ഇക്കഥയിലെ അറേഞ്ച്ട് മാര്യേജ് ഒരു ഗ്ലാസ് സ്റ്റോറിയാണ്. പെണ്ണുകാണലിലെ ചായഗ്ലാസ്സില് തുടങ്ങി, ആദ്യരാത്രിയിലെ പാല്ഗ്ലാസ്സില്, ട്വിസ്റ്റോടുകൂടി സ്റ്റോപ്പാവുന്ന ഒരു ഗ്ലാസ് സ്റ്റോറി .
പെണ്ണ് കാണല്‍ ….. ബെല്‍റ്റിടാതെ ലോ വൈയ്സ്റ്റ് പാന്റിട്ട് നടക്കുന്നത് പോലെയാണ്. ഓരോ സെക്കണ്ടും പിരിമുറുക്കം നിറഞ്ഞതായിരിക്കും. കന്നികാണല് ആണെങ്കില്‍ അവസ്ഥ അതിലും മാരകമായിരിക്കും. മനു അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അത്.
വിവാഹ മാര്‍ക്കറ്റില്‍ ചെല്ലുമ്പോള്‍ കൂലിപണിക്കാര് മുതല്‍ CEOമാര്‍ വരെ എഴുന്നള്ളിക്കുന്ന സ്പെസിഫിക്കേഷന്‍സ് ഉണ്ടല്ലോ, ഗ്രാമീണത, ശാലീന സൌന്ദര്യം, നാട്ടിന് പുറത്തുകാരി, നിഷ്കളങ്കത …..ഇതൊക്കെതന്നെയാണ് മനുവും ആഗ്രഹിച്ചത്. കൂട്ടത്തില്‍ ഒന്ന്കൂടെ പറഞ്ഞു,
“കേരളത്തിന് പുറത്തു ഹോസ്റ്റലില്‍ നിന്ന് പഠിച്ച കുട്ടിയാണെങ്കില്‍ ജാതകം പോലും എന്റെ വീട്ടില്‍ കേറ്റരുത്.”
ഇതൊക്കെ ഏതാണ്ട് ഒത്തുവന്ന്, കുട്ടന് പണിക്കര്‍ ഒറ്റനോട്ടത്തില്‍ ‘proceed’ എന്ന് കണ്ണുംപൂട്ടി പറഞ്ഞ ഒരു ചിങ്ങത്തിലെ ചതയതിന്റെ വീട്ടിലാണ് മനുവും,ഏട്ടനും,അച്ഛനും,അമ്മയും കൂടി ചായകുടിക്കാന്‍ വന്നിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അമ്മ ജിലേബിയും , ലഡുവും കൊണ്ടുവെച്ചു. മനു ഒരു ലഡുവെടുത്തപ്പോള് കുട്ടിയുടെ അച്ഛന്റെ കമെന്റ്,
“മോനെ, മോളെ കാണുമ്പോ ലഡു പൊട്ടരുതേ”
പുളിച്ച വിറ്റടിച്ചിട്ട് ഒറ്റയ്ക്ക് ഹലാക്കിലെ ചിരി ചിരിക്ക്യാണ് ഭാവി ഫാദര്‍ ഇന്‍ ലോ.വോവ്!വാട്ട് എ ബ്യൂട്ടിഫുള്‍ സീന്‍ !കമ്മീഷന് കൂടുതല്‍ തരുമെന്ന് കരുതീട്ടാവും ബ്രോക്കര്‍ ഇടയ്ക്കൊന്നു കമ്പനി കൊടുത്ത്. മനു ഏട്ടനെ നോക്കി, എട്ടന് ഇപ്പഴേ ഇറങ്ങി ഓടിയാല്‍ കൊള്ളാമെന്നുണ്ട്.
മനു, ലഡു എടുത്തിടത്തു തന്നെ തിരികെവെച്ചു.
കുട്ടി ചായയുമായി വന്നു, ഇന്‍ ചായഗ്ലാസ്. മനു സൂക്ഷിച്ചുനോക്കി. ഇല്ല, ഇതുവരെ കണ്ട 3GP ക്ളിപ്പുകളിലൊന്നും ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ല. മഹാഭാഗ്യം !
“ഇതാണ്, ഇത് തന്നെയാണ് നിന്റെ പേര് അറ്റത്ത് ചേര്‍ക്കാന്‍ പോണ ആ പെണ്‍കുട്ടി” മനസ്സ് അന്നൌന്‍സ് ചെയ്തു.
