തുലാമഴ പോലെ കര്‍ക്കിടകം ഒലിച്ചിറങ്ങി പോയൊരു രാത്രി കഴിഞ്ഞുണ്ടായ തിങ്കളാഴ്ച. പേരില്ലൂര്‍ അന്ന് പതിവിലേറെ ഉത്സാഹഭരിതയായി കാണപ്പെട്ടു.
അഞ്ചു മണി, സൂര്യന്‍ കിടക്കപ്പായയില്‍ നിന്ന് എഴുന്നേറ്റ്, ലുങ്കിയും തപ്പിപിടിച്ചെടുത്ത് ചുറ്റി, പേരില്ലൂരിന്‍റെ ആകാശത്ത് വന്ന് മടക്കികുത്തിനിന്നു. സംഭവം വെളുത്തു, നേരം. വേട്ടേക്കരന്‍കാവിന്‍റെ ആലില്‍ കെട്ടിയ സ്പീക്കറിലൂടെ, എം.ജി ശ്രീകുമാര്‍ അന്നത്തെ ഭക്തി ഗാനങ്ങളെല്ലാം പാടി തീര്‍ത്തു. ഇനി യാവുവിന്‍റെ ഊഴമാണ്. ഞങ്ങളുടെ പേരില്ലൂരിന്‍റെ ജീവശ്വാസമായ കുണ്ടില്‍ സ്റ്റോര്‍സ് തുറക്കാനായി യാവു അപ്പോള്‍ കുഞ്ഞിമ്മു മന്‍സിലില്‍ നിന്നും പഞ്ചായത്ത് റോഡിലേക്ക് ഇറങ്ങി.
ഏതാണ്ട് ഇതേ സമയത്താണ് മീന്‍കാരന്‍ സുലൈമാന്‍റെ എം എയിറ്റി എതിരെ വരാറ്. മീന്‍വാങ്ങല്‍ ഭാര്യകുഞ്ഞിമ്മുവിന്‍റെ വകുപ്പായതിനാല്‍, ‘ഇന്ന് മീനെന്താ?’ എന്ന് യാവു ജീവിതത്തിലൊരിക്കല്‍ പോലും സുലൈമാനോട് ചോദിച്ചിട്ടില്ല. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ആ ചോദ്യം ചോദിക്കാത്ത ഒരേയൊരു ആളെന്ന നിലയ്ക്ക്, യാവുവിനോട് സുലൈമാന് ഒരു പ്രത്യേക ബഹുമാനമുണ്ടായിരുന്നു. കുഞ്ഞിമ്മുവിന്‍റെ മീന്‍പാത്രത്തിലേക്ക് രണ്ടു മത്തി കൂടുതലിട്ട് അയാള്‍ ആ ബഹുമാനം ലോകമറിയാതെ പ്രകടിപ്പിച്ചുപോന്നു. തമ്മില്‍ കാണുമ്പോള്‍ സുലൈമാന്‍, ‘യാവോ’ എന്നും, യാവു ‘സുലൈമാനേ’ എന്നും നീട്ടി വിളിക്കും. ആ രണ്ടുശബ്ദങ്ങളും വായുവില്‍ അലിഞ്ഞു ചേരും മുന്‍പ് തന്നെ രണ്ടുപേരും താന്താങ്ങളുടെ ദിശകളിലേക്ക് സഞ്ചരിച്ച് കഴിഞ്ഞിട്ടുണ്ടാവും. അതല്ലാതെ, അവര്‍ക്കിടയില്‍ വേറെ വാക്കുകളോ, വാചകങ്ങളോ പാലമിട്ടില്ല, സുഖാന്വേഷണങ്ങളോ മുക്കലോ മൂളലുകളോ രൂപപെടുകയുണ്ടായില്ല.
പക്ഷെ ഇന്നൊരു സംഭവമുണ്ടായി! യാവു പതിവുതെറ്റിച്ചില്ല, പക്ഷെ സുലൈമാന്‍ തെറ്റിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു.
