ആദ്യ പ്രേമവും ആദ്യ പെണ്ണുകാണലും പോലെതന്നെയാണ് ആദ്യത്തെ ഉദ്ഘാടനവും. അംനീഷ്യം വന്നാലും അഞ്ചാം പനി വന്നാലും നമ്മളത് മറക്കില്ല.
നാട്ടിലെ ക്ലബ്ബിന്റെ ഓണം പെരുന്നാൾ ആഘോഷമായിരുന്നു
ഞാൻ ജീവിതത്തിൽ ആദ്യമായി ഉദ്ഘാടനം ചെയ്‌തത്. വേറൊന്നുമല്ല, നാരങ്ങ സ്പൂണ് റേസ്, കസേരകളി, ചാക്ക് റേസ് മുതലായ മത്സരങ്ങളും അത് കഴിഞ്ഞ് നാട്ടിലെ കുട്ടികളുടെ കലാസന്ധ്യയും ഉള്ളൊരു കൊച്ചു പ്രോഗ്രാം. പക്ഷെ ഏത് ഒരു പരിപാടിയും വിജയിക്കുന്നത് ഉദ്ഘാടകന്റെ ആ ഒരു കൈപുണ്യത്തിലാണല്ലോ….
സോഷ്യൽ മീഡിയ യുഗത്തിൽ നാട്ടിൻപുറത്തെ ഇത്തരം കൂട്ടായ്മകളും അവസരങ്ങളും കുട്ടികൾക്ക് ഒരുപാട് ഗുണം ചെയ്യും, ഒരു സദസ്സിനെ പേടിയില്ലാതെ അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കും തുടങ്ങിയ ക്ലാസിക് പോയന്റസാണ് ഉദ്ഘാടന പ്രസംഗത്തിൽ വെച്ചുകാച്ചാൻ ഞാൻ എടുത്ത് വെച്ചിരുന്നത്.
സ്റ്റേജിൽ ഇരിക്കുമ്പോഴായിരുന്നു ആദ്യത്തെ ട്വിസ്റ്റ്. ഞാൻ പറയാൻ വെച്ചത് അതേപോലെ സ്വാഗത പ്രാസംഗികൻ പറഞ്ഞു. ‘ഇങ്ങള് ടെലിപതിയാ?’
താലികെട്ടാൻ നിൽക്കുമ്പോ മാലയുടെ കൊളുത്തുപൊട്ടിയ അവസ്ഥ!
ഞാൻ ആ അഞ്ചാം മിനിറ്റിൽ അവിടെയിരുന്ന്, പ്രസംഗിക്കാനുള്ള വേറെ പോയന്റസ് ആലോചിക്കുകയായിരുന്നു… അപ്പോഴുണ്ട് കുടു കുടു കുടു കുടു കുടു കുടു നൊരു സൗണ്ട്.
‘എന്റെ കോണ്സൻട്രേഷൻ പോണ്.’ എന്തിന്റെ ഒച്ചയാണ് എന്നറിയാനായി ഞാൻ ചുറ്റും നോക്കി. സ്വാഗത പ്രസംഗികൻ പരിപാടിയുടെ നോട്ടീസ് പിന്നിൽ കെട്ടിയ വലത്തേ കയ്യിലാണ് പിടിച്ചിരിക്കുന്നത്. ആ നോട്ടീസ് കിടന്നു വിറയ്ക്കുന്ന സൗണ്ടാണ് അത്.
ഏത്, നമ്മൾക്ക് സ്റ്റേജ് ഫിയർ പാടില്ലാന്നു പ്രസംഗിക്കുന്ന അതേ മുതലിന്റെ തന്നെ….
“മത്താപ്പൂവേ മുത്തുപൊഴിച്ചാട്ടെ….”
കലാ സന്ധ്യ തുടങ്ങിയതാണ്. ഉദ്ഘാടനവും പ്രസംഗവുമൊക്കെ ഞാൻ ഒരുകണക്കിന് ഒപ്പിച്ചിരുന്നു. പക്ഷെ രാത്രിയായിട്ടും ഉദ്ഘാടകൻ സദസ്സ് വിട്ടുപോയിട്ടില്ലായിരുന്നു… മതിലിൽ ചാരി നിന്ന് സംഘാടകർക്കും കൂട്ടുകാർക്കും ഒപ്പം നിന്ന് പരിപാടി കാണുന്നു, ഹോ… എവിടെകിട്ടും ഇങ്ങനെയൊരു ഉദ്ഘാടകനെ!
ആദ്യത്തെ ഉദ്ഘാടനം എത്രകണ്ട് വിജയമാവും എന്നറിയുനുള്ള ഉദ്ദേശമായിയുന്നു എന്റെ ആ നിൽപ്പിന് പിന്നിൽ.