അപ്പുറത്തിരുന്നിരുന്ന ഏട്ടന് തോണ്ടിയിട്ട് ചെവിയില്പറഞ്ഞു
“ഈ വായ പൊളിക്കലിലാണ് ഒരുപാട് പുരുഷജീവിതങ്ങള് കല്ലത്തായത്. എന്റേതടക്കം!കണ്ട്രോള് ”
അപ്പോഴാണ് താനറിയാതെ തന്റെ വായ തുറന്നിരുന്നത് മനു ശ്രദ്ധിച്ചത്, അടച്ചു. ആ സൌന്ദര്യം മനുവിനെ അടാടെ ആകര്‍ഷിച്ചിരുന്നു.
“ഇതാണ് ഞങ്ങ പറഞ്ഞ പെണ്ണ് , ഇതാണ് പെണ്ണ് ! ” എന്ന ഭാവത്തോടെയാണ് ബ്രോക്കറുടെ നില്‍പ്പ്.
പിന്നെയാണ് അറേഞ്ച്ട് മാര്യേജ് പെണ്ണുകാണലിലെ ആ FAQ (ഫ്രീക്ക്യുന്റ് കൊസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ ) പിറന്നത്,
“പേരെന്താ”?
“സുജിത.”
പക്ഷെ ഇവിടെ ചോദിച്ചത് ഏട്ടനും മറുപടി പറഞ്ഞത് അച്ഛനുമായി പോയി. മനു രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
കാലമെത്ര പുരോഗമിച്ചിട്ടും പെണ്ണുകാണലിന്റെ സ്ക്രിപ്റ്റിനും, സൊ കാള്‍ഡ് ഡയലോഗുകള്‍ക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
“ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാനുണ്ടാവും, നമുക്കൊന്ന് മാറികൊടുക്കാം”
പെണ്ണ്കാണലിലെ പവര്‍പ്ലേയാണ്, ജയവും തോല്‍വിയും തീരുമാനിക്കുന്ന മിനുട്ടുകള്‍ !
മനുവിനെ സുജിതയുടെ അടുത്ത് ഒറ്റയ്ക്കാക്കി എല്ലാരും പോയി.
“ഓപ്പണായി ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് , ഇപ്പഴത്ത കാലമാണ് ……..ആരോടെങ്കിലും വല്ല പ്രേമമോ മറ്റോ ഉണ്ടോ, ഉണ്ടെങ്കില്‍ പറഞ്ഞോളൂ നോ പ്രോബ്ലം……” മനു ചോദിച്ചു;(Precaution No.1).
“ഒരു പാട് പേര് ഇങ്ങോട്ട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട് …….പക്ഷെ എനിക്ക് ……..ഇതുവരെയാരോടും ………അങ്ങനെയൊന്നും………തോന്നിയിട്ടില്ല”
WOW! ഏതൊരു ബാച്ചിലറും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു ഹോട്ട് ഫേവറിറ്റ് റിപ്ലെ. മനു ധൃതംഗപുളകിതനായി.
“ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ ?”
“മം ….എന്തിനാ ?”
“അനിയത്തി സേലത്ത് ചെറിയമ്മയുട വീട്ടില്‍ നിന്നാ പഠിക്കുന്നത്, അവള്‍ക്ക് അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കാനാ .”
ആഹാ അഭിപ്രായം ചോദിയ്ക്കാന്‍ പറ്റിയ മൊതല്, കാണേണ്ട താമസം കുറ്റം പറഞ്ഞു തുടങ്ങിക്കോളും. ആ ഉടല് മുഴുവന്‍ അസൂയമാത്രേ ഉള്ളൂ. ക്ലാസ്സില്‍ തന്നെക്കാള്‍ ഗ്ലാമറുള്ള പെണ്പിള്ളേര് ഉണ്ടാവാതിരിക്കാന്‍ തമിഴ്നാട്ടില്‍ പോയി പഠിക്കണ ടീമാ (ആത്മഗതം)
“ഉം …എടുത്തോളൂ.”
ആ മുഖം Galaxy s2 ഒപ്പിയെടുക്കുമ്പോള്‍ മനു എന്താണ് ഉദ്ദേശിച്ചുറപ്പിച്ചിരുന്നത് എന്ന് ആരും അറിഞ്ഞില്ല.
എല്ലാം കഴിഞ്ഞ്, പെണ്ണുകാണല്‍ ടീം ഇറങ്ങാറായി.
“ഞങ്ങള്‍ വിവരമറിയിപ്പിക്കാം.”
ഒരുമാതിരിപെട്ട പെണ്ണുകാണല്‍ ഷോര്‍ട്ട് ഫിലിമൊക്കെ ആവസാനിക്കുന്നത് ഈ ഡയലോഗിലാണ് .