“യാവോ…അറിഞ്ഞോ? മ്മടെ വാര്യത്തെ ചെക്കന്‍ തൂങ്ങി “
അത് കേട്ടതും, യാവുവിന്‍റെ മുഖത്തെ പേശികള്‍ ലക്ഷ്യമാക്കി സിരകളിലൂടെ അതിഭീകരമായ ഒരു ഞെട്ടലെത്തി. ശേഷം, വാക്കുകളുരിയാടാതെ അയാള്‍ തന്‍റെ ദിശ ലക്ഷ്യമാക്കിനടന്നു. സുലൈമാന്‍ ഈ വാര്‍ത്ത അറിയിക്കുന്ന നാലാമത്തെ ആളായിരുന്നു യാവു.അവരില്‍, ഏറ്റവും കൂടുതല്‍ ഭാവവ്യത്യാസം സുലൈമാന്‍റെ കണ്ണുകളില്‍ രേഖപെടുത്തിയതും യാവുവായിരുന്നു. ആ അകാലമൃത്യുവിന്റെ വാര്‍ത്തയാണോ, അതോ താന്‍ ജീവിതത്തിലാദ്യമായി സംസരിച്ചതാണോ അതിനു കാരണം എന്ന സംശയം സുലൈമാന്‍റെ അന്തരീക്ഷത്തില്‍ തങ്ങിനിന്നു.
യാവു ഇന്ന് കടതുറന്ന ശേഷം ആദ്യമെടുത്തത് ആ കയറിന്‍റെ കെട്ടായിരുന്നു. നാഗപട്ടണത്തുനിന്നും കുന്ദംകുളത്തെ ഹോള്‍സൈല്‍ കട വഴി പേരില്ലൂരിലെത്തിയ മുച്ചൂടന്‍ പിരി. രാജന്‍റെ കാലിലെ തളപ്പാവാനും, പേരില്ലൂരുകാരുടെ കിണറ്റിന്‍റെ ആഴമളക്കാനും, പശുക്കളുടെ പ്രാക്ക് തട്ടാനും വേണ്ടി, ബീയം കായലും ഭാരതപുഴയും കടന്നെത്തിയ നാഗപട്ടണം കയര്‍. ഇതിലാ ചെക്കന്‍ തൂങ്ങുമെന്ന് യാവുവറിഞ്ഞോ? തന്‍റെ കയ്യിലുള്ള കയറിന്‍റെ തൊട്ടപ്പുറം മുതല്‍ക്കുള്ള കയറിലാവുമല്ലോ അവന്‍ തൂങ്ങിയാടിയത് എന്ന ചിന്തയില്‍ യാവു ഭയപ്പെട്ടു. ആ ഭയപ്പാടിന്‍റെ തെളിവായി കയര്‍ നിലത്തേക്കു വീഴുകയും ചെയ്തു. ഇന്നലെ വൈകുന്നേരം ബലം നോക്കി, കാശ് നോക്കാതെ അവന്‍ കയര്‍ വാങ്ങിച്ച നിമിഷത്തിലേക്ക് സഞ്ചരിച്ച്, യാവു അവിടെത്തന്നെ നിന്നു.
തൂങ്ങിമരിച്ചവന്‍ യാവുവിന്‍റെയുള്ളിലും തൂങ്ങിയാടികൊണ്ടിരുന്നു. അവിടെനിന്ന് അവനെ കയറഴിച്ചു ഇറക്കി കിടത്താന്‍ ആരുമുണ്ടായില്ല. കാരണം, ഈസമയം വാര്‍ത്തകേട്ട് അതിശയം വെച്ച് താന്താങ്ങളുടെ മരണകാരണ നിഗമനങ്ങള്‍ വസ്തുതകള്‍ നിരത്തി സമര്‍തഥിക്കുകയായിരുന്നു ഞങ്ങള്‍ പേരില്ലൂരുകാര്‍. മരിച്ച വാര്യരുചെക്കനെക്കുറിച്ച് ഇന്നേവരെ പറഞ്ഞുകേട്ടിട്ടില്ലാത്ത കഥകള്‍ പേരില്ലൂരിന്‍റെ ആകാശത്ത് പറന്നുനടന്നു. കുഞ്ഞുട്ടിയും സേതുവും സുന്ദരനുമൊക്കെ അതില്‍നിന്ന് തങ്ങള്‍ക്കിഷ്ടപെട്ടതിനെ ചാടിപിടിച്ച് പൊലിപ്പിച്ചുക്കൂട്ടി വീണ്ടും ആകാശത്തേക്ക് തന്നെ പറത്തിവിട്ടു. ഒരു ബന്ധവുമില്ലാതിരുന്നിട്ടും, നാളെ നടക്കാനിരിക്കുന്ന അച്യുതന്‍കുട്ടിയുടെ മകള്‍ സുനിതയുടെ കല്യാണം വരെ കാരണങ്ങളുടെ കൂട്ടത്തിലേക്ക് ആരോ വലിച്ചുകൊണ്ടുവന്നു വിളമ്പി. ബാക്കിയുള്ളവര്‍ അതും നക്കി ഏമ്പക്കം വിട്ടു.
