‘അഞ്ചാം പാതിര’കണ്ട് ഇൻസ്പിറേഷനായി കുപ്പി ഭരണിയും സുർക്കയും വാങ്ങിച്ച് അടഞ്ഞുകിടക്കുന്ന പഴയ വീട് വാടകയ്ക്കെടുത്ത് സൈക്കോ ആവാൻ പോയ റബ്ബർ സുകുവിനെ പോലെ അല്ല… ബാലചന്ദ്രൻ ജന്മനാ സൈക്കോ ആണ്. ബസ്സിന്റെയും ലോറിയുടെയും ഒക്കെ പിറകിൽ ‘റാഷ് ഡ്രൈവിങ് കണ്ടാൽ വിളിക്കൂ’ എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് പരാതിപെട്ട് ആ ഡ്രൈവറിന്റെ അന്നം മുട്ടിക്കുക, അങ്ങാടിയിൽ വന്നു വഴി ചോദിക്കുന്ന വണ്ടിക്കാരുടെ കൂടെ കയറി, ‘വഴി കാണിച്ചു തരാ’മെന്ന് പറഞ്ഞ് പെങ്ങളുടെ ബന്ധുക്കളുടെയും വീട്ടിൽ വിരുന്നു പോവുക, മരണവീട്ടിലിരുന്ന് വെള്ളമടിക്കുന്നവരുടെ അടുത്ത് പോയി,  വീട്ടുടമസ്ഥൻ ബിയർ തണുപ്പിച്ചത് ഡെഡ് ബോഡി കിടക്കുന്ന ഫ്രീസറിൽ വെച്ചാണെന്നു പറഞ്ഞുപരത്തി ലഹളയുണ്ടാക്കുക… ഇങ്ങനെ ആമസോണിൽ പോലും കിട്ടാത്ത അലമ്പുകളും പോക്രിത്തരങ്ങളുമാണ് സൈക്കോ ബാലചന്ദ്രന്റെ ഷോപ്പിംഗ് കാർട്ടിൽ ഉള്ളത്. 

പരിസരത്ത് രണ്ടുമൂന്നു വലിയ അമ്പലങ്ങളുള്ള അങ്ങാടിയില്‍ ഒരു പൂജാ സ്റ്റോഴ്സ് നടത്തുകയാണിപ്പൊ ബാലചന്ദ്രൻ. പണ്ട് കക്ക വാരാൻ പോയിരുന്ന ബാലചന്ദ്രനെ വഞ്ചിച്ച് കാമുകി പുളിക്കൽപറമ്പിലെ പൂജാ രാജൻ, മണല് വാരാൻ പോയിരുന്ന ബേബിയെ കെട്ടിയ ശേഷമാണ്  ബാലചന്ദ്രന്‍ പൂജാ സ്റ്റോഴ്സ് തുടങ്ങിയത്.  പൂജ വാരിയതിന് ശേഷമാണ് ബാച സൈക്കോ ആയതെന്നും, അതല്ല സൈക്കോ ആണെന്നറിഞ്ഞ് പൂജ സ്വന്തം ജീവിതം വാരിയെടുത്തോണ്ടോടിയതാണെന്നുമുള്ള രണ്ടു വാദങ്ങൾ പഞ്ചായത്ത് തലത്തിൽ നിലനിൽക്കുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുളിക്കൽപറമ്പിലെ രാജേട്ടൻ എപ്പൊ അതുവഴി പോയാലും, ജീവിച്ചിരിക്കുന്ന തന്റെ മകളുടെ ആ സ്മാരകത്തിന്റെ ബോർഡിലേക്ക് നോക്കി പല്ലിറുമ്മി ഇങ്ങനെ നിൽക്കുന്നത് കാണാം. മോൾടെ പേരാണോ ന്ന് ചോദിച്ചാ ആണ്, അല്ലാ ന്ന് പറഞ്ഞാ അല്ലല്ലോ…

