രണ്ടാം ലോക മഹായുദ്ധത്തിന്റെ പീക്ക് ടൈമില്‍ മദിരാശി ബോംബിട്ട ശേഷം തിരിച്ചു പോവുകയായിരുന്ന ജപ്പാന്‍ കപ്പല്‍ പൊന്നാനി നങ്കൂരമിട്ടിട്ട് മോരും വെള്ളം വാങ്ങി കുടിച്ച ആലിപ്പറമ്പിലെ ഹംസക്കയുടെ തറവാട്. മോരും വെള്ളത്തിന്റെ ടേസ്റ്റില്‍ കൃതാര്‍ഥനായി കപ്പല്‍ ക്യാപ്റ്റന്‍ ഹംസക്കയുടെ വാപ്പയ്ക്ക് ഒരു തെങ്ങിന്‍ തൈ സമ്മാനിച്ചു, ‘ടോക്കിയോ മിത്ര’. ഇതാണ് ചരിത്രമെന്ന് ഹംസക്ക പറയും, ഞങ്ങള് ‘വിടല്’ എന്നും. പറമ്പില്‍ പ്രത്യേകം താബൂക്ക് കെട്ടി സംരക്ഷിച്ചിട്ടുള്ള ആ തെങ്ങാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ തേങ്ങയുണ്ടാവുന്ന തെങ്ങ് എന്നും കൂടെ ഹംസക്ക വിടും.. ഈ വിടലുകള്‍ കേട്ട് മണ്ട കാഞ്ഞിട്ടാണോ എന്തോ, ഒരുദിവസം തെങ്ങ് ചതിച്ചു!

ഹംസക്കയുടെ തള്ളലിന്റെ അത്രയും ഇല്ലെങ്കിലും ആ പറമ്പില്‍ ഏറ്റവും കായ്ക്കുന്ന കല്പക വൃക്ഷം ആ തെങ്ങു തന്നെയായിരുന്നു.
പക്ഷേ ഒരു മിഥുനമാസത്തിലെ മണ്ടേ…. ഷഹളാധരന്‍ ആലിപറമ്പില് തന്റെ റൂട്ടീൻ തെങ്ങ് കയറ്റത്തിനു വന്നു. തനിക്ക് എണ്ണാന്‍ അറിയുന്ന സംഖ്യയിലും കൂടുതല്‍ തേങ്ങ തരുന്ന തെങ്ങാണ് എന്നുള്ളതിന്റെ കോൺഫിഡന്‍സില്‍ മുകളിലേക്കു നോക്കാതെയാണ് ഷഹളാധരന്‍ ആ തെങ്ങില്‍ കേറാറ്.
പക്ഷെ അന്ന് മുകളിലെത്തിയ ഷഹളാധരൻ മടവാള് പുറത്തെടുക്കും മുൻപ് ഒരൊറ്റ നിലവിളിയായിരുന്നു.
“അയ്യോ… ഹംസക്കാ!”

ആലിപറമ്പിലെ ടോക്കിയോ മിത്രയുടെ മണ്ടയ്ക്ക് നോക്കി ഹംസക്ക വായ പൊളിച്ചു. ഇനി വാ പൊളിച്ചു നിന്നിട്ട് കാര്യമില്ലെന്ന് വെളിപാട് വന്നപ്പോ അതടച്ചു. എന്നിട്ട് വലതു കൈ എടുത്ത് നെഞ്ചത്ത് കൈ വെച്ചു. ഒരു സ്തംബനത്തിന്റെ സാധ്യത ഹൃദയത്തിനു ഒത്തു കിട്ടിയിട്ടുണ്ട്, അത് വേണ്ടാന്ന് പറയാനാണ്.
‘ഇനി ഞാന്‍ എന്ത് ചെയ്യണം എന്ന ചോദ്യം ഷഹളു തെങ്ങിന്റെ മുകളില്‍ നിന്ന് താഴേക്ക് തൊടുത്തുവിട്ടു.
“ഇയ് ഒന്നുംകൂടെ ഒന്ന് നോക്ക്യോക്കടാ”
ഇനി നോക്കാനൊന്നുമില്ല, ഒരൊറ്റ തേങ്ങ പോലുമില്ല… സംശയമുണ്ടെങ്കില്‍ ഹംസക്ക കേറി നോക്ക്.”