വലിയ പെരുന്നാളിനും, ചെറിയ പെരുന്നാളിനും മാത്രം ഷട്ടര്‍ താഴ്ത്തികണ്ടിട്ടുള്ള യാവുവിന്‍റെ കട, അന്ന് അടഞ്ഞുകിടക്കുന്നത് കണ്ട് ഞങ്ങള്‍ പേരില്ലൂരുകാര്‍ അതിന്‍റെ പുറത്ത് അന്തിക്കാന്‍ നില്‍ക്കുമ്പോഴാണ് പോലീസ് ജീപ്പ് അതുവഴി വാര്യത്തേക്ക് പോയത്. അടുത്തനിമിഷം ആത്മഹത്യ ചെയ്ത ചെക്കനെ എല്ലാവരുംകൂടി കൊന്ന്, കൊലപാതകിയെ തേടി രണ്ടാംവട്ട ചര്‍ച്ചകളിലേക്ക് കടന്നു. കട മറന്നു.
വീട്ടിലേക്കോടുമ്പോള്‍ കയ്യിലുള്ള ആ കയറിന് ഓരോ നിമിഷവും കനംവെച്ചു വരുന്നതുപോലെ തോന്നി യാവുവിന്. ഭയം വിയര്‍പ്പായി വാര്‍ന്നൊഴുകി. ആ വിയര്‍പ്പ് കൈവെള്ള നനച്ചെങ്കിലും, അതൊപ്പിയെടുത്ത് കയര്‍ സ്വയം കനംകൂട്ടികൊണ്ടിരുന്നു. വീടെത്തിയിട്ടും യാവു ആ കയറില്‍ തന്നെ കുരുങ്ങികിടക്കുകയായിരുന്നു. അന്നത്തെ അസ്വാഭാവികതകളെ ചോദ്യം ചെയ്ത കുഞ്ഞിമ്മുവിന്‍റെ ചോദ്യങ്ങള്‍ക്കൊപ്പം ആ കുരുക്കുകള്‍ മുറുകി. എന്നാല്‍ യാവു ഒന്നും ഉരിയാടുകയുണ്ടായില്ല. കുഞ്ഞിമ്മു മന്‍സിലില്‍ നിന്ന് അന്നൊരുപാട് നേര്‍ച്ചകള്‍ കുഞ്ഞിമ്മുവാല്‍ നേരപ്പെട്ടു . യാവു പതിവിലും കൂടുതല്‍ ശ്വാസം കഴിച്ചു.
കഥ കഴിഞ്ഞവര്‍, കഥ കഴിഞ്ഞതെങ്ങനെയാണെന്ന് ലോകത്തോട് വിളിച്ചുപറയുന്ന ‘പോസ്റ്റ്‌മോര്‍ട്ടം’ കഴിഞ്ഞ് അപ്പുവാര്യരുടെ മൂത്തമകന്‍ വാര്യത്തേക്ക്തന്നെ മടങ്ങിയെത്തി. ‘ഞാന്‍ ജനിച്ചതെന്തിനാണെന്ന് എനിക്ക് ഇതുവരെയറിയില്ല, അതുകൊണ്ട് ഞാന്‍ മരിച്ചതെന്തിനാണെന്ന് നിങ്ങളുമറിയണ്ട’ എന്ന് ചുമരിലെഴുതിവെച്ച് തൂങ്ങിയവന്‍, ആ ഉച്ച വറ്റിയപ്പോഴേക്കും പേരില്ലൂരിന്‍റെ വാഴ്ത്തപെടാത്ത ജീനിയസ്സായി മാറി. അര്‍ഥം മനസ്സിലാവാത്തവര്‍ വാപൊളിച്ചുനിന്നു, മനസ്സിലായവര്‍ മൂക്കത്ത് വിരല്‍ വെച്ചും നിന്നു. പേരില്ലൂര്‍ രണ്ടായി വിഭജിക്കപെട്ടു. യാവു മാത്രം നടുവില്‍ നിന്നു, കയര്‍ വീട്ടിലും. വാര്യത്തുള്ള ബാക്കി കയര്‍ എങ്ങനെയെങ്കിലും തിരിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു യാവു മരണവീട്ടിലേക്ക് വന്നത്. പക്ഷെ, കാക്കിയിട്ടുവന്നവര്‍, അത് മുന്‍പേ കൈവശപെടുത്തി പൊന്നാനി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ടായിരുന്നു. ആ വിവരം യാവുവിന്‍റെയുള്ളില്‍ പുതിയൊരു ഭീതിനടാന്‍ വേണ്ടി കുഴിയെടുത്തു. വാര്യരുചെക്കന്‍ ആ കുഴിയില്‍ നല്ലോരിനം ഭീതിതന്നെ നട്ട് മണ്ണിട്ട് മണ്ണായി. പേരില്ലൂര്‍ വാര്യത്തുനിന്നും പിരിഞ്ഞുപോയി.
