കടുന്നല് വിഴുങ്ങി ഷംസു. വീർപ്പിച്ച ബബിൾഗത്തിൽ അതുവഴി പറന്നുപോയ ഒരു കടന്നല് കുടുങ്ങിയതാണ്‌, അല്ലാതെ അവന്റെ മിസ്റ്റേക്കല്ല. ആ ഷംസു ആൻഡ് പാർട്ടി ഒരു പെണ്ണുകാണലിനായി ഇന്നോവയിൽ ഞങ്ങളുടെ നാട്ടിലെത്തി…. ചായപീടികയുടെ തിണ്ണയുടെ അടുത്ത് നിർത്തിയ ഇന്നോവയിൽ നിന്ന്
ഷംസുവിന്റെ വാപ്പ വിൻഡോ ഗ്ളാസ് താഴ്ത്തി റൈബാൻ ഗ്ളാസ് പൊക്കി ചോദിച്ചു,
“ഈ കുഞ്ഞിപ്പയുടെ വീടേതാ, പണ്ട് കൽക്കട്ടയില് ഉണ്ടായിരുന്ന….”
“കാണാതായ കുഞ്ഞിപ്പയാണോ?”
അതിഥികൾ ഇന്നോവയിൽ മുഖാമുഖം നോക്കി.
തൊട്ടപ്പുറത്തെ പോസ്റ്റിന് മുകളിൽ നിന്നും ലൈൻമാൻ ശിവൻകുട്ടിയുടെ അശരീരി വന്നു,
“കൽകട്ടയിൽ ഉണ്ടായിരുന്ന കുഞ്ഞിപ്പ നമ്മടെ കാണാതായ കുഞ്ഞിപ്പ തന്നെയാണ്”
“അയാളിതെന്ത് പണിയാണ് കാണിച്ചത്, മോളെ പെണ്ണുകാണാൻ ഇന്ന് വന്നോളാൻ പറഞ്ഞിട്ട്, കാണ്മാണ്ടായത് എന്ത് ഏർപ്പാടാണ്”
“അയ്യോ, കുഞ്ഞിപ്പയെ കാണാതായത് പത്തുപതിനഞ്ചു കൊല്ലം മുന്നേണ്. തിരിച്ചുകിട്ടിയെങ്കിലും ആളുടെ ഇരട്ടപ്പേര്‌ ഇപ്പൊ കാണാതായ കുഞ്ഞിപ്പ ന്നാണ്… അങ്ങനെ പറഞ്ഞാലേ നാട്ടാര് അറിയൂ…”
‘തിരമാല ബക്കറിന്റെ മോൻ’ എന്ന വട്ടപ്പേരു കൂടിയുള്ള ഷംസു, ടൈം ട്രാവൽ ചെയ്തു പോയി ഈ നാട്ടിലെ തന്റെ പേര് കണ്ടു തിരിച്ചുവന്നു, ‘കാണാതായ കുഞ്ഞിപ്പയുടെ മരോൻ’
എവടെ പരിപാടി അവതരിപ്പിച്ചാലും…

മാതൃഭൂമി പഞ്ചാംഗം 2004-05.
ബുദ്ധദേവ് ഭട്ടാചാര്യയുടെ കൽക്കട്ടയിലെ തന്റെ ഉണക്കമീൻ കമ്പനി വിറ്റുകിട്ടിയ കാശുകൊണ്ട് വന്ന വെറും കുഞ്ഞിപ്പ ടൗണിൽ ഒരു അത്യാധുനിക ബിൽഡിങ് പണികഴിപ്പിച്ചു. എസി മുറികളും, വാതിലിൽ ‘വലിക്കുക’ എന്ന ബോർഡുമൊക്കെയുള്ള അങ്ങാടിയിലെ ആദ്യ കെട്ടിടം. നാട്ടിലെ പുകവണ്ടികളൊക്കെ അതിന്റെ മുന്നിൽ നിന്ന് വലിക്കാൻ തുടങ്ങിയതോടെ കുഞ്ഞിപ്പയ്ക്ക് ബോർഡ് മാറ്റേണ്ടിവന്നത് വേറെ കഥ. സംഭവം അതല്ല, മുകൾ നിലയിലെ ആയിരം സ്ക്വയർഫീറ്റ് മുറിയിലേക്ക് കുഞ്ഞിപ്പ കൽക്കട്ടയിൽ നിന്നൊരു അൺബ്രെക്കബിൾ ഗ്ളാസ് ഇറക്കുമതി ചെയ്തിരുന്നു. ബിൽഡിങ് കാണാൻ വരുന്ന നാട്ടുകാർക്കും പരിചയക്കാർക്കും ഗ്ളാസിന്റെ പവർ കാണിക്കാൻ ചുറ്റിക കൊണ്ട് അടിക്കലും, നിന്നനിൽപ്പിൽ ഗ്ലാസ്സിൽ ആഞ്ഞുതള്ളലും, ഓടിവന്ന് ചവിട്ടലുമായിരുന്നു കുഞ്ഞിപ്പയുടെ അപ്പോഴത്തെ ഐശ്ചികവിഷയങ്ങൾ. അത്‌ കണ്ടമ്പരക്കുന്ന മുഖങ്ങൾ കാണുമ്പോൾ കുഞ്ഞിപ്പയ്ക്ക് കാളപൂട്ട് മത്സരത്തില് കപ്പടിക്കുംമ്പോലെ ഒരു കിക്ക് കിട്ടുമായിരുന്നത്രേ.