സെറ്റ് പല്ലു വെച്ച സിന്ധി പശുവിന്റെ മുഖഛായയുള്ള ഞങ്ങളുടെ അങ്ങാടിയിൽ, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിന്റെ തൊട്ടപ്പുറത്തെ അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടറിൽ തൂക്കിയിട്ടിട്ടുള്ള ഒരു ഫ്ലെക്സ് കാണാം…  ‘ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിന് നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണയും സ്നേഹവും കാരണം ഈ സ്ഥാപനം  എന്നെന്നേക്കുമായി പൂട്ടുന്നു’ ബാചയെ ഉദ്ദേശിച്ചാണ്, ബാചയെ തന്നെ ഉദ്ദേശിച്ചാണ്, ബാചയെ മാത്രം ഉദ്ദേശിച്ചാണ്…. ഇനി നിങ്ങള് തന്നെ പറ, ഈ ബാലചന്ദ്രനെ സൈക്കോ ന്ന് വിളിച്ചാ മതിയോ?

പൂജാ സ്റ്റോഴ്‌സ് പൂട്ടിക്കാൻ പുളിക്കൽപറമ്പിൽ രാജൻ കാട്ടുപാതയിൽ പോയി കൂടോത്രം ചെയ്തതിന്റെ പിറ്റേ ആഴ്ചയിലാണ് പൂങ്കാറ്റിൽ ഇലക്ട്രോണിക്‌സ് പൂട്ടുന്നത്… കാട്ടുപാതയിൽ നിന്ന് കുട്ടിച്ചാത്തന്മാര് വന്നപ്പോൾ ബാലചന്ദ്രൻ അവരെയും വഴി തെറ്റിച്ചു എന്നൊരു കോമഡി പഞ്ചായത്തിന്റെ എയറിൽ കിടന്നു കറങ്ങുന്ന ഒരു നാൾ… സ്വന്തം കല്യാണ നിശ്ചയത്തിന്റെ തലേന്ന് ലൈഫിലാദ്യമായി ഫേഷ്യല് ചെയ്ത  ബൈക്കിൽ വരവെ, ചടങ്ങിന് കൊണ്ടുപോവാനുള്ള വെറ്റില വാങ്ങിക്കാൻ വേണ്ടി വെടിക്കെട്ടുകാരൻ സുഭീഷ്, ബാലചന്ദ്രന്റെ പൂജാ സ്റ്റോഴ്‌സിൽ ഒന്ന് കേറി. “എവിടുന്നാ ഭാവഗായകാ?” ലൈറ്റ് ആയി പാട്ടൊക്കെ പാടുന്ന സുഭീഷ്, ബാച താറ്റിയതാണെന്ന് മനസ്സിലാവാതെ ആ ഒരൊറ്റ പ്രയോഗത്തില് ഫ്‌ളാറ്റായിട്ടുണ്ടാവും. ഇരട്ട ഗ്രാമി അവാർഡ് കിട്ടിയ സന്തോഷത്തോടെ സുഭീഷ് പറഞ്ഞു, “ഞാൻ എടപ്പാളിൽ നിന്ന് മാംഗോ ഫേഷ്യല് ചെയ്ത് വരുന്ന വഴിയാ..” ബാലചന്ദ്രൻ ഒരൊറ്റ ഞെട്ടൽ!

“ഫേഷ്യല് ചെയ്തിട്ട് ബൈക്കിലാണോടാ മണ്ടാ നീ വന്നത്?”

“അതേ… എന്തേ”

“കറുത്ത് പോവുമെടാ… ചൂട് തട്ടിയാ നിന്റെ മുഖത്ത് തേച്ച കെമിക്കൽസിന് റിയാക്ഷൻ സംഭവിച്ച് സ്കിന്ന്‌ കറുക്കും!”

“അങ്ങനെയുണ്ടോ?”

“ആ… അതല്ലേ ഫേഷ്യല് ചെയ്യുന്ന മുറിയൊക്കെ എസി ആക്കി വെച്ചിരിക്കുന്നത്!”

