ഭൂജാതരായ ബുധനാഴ്ച മുതൽ കോലൈസിന്റെ കോലും ഐസും പോലെ ഒട്ടി ജീവിച്ചിരുന്ന കട്ട ദോസ്തുക്കളായിരുന്നു സാലിയും, സാലിടെ അയൽവാസി കുഞ്ഞുട്ടിയും. ‘നിറം’ സിനിമയിൽ ചാക്കോച്ചനോട് ശാലിനി, ‘നമ്മളെന്താടാ ഇങ്ങനെ?’ എന്ന് ചോദിച്ചപ്പോൾ, ഞങ്ങൾ കാലടിക്കാർക്കത് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു, ഇവരുകാരണം.
പക്ഷെ, പെട്ടെന്നൊരുനാൾ അവര് തമ്മിൽ തെറ്റിപ്പോയി! തെറ്റിച്ചത് ഞങ്ങൾ നാട്ടുകാരോ അവരുടെ വീട്ടുകാരോ ആയിരുന്നില്ല. അങ്ങ് ലാറ്റിൻ അമേരിക്കയിൽ കിടക്കുന്ന മറ്റവന്മാര് രണ്ടും കൂടിയായിരുന്നു, ബ്രസീലും അർജന്റീനയും!

മഞ്ഞയായത് സാലിയാണ്. നീലയ്ക്കും വെള്ളയ്ക്കും പിറകെപോയത് കുഞ്ഞുട്ടിയും. എബിയും സോണയും, കീരിക്കാടൻ ജോസും സേതുമാധവനുമായി. ലോകകപ്പ് കാലത്തും കോപ്പാഅമേരിക്ക വൈകുന്നേരത്തും അവരുടെ ‘പ്രേമം’ പീക്കിലെത്തും. ദൂരെ, കോണ്ടിനെന്റലുകൾപ്പുറത്ത് സൗഹൃദമത്സരങ്ങൾ നടക്കുമ്പോൾ, ഇവിടെ കാലടി പോസ്റ്റ്ഓഫീസ് പരിധിയിൽ യുദ്ധമാണ് നടക്കാറ്. പന്തുരുണ്ടാൽ ബഹളമയം. വാട്ടക്കിഴങ്ങ് ലോഡ് വന്ന, കോട്ടപ്പുറം ചന്ത പോലെ….

ഒടുവിൽ പന്തുകളി ഉള്ളപ്പോൾ നാട്ടിൽ വൺ ഫോട്ടീഫോർ പ്രഖ്യാപിക്കേണ്ടി വരുമെന്ന ഗതിയായി ഇരിക്കുമ്പഴാണ് കുളിർമഴ പോലെ അത് സംഭവിക്കുന്നത്….
രണ്ടായിരത്തിയേഴ് കോപ്പാ അമേരിക്ക ഫൈനലില്‍, അർജന്റീന ബ്രസീലിനോട് തോറ്റു. മുന്നേ പൂജ്യം എക്സ്ക്ലമേഷൻ മാർക്ക്.
അതോടെ സാലിയുള്ള നാട്ടില്‍ പിടിച്ചുനിൽക്കാൻ പറ്റാതെ കുഞ്ഞുട്ടി ഗൾഫിലേക്ക് പലായനം ചെയ്തു. ഹോ, ദൈവം ണ്ട്!