അങ്ങനെയിരിക്കെ ഒരു കറുത്തവാവ്, ചങ്ങരംകുളത്ത് ഗ്ളാസ് ഹൗസ് നടത്തുന്ന മൊയ്ദീനിക്ക കുഞ്ഞിപ്പയുടെ ബിൽഡിങ് കാണാൻ വന്ന അന്ന്. കുഞ്ഞിപ്പ പതിവ് പോലെ ഗ്ളാസ് പൊട്ടൂലാന്ന് കാണിക്കാൻ വേണ്ടി പവലിയൻ എൻഡിൽ നിന്ന് ജസ്‌പീത് ബുംറ ഓടിവരുന്ന പോലെ ഓടി വന്ന് ഒറ്റ ചവിട്ടല്!
ബും!
റ ന്ന് പറയാൻ ആളുണ്ടായില്ല…..
യു ആർ മിസ്റ്റേക്കൻ, ആ ഗ്ളാസ് പൊട്ടൂല… പിന്നെ?
അത് ചെറുതായിട്ടൊന്ന് അടയ്ക്കാൻ മറന്നിരുന്നു!!!

വിൻഡോയിലൂടെ സോളോ ട്രിപ്പ് പോയ കുഞ്ഞിപ്പയെ പിന്നെ ആരും കണ്ടില്ല. നിലത്തുമില്ല എയറിലുമില്ല, കൊണ്ടുപിടിച്ച അന്വേഷണം….. ഡമ്മിയിട്ടു നോക്കി, പോലീസ് നായ വന്നു മണപ്പിച്ചു നോക്കി, മാട്രിമോണിയിൽ പരസ്യം ചെയ്തുനോക്കി സോറി, മാതൃഭൂമിയിൽ പരസ്യം ചെയ്തു നോക്കി. കുഞ്ഞിപ്പയെ കാണാനില്ല!

“അന്യഗ്രഹജീവികൾ എക്‌സ്ട്രാക്റ്റ് ചെയ്തതായിരിക്കും” അപ്പുട്ടന്‍ വാര്യരുടെ കോണിൽനിന്നും കോൺസ്പിരസി തിയറി വന്നു.
“എക്സ്ട്രാക്റ്റ് ചെയ്തതാണെങ്കിൽ അവര് നല്ലത് നോക്കി എടുക്കില്ലേ?”
വേറാരുമല്ല, കുഞ്ഞിപ്പയുടെ ഭാര്യ.
ആ കോണകത്തിലെ കോൺസ്പിരസി അവിടെ ഡെഡ്.

രൂപീകരിച്ച ആക്ഷൻ കൗണ്സിൽ ഒരാക്ഷനും ഇല്ലാതെ ഇരിക്കുമ്പോൾ, രണ്ടാഴ്ചത്തെ ഇടവേള കഴിഞ്ഞ് കാ.കു (കാണാതായ കുഞ്ഞിപ്പ) ഒരു മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ടാക്സിയിൽ അങ്ങാടിയിൽ വന്നിറങ്ങി. ആളുകൾ അമ്പിളിമാമനെ കണ്ട നീൽ ആംസ്ട്രോങ്ങിനെപോലെ കുഞ്ഞിപ്പയ്ക്ക് ചുറ്റും സ്ലോ മോഷനിൽ ഓടി കൂടുമ്പോൾ കുഞ്ഞിപ്പ കണ്ണുകലങ്ങി നോക്കിനിന്നത് ആ ഗ്ലാസ്സിലേക്കായിരുന്നു… ഉണ്ട ചോറിന് നന്ദിയില്ലാത്ത ഗ്ളാസ്!

സംഭവം ഒന്നരവയസ്സുകാരൻ ഐഫോൺ നിലത്തിടുന്നതുപോലെ സിംമ്പിളായിരുന്നു…
അന്ന് നാഗ്പൂരിലേക്ക് ബിരിയാണി റൈസ് കൊണ്ടുവരാൻ പോവുകയായിരുന്ന അമ്മിണി ട്രേഡേഴ്‌സിന്റെ അശോക് ലൈലാന്റിലേക്കാണ്‌ കുഞ്ഞിപ്പ പോയി നിതംബം കുത്തിവീണത്. ആദ്യം ബോധം പോയി, പിന്നാലെ ജോർജുകുട്ടി എറിഞ്ഞ വരുൺ പ്രഭാകറിന്റെ സിംകാർഡ് പോയപോലെ കുഞ്ഞിപ്പയും പോയി.