അപ്പോഴേക്കും ഒരു മൈൽഡ് കാർഡിയാക് അറസ്റ്റിന്റെ തുമ്പത്ത് എത്തിയിരുന്ന സുഭീഷ് ദയനീയമായി ചോദിച്ചു, “കുടയുണ്ടോ ബാലേട്ടാ”

ബാലചന്ദ്രന്റെ നിതാന്ത വിമർശകൻ ടൈയലർ സുന്ദരന്റെ കട, പൂജാ സ്റ്റോഴ്‌സിന് നേരെ ഓപ്പോസിറ്റാണ്. അന്ന് ഉച്ച തൊട്ട് സുന്ദരൻ ബാലചന്ദ്രന്റെ കടയിലേക്ക് നോക്കുമ്പോൾ സുഭീഷ് അവിടെ ഇരിക്കുന്നുണ്ട്. ബാച പതിവ് പോലെ എങ്ങോട്ടോ സർക്കീട്ട് പോയിരിക്കുന്നു. ഒരു ഏഴ് ഏഴരയായപ്പോൾ കടയടച്ച് സുന്ദരൻ വീട്ടിൽ പോവാൻ ഇറങ്ങിയപ്പോഴും സുഭീഷ് അതേ ഇരുപ്പ്. സുന്ദരൻ നേരെ അങ്ങോട്ട് ചെന്നു.

“നീ കുറെ നേരമായല്ലോ സുഭീഷേ, ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്”

“ഞാൻ വെറ്റില വാങ്ങാൻ വന്നതാ”

“ന്നിട്ട് ബാലചന്ദ്രൻ അത് നുള്ളാൻ പോയതാണോ?”

സുഭീഷ് കാര്യം മുഴുവൻ സുന്ദരനോട് പറഞ്ഞു…

“ഇരുട്ടായിട്ടേ ഞാനിനി വീട്ടിൽ പോവുന്നുള്ളൂ… ബാലേട്ടനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ നാളെത്തെ എന്റെ നിശ്ചയം വെള്ളത്തിലായേനെ”

“ഉം… ഇപ്പൊ നിന്റെ നിശ്ചയം ടാജിലാണല്ലോ ആയത്; എടാ മരങ്ങോടൻ മാന്ത്രികപൊട്ടാ… നിനക്ക് ബാലചന്ദ്രനെ അറിഞ്ഞൂടെ? അയാള് അയാളുടെ പതിവ് വിളച്ചില് എടുത്തതാണ്…. ഇച്ചിരി വെയിലു കൊണ്ടെന്നു വെച്ചിട്ട് ഒന്നും സംഭവിക്കില്ല.”

സുന്ദരന്റെ പറച്ചിലിൽ സുഭീഷിന് പാളി എന്നു മനസ്സിലായി.

“അയാള് നിന്നെ കൂലി ഇല്ലാതെ കടയേല്പിച്ച് പോയതാ… നീ പെട്ടെന്ന് വീട്ടിൽ പോ”

“അപ്പൊ കട?”

“പൂട്ടിയിട്ട് താക്കോല് എവിടെയെങ്കിലും വെച്ചിട്ട് വീട്ടില്‍ പോടാ, നാളെ നിന്റെ നിശ്ചയമല്ലേ കോപ്പേ…” 

സുന്ദരനോട് സുഭീഷ് നിഷ്കളങ്കമായി ചോദിച്ചു,

“താക്കോല് ഇവിടെ വെച്ചിട്ട് പോയാല്‍ വല്ലവരും വന്നു കട തുറന്നു മോഷ്ടിച്ചാലോ ?”

“ഏത്, ഈ പൂജാ സ്റ്റോഴ്സോ ?”

“ഉം…”

“ആടാ… രാത്രി ഗുരുവായൂര്ന്ന് ശ്രീകൃഷ്ണന്‍ വരും, കട കുത്തിതുറന്ന്  ചന്ദനതിരി എടുത്തു കൊണ്ടുപോവാന്‍… നീ കുടുംബത്ത് പോവാൻ നോക്കടാ!”

