“നിയമങ്ങളില്ലാത്ത ഒരു ലോകം…. വ്യവസ്ഥകളോ സമ്പ്രദായങ്ങളോ ഇല്ലാത്ത ഒരു സമൂഹം. അവിടെ, മനുഷ്യ മാംസം കഴിക്കാൻ നിങ്ങൾക്കൊരവസരം കിട്ടിയാൽ ആരെ രുചിച്ചു നോക്കണമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം?”
“ഗായത്രിയെ!”
ഡോക്ടറുടെ ചോദ്യം എന്നോടായിരുന്നെങ്കിലും വന്നത് ഹാനിയുടെ ഉത്തരമായിരുന്നു. ഞാനമ്പരന്നുപോയി, അവനൊന്നു ആലോചിച്ചതുപോലുമില്ല! അങ്ങനെ ഒരാഗ്രഹമുള്ള ഒരാൾ അവിടെയുണ്ടെന്ന് മനസ്സിലാക്കിയിട്ടു തന്നെയാവണം ഡോക്ടർ, ആ ചോദ്യം ഞങ്ങൾ കൂടിരിക്കുന്ന ആ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നത്. എല്ലാവരുടെയും കൃഷ്ണമണികൾക്കുളിൽ എനിക്കുപകരം ഹാനി സ്ഥാനംപിടിച്ചു.
വിമാനത്താവളത്തിലെ നിയോൺ വെളിച്ചങ്ങളുടെ അഴക് വീശിയെത്തുന്ന, ബോണസായികളും ബോഗൻവില്ലയും വള്ളിമുല്ലയും പന്തലിച്ചിട്ടുള്ള ആ ടെറസിലുണ്ടായിരുന്നത് ഞങ്ങൾ അഞ്ചുപേരായിരുന്നു. ഡോക്ടർ എന്ന് ഞങ്ങൾ വിളിക്കുന്ന ഒറ്റകണ്ണുള്ള ആ തൃക്കണ്ണുകാരൻ, ആദിയും അന്തവും അയാളാണ്, പ്രേതാന്വേഷകൻ ചന്ദ്രമോഹൻ. പണ്ടെങ്ങോ നഷ്ടപെട്ടുപോയൊരു കാമുകിയെകുറിച്ച് അനേകായിരം നാലുവരികവിതളെഴുതി ആയിരം കാമുകിമാരെ സ്വന്തമാക്കിയ പാർത്ഥിപൻ. ദിവസവും സമയം തെറ്റിയോടാറുണ്ടായിരുന്ന ഒരു കോഴിക്കോട്-തൃശൂർ ബസ്സിന്‍റെ ഡ്രൈവർ ഡേവിഡേൻ. പിന്നെ ഗായത്രിയെ പ്രണയിക്കുന്ന ഹാനിയും.