പാട്ടും നൃത്തവും കൊഴുക്കുന്നു, പുതിയ കുറെ പേർ വന്ന് പേരു കൊടുക്കുന്നു, പരിപാടി അവതരിപ്പിക്കുന്നു, കാണികൾ കൂടുന്നു. സംഘാടകര് പോലും പ്രതീക്ഷിക്കാത്ത വിജയം.
ഒക്കെ ഉദ്ഘാടകന്റെ ആ ഒരു കൈപുണ്യം!
സത്യം പറയാലോ, എനിക്ക് എന്നെ കൊണ്ടുതന്നെ രണ്ടു ഉദ്ഘാടനങ്ങൾ ചെയ്യിപ്പിക്കാൻ അപ്പൊ തോന്നി.
അപ്പൊ ദാ വരുന്നു രണ്ടാമത്തെ ട്വിസ്റ്റ്,
പരമ ഫിറ്റായ ഒരാൾ മൈക്കുമായി സ്റ്റേജിൽ…. പാട്ടുപാടാൻ!
താലിമാലയുടെ കൊളുത്ത് ശരിയാക്കി എഴുന്നേറ്റപ്പോൾ മുണ്ടഴിഞ്ഞ അവസ്ഥ!
കുഴ കുഴഞ്ഞ നാക്കും കൊണ്ടയാൾ പറഞ്ഞു, “ഇവിടെ ഇങ്ങനൊരു പരിപാടി നടക്കുന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു…. ഇതുവഴി പോയപ്പോ ദാസനാണ് എന്നെ ഒരു പാട്ട് പാടാൻ വേണ്ടി നിർബന്ധിച്ചത്”
മുഖ്യ സംഘാടകർ റാഫിയും ഇസഹാഖും ഒക്കെ കൂടി ഓടിചെന്നു…
“ഏത് ദാസനാടാ നിർബന്ധിച്ചത്?”
അവസാനം മനസ്സിലായി ഒരു ദാസനുമല്ല,
അത് കള്ളുംപുറത്തുള്ള അയാളുടെ തന്നെ മൾട്ടിപ്പിൾ പേഴ്സനാലിറ്റി ആയിരുന്നെന്ന്.
ഫുള്ള് ടെൻഷൻ. സംഗതി കയ്യീന്ന് പോവുകയാണെന്ന് മനസ്സിലായപ്പോൾ അഭ്യുദയകാംഷികളായ ചില നാട്ടുകാർ ഇടപെട്ടു,
“ക്ലബ്ബിന്റെ സെക്രട്ടറി എവിടെ?”
“അവൻ കുറ്റിപ്പുറത്തേക്ക് ഷവർമ്മ കഴിക്കാൻ പോയി”
“ഈ നേരത്തോ?”
“അവന് ടെൻഷൻ കേറിയാ അപ്പൊ എന്തെങ്കിലും തിന്നണത്രേ”
പാട്ടുകാരൻ മുണ്ടുടുത്ത അരയിൽ നിന്നും ഒരു കവർ പുറത്തെടുക്കുന്നു.
‘കവർ സോംഗ് ആയിരിക്കും പാടുന്നത്’.
അല്ല, കരോക്കെ സിഡിയാണ്.
ഏത്, ഇതുവഴിയെ യാദൃശ്ചികമായി നടന്നു പോയ ആളുടെ അരയിൽ തന്നെ!
കരോക്കെ തുടങ്ങി, പാട്ട് ചില്ലറ പാട്ടൊന്നുമല്ല, അഞ്ചലി അഞ്ചലി പുഷ്പാഞ്ചലി…..
അഞ്ചല്ല, അമ്പത്തിയഞ്ച് പുഷ്പാഞ്ചലികള് ഞങ്ങള് നേർന്നു!
റാഫി നെഞ്ചത്ത് കൈ വെച്ച് ഓപ്പറേറ്ററുടെ അടുത്തെത്തി,
“സിഡിയില് വല്ല ‘പൂവിതളല്ലേ ഫാസിലാ’ ഉണ്ടോന്ന് നോക്കിയിട്ട് അത് വെക്ക്.”
“ആകെ ഈ സിഡിയില് ഒരൊറ്റ പാട്ടേ ഉള്ളൂ…”
‘കൽപ്പിച്ചുകൂട്ടിയുള്ള വരവാ…’
ഞാൻ റാഫിയെ സമാധാനിപ്പിച്ചു…
“ഇത് തമിഴ് പാട്ടല്ലേ… തെറ്റിയാലും നമ്മടെ ആൾക്കാർക്ക് ഒന്നും മനസ്സിലാവില്ല. വല്ല ഹരിമുരളീരവം ഒക്കെ ആയിരുന്നെങ്കിലോ…. നീയൊന്ന് ആലോചിച്ച് നോക്ക്.”
