“അമ്പത് ലിറ്റർ സാമ്പാറിന് എന്താ വില?”
“സാമ്പാറിനിപ്പോ…. ങ്ങേ!”
പിന്നെയാണ് എനിക്ക് ബോധം വീണത്, ഒരു ഇനോവേറ്റീവ് മൊബൈൽ ആപ്ലിക്കേഷൻ ഐഡിയയും, അത് വെച്ചൊരു മില്ല്യൻ ഡോളർ ബിസിനസ് പ്ലാനും കയ്യിലുണ്ടെന്ന് പറയുന്ന അവൻ എന്ത് ഉലക്കയ്ക്കാണ് പെട്ടെന്ന് സാമ്പാറിന്റെ അങ്ങാടി നിലവാരം ചോദിച്ച് വോയ്സ് മെസേജ് അയക്കുന്നത്? അതും ഇന്നത്തെ ദിവസം തന്നെ!
ചെക്കൻ എന്റെ കൂട്ടുകാരനാണ്, ജിഷ്ണു. പാലക്കാട് നിന്ന് വരുന്ന തലച്ചോറ് നിറച്ച് ഐഡിയാസുള്ള അവനെയും, പിറവത്ത് നിന്ന് വരുന്ന മടിശീല നിറച്ച് കാശുള്ള ഇൻവസ്റ്ററിനെയും കണക്റ്റ് ചെയ്ത് കൊടുക്കൽ എന്നൊരു പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. വെറും പരോപകാരം. പനമ്പിള്ളി നഗറിലെ ഒരു കഫേയിൽ പിറവം ചേട്ടൻ ഉച്ചക്ക് പന്ത്രണ്ട് മണി എന്ന് ടൈം പറഞ്ഞപ്പോൾ, ഞാൻ ജിഷ്ണുവിനോട് പതിനൊന്നുമണി എന്ന് കള്ളം പറഞ്ഞു. അഥവാ ഇനി അവൻ ലേറ്റായാലും മേയ്ക്ക് അപ്പ് ചെയ്യാൻ സമയമുണ്ടല്ലോ… കുഞ്ഞ് ടാക്ടിക്സ്.
സമയം പത്തരയായപ്പോൾ, ജിഷ്ണുവിന്റെ ‘കുറച്ച് ലേറ്റാവും’ എന്ന മെസേജ് കണ്ട് എന്ത് പറ്റിയെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ്, അവനാ സാമ്പാറിന്റെ വോയ്സ് മെസേജ് അയച്ചത്. സ്വാഭാവികമായും എനിക്ക് ഞെട്ടി അവനെ ഫോൺ വിളിക്കേണ്ടി വരുമല്ലോ…
“ജിഷ്ണു… നീ എവിടെയാണ്, അയാള് ഇവിടെ എത്താറായി”
“ഞാൻ ഓൺ ദി വേ ആണ്, പക്ഷേ ലേറ്റാവും”
“പിന്നെ നീ എന്തിനാടാ സാമ്പാറിന്റെ വില ഒക്കെ അന്വേഷിക്കുന്നത്?”
“അറിയുമെങ്കിൽ ഒന്ന് പറഞ്ഞതാടാ… പുളിശ്ശേരിയുടെ റേറ്റും വേണം”
അവൻ ഫോൺ വെച്ചു. ‘ശേടാ… ഒരു ബിസിനസ്സ് മീറ്റും സാമ്പാറും പുളിശ്ശേരിയും തമ്മിലെന്ത് ബന്ധം?’
എനിക്ക് മറ്റേത് അടക്കാനായില്ല, ജിജ്ഞാസ.
ഞാൻ ക്യാറ്ററിംഗ് ഒക്കെ നടത്തുന്ന എന്റെ ഫ്രണ്ട് ഉവൈസിനെ വിളിച്ചു. ഇനി അതിന്റെ രണ്ടിന്റെയും വില അറിയാഞ്ഞിട്ട് ജിഷ്ണു ലേറ്റാവണ്ട.
“ഉവൈസേ… അമ്പത് ലിറ്റർ സാമ്പാർ, അമ്പത് ലിറ്റർ പുളിശ്ശേരി”
“എന്നത്തേക്കാ, എവിടെ എത്തിക്കണം?”
അതങ്ങനെ ഒരു ബിസിനസ്മാൻ.
“ഓഡർ അല്ല, അതിന്റെ വില അറിയാനാണ്”
“അങ്ങനെ പുളിശ്ശേരിയും സാമ്പാറും മാത്രമായി വിൽക്കുന്നൊരു പതിവില്ല”
“എന്നാലും ഒരു ഏകദേശ കണക്ക് പറയ്”
“സാമ്പാർ അമ്പത് ലിറ്ററിന് രണ്ടായിരത്തിയഞ്ഞൂറ്, പുളിശ്ശേരിക്ക് രണ്ടായിരവും കൂട്ടിക്കോ”
കട്ട് ടു ജിഷ്ണു,
അവൻ എക്സ്ക്ലമേഷൻ മാർക്കിട്ട് ഒരു ‘അയ്യോ’ എന്നു പറഞ്ഞ് ഫോൺ വെച്ചു.
എനിക്ക് ജിജ്ഞാസ കൂടി. അതും അമ്പത് ലിറ്റർ ജിജ്ഞാസ കൂടിയാണെന്ന് ഓർക്കണം.
ഒരു കറി മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ ആ കറിയിൽ ചേർത്ത ഉപ്പിന്റെയും മുളകിന്റെയും, മസാലയുടെയും, പച്ചക്കറികഷണങ്ങളുടെയും ഒക്കെ ഗ്രാം വെച്ചിട്ടുള്ള കണക്കും, അന്നത്തെ ദിവസത്തെ അതിന്റെയൊക്കെ മാർക്കറ്റ് റേറ്റ് ഫെച്ച് ചെയ്ത് ആ കറിയുടെ ടോട്ടൽ മാനുഫാക്ചറിംഗ് കോസ്റ്റും കാണിക്കുന്ന ഒരു മൊബൈൽ ആപ്പ് ആയിരിക്കുമോ ഇനി അവന്റെ ഐഡിയ?
ഈ ജിഷ്ണു ഒരു പേര് കേൾപ്പിക്കുന്ന ഫുഡ്ഡി ആണ്. ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നൊരാഗ്രഹം കരളിനുള്ളിൽ കർപ്പൂര തുളസി പോലെ നട്ടുവളർത്തുന്നുമുണ്ട്. തന്മൂലം കൊണ്ടുതന്നെ, ഏത് റെസ്റ്റോറന്റിൽ കയറിയാലും അവനൊരു പരിപാടിയുണ്ട്. ഭക്ഷണം ഓർഡർ ചെയ്ത ശേഷം പെർമിഷൻ ചോദിച്ച് അവരുടെ കിച്ചണിൽ കയറി ഓരോ ഭക്ഷണവും പാകം ചെയ്യുന്നത് കാണുക, പാചക രീതികളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക, അടുപ്പത്തിരിക്കുന്ന ചെമ്പുകൾ ചട്ടുകം വെച്ച് ഇളക്കുക തുടങ്ങിയവയായിരുന്നു അത്.… Read the rest