സുന്ദരൻ പിറുപിറുത്തുകൊണ്ട് തന്റെ വീട്ടിലേക്ക് നടന്നു…

 

പക്ഷെ കട കുത്തിത്തുറക്കാൻ വരുന്നുണ്ടായിരുന്നു… ഗുരുവായൂരപ്പനല്ല, പൂങ്കാറ്റില്‍ ഇലക്ട്രോണിക്സ്‌ പ്രൊപ്റൈറ്റര്‍ പൂങ്കാറ്റില്‍ ഉത്തമൻ. ബാ ച കട പൂട്ടികെട്ടിച്ചതിന്റെ പ്രതികാരം ചെയ്യാൻ…. സുഭീഷ്‌ പൂജാ സ്റ്റോഴ്‌സ് പൂട്ടി താക്കോൽ ഇറയത്ത് വെക്കുന്നത് പഞ്ചായത്ത് ഓഫീസിന്റെ പിറകിലെ ഇരുട്ടിൽ മറഞ്ഞു നിന്നുകൊണ്ട് ഉത്തമൻ കണ്ടു. സുഭീഷ്‌ പോയശേഷം അങ്ങാടി ശ്യൂന്യമാവാൻ വേണ്ടി പൂങ്കാറ്റിലുത്തമൻ പൂജാ സ്റ്റോഴ്‌സിലേക്ക് നോക്കികൊണ്ട് കാത്തിരുന്നു…

 

കുറ്റാകൂരിരുട്ടിൽ നടന്ന് സുഭീഷ് അത്താണി പാടവും കടന്ന് മുതലകുന്നിലെ ഇടവഴിയിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ ഉണ്ട് റോഡില്‍ എതിരെ ഒരു ടോര്‍ച്ച് വെട്ടം, ബാലചന്ദ്രന്‍!

അന്ധാളിപ്പോടെ സുഭീഷ് ആസ്കി, 

“അല്ലാ, ന്റെ ബൈക്ക് എവിടെ?”

പകൽ സുഭീഷിന്റെ ബൈക്കും കൊണ്ടായിരുന്നല്ലോ ബാച പോയത്!

“ബൈക്ക് ഞാൻ നമ്മടെ കുഞ്ഞിമുഹമ്മദ് ചോദിച്ചപ്പോ കൊടുത്തു”

“എന്തിന്??”

“ഓന്റെ പുതിയ കാറിന്റെ എയർബാഗ് രണ്ടും പുറത്തേക്ക് വന്നു ഓടിക്കാൻ പറ്റാതെ കിടക്കാണ്, രാത്രി എന്തെങ്കിലും ഓട്ടം കാണും… പാവം”

(സത്യത്തിൽ കുഞ്ഞിമുഹമ്മദിന്റെ  കാറിൽ ബാച ബൈക്കുമായി ചെന്ന് കേറ്റിയിട്ടാണ് എയർബാഗ് പുറത്തേക്ക് വന്നത്)

രാത്രി വരെ ഇരുന്ന് ഗ്രാമി അവാർഡ്സിന്റെ  ബഹുമാനം നഷ്ടപെട്ട സുഭീഷ്‌ പറഞ്ഞു,

“എന്നാലും ബാലേട്ടാ…. എന്നോടിത് വേണ്ടായിരുന്നു.”

“എന്ത്??”

“ടൈലര്‍ സുന്ദരന്‍ പറഞ്ഞല്ലോ ഫേഷ്യല് ചെയ്ത് വെയില് കൊണ്ടാല്‍ കുഴപ്പവുമില്ലെന്ന്.

“അവനങ്ങനെ പറയും, സുഖകരമായ ദാമ്പത്യം ഇല്ലാത്ത അവനൊക്കെ എന്തായാലും അങ്ങനെ പറയും”

സുബീഷിന് ആ മറുപടിയിൽ ഒരു തൃപ്തി വന്നില്ല എന്ന് ബാച ശ്രദ്ധിച്ചു.