അന്ന് രാത്രി പരേതന്‍ ചെന്നുകയറിയത് സ്വന്തം അച്ഛന്‍റെയോ, അമ്മയുടെയോ, നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയ കാമുകിമാരുടെയോ അടുത്തേക്കല്ല, ഒരു കയര്‍ബന്ധം മാത്രമുള്ള യാവുവിന്‍റെ അഞ്ചു സെക്കന്റ് ദൈര്‍ഘ്യമുള്ള സ്വപ്നത്തിലേക്കായിരുന്നു. താന്‍ വാങ്ങാതെ ബാക്കി വെച്ചുപോയ കയറായിരുന്നു അവനു വേണ്ടിയിരുന്നത്. കച്ചവടം നടത്താതെ യാവു ഞെട്ടിയുണര്‍ന്ന് സ്വപ്നമവസാനിപ്പിച്ചു. ശിഷ്ടം വന്നത് കിതപ്പായിരുന്നു. കാല്‍മണിക്കൂര്‍ നീണ്ടുനിന്ന കിതപ്പുകള്‍ക്ക് ശേഷമാണ് യാവുവിന് യാവുവിനെ തിരിച്ചുകിട്ടുന്നത്.
ആ നാട്ടപാതിരായ്ക്ക് യാവുവിന് ഒരു വെളിപാടുണ്ടായി. ആ കയര്‍ ഇനി ‘ജീവനോടെ’യിരുന്നാല്‍ തനിക്ക് ആപത്താണെന്ന്. കട്ടിലിനടിലുണ്ടായിരുന്ന കയറെടുത്ത് യാവു അടുക്കളയിലെത്തി. അവിടെനിന്ന് ആ മാസത്തെ റേഷന്‍ മണ്ണെണ്ണയും ‘എയിം’ തീപെട്ടിയും കയ്യിലെടുത്തു. പക്ഷെ, ഇവയെല്ലാം കൂടിച്ചേര്‍ന്നു തീയായി രൂപപെടുകയുണ്ടായില്ല. കുഞ്ഞിമ്മുവിന്‍റെ അലര്‍ച്ചയും നിലവിളിയുമാണ് അതിനും മുന്‍പ് ഉണ്ടായത്. യാവു മുറിയിലേക്ക് തിരിച്ചു നടന്നു.
യാവുവിന്‍റെ ആ ‘ആത്മഹത്യാ ശ്രമത്തിന്‍റെ’ വാര്‍ത്ത , കുഞ്ഞിമ്മു വീടുവിട്ടു പുറത്തേക്കൊഴുകാതെ സൂക്ഷിച്ചു. മകള്‍ ഐഷയോട് യാവുവിനെ അവളുടെ നിരീക്ഷണവലയത്തില്‍ തന്നെ നിര്‍ത്താന്‍ ചട്ടം കെട്ടി കുഞ്ഞിമ്മു പുലര്‍ച്ചെതന്നെ പുറത്തേക്കു പോയി. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഏലസ്സ് ഊതിച്ച് തിരിച്ചുവരുന്ന കുഞ്ഞിമ്മു നെയ്യാനിടയുള്ള ചോദ്യശരങ്ങളെ തടുക്കാനുള്ള പടച്ചട്ട കയ്യിലില്ലാത്തതു കൊണ്ട് യാവു കടയിലേക്കിറങ്ങി. വിസിലടിച്ചു വിളിച്ച കുക്കറിനെ ഗൌനിക്കാന്‍ അടുക്കളിയിലേക്ക് പോയ ഐഷ ഇത് കണ്ടില്ല. തന്‍റെ വാച്ചും കണ്ണടയും എടുക്കാന്‍ യാവു മറന്നിരുന്നെങ്കിലും, ആ കയര്‍ കയ്യിലെടുത്തിരുന്നു. എതിരെ വന്ന സുലൈമാന്‍ പതിവ് വിളിച്ചു. ‘യാവോ..’ പക്ഷെ യാവു തിരിച്ച് വിളിച്ചത് സുലൈമാന്‍റെ വാപ്പയ്ക്കായിരുന്നു. സുലൈമാന്‍റെ അന്തരീക്ഷത്തില്‍ ഇന്നും ഓളങ്ങളുണ്ടായി.