രണ്ടായിരത്തിപത്ത് ഫിഫാ വേൾഡ്‌ കപ്പ്. മുപ്പത്തിയഞ്ച് അർജന്റീന ജഴ്സികളും, മറഡോണ ഒപ്പിട്ട ഒരു ഫുട്‌ബോളും കൊണ്ട് കുഞ്ഞുട്ടി ആദ്യത്തെ ലീവിന് വന്നു, ആരവം! (അന്ന് ബോബി ചെമ്മണ്ണൂര് മറഡോണയെ പരിചയപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് ആരവം തന്നെയുണ്ടായി)
നാണം മറയ്ക്കാൻ ഗൾഫിലേക്ക് മണ്ടിയ കുഞ്ഞുട്ടി ആയിരുന്നില്ല തിരിച്ചുവന്നത്. സ്വന്തം തള്ള് കേട്ട്, സ്വന്തം കണ്ണ് വരെ തള്ളിപ്പോയ അൽ കുഞ്ഞുട്ടി. വായ തുറന്നാല്‍ ഈ ഒരു ഡയലോഗേയുള്ളൂ, “ഗൾഫിലൊന്നും ഇങ്ങനല്ല!”
കിണറ്റിൽ നിന്നാരെങ്കിലും വെള്ളം കോരുന്നത് കണ്ടാൽ, “ഗൾഫിലൊന്നും ഇങ്ങനല്ല”
കാറിൽ ഇടത്തേ കൈ കൊണ്ട് ഗിയർ മാറ്റിയാൽ, “ഗൾഫിലൊന്നും ഇങ്ങനല്ല”
വീട്ടിൽ പുട്ടുണ്ടാക്കി കൊണ്ടുവെച്ചപ്പോൾ, “ഗൾഫിലൊന്നും ഇങ്ങനല്ല”
എന്തിന്…. ട്രിപ്പിളടിച്ചപ്പോൾ പൊക്കിയ പോലീസുകാരൻ വാപ്പയ്ക്ക് വിളിച്ചപ്പൊ വരെ, “ഗൾഫിലൊന്നും ഇങ്ങനല്ല!”

പിന്നെ നാട്ടിലെ സകല പരിപാടികളുടെയും സ്പോൺസർഷിപ്പ് കുഞ്ഞുട്ടിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫാൻസ് ഏറ്റെടുത്തു. പൂരത്തിന്റെ ഫ്ലക്സിലും, ആണ്ട് നേർച്ചയുടെ ഫ്ലക്സിലും, എ പ്ലസ് കിട്ടിയ പത്താം ക്ലാസുകാരുടെ ഫ്ലക്സിലും ഒക്കെ നീല!
ഇതൊന്നും പോരാഞ്ഞ് നാട്ടിലെ എണ്ണം പറഞ്ഞ ഒരു അർജന്റീന കുടുംബത്തിൽ പോയി പെണ്ണും കണ്ടു. അന്നവിടെ കല്യാണത്തേക്കാൾ മുന്നെ ഉറപ്പിച്ചത് ആദ്യത്തെ കുട്ടിയ്ക്കിടാനുള്ള പേരാണ്, മെസ്സി!
കുഞ്ഞുട്ടി കാലടിയുടെ ബാലൻ ദ്യോർ പുരസ്കാരം സ്വന്തമാക്കുകയായിരുന്നു….

അപ്പോഴും ജീവിതമാകുന്ന ഫുട്‌ബോൾ ഗ്രൗണ്ടിൽ മിഡ്‌ഫീൽഡിൽ നിന്നും പന്ത് കിട്ടാത്ത സ്‌ട്രൈക്കറെ പോലെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു നമ്മടെ സാലി. ‘എന്താ പണി?’ എന്ന് ചോദിച്ചാൽ, പൊന്തിച്ചു കാണിക്കാൻ മഞ്ഞ ജേഴ്‌സി മാത്രമുള്ള അവസ്ഥ! കുഞ്ഞുട്ടിയുടെ അത്തറിന്റെ മണമുള്ള നീല പകിട്ടു കാരണം സാലി, മൂന്ന് ഡിഫന്റേർസും ചുവപ്പ് കണ്ടുപോയ ടീമിലെ ഗോൾകീപ്പറുടെ മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി.

