മാങ്ങ, മൂവാണ്ടനും മല്ലികയും നീലവും കോട്ടൂർകോണവും ഒന്നുമല്ല…. ജാപനീസ് മാങ്ങ. ജാപനീസ് മാങ്ങ എന്നു വായിച്ചപ്പോൾ പഴുത്തതായിരിക്കുമോ എന്നു നിങ്ങളിലാരെങ്കിലും മനസ്സിലാലോചിച്ചിട്ടുണ്ടെങ്കിൽ, പോയി…. നിങ്ങൾ മറ്റേ വൈബിലാണ്, തന്ത. പെരിയോർകളെ, തായ്കളേ…. ഇത് അനിമേഷൻ സീരീസാണ്.
ജെൻ സി ജെൻ ആൽഫ വൈബ് പിടിക്കാൻ ഞാൻ കുറച്ചായി ശ്രമിക്കുന്നു, കൃത്യമായിട്ട് പറഞ്ഞാൽ നര വന്നു തുടങ്ങിയശേഷം. ബി.ടി.എസ് അടക്കമുള്ള കെ-പോപ്പുകൾ കേട്ടു, ഒന്നും മനസ്സിലായില്ല, കൊറിയൻ ഫാഷൻ ചേരുന്നില്ല. മൈൻക്രാഫ്റ്റും ഫോർട്ട്‌നൈറ്റും ഇരുന്ന് കളിക്കാൻ സമയമില്ല. Skibidi Toilet മൂന്ന് എപ്പിസോഡ് കണ്ടു, ജംഗിൾ ബുക്ക് മിസ് ചെയ്തു. അങ്ങനെയാണ് അനിമേ/മാങ്ങ എന്ന ഗ്രാഫിക് നോവലുകളിലേക്ക് ഫോക്കസ് ചെയ്യാൻ തീരുമാനിച്ചത്. ഒന്നുമില്ലെങ്കിലും വായന ആണല്ലോ, തകർക്കും!
കഴിഞ്ഞ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ‘Spy x Family‘ എന്നൊരു ഹിറ്റ് മാങ്ങ കോമിക് വാങ്ങിച്ചു. ഇടയ്ക്ക് ലോ കോളിറ്റി ഫേക്ക് കിട്ടാറുള്ളത് കൊണ്ട് ആമസോണിൽ അങ്ങനെ പുസ്തകങ്ങൾ വാങ്ങിക്കാറില്ല. പക്ഷെ പെട്ടെന്ന് പൂക്കി ആവേണ്ടത് നമ്മടെ ആവശ്യം ആണല്ലോ… 599 രൂപയുടെ മാങ്ങയ്ക്ക് ഓർഡർ പോയി.
അടുത്ത എറണാംകുളം യാത്ര കഴിഞ്ഞു തിരിച്ചു വീടെത്തിയപ്പോൾ സാധനം എത്തിയിരുന്നു. ഉടനെ പുസ്തകം കയ്യിൽപിടിച്ച് ഒരു ഏസ്തറ്റിക് ഫോട്ടോയെടുത്ത് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇട്ടു, ‘Tasting my first Manga’. വൗ, പൊടിപാറിയ പൂക്കി! വായിച്ചുതീർത്തിട്ട് ഇഷ്ടപെട്ടാലും, ഇഷ്ടപ്പെടാതെ പകുതിക്ക് നിർത്തിയാലും ഇടാനുള്ള സ്റ്റാറ്റസ് നേരത്തെത്തന്നെ കണ്ടുവെച്ചിരുന്നു, ‘This book is bussin, no cap’ (ജെൻ സി ലിംഗോ).
സ്റ്റാറ്റസിന് പത്ത് ജെൻ സി/ജെൻ ആൽഫ കിഡ്സിന്റെ റിയാക്ഷൻ കൂടി വന്നതാടെ ആവേശമായി, Slay! അപ്പൊ തന്നെ വായന തുടങ്ങി. പക്ഷെ മറിച്ചു നോക്കിയപ്പോൾ എന്തോ ഒരു വശപിശക്… അതെ, ഇന്റക്സ് പേജുണ്ട് പുസ്തകത്തിന്റെ അവസാനം കിടക്കുന്നു. കളൈമാക്സ് പുസ്തകത്തിന്റെ തുടക്കത്തിലും. പച്ച ഫേക്ക്!! ആമസോൺ വീണ്ടും ചാമ്പി. ഏതോ ലോക്കൽ പ്രസ്സിൽ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിച്ച് വെച്ചതായിരിക്കണം, ഫ്രോഡ്കൾക്കിടയിലും ബോധമില്ലാത്തവരുണ്ടെന്നു മനസ്സിലായി. ആമസോൺ ആപ്പ് തുറന്ന് ഓർഡർ റിട്ടേൺ കൊടുത്ത് ഞാനെന്റെ ദേഷ്യം തീർത്തു.
കുറച്ച് കഴിഞ്ഞപ്പോഴാണ് കൊറിയൻ ജാപനീസ് അനിമേ സീരീസുകളുടെ കടുത്ത ആരാധകനായ മാമന്റെ മോൻ (ജെൻ സി) വീട്ടിലേക്ക് വന്നത്. അവനോടു കാര്യം മുഴുവൻ പറഞ്ഞ് ആമസോൺ സെല്ലറിനെ നാല് ചീത്തയും പറഞ്ഞപ്പോ അവനുണ്ട് ഉറക്കെയൊരു ചിരി.
“എന്റെ ദീപുവേട്ടാ… മാങ്ങാ സീരീസ് പിറകിൽ നിന്ന് മുന്നോട്ടാണ് വായിക്കേണ്ടത്.”
ഇതെവിടുത്തെ ഏർപ്പാടാണ്. എൽ.കെ.ജി മുതൽ വായിക്കുന്നത് മുന്നിൽ നിന്ന് പിന്നോട്ടാണ്. ഇനി ഈ ജപ്പാനീസുകാർക്കും കൊറിയക്കാർക്കും വേണ്ടി നമ്മൾ അതും മാറ്റണോ, സുകൃതക്ഷയം!
അവൻ ചിരി നിർത്തുന്നില്ല… എന്റെ മുഖത്തുണ്ടായിരുന്ന ഏസ്തെറ്റിക്സൊക്കെ എങ്ങോട്ടോ പോയി. Skrrt, I‘m out! അമ്മേ, എവിടെ എന്റെ ബാലഭൂമി?
നമ്മൾ മില്ലേനിയൽസ് പ്രായമായി, തന്ത വൈബ് ആയി എന്നൊക്കെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ജെൻ ആൽഫ ജെൻ സി വൈബ്സ് പിടിക്കാൻ ശ്രമിക്കാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇമ്മാതിരി അബദ്ധങ്ങള് പറ്റി നമ്മള് അവരുടെമുന്നിൽ Cheugy ആയിപ്പോവും.
അല്ലേലും നമുക്ക് താലോലിക്കാൻ എന്തൊക്കെ സന്തോഷങ്ങളുണ്ട്… ബാലരമ, ബാലഭൂമി, ശക്തിമാൻ, ശക്തിമരുന്ന്, കപീഷ്, കാട്ടിലെ കണ്ണൻ, WWE, വാക്മാൻ, ഡിജിറ്റൽ ഡയറി…