സുജിത ശശിധരനിലെ, ശശിധരന് എന്ന ശശി പറഞ്ഞു,
“കത്തൊന്നും അയച്ച് അറിയിപ്പിക്കരുതേ, കല്യാണം വൈകിപോകും” പൊട്ടിച്ചിരി ……ഏകാംഗ പൊട്ടിച്ചിരി
വീണ്ടും ഒലക്കേമിലെ തമാശ! മനു ഏട്ടനെ നോക്കി, ഏട്ടന് അടിക്കാത്ത ഫോണെടുത്ത് ചെവിയില്‍ വെച്ച് ഫ്രേമില്‍ നിന്നും സ്കൂട്ടാവുന്നു .
കുട്ട്യേടച്ഛന് കഷണ്ടി, മാരക വിറ്റായിരിക്കുമെന്ന് ബ്രോക്കര്‍ ഒരു സൂചന തന്നിരുന്നു, പക്ഷെ ഇമ്മാതിരി അമാനുഷിക വിറ്റടിക്കുന്ന ഉരുപ്പടിയായിരിക്കുമെന്ന് കരുതിയില്ല. “വൈഫ് ഹൌസിലെ മാരീഡ് ലൈഫ് ഇരമ്പും !!”
ഡ്രൈവര്‍, അച്ഛന്, അമ്മ, മനു, ഏട്ടന് . വണ്ടി നിറഞ്ഞു. വണ്ടി സ്റ്റാര്‍ട്ടായി.
“മനൂ, ഞങ്ങള്‍ക്കൊക്കെ ഇഷ്ടായി. നിന്റെ അഭിപ്രായം പറഞ്ഞില്ല ….”
“അമ്മാ, വീട്ടിലെത്തിയിട്ടു പറയാ അമ്മാ”
അമ്മയുടെ യോര്‍ക്കര്‍, ! “വീട്ടിലാരോടാടാ നിനക്ക് ചോദിക്കാനുള്ളത് ? ”
അച്ഛന്റെ ബൌണ്സര്, !! “ശരിയാ, വീട്ടിലുള്ള എല്ലാരും ഇവിടെയില്ലേ ? ”
പക്ഷെ വിക്കറ്റെടുത്തത് ഏട്ടനായിരുന്നു, !!! “വീട്ടിലുള്ള ഒരാളുമാത്രം ഇവിടെയില്ല……..വേലക്കാരി രമണി !”
നിശബ്ദത ……….
.
.
.
“നീ നോ പറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല, പക്ഷെ നിന്റെയൊരു യെസ്, ഒരു ചരിത്രമാവും. വരാനിരിക്കുന്ന ഒരുപാട് പേര്‍ക്ക് യെസ് എന്ന് പറയാന്‍ ധൈര്യംനല്ക്കുന്ന ചരിത്രം”
അച്ഛന് ‘ട്രാഫിക്കി’ലെ ഡയലോഗടിക്കാന് കണ്ട സമയം. മനു കൌണ്ടര്‍ അറ്റാക്ക് തുടങ്ങി.
“നിങ്ങള്‍ക്കെന്താ ഇത്ര ധൃതി? നിങ്ങള്‍ മൂന്നാളും ഇന്റര്‍നെറ്റും, മൊബൈലും കേരളത്തില്‍ വരുന്നതിനും മുന്നേ കല്യാണം കഴിച്ചോരാണ്. കാലം മാറി, പെണ്കുട്ട്യോള് അതിനേക്കാട്ടും മാറി. ഇക്കാലത്ത് പെണ്ണ്കെട്ടാന് പോകുമ്പോ പലതും നോക്കണം, ഈ തലമുറയ്ക്കേ അതിന്റെ വിഷമം അറിയൂ”
അതേറ്റു, വീണ്ടും നിശബ്ദത.
ഡ്രൈവര്‍ സുഗുണേട്ടന് ആക്സിലേറ്ററില്‍ ദേഷ്യം തീര്‍ക്കുന്നത് മനു ശ്രദ്ധിച്ചു. ഹോ ഹോ, അപ്പൊ ഏട്ടന്റെ ആ രമണി വിറ്റ് അവിടെയാണ് കൊണ്ടത് ! ഇങ്ങനെയൊരു കുടുംബാ സൂത്രണം എന്റെ വീട്ടില്‍ നടക്കുന്നത് ഇപ്പോഴാണ് അറിയുന്നത് . അങ്ങനെ വരട്ടെ , സുഗുണേട്ടന് ചീത്ത കേള്‍ക്കുന്ന ദിവസം, സാമ്പാറില്‍ ഉപ്പു കൂടുന്ന ‘പ്രതിഭാസ’ത്തിന്റെ പൊരുള്‍ ഇതായിരുന്നല്ലേ ?. ഇതൊന്ന് കഴിയട്ടെ ശരിയാക്കിതരാം (ആത്മഗതം).