ഒന്നും മിണ്ടാതെ ഇന്‍ഡിക്കേട്ടര്‍ ഇട്ട് ഇടവഴിയിലേക്ക് തിരിയാന്‍ ഒരുങ്ങിയ അവനെ തോൽവിയറിഞ്ഞ ബാലചന്ദ്രന്‍ പുറകിൽ നിന്ന് വിളിച്ചു…

“സുഭീഷേ… നീയീ ടോർച്ച് കയ്യില് വെച്ചോ”

“എനിക്ക് നിങ്ങളുടെ ടോർച്ചും കൂർച്ചുമൊന്നും വേണ്ട… ന്റെ കയ്യില് മൊബൈലുണ്ട്”

രാവിലെ തൊട്ട് പണിഞ്ഞതിന്റെ നീരസം മുഴുവൻ വ്യക്തമാക്കുന്ന ഒരു മറുപടി.

ബാച വിടോ,

“സുഭീഷേ, കാലിന്റെ ചുവട്ടിൽ കിടക്കുന്ന പാമ്പും തേളും ഒക്കെയല്ലേ ടോർച്ചിന്റെ വെട്ടത്തിൽ കാണാൻ പറ്റൂ… പുലീനെ കാണാൻ പറ്റില്ലലോ”

“പു പു…. പുലിയോ?”

മുന്നോട്ട് നടക്കാൻ വേണ്ടി പൊക്കിയ വലത്തേ കാല് എയറിൽ തന്നെ നിർത്തി സുഭീഷ് ചോദിച്ചു.

“ആ… വനം വകുപ്പ് നിലമ്പൂർ കാട്ടില് വിടാന്‍ കൊണ്ടു പോയ ഒരു പുലി, മാണൂര് അവര് ചായേം പഴംപൊരിയും കഴിക്കാൻ  വണ്ടി നിർത്തിയപ്പോ ചാടിപ്പോയി”

പക്ഷെ സുഭീഷ് പൊട്ടിത്തെറിക്കുകയാണുണ്ടായത്.

“ബാലചന്ദ്രാ… മനുഷ്യനെ ആസാക്കുന്ന ഈ പരിപാടി നീ നിര്‍ത്തിക്കോ”

ബാലചന്ദ്രൻ രണ്ടു നിമിഷം നിശബ്ദനായി.

“ശരിയാ ഞാന്‍ ആസാക്കിയിട്ടുണ്ട് (ഗദ്ഗദം), പക്ഷെ എന്നെങ്കിലും ഞാന്‍ ഇതുപോലെ ജീവന്‍ വെച്ചിട്ട് കളിച്ചിട്ടുണ്ടോ?”

സുഭീഷ് ഒന്നയഞ്ഞു, ബാലചന്ദ്രന്‍ ആ കയറില്‍ കേറി പിടിച്ചു,

“അന്നൗൻസ്മെന്റ് ഒക്കെ പോയിട്ടുണ്ടായിരുന്നു… നീ കേട്ടില്ലേ?”

“ഇല്ല, ബാലേട്ടാ…”

“ഇനിയും നിനക്ക് എന്നെ സംശയം ഉണ്ടെങ്കിൽ നീ മാണൂർ പോയി നോക്ക്, അവര് പുലിയുടെ പിന്നാലെ ഓടാൻ വേണ്ടി വലിച്ചെറിഞ്ഞ പഴംപൊരി അവിടെ റോഡിൽ കിടക്കുന്നുണ്ടാവും!”

മാംഗോ ഫേഷ്യല് ചെയ്ത സുഭീഷിന്റെ മുഖം, മാർഗഴി വെയിലുകൊണ്ട മല്‍ഗോവ പോലെ ചുളിഞ്ഞു.

അവന്റെ തോളില്‍ തട്ടി ബാലചന്ദ്രന്‍ പറഞ്ഞു, “ഭയം വേണ്ട, ജാഗ്രത മതി.  