ഷഹളാധരൻ തളപ്പിട്ട്‌ താഴേക്ക് ഇറങ്ങുമ്പോള്‍ ഹംസക്കയുടെ നടുക്കം മേലോട്ട് ഉയരുകയായിരുന്നു. അത് പിന്നെ ആ തെങ്ങിനെക്കാള്‍ പൊക്കത്തിലെത്തി.
ആലിപറമ്പിലെ ഏറ്റവും പുഷ്ടിയുള്ള തെങ്ങ്… ഏത് വരണ്ട അവസ്ഥയിലും നൂറു തേങ്ങ മിനിമം തന്നിരുന്ന കല്പകം. ഹംസക്ക പട്ട വെട്ടിയിട്ട പോലെ ബോധം കെട്ടു വീണു.

തേങ്ങ പെറുക്കികൂട്ടാൻ വെച്ചിരുന്ന അറബാനയിൽ ഹംസക്കയെ എടുത്ത് ഇട്ട്
ഷഹളാധരൻ വണ്ടി സ്റ്റാർട് ചെയ്ത് വീട്ടിലേക്ക് ഉന്തി. താൻ ഏൽപ്പിച്ച ഇളനീര് കൊണ്ടുവരുകയാണെന്നാണ് ഉമ്മറത്ത് ഇരുന്നിരുന്ന ഹംസക്കയുടെ ഭാര്യ ഖദീജ, ദീർഘവീക്ഷണം അഥവാ ലോങ്ങ് സൈറ്റ്നെസ് കാരണം വിചാരിച്ചത്. അടുത്തെത്തിയപ്പഴാണ് അറബാനയിൽ കിടക്കുന്നത് അഞ്ചു പവൻ മഹറ് തന്ന് തന്നെ കെട്ടിയ അഞ്ചരയടിക്കാരനാണെന്ന്. അതോടെ അവര് തുടങ്ങി നിലവിളി. അത് കേട്ട് ഓടി വന്ന ഹംസക്കയുടെ മകൾ റംലയെ ഷഹളാധരൻ സമയോചിതമായി ഇടപെട്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. അതിനുള്ള കൂലി അപ്പത്തന്നെ ഷഹളുവിന് ചെകിടടച്ച് കിട്ടി, ഓൻ പോയി.

ബോധം വന്ന ഹംസക്ക ആദ്യം കണ്ടത് മൂത്ത പുത്രനെയായിരുന്നു, കുഞ്ഞിഖാദർ! ചില കണ്ടുപിടുത്തങ്ങൾ കയ്യീന്ന് പോവാറുണ്ട്, അതിലൊന്നായിരുന്നു കുഞ്ഞിഖാദർ.
മകന്റെ മുഖത്ത് നോക്കി ഹംസക്ക ആദ്യം പറഞ്ഞത് ഒരു ക്ക്വോട്ടായിരുന്നു.
“തെങ്ങ് ചതിക്കൂലാന്നൊക്കെ വെറുതെ പറയുന്നതാ…. തെങ്ങു ചതിക്കും, തേങ്ങയും ചതിക്കും, ഓലയും മടലും കൊതുമ്പും മച്ചിങ്ങയും മാത്രമല്ല തെങ്ങുകേറ്റകാരൻ വരെ ചതിക്കും”
“വാപ്പയ്ക്ക് ശരിയ്ക്കും, ബോധം തന്നെയല്ലേ വന്നത്, അതോ വേറെന്തെങ്കിലുമാണോ?”
മോനായത് കൊണ്ട് തന്തയ്ക്ക് വിളിക്കാൻ പറ്റാത്ത മറ്റേ ആ ഭാവം ഉണ്ടല്ലോ, ഹംസക്കയുടെ മുഖത്ത് അത് വന്നു.