എന്നാലും പഴയ മുന്നേ പൂജ്യത്തിന്റെ തഴമ്പും വെച്ച് കിക്കോഫിന്റെ അന്ന് സാലി കുഞ്ഞുട്ടിയോട് അമ്പതുരൂപയ്ക്ക് ബെറ്റ് വെക്കാൻ ചെന്നു നിന്നു. കുഞ്ഞുട്ടി പക്ഷെ നീട്ടിയത് ആയിരത്തിന്റെ ഒറ്റനോട്ടായിരുന്നു. പിൽക്കാലത്ത് മോദി മാജിക്കിൽ മയ്യത്തായി പോയെങ്കിലും അന്നാ നോട്ടിന് ആയിരത്തിന്റെ തന്നെ വിലയുണ്ടായിരുന്നല്ലോ. മുറിവേറ്റ സാലി നേരെ പോയത് കുന്നംകുളത്തേക്കാണ്, കുഞ്ഞുട്ടിയെ ഗൾഫിൽ കൊണ്ടുപോയ ട്രാവൽ ഏജന്റ് ലൂയിസിനെ കാണാൻ.
“എനിക്കും വേണം ഗൾഫിൽ ഒരു ജോലി”
“കുഞ്ഞുട്ടിയുടെ ജോലി തന്നെ ആയാലോ?”
“കുഞ്ഞുട്ടിക്ക് എന്താ അവിടെ ജോലി?”
“പൂ പറിക്കണ പണിയാണ്”
“പൂ പറിക്കണ പണിയോ?”
“അതെ. കാലത്ത് അറബി കാറുമായി റൂമിലേക്ക് വന്ന് ഹോണടിക്കും. കാറിൽ കേറി ഇരുന്നുകൊടുത്താ, നേരെ ഫാമിലേക്ക്…. അവിടെ ചെന്ന് പൂപറിക്കുക, തിരിച്ച് പോരുക”
പോരേ! സാലിയുടെ ഉടലിൽ മുല്ലവള്ളികൾ ചുറ്റിപിണഞ്ഞു പൂത്തു!! ലൂയിസിനോട് വിസയും ടിക്കറ്റും റെഡി ആക്കിക്കോളാൻ പറഞ്ഞിട്ടാണ് സാലി തൃശൂർ-മലപ്പുറം ബോർഡർ കടക്കുന്നത്.

അർജന്റീനയുടെ രണ്ടാം മത്സരം.
കൊറിയയെ നാലെ ഒന്നിന് പൊട്ടിച്ചതോടെ, വീട്ടിലേക്ക് കൊണ്ടുവന്ന മുപ്പത്തിരണ്ട് ഇഞ്ച് എൽ സി ഡി ടിവി കുഞ്ഞുട്ടി ആഘോഷത്തോടെ ക്ലബ്ബിലേക്ക് കൊണ്ടുവന്നു വെച്ചു.
ഒരു അർജന്റീന ഫാനിന്റെ ടിവിയിൽ ഞങ്ങളെങ്ങനെ ഞങ്ങടെ റൊണാൾഡീഞ്ഞ്യോയെ കാണും എന്ന വ്യസനത്തോടെ കാനറിപ്പട ഇരിക്കുമ്പഴാണ് സാലിയെതേടി കുന്നംകുളത്തുനിന്നോരു ഐസ്ഡി വരുന്നത്.
“ഗൾഫിന്ന് ലൂയിസേട്ടനാടാ…നിന്റെ വിസ റെഡി ആയിട്ടുണ്ട്”
ദാരിദ്ര്യം നിറഞ്ഞ ഈ ലോകകപ്പ് മിസ്സായാലും വേണ്ടില്ല, അടുത്ത ലോകകപ്പിന് നാലു കാശുണ്ടാക്കി നാടിനെ മഞ്ഞയിൽ മുക്കണം, നാട്ടുകാരെ മഞ്ഞളിപ്പിക്കണം! സാലി പൂക്കളുടെ ലോകത്തേക്ക് പ്ലെയിൻ കേറി. അന്ന് രാത്രി ബ്രസീൽ ഫാൻസ്, ബ്രസീൽ തോൽക്കുമ്പോൾ കരയാൻ വെച്ചിരുന്ന കണ്ണീർ മുഴുവൻ പൊഴിച്ചുതീർത്തു

