മുകളിലേക്കുള്ള നടത്തം അമ്പിളി കുന്നിലേക്കുള്ള ആയാസത്തിന്‍റെ നാലിരട്ടിയുണ്ടായിരുന്നു… “നിന്‍റെ വല്യമ്മാമ ഇടയ്ക്കെന്‍റെ സ്വപ്നത്തിൽ വരാറുണ്ട്..” മുന്നിൽ നടന്നിരുന്ന ചേക്കുട്ടി തിരിഞ്ഞുനോക്കാതെ പറഞ്ഞു. “എന്തിന്?” “ഞാൻ ചോദിച്ചിട്ടില്ല, വന്നുകേറുന്ന വിരുന്നുകാരോട് വന്നതെന്തിനാ ന്ന് ചോദിക്കുന്നത് മര്യാദ കേടല്ലേ?” അവൻ ശരിയാണെന്ന് തലയാട്ടി. “അവസാനം വന്നത് എന്നാണെന്ന് അറിയോ? ഞാൻ കേളാഗൂറിൽ നിന്ന് പോരുന്നതിന്റെ തലേന്ന്”. അതുപറഞ്ഞു കൊണ്ടു ചേക്കുട്ടി പൊട്ടിച്ചിരിച്ചു…. സത്യം പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചാലും നുണ പറഞ്ഞശേഷം പൊട്ടിച്ചിരിച്ചാലും കേൾക്കുന്നയാൾക്ക് കേട്ടത് നുണയാണെന്നേ തോന്നൂ.
മലയുടെ മുകളിൽ നിന്ന് തീവണ്ടി പോവുന്നത് കാണാൻ വിചാരിച്ചത്ര രസമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവിടെ ഇരുന്ന് അവര്‍ മൂന്ന് പാസഞ്ചർ തീവണ്ടികള്‍ പോവുന്നത് കണ്ടു. “മതിയായോ?” ചേക്കുട്ടിയുടെ ചോദ്യം, അവന്‍ ശരിക്ക് തലയാട്ടി. “പോരാ… ഒരു ഗുഡ്സ് തീവണ്ടി കൂടി കണ്ടിട്ട് ഇറങ്ങാം!” ഗുഡ്സ് വണ്ടി വന്നത് ഇരുട്ടത്താണ്, പിന്നെ രാത്രി ആ മഞ്ഞത്ത് കിടക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ… “അന്തരീക്ഷം കണ്ടിട്ട് കരടി ഇറങ്ങുന്ന സ്ഥലമാണെന്ന് തോന്നുന്നു” ചേക്കുട്ടി പ്രസ്താവിച്ചു. അതോടെ തണുപ്പടിച്ച് മരവിച്ചുതുടങ്ങിയിരുന്ന അവന്‍റെ എട്ടാം വാരിയെല്ലിന് ഉള്ളിലൂടെ ഒരു ഭയം അരിച്ചുകേറി! നാട്ടിലെ വല്ല കുളത്തിലോ കിണറ്റിലോ അന്തസ്സായി മരിച്ചുകിടക്കേണ്ട മന്ദാരവളപ്പിലെ സന്തതി, ട്രെയിൻ പിടിച്ച് മഹാരാഷ്ട്രയിലെ ഏതോ മലമുകളിൽ കരടി പിടിച്ച് മരിച്ചുകിടക്കുന്ന ആ രംഗം അവൻ വെറുതെയാലോചിച്ചു…
ചേക്കുട്ടിയുടെ കയ്യിൽ വിരിപ്പും പുതപ്പും ഒക്കെ ഉണ്ടായിരുന്നു. പുതപ്പ് അവനു കൊടുത്തിട്ട് അയാൾ വിരി നിലത്തുവിരിച്ചു മലർന്നു കിടന്നു. “ആ… ഇനി അതുകൊണ്ട് എന്നെ പുതപ്പിക്ക്”അവൻ ചേക്കുട്ടിയെ തല വരെ മൂടി പുതപ്പിച്ചശേഷം കുറച്ചുമാറി,ദൂരെ വെളിച്ചം കാണാവുന്ന ഒരേയൊരു ദിക്കിലേക്കും നോക്കി ഇരുന്നു. അതിനിടെ എപ്പോഴോ ചേക്കുട്ടി അവനെ വിളിച്ചു… “ഞാനെന്തിനാണ് എല്ലാ മാസവും നാട് വിടുന്നത് എന്നറിയോ?” അവന്‍ തലയാട്ടി, “ഇല്ല.” “നിനക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞുതരില്ല.” ‘അറിയാമായിരുന്നെങ്കിൽ പറഞ്ഞുതരുമായിരുന്നോ’ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അവന്, പിന്നെയതിന്‍റെ യുക്തിയാലോചിച്ചപ്പോൾ വേണ്ടെന്ന് തോന്നി.