 

നീരോട്ടം തുടങ്ങിയ അഡ്രിനാലിൻ ഗ്രന്ഥിയുമായി സുഭീഷ് മുതലകുന്നിലെ ഇടവഴിയിലൂടെ ‘മൃഗയ’ സിനിമയിലെ നാട്ടുകാരെ പോലെ പേടിച്ച് പേടിച്ച് നടന്നു. ഓരോ ഇല അനക്കത്തിലും അവൻ വലിയ മാർജാരനെ പേടിച്ച് ഞെട്ടി ചുറ്റുംനോക്കി.  ‘ബാലേട്ടന്റെ കയ്യിൽ നിന്നും ടോർച്ച് വാങ്ങിക്കാമായിരുന്നു…’ സുഭീഷിന്റെയുള്ളില്‍ ശക്തമായ ആത്മഗതം വീശി.

പെട്ടെന്ന്, പാതിവഴിയിൽ വെച്ച് ഏതോ ചാവാലിപട്ടി പൊന്തയിൽ നിന്നും ഓടി വരുന്ന ശബ്ദം കേട്ടതോടെ സുഭീഷ്‌ തിരിഞ്ഞുനോക്കാതെ വന്ന വഴി ഓടി…

 

മൂന്നു മാസത്തെ പിണക്കം മാറി വീട്ടിൽ തിരിച്ചെത്തിയ ഭാര്യയെ, ഊണൊക്കെ കഴിഞ്ഞു ബെഡ് റൂമിൽ കാലാട്ടിക്കൊണ്ട് കാത്തിരിക്കുകയായിരുന്നു സുന്ദരൻ… അക്ഷമയോടെ…… 

പെട്ടെന്ന് വീടിന്റെ കോളിങ് ബെല്ല് ‘അമ്മേ നാരായണ, ദേവീ നാരായണാ’ പാടി.

സുന്ദരൻ ചെന്ന് വാതിൽ തുറന്നപ്പോ ദാ നിൽക്കുന്നു സുഭീഷ്‌!

“സുന്ദരാ…  ഞാൻ ഇന്ന് ഇവിടെ കിടന്നോട്ടെ?”

സെക്കന്റ് ഫസ്റ്റ് നൈറ്റ് കുളമാക്കാൻ വന്ന വെടിക്കെട്ടുകാരനോട് ടെയ്‌ലർ എല്ലാ കലിപ്പോടും കൂടി ചോദിച്ചു,

“എന്താടാ നിന്റെ പ്രശ്നം??”

ബാചയെ വീണ്ടും കണ്ടുമുട്ടിയ മുതൽക്കുള്ള കാര്യങ്ങൾ സുഭീഷ്‌ സുന്ദരനെ ധരിപ്പിച്ചു. സുന്ദരൻ ധരിച്ചിരുന്ന മുണ്ട് പൊക്കികാണിച്ചില്ലെന്നേയുള്ളൂ.

“പുന്നാരമോനെ…നീ അല്ലാതെ ആരെങ്കിലും അയാളുടെ വാക്കും കേട്ട് പിന്നേം പിന്നേം ഇങ്ങനെ നടക്കോ??അന്റെ കയ്യിലുള്ളത് ഫോണല്ലേടാ പൊട്ടാ, ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പില് പുലിയെ പറ്റി വല്ല ന്യൂസും വന്നത് ഇയ് കണ്ടോ?”

“ഇല്ല…”

“പിന്നെന്ത് മാങ്ങാണ്ടിക്കാടാ നീ പേടിച്ച് വീട്ടിൽ പോവാതെ ഇരിക്കുന്നത്??”

സുന്ദരൻ വാതിൽ ശക്തിയായി അടച്ച് അകത്തേക്ക് പോയി!

 

ബാച വീണ്ടും കുഴിയിൽ ചാടിച്ചെന്ന് മനസ്സിലായതോടെ സുഭീഷിനു പൊട്ടിയില്ലേ കുരു. 

