കളരിപയറ്റിന്റെ ടോം ക്രൂയിസും, ഏഷ്യാ-പസഫിക്ക് മുതൽ പാപ്പനംകോട് വരെ ശിഷ്യസമ്പത്തുമുള്ള മ്മളെ ഹംസത്തലി ഗുരിക്കൾ! ഗുരിക്കളുടെ ലാസ്റ്റ് ശിഷ്യൻ എന്നറിയപ്പെടാനുള്ള ഭാഗ്യം കിട്ടിയത്, കാലടി ഡെയ്ഞ്ചർ ബോയ്സ് ക്ലബ്ബിന്റെ ലോറിമറിയുന്ന കളിക്കാരൻ, സോറി, ലോകമറിയുന്ന കളിക്കാരൻ സുഗ്രീവനായിരുന്നു. പെനാൽട്ടി അടിച്ച് ത്രോ ആക്കി മാറ്റിയാൽ ലോറിമറിയാതിരിക്യോ?
അത് പോട്ടെ, ഗുരിക്കളുടെ ഫസ്റ്റ് ശിഷ്യന്റെ പേരിലും, ബെസ്റ്റ് ശിഷ്യന്റെ പേരിലും ഇപ്പോഴും അവകാശതർക്കം നിലവിലുണ്ടെങ്കിലും, ലാസ്റ്റ് ശിഷ്യന്റെ കാര്യത്തിൽ ആര്‍ക്കുമൊരു സംശയവുമില്ല, അത് മ്മളെ സുഗ്രീവൻ തന്നെയാണ്. ആ കഥയാണ് ത്.

ജനിച്ച് പതിനേഴാം ആണ്ടിന്റെ ഗ്ലാമറുമായി നടക്കുന്ന സുഗ്രീവൻ, ‘ഭാസ്കർ ട്രാവൽസിന്റെ’ ലെയ്ലാന്റിൽ തുള്ളിക്കളിച്ച് പത്മനാഭപുരം പാലസിലേക്ക് സ്‌കൂൾടൂർ പോയതായിരുന്നു ട്രിഗർ നമ്പർ ഒന്ന്.
കൊട്ടാരത്തിനുപുറത്തെ കലുങ്കിൽ ഇരിക്കുകയായിരുന്ന, കുൽക്കി സർബത്തിലെ കസ്കസിനെ പോല കലുഷിതമായ മുഖമുള്ള കൈനോട്ടക്കാരനെ കണ്ടപ്പോൾ സുഗ്രീവനൊരു ദാഹം, കൈ നോക്കാൻ. നോക്കി, ഉച്ചയ്ക്ക് കഴിച്ച മുട്ട ബിരിയാണിയുടെ എണ്ണയും മണവും ബാക്കിയുള്ള വലത്തേ കൈ സുഗ്രീവ­ന്‍ കാക്കാലന് നേരെ നീട്ടി.
ഒറ്റനോട്ടം, കാക്കാലൻ സുഗ്രീവന്റെ കാലിലേക്കൊരു വീഴ്ചയായിരുന്നു!
“ങ്ങേ! ഇയാളോട് ഞാൻ കൈ നോക്കാൻ തന്നെയല്ലേ പറഞ്ഞേ? ഇയാളെന്തിനാണ് എന്‍റെ കാല് നോക്കുന്നത്” എന്ന് സുഗ്രീവൻ വണ്ടറടിച്ചു.
ജന്മത്ത് വെള്ളം കണ്ടിട്ടില്ലാത്ത തന്റെ ഓട്ട സോക്സിന്റെ പേട്ട ഗന്ധം കാക്കാലനെ പൊക്കുമെന്ന് സുഗ്രീവൻ കരുതി. ഇല്ല, പൊങ്ങിയില്ല.
ഒടുവിൽ സുഗ്രീവൻ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ, അയാൾ അവന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് തൊഴുതുകൊണ്ട് ഒറ്റ കരച്ചിലാ…
“മാർത്താണ്ഡവർമ്മ! മോൻ മാർത്താണ്ഡവർമ്മയുടെ പുനർജന്മമാണ്!!”
വിരിഞ്ഞോ? വിരിഞ്ഞു!
അജ്ജാതി സ്റ്റേറ്റ്മെന്റുകൾക്ക് റിയാക്ഷനിട്ടുകൊടുക്കാനുള്ള കനപ്പെട്ട ഞെട്ടലുകൾ സ്റ്റോക്കില്ലാത്തതുകൊണ്ട് സുഗ്രീവൻ അവിടുന്ന് ഓടി നേരെ ബസ്സിൽ കേറി.

