ഒരു നനുത്ത നട്ടുച്ച, വീട്ടിലിരുന്ന് ബ്രൂസ് ലീ യുടെ കവിതകൾ വായിച്ചുകൊണ്ടിരുന്ന എൻ്റെ ഫോണിലേക്ക് കൂട്ടുകാരനായ ആസിഫിൻ്റെ വിളി.
“അളിയാ നിൻ്റെ വികാരം കൊടുക്കുന്നുണ്ടോ?”
ഞാനൊന്ന് ചഞ്ചലനായി…
“എൻ്റെ വികാരത്തിനൊക്കെ… ഇപ്പൊ…”
“അതല്ലടാ, നിൻ്റെ ബുള്ളറ്റ്”
“ഓ ആ വികാരം, വികാരം അഞ്ഞൂറ് സിസി! ഉണ്ട്, ഒക്കുന്ന വില കിട്ടിയാൽ കൊടുക്കും.”
“”എന്നാ നീ ഒരു മണിക്കൂര്‍ കഴിഞ്ഞ് എടപ്പാളിലേക്ക് ഒന്ന് വായോ, പട്ടാമ്പിയിലുള്ള ഒരു പാര്‍ട്ടി ഒരു ബുള്ളറ്റ് നോക്കുന്നുണ്ട്, അയാൾക്ക് വണ്ടി ഒന്ന് കാണണം”
ഞാൻ വരാമെന്ന് പറഞ്ഞു. അവൻ അപ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു,
“അളിയാ… തിരക്കഥാകൃത്ത് യൂസ് ഡ് വണ്ടി എന്നൊക്കെ പറഞ്ഞ് ഞാൻ കുറെ കേറ്റിവച്ചിട്ടുണ്ട്. വണ്ടി കണ്ടീഷൻ അല്ലേ, നാറ്റിക്കരുത്”
അവൻ കേറ്റിവെക്കും, കയ്യിലുണ്ടായിരുന്ന ഒരു പെട്ടി ഓട്ടോ ഉദ്ദേശിച്ച വിലയ്ക്ക് വിറ്റുപോവുന്നില്ല എന്ന് കണ്ടപ്പോൾ ‘ഡോക്ടർ യൂസ്ട് പെട്ടി ഓട്ടോ’ ന്ന് പറഞ്ഞ കച്ചവടമാക്കിയ കുട്ടനാണ്.
“കണ്ടീഷൻ അല്ലേന്നോ… കഴിഞ്ഞ ആഴ്ച കൂടി ഒരു വാഗമൺ ട്രിപ് കഴിഞ്ഞ് വന്നേയുള്ളൂ”
“അയാളോട് അതൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട, വാക്സ് കോട്ടിങ് ചെയ്യാൻ ഒന്ന് കൊച്ചി വരെ പോയതല്ലതെ, ലോംഗ് ഓടിയിട്ടേ ഇല്ലാന്നാണ് ഞാൻ കാച്ചിയത്”
‘വാക്സ് കോട്ടിംങ്ങോ, എപ്പ!’
പോർച്ചിൽ ഉള്ള ബുള്ളറ്റ് വരെ തുമ്മി.