യാവു കട തുറന്നു കാത്തിരുന്നത് പക്ഷെ കച്ചവടങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല. ഇന്ന് രാത്രിയും വാര്യരു ചെക്കന്‍ വാങ്ങാന്‍ വരാനിടയുള്ള ആ കയര്‍ വിറ്റൊഴിവാക്കാനായിരുന്നു. കായ വാങ്ങാന്‍ വന്നവര്‍ക്കും, കടുക് വാങ്ങാന്‍ വന്നവര്‍ക്കും വരെ യാവു ആ കയര്‍ വില്‍ക്കാന്‍ നോക്കി. വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ട് വരെ രാജന് പുതിയൊരു തളപ്പില്‍ താല്‍പര്യമുണ്ടായില്ല. ജീവിതത്തിലാദ്യമായി യാവുവിന്‍റെ വില്പനതന്ത്രങ്ങള്‍ പരാജയപെടുകയായിരുന്നു. ആത്മഹത്യ ചെയ്തവന്‍റെ ദേഹത്ത് കണ്ട ചതവുകളുടെയും മുറിവുകളുടെയും ദുരൂഹതനീക്കാന്‍, പോലീസുകാര്‍ ദേശത്തെ പലരെയും ചോദ്യം ചെയ്തതോടെ പേരില്ലൂരില്‍ ഇന്ന് പരദൂക്ഷണങ്ങളുടെ ഏറും കളിയുമായിരുന്നു. ഞങ്ങളുടെ കാതുകളും വായകളും ഇന്ന് പതിവിലേറെ അധ്വാനിച്ചു. ഇതിനെല്ലാം നടുവില്‍ ഒരു കയര്‍ ഒഴിവാക്കാന്‍ പറ്റാതെ വിഷമത്തോടെ ഒരാള്‍ ഇരിക്കുന്നത് ആരും ശ്രദ്ധിച്ചില്ല. ഞങ്ങള്‍ക്ക് സമയമില്ലായിരുന്നു, സൗകര്യമില്ലായിരുന്നു.
ഇന്നത്തെ സ്വപ്നത്തില്‍ യാവു തലേന്നത്തേക്കാള്‍ സുന്ദരനായിരുന്നു. വാര്യരുചെക്കന്‍ ഇന്ന് എന്തോ ധൃതിയോടെ ഓടി കിതച്ചാണ് കടയിലേക്ക് വന്നത്.
“എന്‍റെ കയറെവിടെ?”.
‘എന്‍റെ’ എന്നു തന്നെയാണ് അവന്‍ ഉരുവിട്ടത്. അതെ, ആ കയറും അവന്റേതായി കഴിഞ്ഞിരിക്കുന്നു!! യാവു ഞെട്ടിയുണര്‍ന്ന് വീണ്ടും രണ്ടു ഞെട്ട് ഞെട്ടി. മുഖത്ത്, വിയര്‍പ്പ് ചാലുവെട്ടിയും വെട്ടാതെയുമൊക്കെയായി ഒഴുകുന്നുണ്ടായിരുന്നു. ഇപ്പോള്‍ തന്‍റെ കയ്യിലിരിക്കുന്ന ‘അവന്‍റെ’ ആ കയറില്‍ എന്തെങ്കിലുമൊന്നു മുറുകാതെ വാര്യര് ചെക്കന്‍റെ ആത്മാവിനു ശാന്തികിട്ടില്ലെന്ന് യാവുവിന്‍റെ ഉള്ളിലിരുന്നുകൊണ്ട് യാവു പറഞ്ഞു.
അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയ യാവുവിന്‍റെ അരയില്‍ കുഞ്ഞിമ്മു കെട്ടിയ ഏലസ്സ് ഉരഞ്ഞു. യാവു ആ തീരുമാനം പിന്‍വലിച്ച് ടോര്‍ച്ചും കയറും എടുത്ത് കടയിലേക്ക് നടന്നു. ഉറങ്ങിക്കിടക്കുന്ന പേരില്ലൂരിനെ ഉണര്‍ത്താതെ തന്‍റെ പീടിക തുറന്ന് യാവു പുകയ്ക്കുവെച്ച കസ്തൂരിപൂവന്‍റെ കുല ആ കയറില്‍ കെട്ടിതൂക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. സ്റ്റൂളില്‍ കയറി സീലിംഗിലെ ഹുക്കില്‍ കയര്‍ കെട്ടികൊണ്ടിരിക്കുമ്പോഴാണ് പീടികയ്ക്ക് പുറത്ത് യാവു ഒരു കാല്‍പെരുമാറ്റംകേട്ടത്. ആ കാലുകള്‍ വളരെ പെട്ടെന്ന് പീടികയ്ക്ക് അകത്തേക്ക് വന്ന് ‘തൂങ്ങിച്ചാവാന്‍’ ശ്രമിച്ച യാവുവിനെ രക്ഷപെടുത്തിയശേഷം ആളുകളെ വിളിച്ചുകൂട്ടി. പീടികയ്ക്ക് ചുറ്റും പേരില്ലൂര്‍ കൂടി. നെഞ്ചത്തടിയും നിലവിളിയുമായി കുഞ്ഞിമ്മുവും ഓടിവന്നു . തലേന്ന് രാത്രിയും യാവു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന രഹസ്യം നിലവിളികള്‍ക്കിടയില്‍ നിന്ന് പേരില്ലൂര്‍ കേട്ടെടുത്തു. യാവുവിന്‍റെ ആത്മഹത്യാ ശ്രമങ്ങളുടെ വാര്‍ത്ത കേട്ട പേരില്ലൂരിന് രോമാഞ്ചം ഉണ്ടായി, എന്നുപറഞ്ഞാല്‍ രോമാഞ്ചം തന്നെ ഉണ്ടായി. അതോടെ ആ രാത്രി ഐഷ, വാര്യരു ചെക്കന്‍റെ കാമുകിയായി, പ്രണയ നൈരാശ്യത്തില്‍ ആത്മഹത്യ ചെക്കന്‍ കഥയിലെ നായകനായി, തടസ്സം നിന്ന യാവു വില്ലനും. ഒരു മിശ്ര പ്രണയത്തിന്റെ അന്ത്യം !
പക്ഷെ, എല്ലാം കഴിഞ്ഞിട്ടും, അവന്‍ തൂങ്ങി മരിച്ചത് വാര്യത്തുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കയറില്‍ആയിരുന്നെന്ന് മാത്രം യാവു അറിഞ്ഞില്ല. യാവുവിന്റെ കയറില്‍ തൂങ്ങിയപ്പോള്‍, കയര്‍ പൊട്ടി നിലത്തു വീണപ്പോഴുണ്ടായതാണ് ദേഹത്തെ മുറിവുകളും ചതവുകളുംഎന്ന കാര്യം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരാത്തതിനാല്‍ പോലീസിനും മനസ്സിലായിട്ടുണ്ടായിരുന്നില്ല . ഇതൊക്കെയാണെങ്കിലും, മരിക്കുംമുന്‍പ് അവന്‍ യാവുവിന്‍റെ കയ്യില്‍ നിന്ന് ഒരു കയര്‍ വാങ്ങിയിരുനെന്ന് പേരില്ലൂര്‍ അറിഞ്ഞു. പക്ഷെ, ആ മിശ്ര വിവാഹം നടന്നിരുനെങ്കില്‍, കുട്ടിക്ക് എന്ത് പേരിടും എന്ന വിഷയത്തിലെ ചൂടുപിടിച്ച ചര്‍ച്ചയില്‍പെട്ട് ഞങ്ങള്‍ പേരില്ലൂരുകാര്‍ അന്ന് കുറച്ച് തിരക്കിലായിരുന്നു. ‘കുറ്റബോധ’ത്താല്‍ ‘ആത്മഹത്യകള്‍’ക്ക് മുതിര്‍ന്ന യാവുവിന് വിശാലമനസ്കരായ പേരില്ലൂരുകാര്‍ പിന്നീട് മാപ്പ് നല്‍കി .