ബിഎസ്ഇ അഗ്രികൾച്ചർ പഠിക്കുന്ന കുഞ്ഞിഖാദറിനേയും കൊണ്ട് ഹംസക്ക തെങ്ങിന്റെ ചുവട്ടിലെത്തി. കുഞ്ഞിഖാദർ പരിശോധന തുടങ്ങി, വേറൊരു തെങ്ങിനും ഇല്ലാത്ത ഒരു പ്രശനം ഈ തെങ്ങിന് എന്താണ് എന്നൊന്ന് അറിയണമല്ലോ. ഡെഡ്ബോഡി ഇൻക്വിസ് ചെയ്യാൻ വന്ന പോലീസുകാരനെ പോലെ കുഞ്ഞിഖാദർ ചാഞ്ഞു ചെറിഞ്ഞും മറിഞ്ഞുമൊക്കെ പരിശോധിച്ചു.
ഹംസക്ക ചോദിച്ചു,
“മണ്ണ് ചവച്ച് നോക്കുന്നില്ലേ?”
“ഇല്ല. ആ ഷഹളാധരന് ഇടയ്ക്ക് തെങ്ങിന്റെ ചോട്ടിൽ മൂത്രമൊഴിക്കുന്ന ഒരു ശീലമുണ്ട്”
പരിശോധന കഴിഞ്ഞ കുഞ്ഞിഖാദർ ഹംസക്കയുടെ അടുത്തേക്ക് വന്നു,
“വാപ്പാ… ഇത് മറ്റതാണ്”
“ഏത് തണ്ടുതുരപ്പനോ?”
“അല്ല, കൂടോത്രം!”
“പ്പഫാ…! അന്നോട് തെങ്ങിന് എന്ത് അസുഖമാണ് എന്ന് നോക്കാനല്ലേ പറഞ്ഞത്.”
“അത് തന്നെയാ പറഞ്ഞത്, ഈ തെങ്ങിനും മണ്ണിനും ഒരു പ്രശ്നവുമില്ല ഇനി ആരെങ്കിലും കൂടോത്രം ചെയ്തത് മാത്രമാണ് ഒരു സാധ്യത”
ഹംസക്ക പല്ലു ഞെരിച്ചു. കാരണമുണ്ട്, കടുത്ത നിരീശ്വരവാദിയാണ് മൂപ്പര്. നാട്ടിലെ നിരീശ്വരവാദി സംഘടന, ‘ദൈവമില്ലാ സംഘ’ത്തിന്‍റെ എവര്‍ റോളിഗ് പ്രസിഡണ്ട്… അങ്ങനത്തൊരാള് എങ്ങനെ കൂടോത്രമാണെന്ന് സമ്മതിച്ചു കൊടുക്കും.
“പോടാ… അവന്റെ ഒരു കൂടോത്രം!”
അങ്ങനെ പറഞ്ഞ് നാല്‌ സെമസ്റ്ററുകളുടെ ഫീസ് വെള്ളത്തിലാക്കിയ മകനെ നല്ലൊരു ആട്ടാട്ടി തിരിച്ചു നടന്നെങ്കിലും, ഹംസക്ക കാര്യമായി ഈ അസ്വാഭാവിക പ്രതിഭാസത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. നാട്ടുകാർക്ക് മൊത്തം ഈ ഒരു ടോക്കിയോ മിത്രയ്ക്ക് നേരെ ഒരു കണ്ണുകടിയുള്ളത് ഹംസക്കയ്ക്ക് നേരത്തെ അറിയാം.
എന്തായാലും തെങ്ങിനെ ഒന്നു പരിപാലിച്ചേക്കാം എന്നു കരുതി, കൂലിപണിക്കാരൻ നാണുകുട്ടനോട് തെങ്ങിന്റെ തടം തുരക്കാനും വളമിടാനും വേണ്ടി ഫോണ് വിളിച്ചു വരാൻ പറഞ്ഞു.

