പൊന്നുട്ടൻ, ഒരു തരിപോലും ചെമ്പില്ലാത്ത തനി പൊന്ന്. പക്ഷെ അത്രയ്ക്ക് അങ്ങട് പ്യുവർ ആയാലും കുഴപ്പമാണ്. അല്ലെങ്കിൽ പിന്നെ ഹാർപ്പിക്കുകാരും ഡെറ്റോളുകാരുമൊക്കെ 99.9 ശതമാനത്തിൽ നിർത്തുന്നതെന്താ… അവർക്ക് സംഭവമറിയാം.

കഴിഞ്ഞ ക്രിക്കറ്റ് വേൾഡ്‌ കപ്പിൽ നിന്ന് ഇന്ത്യ തോറ്റു പുറത്തായ ദിവസം, പൊന്നുട്ടന്റെ വീട്ടിലെ കോഴിക്ക് അവിടുത്തെ കിണർ ഒന്ന് വിസിറ്റ് ചെയ്യാൻ തോന്നി. (അനുഷ്‌കയ്ക്ക് പോലും കോഹ്‌ലിയോട് ഇല്ലാത്ത സ്നേഹം) കിണറ്റുവെള്ളത്തിൽ കൊക്കും കുത്തി വീണ കോഴിക്ക് ആയുസ്സ് പിന്നെയും ബാക്കിയുണ്ടായിരുന്നതുകൊണ്ട് അതിന്റെ പൊക കിണറുവിട്ട് പുറത്തേക്ക് വന്നില്ല. ട്രിപ്പ് മൈൻഡ് കഴിഞ്ഞ കോഴി കിണറ്റിലെ ഒരു പാറയിൽ ടൈറ്റാനിക്കിലെ റോസിനെ പോലെ കേറികിടന്നു.

ജാക്ക് ആയതുകൊണ്ടല്ല, വീട്ടിലെ മൂത്ത സന്തതി എന്ന നിലയിലാണ് കോഴിയെ കിണറ്റിൽ നിന്നും രക്ഷിക്കാനുള്ള ദൗത്യം പൊന്നുട്ടനിൽ വന്നുചേരുന്നത്. പക്ഷെ പൊന്നുട്ടൻ വന്ന് ഏണി വെച്ചുകൊടുത്തിട്ടും, കയറിട്ടു കൊടുത്തിട്ടും ആ അണ്ടർ റേറ്റഡ് കോഴി കയറാൻ കൂട്ടാക്കിയില്ല. പിന്നെ കോഴിയുടെ ഫേവറിറ്റ്, ‘മൂന്ന് മാൻ ബിരിയാണി റൈസ്’ ഒരു ബക്കറ്റിലിട്ടു കയറുകെട്ടി താഴേക്ക് ഇറക്കി വിളിച്ചു നോക്കി…. യേഹെ! കോഴി, ‘ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല ശശ്യേ’ എന്ന നിൽപ്പ് നിൽക്കുകയാണ്.

കാട്രിഡ്ജിലെ മഷി ഫുള്ള് വറ്റിയ പൊന്നുട്ടൻ പണ്ട്, സച്ചിൻ ഔട്ടായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പോലെ നിന്നു. കോഴിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി ഓക്സിജൻ കിട്ടാതെ മരിച്ച സ്വന്തം ന്യൂസ് മനസ്സിൽ വായിച്ചതുകൊണ്ട് പൊന്നുട്ടൻ അതിൽ നിന്നും നേരത്തെതന്നെ ബാക്ക് ഔട്ട് അടിച്ചിരുന്നു. അവൻ കോഴിയുടെ മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നു. യെസ്! പൊന്നുട്ടൻ കോഴിയുടെ മുഖത്തെ വീക്നെസ് കണ്ടുപിടിച്ചിരിക്കുന്നു!! അവൻ നേരെപോയി കോഴിയുടെ പതിനൊന്ന് കോഴികുട്ടികളെയും കൊണ്ടുവന്നു ആ ബക്കറ്റിലാക്കി താഴേക്ക് ഇറക്കാൻ തുടങ്ങി.

മോന്‍റെ ചെയ്തി കണ്ട് വാപൊളിച്ചു നിന്ന അമ്മ ചോദിച്ചു,
“ഇയെന്താടാ ഈ ചെയ്യുന്നേ?”
“കുഞ്ഞുങ്ങളെ കണ്ടാൽ ഏത് തള്ളകോഴിയും ബക്കറ്റിൽ കേറും”
“അതിനെന്തിനാടാ പതിനൊന്ന് എണ്ണത്തിനെയും ഒരുമിച്ച് കിണറ്റിലിറക്കുന്നത്?”
“ഏത് കുട്ടിയോടാണ് കോഴിക്ക് കൂടുതൽ ഇഷ്ടം എന്ന് നമ്മക്കറിയില്ലല്ലോ…”
അത് പോയന്റ്! മോന് പൊന്നുട്ടൻ എന്ന് പേരിട്ടതിൽ ആ അമ്മ അഭിമാനം കൊണ്ടു.
ബക്കറ്റ് പയ്യെ പയ്യെ താഴെ എത്തി… തള്ളയെ കണ്ട സന്തോഷത്തിൽ ആ ഉണ്ണികളെല്ലാം ബക്കറ്റിൽ നിന്നും പുറത്തേക്കിറങ്ങി! പതിനൊന്ന് വീക്നെസ്സുകളും തിരിച്ചുകിട്ടിയ കോഴിക്ക് പിന്നെ ബക്കറ്റിൽ കയറേണ്ട ആവശ്യമില്ലല്ലോ…

മക്കള് കോഴിയേക്കാൾ വലിയ വാണ്ടർലസ്റ്റുകളായിരുന്നു!!