അവൻ നേരെ വീട്ടിൽ പോയി, ‘കുന്നിമണി ടെക്സ്റ്റയിൽസി’ന്റെ ഉദ്ഘാടനത്തിനായി ഉണ്ടാക്കിവെച്ചിരുന്ന കരിമരുന്നിൽ നിന്നും ഗുണ്ടിന്റെ ചാക്ക് എടുത്ത് തിരിച്ച് നടന്നു…

നിശ്ചയതലേന്ന് രാത്രി പത്തരയ്ക്ക് വീട്ടിൽ കേറി വന്നിട്ട്, സുഭീഷ്‌ ഗുണ്ടും എടുത്തിട്ട് പോവുന്നത് കണ്ട അവന്റെ സ്വന്തം അമ്മാവനും, ആ കല്യാണം ഉണ്ടാക്കിയ ആളുമായ ശ്യാമളൻ മേസ്തരി ഉമ്മറത്ത് വണ്ടറടിച്ച് നിൽക്കുന്നുണ്ടായിരുന്നു.

കൂട്ടുകാരന്റെ മോൾക്ക് വേണ്ടി സ്വന്തം അനന്തരവനെ ചാമ്പിയ മേസ്തരി ഉടനെ ഫോണെടുത്തിട്ട് പെണ്ണിന്റെ അച്ഛനെ വിളിച്ചു,

“ടാ, അവള് പണ്ട് ഒളിച്ചോടിയ കഥയൊക്കെ സുഭീഷ്‌ അറിഞ്ഞെന്നാ തോന്നുന്നത്, ഒരു ഗുണ്ടിന്റെ ചാക്കെടുത്ത് ഇവിടുന്ന് പോന്നിട്ടുണ്ട്… അമ്മാവനായതുകൊണ്ടു അവൻ എന്നെ വെറുതെവിട്ടു”

അതങ്ങനെയൊരു ബി സ്റ്റോറി.

 

ആൾക്കാരും വെളിച്ചവും കാക്കളും പക്ഷികളും പോയി അങ്ങാടി ശ്യൂന്യമായതോടെ പൂങ്കാറ്റിലുത്തമൻ നേരെ പൂജാ സ്റ്റോഴ്സിലേക്ക് നടന്നു. താക്കോല് കിട്ടിയതോടെ കട കുത്തിതുറക്കേണ്ട സമയം ലാഭം!

വിദഗ്ദമായി ഒരു ഷോർട്ട് സർക്ക്യൂട്ട് ഉണ്ടാക്കി ബാലചന്ദ്രന്റെ കട ഉടലോടെ കത്തിക്കുകയായിരുന്നു ആ ഇലക്ട്രോണിക്സ് കടക്കാരന്റെ ലക്ഷ്യം. കർപ്പൂരവും വിളക്കെണ്ണയും ചന്ദനതിരിയും ഒക്കെ ഉള്ളതുകൊണ്ട്  മൂടോടെ കത്തിപൊക്കോളും…

പക്ഷെ അകത്ത് ചെന്ന് ഉത്തമൻ എങ്ങനെ നോക്കിയിട്ടും ഷോർട്ട് സർക്യൂട് ഉണ്ടാവുന്നില്ല… അവസാനം ഫോണിൽ യൂട്യൂബ് എടുത്ത് ‘ഹവ് ടു മെയ്ക്ക് എ ഷോർട്ട് സർക്യൂട്’ എന്ന് സെർച്ച് ചെയ്ത വീഡിയോ കാണുകയായിരുന്നു ഉത്തമൻ.

അപ്പോഴാണ് ബാലചന്ദ്രന്റെ വീട്ടിലേക്ക് പ്രതികാരാഗ്നിയോടെ നടന്ന സുഭീഷ് അങ്ങാടിയിലേക്ക് എത്തുന്നത്. കടയ്ക്കുള്ളിലെ മൊബൈൽ വെളിച്ചം കണ്ട് ബാചയാണെന്നു കരുതി സുഭീഷ്‌ അവിടെ നിന്നു… സഞ്ചി തുറന്ന് ഒരു ഗുണ്ട്, രണ്ടു ഗുണ്ട്, മൂന്ന് ഗുണ്ട്, നാലു ഗുണ്ട്…. ശുഭം!

കാട്ടുപാതയിലെ കുട്ടിച്ചാത്തൻമാരൊന്നും അങ്ങനെ വഴി തെറ്റിപോവുന്നവരല്ല!!