ലൈഫിലാദ്യമായി നേരിട്ടൊരു പെൺകുട്ടിയുടെ മുഖത്ത് നോക്കി പ്രാപ്പോസ് ചെയ്യുന്നത് രണ്ടായിരത്തി ഏഴിലാണ്, എന്റെ പ്ലസ്റ്റു കാലം… പക്ഷെ സ്‌കൂളിൽ നിന്നായിരുന്നില്ല ആ സുന്ദരസുരഭിലസംഭവം. അക്കൊല്ലത്തെ ശിവരാത്രി ദിവസം, ഇവിടെ തന്നെയുള്ള ഒരു പ്രസിദ്ധ അമ്പലത്തിലെ പ്രസാദ ഊട്ടിന്റെ ക്യൂവിൽ വെച്ചായിരുന്നു അത്…
നല്ല തിരക്കുള്ള ദിവസമായിരുന്നു (ദൈവസഹായം), പ്രസാദ ഊട്ടിന്റെ ക്യൂ ആണെങ്കിൽ അന്ന് മൂന്ന് മണിക്കൂറിന് അടുത്തും (ദൈവസഹായം പ്രോ). ക്യൂവിൽ എന്‍റെ തൊട്ടു പിറകിൽ വന്നു നിന്നത് ഒരു പെണ്‍കുട്ടിയാണ് (ദൈവസഹായം പ്രോ മാക്സ്) നമുക്കൊക്കെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയിരുന്നാല്‍പോലും അടുത്ത് ഒരു പെണ്‍കുട്ടിയെ കിട്ടാറില്ലാത്ത അത്ര ലക്കായിരുന്നത് കൊണ്ട് ഞാന്‍ ശെരിക്കും ഞെട്ടി.
ചെയ്ഞ്ച് റോസിന്റെ വൈകുന്നേരത്തെ നിറമുള്ള പട്ടു പാവാട ഉടുത്തൊരു പെണ്‍കുട്ടി! ആദ്യം ശ്രദ്ധിച്ചത് അവളുടെ കണ്ണാണ്… പതിനേഴു വസന്തങ്ങൾ കൊണ്ടുനടക്കാറുണ്ടായിരുന്നു അവളാ കണ്ണിൽ… എന്നൊക്കെ ഭംഗിയ്ക്ക് എഴുതിയാലും കൂടില്ല. കണ്ടമാത്രയില്‍ തന്നെ ആത്മാവിലെ ടൌണ്‍ഹാളില്‍ പ്രേമം ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു.
പിക്ക് അപ്പ് ലൈനുകൾ ഞാൻ പലതും ആലോചിച്ചു… അവസാനം,
“പ്രസാദ ഊട്ടിന് പായസം ഉണ്ടാവോ?”
എന്ന് ചോദിച്ചാണ് ഞാൻ തുടങ്ങിയത്.
“ഉം… ഇപ്രാവശ്യം രണ്ട് തരമുണ്ട്” എന്നവൾ മറുപടി പറഞ്ഞു. സംഗതി പായസത്തെ പറ്റിയായതുകൊണ്ട് ഞങ്ങള് പെട്ടെന്ന് കണക്റ്റായി!
പിന്നെ ആ മൂന്നു മണിക്കൂർ!! വാതോരാതെ ഞങ്ങൾ ലോകത്തെ പറ്റിയും ഇഷ്ടങ്ങളെ പറ്റിയും സ്വപ്നങ്ങളെ കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്ന മൂന്ന് മണിക്കൂർ… പാലടയും പരിപ്പും മാത്രമല്ല വേറെയും കുറെ കോമൺ ഇൻട്രസ്റ്റുകൾ ഞങ്ങൾക്കിരുവർക്കും ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഹാരിസ് ജയരാജ് “നെഞ്ചുക്കുൾ പെയ്തിടും മാമഴയ്” ഇറക്കുന്നത് 2008 ലാണെങ്കിലും എന്റെ മനസിനുള്ളിൽ 2007 ൽ തന്നെ വന്നു പാടി തന്നിരുന്നു.
ഒടുവിൽ ഹാളിന് അകത്തെത്തി അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്രണയങ്ങളെ കുറിച്ചായിരുന്നു ഞങ്ങൾക്കിടയിലെ സംസാരം….
പെട്ടെന്നൊരു നിമിഷം….എന്റെ കൈ വിരലിനറ്റത്തൊരു വിറയൽ, അത് തലച്ചോറിലെത്തും മുൻപ് ഞാനാ പോപുലർ വാക്യം പറഞ്ഞു തീർത്തു! അവൾ ഒരു ചോറുരുള കഴിക്കാൻ തുടങ്ങുമ്പോഴായിരുന്നു അത്. അവളാ ഉരുള തിരിച്ച് ഇലയിലേക്ക് തന്നെ ഇട്ടു!
അത്രയും നേരം ക്യൂ നിന്ന ക്ഷീണത്തിൽ നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞ് നന്നായി കഴിച്ചുകൊണ്ടിരുന്ന അവൾ പിന്നെ ഒരു വറ്റ് കഴിച്ചില്ല, വെള്ളം മാത്രം എടുത്ത് കുടിക്കുന്നു…
‘എന്താണ് എന്നോട് ഇഷ്ടം തോന്നിയത്?’ എന്നായിരുന്നു അമ്പരപ്പ് മാറിയശേഷമുള്ള അവളുടെ ആദ്യപ്രതികരണം. ഞാൻ ഓരോ പോയന്ടസായി പറഞ്ഞുകൊടുക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ ഇലയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
സ്വാഭാവികമായും നോ എന്നായിരുന്നു അവസാനം എനിക്ക് കിട്ടിയ പ്രതികരണം. വലിയ സങ്കടം ഒന്നും തോന്നിയില്ല…
ഊരും പേരുമൊക്കെ അറിയാമായിരുന്നെങ്കിലും അവളുടെ ഇഷ്ടം പിടിച്ചുപറ്റാൻ പിന്നീട് പരിശ്രമിച്ചതുമില്ല. ഇല കൊട്ടയിലേക്കിട്ട് കൈ കഴുകി ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് നടന്നു. ആ പ്രണയം അങ്ങനെ അവിടെ തീർന്നു.
2013, കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്ര. രാവിലത്തെ ഏറനാടിന് കുറ്റിപ്പുറത്ത് നിന്ന്
കയറി ഒഴിഞ്ഞ സീറ്റ് നോക്കി നടക്കുമ്പോൾ ഞാനാ കാഴ്ച കണ്ടു,
തീവണ്ടി പാളത്തിനൊപ്പം കൂട്ടുവരുന്ന ഭാരതപുഴയിലേക്ക് നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടി. അതാ പഴയ കുട്ടി തന്നെയാണെന്ന് എനിക്കെന്‍റെ കണ്ണു പറഞ്ഞുതന്നു….… Read the rest