നിന്നുമുള്ളിതറയില്‍ ദിനേശന്‍. വട്ടപേരല്ല, വീട്ടുപേരാണ്.
അളിയന്‍, ഞങ്ങള് നാട്ടുകാര്‍ക്കിടയിലെ കോമഡി പീസാവുന്നത് രണ്ടായിരത്തിയേഴ് ഫാല്‍ഗുന മാസത്തിലാണ്. ജിമ്മില്‍ പോയതുകൊണ്ടു മാത്രമായില്ല, സൈസാവാന്‍ പൌഡറും കൂടി അടിക്കണം എന്ന് പറഞ്ഞതു കേട്ടിട്ട്, ‘കുട്ടിക്കൂറ’ പാലില്‍ കലക്കികുടിച്ച്, വിട്ട എമ്പക്കത്തിന്റെ കണക്ക് എട്ട്!
പിന്നെ അരവട്ടുള്ള കിക്കിരി സുരയെയും, മുഴുവട്ടുള്ള പറങ്ങോടനെയും പോലും നാണിപ്പിച്ച എത്രയെത്ര ദിനേശചരിതങ്ങള്‍ …. പക്ഷെ ദിനേശന്റെ അച്ഛന്‍ ദാമോദരേട്ടന്‍റെ .5 പവര്‍ കുറവുള്ള കണ്ണില്‍മാത്രം മകന്‍ സൂപ്പര്‍ സ്റ്റാറാണ്..

അതിനൊരു മാറ്റം വരുന്നത് ഈ അടുത്താണ്..ദിനേശന്‍ പുതിയ പള്‍സര്‍ വാങ്ങി, സ്റ്റാന്റ് ഇടാന്‍ മറന്ന് ബൈക്കില്‍ നിന്നും ഇറങ്ങി പോവുക, ലെഫ്റ്റിലേക്ക് ഇന്റിക്കേറ്ററിട്ട് റൈറ്റിലേക്ക് തിരിയുക തുടങ്ങിയ കലാപരിപാടികള്‍ക്ക് ശേഷം കത്തി നില്‍ക്കുന്ന ടൈം… ഒരു നനുത്ത നട്ടുച്ച.. ദാമോദരേട്ടന്‍ ധന്വന്തരം കുഴമ്പ് തേച്ച്, ഒരു കുളി ഡിസ്റ്റിങ്ങ്ഷനോടെ തന്നെ പാസാക്കാന്‍ വേണ്ടി നോക്കുമ്പോഴാണ് കണ്ടത്, കുഴമ്പ് തീരാറായിരിക്കുന്നു. സ്പോട്ടില് വിത്തിനെ വിളിച്ചു. “ദിനേശാ..നീ എടപ്പാള് പോയി ഒരു കുപ്പി ധന്വന്തരം കുഴമ്പ് വാങ്ങി വാ..” എന്ന് ഡയലോഗ് കേട്ടതും ബി ജി എം ആയി പള്‍സറിന്റെ സെല്‍ഫ് സ്റ്റാര്‍ട്ട് അടിയുന്ന സൌണ്ട് കേട്ടു.
“എസ് ഡി ഫാര്‍മസിയില്‍ കിട്ടിയില്ലെങ്കില്‍, കോട്ടയ്ക്കലില്‍ നിന്നും വാങ്ങിക്കോ…” എന്ന് ദാമോദരേട്ടന് പുറകീന്ന് വിളിച്ചു പറയേണ്ടി വന്നു. അത്രയ്ക്ക് സ്പീടായിരുന്നു ദിനേശന് . വേള്‍ഡ് ഫേമസ് ആയ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയ്ക്ക്, ദാമോദരേട്ടൻ പക്ഷെ എസ് ഡി ഫാര്‍മസി കഴിഞ്ഞുള്ള പ്രിഫറന്‍സേ കൊടുത്തിരുന്നുള്ളൂ… മകന്റെ ചാടുലതയും കാര്യപ്രാപ്തിയും കണ്ടുള്ള അഭിമാനത്തോടെ, ദാമോദരേട്ടൻ ഒരു തോര്‍ത്ത്‌ ചുറ്റി ഉള്ള കുഴമ്പ് തന്റെ ദേഹത്ത് അര്‍പ്പിക്കാന്‍ തുടങ്ങി.

അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന എടപ്പാള്‍ ടൌണിലേക്ക് പോയ സല്‍പുത്രന്‍ രണ്ടര മണിക്കൂറ് കഴിഞ്ഞിട്ടും തിരിച്ചുവരാത്തത് കണ്ട് ദാമോദരേട്ടന്‍ ആ തോര്‍ത്തില്‍തന്നെ അന്തിച്ചു നിന്നു. തേച്ച ധന്വന്തരത്തിന്, ദിനേശന്റെ കാര്യത്തില്‍ വല്യ ഉത്കണ്ഠ ഇല്ലാത്തതുകൊണ്ട് അതവിടെ കിടന്ന് ഉണങ്ങിപറ്റി.. മൂന്നാം മണിക്കൂറില്‍ വെറുംകയ്യോടെ ദിനേശന്‍ വീട്ടില്‍ കയറിവന്നു. എടപ്പാള്‍ എസ് ഡി ഫാര്‍മസിയില്‍ കുഴമ്പ് കിട്ടാത്തത് കൊണ്ട്, മുപ്പത്തിയഞ്ചു കിലോമീറ്റര്‍ അകലെയുള്ള കോട്ടയ്ക്കലില്‍ പോയി വന്നിരിക്കുകയാണ് മൊതല് !
“അച്ഛാ കോട്ടയ്ക്കല് ടൌണില് എസ് ഡി ഫാര്‍മസിക്ക് ബ്രാഞ്ചില്ല “.
അതെ , മുണ്ട് പൊക്കി കാണിച്ചഭിനന്ദിക്കേണ്ട കണ്ടുപിടുത്തം !
മോനോട് ‘കോയമ്പത്തൂര്‍ ആര്യ വൈദ്യശാല’യില്‍ നിന്ന് കുഴമ്പ് വാങ്ങാന്‍ പറയാന്‍ തോന്നാത്ത ഭാഗ്യത്തെയോര്‍ത്ത് നില്‍ക്കുകയായിരുന്നത് കൊണ്ട് , ദാമോദരേട്ടന് അത് ചെയ്യാന്‍ പറ്റിയില്ല.

Deepu Pradeep