“അമ്പത് ലിറ്റർ സാമ്പാറിന് എന്താ വില?”
“സാമ്പാറിനിപ്പോ…. ങ്ങേ!”
പിന്നെയാണ് എനിക്ക് ബോധം വീണത്, ഒരു ഇനോവേറ്റീവ് മൊബൈൽ ആപ്ലിക്കേഷൻ ഐഡിയയും, അത് വെച്ചൊരു മില്ല്യൻ ഡോളർ ബിസിനസ് പ്ലാനും കയ്യിലുണ്ടെന്ന് പറയുന്ന അവൻ എന്ത് ഉലക്കയ്ക്കാണ് പെട്ടെന്ന് സാമ്പാറിന്റെ അങ്ങാടി നിലവാരം ചോദിച്ച് വോയ്സ് മെസേജ് അയക്കുന്നത്? അതും ഇന്നത്തെ ദിവസം തന്നെ!
ചെക്കൻ എന്റെ കൂട്ടുകാരനാണ്, ജിഷ്ണു. പാലക്കാട് നിന്ന് വരുന്ന തലച്ചോറ് നിറച്ച് ഐഡിയാസുള്ള അവനെയും, പിറവത്ത് നിന്ന് വരുന്ന മടിശീല നിറച്ച് കാശുള്ള ഇൻവസ്റ്ററിനെയും കണക്റ്റ് ചെയ്ത് കൊടുക്കൽ എന്നൊരു പരിപാടി ഞാൻ ഏറ്റെടുത്തിരുന്നു. വെറും പരോപകാരം. പനമ്പിള്ളി നഗറിലെ ഒരു കഫേയിൽ പിറവം ചേട്ടൻ ഉച്ചക്ക് പന്ത്രണ്ട് മണി എന്ന് ടൈം പറഞ്ഞപ്പോൾ, ഞാൻ ജിഷ്ണുവിനോട് പതിനൊന്നുമണി എന്ന് കള്ളം പറഞ്ഞു. അഥവാ ഇനി അവൻ ലേറ്റായാലും മേയ്ക്ക് അപ്പ് ചെയ്യാൻ സമയമുണ്ടല്ലോ… കുഞ്ഞ് ടാക്ടിക്സ്.
സമയം പത്തരയായപ്പോൾ, ജിഷ്ണുവിന്റെ ‘കുറച്ച് ലേറ്റാവും’ എന്ന മെസേജ് കണ്ട് എന്ത് പറ്റിയെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ്, അവനാ സാമ്പാറിന്റെ വോയ്സ് മെസേജ് അയച്ചത്. സ്വാഭാവികമായും എനിക്ക് ഞെട്ടി അവനെ ഫോൺ വിളിക്കേണ്ടി വരുമല്ലോ…
“ജിഷ്ണു… നീ എവിടെയാണ്, അയാള് ഇവിടെ എത്താറായി”
“ഞാൻ ഓൺ ദി വേ ആണ്, പക്ഷേ ലേറ്റാവും”
“പിന്നെ നീ എന്തിനാടാ സാമ്പാറിന്റെ വില ഒക്കെ അന്വേഷിക്കുന്നത്?”
“അറിയുമെങ്കിൽ ഒന്ന് പറഞ്ഞതാടാ… പുളിശ്ശേരിയുടെ റേറ്റും വേണം”
അവൻ ഫോൺ വെച്ചു. ‘ശേടാ… ഒരു ബിസിനസ്സ് മീറ്റും സാമ്പാറും പുളിശ്ശേരിയും തമ്മിലെന്ത് ബന്ധം?’
എനിക്ക് മറ്റേത് അടക്കാനായില്ല, ജിജ്ഞാസ.