മൂലേപറമ്പിലെ മണിമാഷുടെ മോള്, കുളംങ്കരയിലെ ഗായത്രി…..
അങ്ങനെ കണക്കില്ലാത്ത വായനോട്ടങ്ങളും വണ്‍ വേ പ്രണയങ്ങളും ചീറ്റി കാളിയ ക്ഷീണത്തിലിരിക്കുന്ന ശ്രീകുട്ടനും അനിയന്‍ വാസുവും ഈ സമയം ഒരു ഡിസ്കഷനിലായിരുന്നു. സ്വന്തം ഏട്ടന് ഒരു പെണ്ണ് സെറ്റാക്കികൊടുക്കാൻ ഏതറ്റം വരെയും പോവും എന്ന് ശപഥം എടുത്ത ഒരനിയനും, എന്നാൽ അങ്ങനൊരു യോഗം ജാതകത്തില് പോയിട്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റില് പോലും ഇല്ലാത്ത ഒരേട്ടനും. വാസു പറഞ്ഞു,
“കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഏട്ടന് പുതിയ ആരോടെങ്കിലും താത്പര്യമുണ്ടോ”
ശ്രീകുട്ടൻ ലൈറ്റ് ആയിട്ടൊന്നു പുഞ്ചിരിച്ചു, കാമുകൻ നാപ് കഴിഞ്ഞിട്ടുണർന്നതാണ്!
“ദേവു, ഉണ്ണി മാഷിന്റെ മോള്”
കനകാംബരത്തിന്റെ കണ്ണും കാട്ടുതെച്ചിയുടെ കവിളുമുള്ള ദേവു എന്ന മിസ്സ് പത്താം വാര്‍ഡ്. ഇപ്പോ സെറ്റ് പല്ലിട്ടിരിക്കുകയാണ്… അതും കൂടി സെറ്റായാല്‍ മിസ്സ് പഞ്ചായത്ത്!
“എന്നാ പിന്നെ അവളെ നോക്കിക്കൂടെ ഏട്ടാ?”
“പക്ഷേ ഒരു പ്രശ്നമുണ്ട്…. അവര് കുടുംബമടച്ച് നിരീശ്വരവാദികളാ… നമ്മളാണെങ്കിൽ വീട്ടിൽ കള്ളൻ കേറിയാൽ ടോർച്ചെടുക്കും മുൻപ് കഠിനപായസം നേരുന്നു ഒരു ഫാമിലിയും”
അതെ…. പ്രശ്നമാണ്, ഹംസക്ക പ്രസിഡന്റായ ദൈവമില്ലാ സംഘത്തിൽ ജന്മനാ മെമ്പറായവളാണ് ദേവു, അതിന്റെ കോ ഫൌണ്ടറും സെക്രട്ടറിയുമാണ് അവളുടെ അച്ഛന്‍ ഉണ്ണി മാഷ്. വാസു പക്ഷെ കാലെടുത്ത് വെച്ചിരുന്നു, ഇനി മുന്നോട്ട് തന്നെ,
“നിരീശ്വരവാദികളല്ലേ…. അല്ലാണ്ട് സാത്താന്‍ സേവകരൊന്നും അല്ലല്ലോ നമുക്ക് നോക്കാം”
“എന്നാലും…”
“എന്ത് എന്നാലും….ഏട്ടാ, കല്യാണചിലവ് നോക്കുമ്പോള്‍ സ്‌പെഷൽ മാര്യേജ് ആക്ട് വഴി കെട്ടുന്നത് തന്നെയാണ് നല്ലത്.”
ശ്രീകുട്ടൻ വീണ്ടും അനിയന്റെ വാക്ക് കേട്ട് ട്രൗസറിടാൻ തുടങ്ങി….

ആ ആഴ്ചയിലെ ദൈവമില്ലാ സംഘത്തിന്റെ വാരാന്ത്യ മീറ്റിങ് നടന്നത് ഹംസക്കയുടെ വീട്ടുമുറ്റത്താണ്.
ഉണ്ണി മാഷ് എഴുന്നേറ്റ് നിന്ന് പറഞ്ഞു,
“ഇന്ന് നമ്മുടെ സംഘടനയിലേക്ക് നാട്ടിലെ പുതിയ രണ്ടു പേര്‍ കൂടി ജോയിന്‍ ചെയ്തിട്ടുണ്ട്. നാട്ടിലെ യുവരക്തങ്ങള്‍ കൂടി നിരീശ്വരവാദത്തിലേക്ക് വരുന്നത് തീര്‍ച്ചയായും ശുഭസൂചനയാണ് ”
ശ്രീകുട്ടനും വാസുവും എല്ലാവരോടുമായി കൈ വീശി പുഞ്ചിരിച്ചു.
അന്നത്തെ കാര്യപരിപാടികൾ വിശദീകരിക്കുമ്പോൾ ശ്രീകുട്ടന്‍റെ കണ്ണുകള്‍ മൊത്തം ദേവുവിലായിരുന്നു. ഇല്ല, പുതിയ മെമ്പർമാരോട് ഒരു അടുപ്പം കാണിക്കാത്ത സംഘടന ആയിരുന്നു അത്. ശ്രീകുട്ടൻ, അവൻ ഉപേക്ഷിച്ചിട്ടുപോന്ന ദൈവങ്ങളെ വിളിച്ചു…