റാഫി രണ്ടു സെക്കന്റ് ആതാലോചിച്ചു നിന്നു,
“അടിപൊളി രാധേ… നിന്നെ തേടീ……………… ഉരുളുകയാണെൻ മാരക ജന്മം”
അപ്പോഴേക്കും അയാള് പാടാൻ സെറ്റായിരുന്നു. പക്ഷെ നിൽപ്പിനൊരു പ്രശ്നം. മൈക്ക് പിടിച്ചിട്ട് അയാൾ നിൽക്കുന്നത് കാണികൾക്ക് തന്റെ റിസ്റ്റ് വാച്ചുള്ള ഇടത്തേ സൈഡ് പോസ് കാണിച്ചിട്ടാണ്.
“ആൾക്കാര് ഇരിക്കുന്നത് ഇവിടെയാടോ…”
“എനിക്ക് വടക്കു പടിഞ്ഞാറ് നോക്കിയാലേ പാടാൻ പറ്റൂ…”
‘സൈഡിലൂടെ നോക്കുമ്പഴാണ് ഏട്ടനെ കാണാൻ ഭംഗി എന്ന് ഏതെങ്കിലും പെണ്ണു പണ്ട് പറഞ്ഞിട്ടുണ്ടാവും’
അതോടെ, ‘സുദ്ധ സെംഗീതം മെരിച്ചിട്ടില്ല’ എന്ന് പറയിപ്പിക്കുമെന്ന് ഏറെക്കുറെ തീരുമാനമായി. എന്നെ ഭാവിയിൽ ഇനിയാരും ഒരു യൂട്യൂബ് ചാനൽ പോലും ഉദ്ഘാടനം ചെയ്യാൻ വിളിക്കാൻ പോണില്ല എന്നും.
പാട്ട് തുടങ്ങി. പക്ഷെ അവിടെ ഇരിക്കുന്ന സകലരെയും ഞെട്ടിച്ചുകൊണ്ടു അയാളൊരു പാടൽ! കുറച്ചുമുൻപ് സംസാരിക്കുമ്പോ വരെ കുഴഞ്ഞിരുന്ന ആ നാക്കിൽ നിന്നും വന്ന ശ്രുതിയും താളവും സംഗതിയും സുമതിയും വരെ കറക്റ്റ്!! ഓരോ വരിക്കും കയ്യടി… അതുവരെ നടന്ന എല്ലാ പരിപാടികളും അയാള് പുട്ടുപോലെ നിഷ്പ്രഭമാക്കി. ഗൂസ്ബമ്പ്‌സ്!
ഞങ്ങള് എല്ലാവരും പരസ്പരം നോക്കി…. പാടത്തെ ഫുട്‌ബോൾ കളിയിൽ ആളെ തികയ്ക്കാൻ വേണ്ടി ടീമിൽ കൂട്ടിയവൻ, ക്രിസ്ത്യാനോ റൊണാൾഡോയുടെ കളി പുറത്തെടുത്ത അവസ്ഥ!!
‘ഇസൈ വന്ത ദിശൈ പാർത്ത് മനം കുഴയിന്തേൻ’ ഒക്കെ പാടുമ്പോഴേക്കും സംഭവം വേറെ ലെവലായിരുന്നു…. പക്ഷെ പാടി മുഴുമിപ്പിക്കും മുൻപ് അപ്രതീക്ഷിതമായി വേദിയിലെയും സദസ്സിലെ കറണ്ട് അങ്ങു പോയി!
രണ്ടു മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ആ പ്രതിഭാസം സ്റ്റേജിൽ ഇല്ലായിരുന്നു. എല്ലായിടത്തും തിരഞ്ഞു, പ്രതിഭാസം മിസ്സിംഗ്!
എവിടുന്നോ വന്ന അയാൾ എങ്ങോട്ടോ പോയി, അനുമോദങ്ങൾക്ക് പോലും കാത്തുനിൽക്കാതെ.
ജഗുണ് ജഗുണ് തക, ജഗുണ് ജഗുണ് തക, ജഗുണ് ജഗുണ് താ…..
ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ നന്ദനത്തിലെ ബി ജി എം മുഴങ്ങി. പക്ഷെ അതായിരുന്നില്ല ക്ളൈമാക്‌സ്. അയാളുണ്ട് ബ്ളാക്ക് ഔട്ടായി സ്റ്റേജിന് പിറകിൽ വീണുകിടക്കുന്നു!
“ഈ ബോധം പോവല് ഒരു അഞ്ച് മിനിറ്റ് മുന്നേ ആയിരുനെങ്കില് നമുക്ക് ഇത്രേം നല്ലൊരു പാട്ട് കിട്ടില്ലായിരുന്നു”
“അതെ, ആ കറന്റ് പോക്കും നമ്മളെ തുണച്ചു”
ഈ സംസാരങ്ങൾക്ക് നടുവിൽ നിന്ന് ഞാൻ ‘ട്രാഫിക്കി’ലെ ആസിഫ് അലിയെ പോലെ പുഞ്ചിരിച്ചു,
ഒക്കെ ഉദ്ഘാടകന്റെ ആ ഒരു…..
Deepu Pradeep
Continue reading
Like this:
Like Loading...