ഒമാൻ.
എത്തി അവിടുത്തെ ചൂടും, ഭക്ഷണവും, താമസസ്ഥലവും കണ്ടപ്പോഴേക്കും സാലിയ്ക്ക് ഒരു കാര്യം മനസ്സിലായി, ‘ഗൾഫിലൊന്നും അങ്ങനല്ലാ’ന്ന്. പിന്നെ ആകെയുണ്ടായിരുന്ന പ്രതീക്ഷ പൂ പറിക്കുന്ന പണിയാണല്ലോ എന്നുള്ളതായിരുന്നു.
ലൂയിസേട്ടൻ പറഞ്ഞപോലെ രാവിലെതന്നെ അറബി വന്ന് ഹോണടിച്ചു. പുറത്തേക്കിറങ്ങിചെന്ന സാലി കാണുന്നത് കാറല്ല, ഒരു ടോയോട്ടാ പിക്കപ്പാണ്. ‘സാരമില്ല, പൂ പറിക്കാനാണല്ലോ’. സാലി ബാക്കിലെ ക്യാരിയറിൽ കേറി നിന്നു.
ഊട്ടിയിലെ ബോട്ടാനിക്കൽ ഗാർഡൻ മനസ്സിൽ പ്രതീക്ഷിച്ച് പോയ സാലി കണ്ടത്, പതിനെട്ടടി പൊക്കത്തിൽ പന്തലിച്ചു നിൽക്കുന്ന ഒരു ഈന്തപന തോട്ടമാണ്. അതെ, കൊത്തിപിടിച്ചു കേറി പറിക്കേണ്ടത് ഈന്തപനയുടെ പൂവായിരുന്നു!!

ജൂലായ് മൂന്നിന് ജർമ്മനിയോട് നാലെ പൂജ്യത്തിനു തോറ്റ സായൂജ്യത്തോടെ അർജന്റീനക്കാരൻ കുഞ്ഞുട്ടി ഗൾഫിൽ തിരിച്ചെത്തുമ്പോൾ റൂം മേറ്റായി സാലി!
രണ്ടുദിവസം മുൻപ് മഞ്ഞപട നെതർലൻഡ്സിനോട് തോറ്റതൊന്നും ആ ബ്രസീലുകാരനെ ബാധിച്ചിട്ടേയില്ല. ഈന്തപനയുടെ മുള്ളുരഞ്ഞ് ചോര വന്ന നെഞ്ചും തടവി ഇരിക്കുമ്പൊ, അതിനൊക്കെ എവിടെ സമയം?
നീണ്ടനേരത്തെ ബാഗും പിടിച്ചുനിന്ന മൗനത്തിനു ശേഷം കുഞ്ഞുട്ടി ചോദിച്ചു,
“വിസയ്ക്ക് കാശുകൊടുക്കും മുൻപ് നിനക്കെന്നോട് ഒരു വാക്ക് ചോദിക്കായിരുന്നില്ലേ?”
കരച്ചിൽ കടിച്ചമർത്തി സാലി വിക്കി വിക്കി പറഞ്ഞു,
“അതെങ്ങനെയാ…… ഞാൻ ബ്രസീലും, ഇയ് ആർജന്റീനയുമല്ലേ?”

പിന്നെ ആ രണ്ട് ലാറ്റിനമേരിക്കക്കാരും ഒമാനിലിരുന്ന് കെട്ടിപ്പിടിച്ചു.
ആ ഒരുമിച്ചുള്ള പ്രാക്കിന്റെ ശക്തി ഒന്ന് കാരണംകൊണ്ടാണ് സെമിയിൽ, ജർമ്മനി സ്പൈനിനോടും, നെതർലൻഡ്സ് ഉറൂഗ്വായോടും തോൽക്കുന്നത്.