ഈ സമയം തെങ്ങ് തുരന്ന് തടം ഇട്ടുകൊണ്ടിരിക്കുന്ന പണിക്കാരന്‍ നാണുകുട്ടൻ
മീറ്റിങ് നടക്കുന്നിടത്തേക്ക് ഓടി കിതച്ചു വന്നു. നാണുകുട്ടൻ പറഞ്ഞത് കേട്ട്
എല്ലാവരും കൂടി ടോക്കിയോ മിത്രയുടെ താഴെ ചെന്നു നോക്കിയപ്പോൾ എന്താ?
തെങ്ങിന്റെ ചുവട്ടിലെ മണ്ണിൽ നിന്നും നാല് മുട്ടകള്‍. കിളച്ചത് നാണുകുട്ടനായത് കൊണ്ടു ഒന്നും പൊട്ടിയിട്ടില്ല.
ഉമ്മറത്ത് നിന്നും ഇത് കണ്ട് ദൈവവിശ്വാസിയായ കുഞ്ഞിഖാദറും ഓടി വന്നു…
“വാപ്പാ…. ഞാന്‍ പറഞ്ഞില്ലേ? കൂടോത്രമാണ്”
ഹംസക്ക എന്ത് പറയണം എന്നറിയാതെ നിന്നു.
“അത് ശരിയാ…. കാടമുട്ടയില്‍ കൂടോത്രം ചെയ്യുന്ന ഒരു സ്വാമി അംശകച്ചേരി ഉണ്ട്.”
കോര്‍ കമ്മിറ്റി മെംബര്‍ സദാശിവന്‍.
എല്ലാ സംഘടനാ മെംബര്‍മാരും ഒരുമിച്ച് സദാശിവനെ നോക്കി,
“അത് സദാശിവനെങ്ങനെ അറിയാം??”
“അത്… അത്… ഞാന്‍ നാട്ടിലെ അന്ധവിശ്വാസം പ്രോല്‍സാഹിപ്പിക്കുന്നവരെ പറ്റി ഒരു ലേഖനം എഴുത്തുന്നതിന്റെ റിസെര്‍ച്ചിലാ..”
ഒന്നു തപ്പി തടഞ്ഞെങ്കിലും പുള്ളി ട്രാക്ക് തിരിച്ചുപിടിച്ച്.

“ന്നാ പിന്നെ ഉണ്ണി മാഷെ…. ആ മുട്ട എടുത്തിട്ടു ഒന്നു ദൂരെ കളഞ്ഞോളി”
ഇത് തന്നെ താപ്പ്, കിട്ടിയ പന്ത് ഓഫ്സൈഡ് ആണെങ്കിലും ഹംസക്ക വലയിലേക്ക് അടിച്ചു.
“അത് ശരിയാവില്ല…. ഇങ്ങള്‍ടെ പറമ്പിലെ മുട്ട… അത് ഞാൻ എടുത്താൽ ശരിയാവില്ല ഹംസക്കാ”
“എന്നാ സദാശിവാ…”
“ഹംസക്കയല്ലേ പ്രസിഡണ്ട്… ഇങ്ങള് തന്നെ എടുത്ത് കളഞ്ഞോളി”, സദാശിവന്റെ മൈനസ് പാസ്.
“കളയുന്നതില് പ്രശ്നമുണ്ടായിട്ടല്ല… പക്ഷേ കുമ്പിടാന്‍ വയ്യെഡോ…. നടുവേദന. ഹരിഹരന്‍ ചെറുപ്പമല്ലേ… എടുത്ത് കള”
“ഞാന്‍ വെജിറ്റേറിയനാണ്, മുട്ട കൈ കൊണ്ട് തൊടാറില്ല”.
കുഞ്ഞിഖാദറിന് ചിരി പൊട്ടുന്നുണ്ടായിരുന്നു. ഹംസക്ക നിത്യവൃത്തിക്ക് വകയില്ലാതെ മോൻറെ മുഖത്തേക്ക് നോക്കി.
“അയ്യോ, ഞാൻ നിങ്ങളെ പോലെ അല്ലല്ലോ… വിശ്വാസിയല്ലേ, കൂടോത്രത്തിലൊക്കെ കുറച്ച് പേടിയുണ്ട് അതാ”

