകുപ്പിയും. സാമൂഹ്യവിരുദ്ധരുടെ പണിയാ”
ഓരോന്നിനും പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളിലായി പരാതികൾ പോയി, എന്ത് കാര്യം. ശങ്കരേട്ടൻ ലൈവ് ആയിട്ടുണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. സംഭവിച്ചാൽ തന്നെ ആരെന്നും എന്തെന്നും എല്ലാരുമറിഞ്ഞേനെ. അല്ലേലും കണ്ണുള്ളപ്പഴേ റെയ്ബാൻ മെറ്റ ഗ്ലാസിന്റെ വിലയറിയൂ… ശങ്കരേട്ടന്റെ മാർക്കറ്റ് വാല്യൂ ഒ.എൽ.എക്‌സിലെ യമഹ ബൈക്കുകൾ പോലെ കുതിച്ചുയരുകയായിരുന്നു….
സുഭാഷും ഉണ്ണിമോനും മാണൂർ കായലിലേക്ക് നോക്കി താടിക്ക് കൈവെച്ചിരുന്നു.
“ഇതിപ്പോ നരൻ സിനിമയില് മുള്ളൻകൊല്ലി വേലായുധനെ നാട്ടുകാരെല്ലാരും കൂടി ചരട് കെട്ടി നന്നാക്കിയപ്പോൾ നാട്ടില് ഫുൾ കച്ചറ ആയ ആ അവസ്ഥയായി!
ഉണ്ണിമോൻ നീണ്ടൊരു നെടുവീർപ്പിട്ടിട്ട് പറഞ്ഞു,
“ശങ്കരേട്ടൻ നാട്ടിലെ ഫയർ ആയിരുന്നില്ലടാ, നാടിന്റെ ഫയർവാളായിരുന്നു!”


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.

Previous

വാപ്പാന്റെ നെല്ലിക്ക

Next

കൽക്കണ്ടേട്ടൻ

3 Comments

  1. Vishnu Madhanan

    നല്ല എഴുത്തുകൾ ഇനിയും ആ തൂലികതുമ്പിൽ നിന്ന് ഇണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ☺️📖📚🧿✨

  2. ബ്രോ… ഒരു രക്ഷയുമില്ല… എള്ളുണ്ടപ്പറമ്പിൽ “ഫയർവാൾ” ശങ്കരൻ

  3. Srinivas

    your blog feed not working… I want to add to https://www.sodhini.com/malayalam/

Leave a Reply

Powered by WordPress & Theme by Anders Norén