‘ഭാസ്‌കർ ട്രാവൽസിൽ’ അങ്ങോട്ട് പോയത് ഡ്രൈവറടക്കം അമ്പത് പേരായിരുന്നെങ്കിൽ ഇങ്ങോട്ട് വരുമ്പോ അത് അമ്പത്തിയൊന്ന് ഉണ്ടായിരുന്നു.
പിറ്റേന്ന് വൈകുന്നേരം വീട്ടിലെ ഇരുമ്പലമാറയിലെ പൂക്കളുള്ള കണ്ണാടിയിലേക്ക് നോക്കി പൗഡറിടുന്നതിനിടെയാണ് അപ്രതീക്ഷിതമായി സുഗ്രീവന്റെ വറചട്ടിയിൽ കാക്കാലനിട്ട കടുക് മൂത്ത് പൊട്ടിയത്…
‘ങ്ങേ! ചില ആംഗിളിൽ എനിക്ക് എട്ടാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ കണ്ട മാർത്താണ്ഡവർമ്മയുടെ കട്ട് ഉണ്ടല്ലോ!!’
ട്ടും.
സുഗ്രീവൻ വേഗം പോയി തന്റെ ജാതകം എടുത്ത് ഒന്ന്‍ മറിച്ചുനോക്കി, ഹേയ് നോ ക്ലൂസ്. ‘ആകാശദൂതി’നേക്കാൾ ശോകം സ്ക്രിപ്റ്റാണ് ജ്യോത്സ്യൻ കാച്ചി വെച്ചിരിക്കുന്നത്. സുഗ്രീവൻ ഇമോഷണലായി, ‘ഇതിലും ഭേദം കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ചയാണ്’.

ആകുലതകൾ മൂത്ത് ഭ്രാന്താവുക ന്നൊക്കെ പറയില്ലേ, സുഗ്രീന് ആ അവസ്ഥ. ലോകത്ത് ഒരാളോടേ സുഗ്രീവന് അതെല്ലാം പങ്കുവെയ്ക്കാൻ തോന്നിയുള്ളൂ….. ജേഷ്ഠൻ സുരേട്ടനോട്. മതീലോ!
അനിയനാണെന്നൊന്നും നോക്കീല, ഒരു കാച്ചലാ…
“ഇതെനിക്കും തോന്നീട്ടുണ്ട്! ഇനി വൈകിക്കണ്ട സുഗ്രീവാ, നീ കളരി പഠിക്കണം…. മാർത്താണ്ഡവർമ്മ പുനർജനിച്ചെങ്കിൽ, എട്ടു വീട്ടിൽ പിള്ളമാരും ജനിക്കും. നമ്മള് സൈറ്റായി ഇരിക്കണം.”
ട്രിഗർ നമ്പർ രണ്ടേ!

പിറ്റേന്ന് പുലർച്ചെ അത്താണിപാടത്ത് ഏറുംപന്ത് കളിക്കാൻ കൂടിയ ഞങ്ങള് കാണുന്നത്, സൈക്കിളും പറപ്പിച്ച് ഹംസത്തലി ഗുരിക്കളുടെ കളരിയിലേക്ക് പായുന്ന സുഗ്രീവനെയാണ്. തോർത്തുമുണ്ട് കൊണ്ട് തറ്റുടുത്ത്, ഗുരുക്കൾക്ക് വെറ്റിലയും ദക്ഷിണയും കൊടുത്ത് ശിഷ്യപ്പെട്ടശേഷം കാര്യപരിപാടികളിലേക്ക് കടക്കാനൊരുങ്ങവെ സുഗ്രീവൻ പറഞ്ഞു,
“ഗുരുക്കളെ…. എന്നെ ആദ്യം സൂചിയ്ക്ക് ഇരിക്കാൻ പഠിപ്പിക്കണം”
ഫസ്റ്റ് ഡേ തന്നെ ഗെറ്റ് ഔട്ട് അടിക്കണ്ടാന്ന് കരുതി ഗുരുക്കള് ഇങ്ങനെ പറഞ്ഞു,
“അത് പറ്റില്ല സുഗ്രീവാ, കളരിയ്ക്ക് കുറച്ച ചിട്ടകളും ശീലങ്ങളും ഒക്കെയുണ്ട്”
“ന്നാ ന്റെ ദക്ഷിണ തിരിച്ച് തന്നോളി”
ഗുരുക്കള് കിളി!
“സൂചിയ്ക്ക് ഇരിക്കാനൊക്കെ നമ്മള് പഠിക്കും, കുറച്ച് ക്ഷമിക്ക്”
“സൂചിയ്ക്ക് ഇരിക്കലാണ് ഇപ്പഴത്തെ ട്രെൻഡ്. ഗുരുക്കള് പഠിപ്പിച്ച് വരുമ്പഴേക്കും ട്രെന്റ് മാറി വേറെന്തെങ്കിലും ആയാലോ?”
ഗുരുക്കൾക്ക് ആൻസറില്ലായിരുന്നു. സുഗ്രീവൻ ദർബാർ രാഗം പുറത്തെടുത്തു,
“ഞാൻ സൂചിയ്ക്ക് ഇരിക്കുന്നത് പോയി സ്‌കൂളിൽ കാണിച്ചാൽ ഗുരുക്കൾക്ക് അവിടുന്ന് ഒരു വണ്ടി അഡ്മിഷൻ കിട്ടും”
“ആപ്പെയാണോ?”
“സൂചി നല്ലതാണെങ്കിൽ പാണ്ടി ലോറി തന്നെ കിട്ടും”
ഗുരിക്കള് ഫ്‌ളാറ്റ്‌.