ഇങ്ങനെ ദൈവമില്ലാ സംഘം കമ്പ്ലീറ്റ് ആര് തൊടും ആര് കളയും എന്ന് പേടിച്ച് കൊണ്ടിരിക്കുന്ന വേളയില്‍ ദേവുവിനെയും ഇടം കണ്ണിട്ട് നിൽക്കുകയായിരുന്ന ശ്രീകുട്ടനെ വിളിച്ച് വാസു മാറി നിന്നു.
“ഏട്ടാ…. ഏട്ടന്‍ പോയി ആ മുട്ട എടുത്ത് പൊട്ടിച്ച് കുടിക്ക്!
“പൊന്നു വാസോ… കൂടോത്രം ചെയ്ത മുട്ടയാണ്!”
“കൂടോത്രം ഒക്കെ സൂര്യപ്രകാശം തട്ടിയാ എഫക്റ്റ് പോവും.”
“അങ്ങനെയുണ്ടോ?”
“ആന്ന്… ഇവരെല്ലാവരും ഇങ്ങനെ വിറച്ച് നില്‍ക്കുമ്പോ ഏട്ടന്‍ ആ മുട്ട പൊട്ടിച്ച് തിന്നാ അവളുടെ മുന്നില് ഏട്ടന്റെ ഇംപ്രഷന്‍ എന്തായിരിക്കും? ‘മോളെ കെട്ടിച്ച് തരട്ടെ കുട്ടാ’ എന്ന് ഉണ്ണിമാഷ് ഇങ്ങോട്ട് വന്നു ചോദിക്കും”
അവിടെ ശ്രീകുട്ടന്‍ ചാര്‍ജായി…
അവന്‍ സ്ലോ മോഷനിൽ മുന്നോട്ട് കടന്നു വന്നു അതിലെ ഒരു മുട്ട എടുത്ത് പൊട്ടിച്ച് ഒറ്റ കഴിക്കല്‍!
ദൈവമില്ലാ സംഘം അദ്ഭുദത്തോടെ കയ്യടിച്ചു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയും അഞ്ചു വിക്കറ്റ് നേട്ടവും അവരാരും പ്രതീക്ഷിച്ചിരുന്നില്ല.
ആവളാണെങ്കില്‍ ആരാധനയോടെ ശ്രീകുട്ടനെ നോക്കി കണ്ണു മിഴിച്ചു നില്‍ക്കുന്നു.. മാൻ ഓഫ് ദി മാച്ച് ഉറപ്പായി! അതും കൂടി കണ്ടപ്പോള്‍ ശ്രീകുട്ടന്‍ ആവേശം കേറി രണ്ടു മുട്ടകള്‍ കൂടി എടുത്ത് പൊട്ടിച്ച് കഴിച്ചു… കയ്യടി …കയ്യടി…
സെറ്റ് പല്ലിട്ട കുട്ടി സെറ്റ്!
നിരീശ്വരവാദിയെ വളച്ച ശ്രീകുട്ടന്‍ ശിവന്റെ അമ്പലത്തില് നാഴി പായസവും ഗണപതിക്ക് അപ്പവും നേര്‍ന്നു.

ഹംസക്ക അഭിമാനത്തോടെ ആ ചെറുപ്പക്കാരനെ നോക്കി. ഉണ്ണി മാഷിന്റെ കണ്ണുകളിൽ ടിക്കറ്റെടുക്കാതെ ക്യാബറെ കണ്ട തിളക്കം.
ഈ സന്തോഷങ്ങളുടെ നടുവിലേക്കാണ് ക്ഷണിക്കപ്പെടാത്ത ഒരഥിതി വരുന്നത്, ഇഴഞ്ഞിട്ട്… മനുഷ്യനല്ല, ഒരു പാമ്പ്!
തെങ്ങിന്റെ ചുവട്ടിൽ അതിട്ടുവെച്ച മുട്ട തിരക്കി വന്നതാണ് ആ പാമ്പ്. ആദ്യമോടിയത് ദൈവമുള്ള കുഞ്ഞിഖാദറായിരുന്നു, പിന്നാലെ ദൈവമില്ലാത്തവരും ഓടി.
ശ്രീ കുട്ടന് ഒരു ഇക്കിൾ വന്നു… സീൽക്കാരമായിരുന്നു ശരിക്കും വരേണ്ടി ഇരുന്നത്.
വാസു പാമ്പിനെയും ദേവുനെയും മാറി മാറി നോക്കി….
“ആനയ്ക്കിട്ട് എറിഞ്ഞിട്ട്, ഉറുമ്പിനിട്ട് കൊള്ളുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ”
തലേന്ന് രാത്രി ടോക്കിയോ മിത്രയുടെ തേങ്ങ മുഴുവൻ മോഷ്ടിച്ച് വിറ്റ് ഇയർബഡ്സ് വാങ്ങിച്ച കുഞ്ഞിഖാദറും ഇത് തന്നെയാണ് ഒടുന്നതിനിടെ മനസ്സിൽ പറഞ്ഞത്!