പണ്ട്, സ്പ്രിംഗളറിനും കൊറോണയ്ക്കും ഡ്രോണുകൾക്കും പണ്ട്…. രണ്ടായിരത്തിപതിനേഴ്. കേരളാ മാട്രിമോണി വഴി ഞാനെന്റെ തോണി ഒരു കരയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന കാലം.
എന്റെ അമ്മയുടെ അന്നത്തെ മെയിൻ ഹോബി തന്നെ ഇതായിരുന്നു, ഫോണിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത മാട്രിമോണി ആപ്പ്. അവസാനം സൂപ്പർമാർക്കറ്റിൽ എതിരെ വന്ന പെൺകുട്ടിയെ കണ്ട് അമ്മ, “ഇത് ഐഡി നമ്പർ 3462289 അല്ലേ?” എന്നൊക്കെ പറയുന്ന ലെവലിലായി.
അമ്മ ടിക്കിട്ടു വെക്കുന്നവരെ ഞാൻ അൺടിക്ക് ചെയ്യും, ഞാൻ ടിക്കിടുന്നവരെ അമ്മ അൺടിക്ക് ചെയ്യും, ഞങ്ങൾ രണ്ടാളും കൂടി ടിക്കിടുന്ന പെണ്കുട്ടികള് എന്നെ ബ്ലോക്കും ചെയ്യും. കഠിനംതന്നയ്യപ്പാ…

തൃപ്രങ്ങോട് ക്ഷേത്രത്തിലെ ശിവരാത്രി…
നല്ല തിരക്കാണ്. ഞാനും അമ്മയും കൂടി ഉള്ളിൽ കയറി തൊഴാൻ വേണ്ടിയുള്ള ക്യൂവിലേക്ക് കയറി. പ്രസാദഊട്ടിന്റെ പായസം പാലടയാണോ അതോ പരിപ്പാവോ എന്ന് ചിന്തിച്ചു നിൽക്കുന്ന എന്നെ തോണ്ടിവിളിച്ചിട്ട് അമ്മ പറഞ്ഞു,
“ആ കുട്ടിയെ നോക്ക്…”
മുന്നിൽ നിൽക്കുന്ന പെണ്കുട്ടിയെ നോക്കിയ ആ നിമിഷം എനിക്കെന്റെ ചുറ്റുമുള്ള വായു വറ്റി. ആദ്യമായുണ്ടാക്കിയ ഇമെയിൽ ഐഡിയുടെ പാസ് വേർഡ്!! ലേശം തടിച്ചിട്ടുണ്ട്, മുടിയും കുറച്ച് മുറിച്ചു. എന്നാലും മൊഞ്ച് മൊഞ്ച് തന്നെ. നാലുനിമിഷം പകലാണോ പാതിരയാണോ എന്നറിയാതെ നിന്ന എനിക്ക്, തിരിച്ച് രണ്ടായിരത്തിപതിനേഴിലേക്ക് വണ്ടി കിട്ടാൻ ഒക്കത്തിരിക്കുന്ന അവളുടെ കുട്ടി എന്നെ നോക്കി ചിരിക്കേണ്ടിവന്നു. ‘ഈ ചിരി നിന്റെ അമ്മ പണ്ട് ചിരിച്ചിരുന്നെങ്കിൽ….’ അല്ലെങ്കിൽ വേണ്ട, പറയുന്നില്ലാന്ന് വെച്ചു.

“പെങ്കുട്ടി കൊള്ളാം ലേ…”
ഞാൻ ഒന്നുകൂടി നോക്കി, അമ്മ പറയുന്നത് അടുത്തു നിൽക്കുന്ന അവളുടെ അനിയത്തിയെ പറ്റിയാണ്. വേവ് ലെങ്ത്ത് മാറ്റേഴ്‌സ്!
“ഒന്ന് സംസാരിച്ച് നോക്ക്, കല്യാണം നോക്കുന്നുണ്ടോ ന്ന് അറിയാലോ”
“ആ നിൽക്കുന്ന അവളുടെ ചേച്ചിയോട് സംസാരിക്കാൻ ധൈര്യം ഉണ്ടായിട്ടില്ല, പിന്നെയല്ലേ ഇവള്” (എന്റെ ആത്മഗതം)
“വെറുതെയല്ല മാട്രിമോണിക്കാർക്ക് കാശു കൊടുക്കേണ്ടി വന്നത്” (അമ്മയുടെ ആത്മഗതം)

ഉള്ളിൽ വന്നത് മകുടിദാസന്റെ പഴയൊരു ട്വീറ്റ് ആണ്,
“ഈ പെൺപിള്ളേരോട് നേരിട്ട് ഇഷ്ട്ടമാണ് ന്ന് പറയുന്നവന്മാരെയൊക്കെ സമ്മതിക്കണം. മ്മക്കൊക്കെ സദ്യയ്ക്ക് അവിയൽ ചോദിയ്ക്കാൻ തന്നെ പേടിയാണ്”

Deepu Pradeep