ഹംസത്തലി ഗുരുക്കൾ സൂചി ലക്ഷ്യമാക്കി കൈകൾ രണ്ടും മേൽപ്പോട്ടുയർത്തിയശേഷം കാലുകൾ രണ്ടും ഒറ്റ അകത്തൽ. കർർർർർർ…… ഗുരുക്കളുടെ ആറാം വാരിയ്ക്കുള്ളിലെ ശ്രീമൂലസ്ഥാനത്തുനിന്നും നിന്നും ചിഞ്ചിലങ്ങളുണ്ടായി. സൂചി പൊസിഷനിൽ ഇരുന്നുകൊണ്ട് തന്നെ ഗുരുക്കളുടെ മൂക്ക് വന്നു മണ്ണിൽ തൊട്ടു.
“അപ്പ പ്പ പ്പ പ്പ പ്പാ…. മാരക അടവ്!” സുഗ്രീവൻ കയ്യടിച്ച് വിസിലൂതി. ബാക്കിയുള്ള ശിഷ്യന്മാര് ഓടിവന്ന് ഗുരുക്കളെയും എടുത്ത് ആശുപത്രിയിലേക്ക് മണ്ടുമ്പഴാണ് സുഗ്രീവന്റെ മണ്ടയിൽ കാറ്റ് വീശുന്നത്. തുരുതുരാവസ്ഥയിൽ, തെറ്റി. ഗുരുതരാവസ്ഥയിൽ വണ്ടിയിലേക്ക് കയറ്റുമ്പോൾ, ഗുരുക്കള് നോക്കിയത് തന്റെ എല്ലാമെല്ലാമായ കളരിയിലേക്കായിരുന്നില്ല, മാർത്താണ്ഡവർമ്മ കട്ടും കൊണ്ട് വന്ന ആ മഹാപാപിയുടെ മുഖത്തേക്കായിരുന്നു.

ഗുരിക്കളുടെ കഞ്ഞിയിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് സുഗ്രീവൻ യാത്ര തുടർന്നു, പോയി കുങ്ഫു ക്ലാസിന് ചേർന്നു. എട്ടുവീട്ടിൽ പിള്ളമാർക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ!
വാരിയെല്ലിന്റെ വാസ്തു തെറ്റിയ ഹംസത്തലി ഗുരുക്ക­ള്‍ക്ക് പിന്നെ ജീവിതത്തിലാരെയും കളരി പഠിപ്പിക്കാ­ന്‍ പറ്റീട്ടില്ല, ഒറ്റ കിടപ്പ്!
ഇപ്പോഴും, ആ കളരിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോ­ള്‍, അവിടുത്തെ ചുമരി­ല്‍ വലിയൊരു ക്വോട്ട് കാണാം…

‘ഫസ്റ്റ് ശിഷ്യനെയും ബെസ്റ്റ് ശിഷ്യനെയുമല്ല, ലാസ്റ്റ് ശിഷ്യനെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ പത്തുപ്രാവശ്യം ആലോചിക്കേണ്ടത്, സമയണ്ടെങ്കി­ല്‍ പതിനൊന്നും.’ – ഹംസത്തലി ഗുരിക്ക­ള്‍