നിശബ്ദമായ ഒരോര്‍മ്മപെടുത്തലായിരുന്നു ഈ ശിവരാത്രിയും, എനിക്ക്.സ്വാതിയെക്കുറിച്ച്,മൂന്ന് വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച്,അതിന്‍റെ വേദനയെക്കുറിച്ച്…….
സ്വാതി! രണ്ടായിരത്തിനാല് മൈയ് 20ന് കണ്ടതുമുതല്‍ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി.പിന്നീട് മൂന്ന് വര്‍ഷം നീണ്ട മൌനാനുരാഗത്തിന് ശേഷം, രണ്ടായിരത്തിയേഴ് ഫെബ്രവരി പതിനാറിന് ,ഇതുപോലൊരു ശിവരാത്രി ദിവസം ഞാന്‍ അവളോട് എന്‍റെ പ്രണയം വെളിപെടുത്തി.
അന്ന്,”ഇഷ്ടമല്ല” എന്ന ഒരൊറ്റ വാക്കിന് ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന് ഞാനറിഞ്ഞു.
അതിനുശേഷം അവളില്ലാതെ ,അവളെകാണാതെ, കടന്നുപോയ മൂന്നുവര്‍ഷങ്ങള്‍ക്ക്ശേഷം, പ്രണയം നാന്ദികുറിച്ച ,വെളിപെടുത്തിയ ,അവസാനിച്ച അതേ സ്ഥലത്താണ് ഞാന്‍ തിരികെവന്ന് നില്‍ക്കുന്നത്.
എന്‍റെ പ്രണയം നിലച്ച അതെ ആല്‍മരച്ചോട്ടില്‍ ഞാന്‍ നിന്നു,ക്ഷേത്രത്തിലെ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ തിരഞ്ഞത് സ്വാതിയെയായിരുന്നു…..കൊഴിഞ്ഞുപോയ പ്രണയകാലത്തെ എന്‍റെ നായികയെ….
ഞാന്‍ പ്രാര്‍തിച്ചത് ഒന്ന് മാത്രമായിരുന്നു.
“സ്വാതിയെ ഒന്ന് കാണിച്ചുതരണേ”.
എന്നെ കൊതിപ്പിച്ച അവളുടെ കണ്ണുകളിലെ തിളക്കം അസ്തമിച്ചിട്ടില്ല,ചുണ്ടുകളിലെ വശ്യത കൂടിയിട്ടേയുള്ളൂ,എന്നെ ഭ്രമിപ്പിച്ച ആ ചിരി അവള്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു.
അവള്‍ എന്നെ കണ്ടിരിക്കുന്നു .
കാണണം എന്ന് മാത്രമേ ഞാനു൦ കൊതിച്ചിരുന്നുള്ളൂ,സത്യം. പക്ഷെ, അവള്‍ എന്‍റെ അരികിലേക്ക് വരുമെന്ന് ഞാന്‍ കരുതിയില്ല.
ഒരു ചിരി ഞാന്‍ അവള്‍ക്ക് നല്‍കാന്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു,സമ്മാനിക്കാതിരിക്കാന്‍ തോന്നിയില്ല.
മൂന്നുവര്‍ഷത്തെ നിശബ്ദത അവള്‍ തന്നെയാണ് ഭേദിച്ചത്.
“ദീപു ,അതിനുശേഷം നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളുണ്ടായിട്ടില്ല എന്‍റെ ജീവിതത്തില്‍.അന്ന് നിന്‍റെ മനസ്സ് നീറിയതെങ്ങനെയാണെന്ന് ,കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ നിമിഷവും ഞാന്‍ അറിയുകയായിരുന്നു.
ദീപു, നിന്‍റെ പ്രണയത്തിന് അന്ന് ഞാന്‍ നല്‍കിയ മറുപടി തെറ്റായിരുന്നു,
എനിക്കിഷ്ടമാണ് നിന്നെ.”
ഈയൊരൊറ്റ വാക്കിനായിരുന്നു അക്കാലത്ത് ഞാന്‍ ഏറെ കൊതിച്ചിരുന്നത്.പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ വാക്കുകള്‍!…….
അവള്‍ പണ്ട് ഒരറ്റവാക്കിലായിരുന്നു എനിക്ക് മറുപടി തന്നത്, പക്ഷെ എനിക്കൊരുപാട് വാക്കുകള്‍ വേണ്ടിവന്നു .
“നിന്നെ പ്രണയിക്കാന്‍ വേണ്ടി മാത്രം ഞാന്‍ തുടങ്ങിയ എന്‍റെ ദിനങ്ങള്‍,നിന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഉറങ്ങാതെ വെളുപ്പിച്ച രാത്രികള്‍,നിന്നെക്കുറിച്ചെഴുതിയ വരികള്‍,വരച്ചുവെച്ച സ്വപ്നങ്ങള്‍, ഒന്നും ഞാന്‍ എന്‍റെ ഓര്‍മ്മകളില്‍ നിന്ന് മായ്ച്ചിട്ടില്ല,പക്ഷെ നിന്നെ മറന്നു കഴിഞ്ഞ ഒരു മനസ്സിനോടാണ് നീയിതുപറയുന്നത്.
വൈകിപോയി സ്വാതീ………… നമ്മള്‍ പരസ്പരം പ്രണയിച്ചു,പക്ഷെ ഒരൊ നിമിഷം പോലും , നമ്മളിലൊരാള്‍ പ്രണയിക്കുമ്പോള്‍ മറ്റരാള്‍ക്ക് തിരിച്ച് പ്രണയിക്കാനുള്ള ഭാഗ്യം വിധി എഴുതിവെച്ചിട്ടില്ല.എന്നോട് ക്ഷമിക്കണം”.
“പ്രതികാരമാണോ ?”ആ നെഞ്ചു വിങ്ങുന്നത് ഞാന്‍ അറിഞ്ഞു.
“നീ തിരിച്ചറിയാതെ പോയ എന്‍റെ പ്രണയം തന്നെയാണ് നിന്നോടുള്ള എന്‍റെ പ്രതികാരം”
ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവള്‍ കരയുന്നതെനിക്ക് കേള്‍ക്കാമായിരുന്നു.