വീടെത്തി, മനു മുറിയില്കേറി വാതിലടച്ചു. ട്വിട്ടെരില്‍ സ്റ്റാറ്റസ് ഇട്ടു, ‘പെണ്ണ് കണ്ടു ‘. എന്നിട്ട ഗൂഗിള്‍ ഇമേജ് സെര്‍ച്ച് എടുത്തു, നേരത്തെ എടുത്ത സുജിത ശശിധരന്റെ ഫോട്ടോ അവിടേക്ക് അപ്ലോഡ് ചെയ്തു.
ഹോ ! മനുവിന് പാതി ആശ്വാസമായി. സിമിലര്‍ ഇമേജസ് ഒന്നും ഗൂഗിളിനു തപ്പിയിട്ടു കിട്ടിയില്ലത്രേ !! അപ്പൊ അവളുടെ ഫോട്ടോകള്‍ ഒന്നും വെബ് സൈറ്റുകളില്‍ ഇല്ലെന്നുറപ്പിക്കാം.
“ഇനി വല്ല വീഡിയോസ്??” ഇതുപോലെ, നെറ്റിലുള്ള സിമിലര്‍ വീഡിയോസ് സെര്‍ച്ച് ചെയ്യാന്‍ വകുപ്പില്ല.
“ടെക്നോളജി ഇനിയും ഒരുപാട് പുരോഗമിക്കേണ്ടിയിരിക്കുന്നു.” ഉണ്ടാവില്ല എന്ന വിശ്വാസത്തില്‍ മനു മുന്നോട്ടുനീങ്ങി .
ഇനിയാണ് അടുത്ത കടമ്പ, ഫേസ്ബുക്ക് …….സക്കര് ബര്‍ഗിനെ ധ്യാനിച്ച് തുറന്നു.
പേരടിച്ചു, സുജിത ശശിധരന് …….. സെര്‍ച്ച് റിസള്‍ട്ട് വന്നു.
“ങേ! അതിലും ഗ്ലാമറുള്ള കുറെ സുജിത ശശിധരന്മാര്!!!!”, മനസ്സില്‍ കോഴി കൂവി.
“പിന്നെ നോക്കാം ഇപ്പൊ ഇതാണ് വലുത് ”
അവളുടെ പ്രൊഫൈല്‍ ! 328 ഫ്രണ്ട്സ്. ഫോട്ടോകള്‍ ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്! ആശ്വാസം. വകതിരിവുള്ള കുട്ടിയാണ്.
ഒരു മ്യൂച്ചല്‍ ഫ്രണ്ട്! വിശാഖ് !! പടച്ചോനേ പെട്ട്, എന്റെ 679 ഫ്രണ്ട്സില്‍ ഈ കുരുപ്പിനെ മാത്രേ കണ്ടുള്ളൂ ഇവള്‍ക്ക് മ്യൂച്ചല്‍ ഫ്രെണ്ടാക്കാന് ? വേറെ ആരായിരുന്നെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. മനുവിന്റെ നെഞ്ചു പെടച്ചു തുടങ്ങി.
അവന് ഫോണെടുത്ത് വിശാഖിനു ഡയല് ചെയ്തു.
“അളിയാ വിശാഖേ ……ഞാനിന്നോരുത്തിയെ പെണ്ണ് കണ്ടു, ഇഷ്ടപെടുകയോക്കെ ചെയ്തു …പക്ഷെ ഫേസ്ബുക്കില്‍ നോക്കിയപ്പോ നീ മ്യൂച്ചല്‍ ഫ്രണ്ട്. അതുകണ്ടപ്പോ…..”
“ഏതാടാ ആള്?”
“ഒരു സുജിത ശശിധരന് ”
“പേടിക്കണ്ടാടാ, ഞാന്‍ ഫോട്ടോ കണ്ടു റിക്വസ്റ്റ് അയച്ചതാ,അവള് ആള് മാറി ആക്സെപ്റ് ചെയ്തു. ഞാന്‍ കുറെ വളയ്ക്കാന്‍ നോക്കി. മെസേജിനു ഒരു റിപ്ല്യ് പോലും തരുന്നില്ല. നീ ധൈര്യായിട്ട് കെട്ടിക്കോ, നല്ല കുട്ട്യാവും.”
അവനു ഒരു ഗംബീരന് ട്രീറ്റ് ഓഫര്‍ ചെയ്ത് മനു ഫോണ്‍ വെച്ചു.
“ഈ പ്രൊഫൈല്‍ എനിക്കുള്ളതാണ്”, മനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. പുറത്ത് വന്ന എല്ലാവരോടും ഇച്ചിരി നാണത്തോടെ പറഞ്ഞു,
“ഉറപ്പിച്ചോളൂ, എനിക്ക് സമ്മതമാണ് ”
കുഭത്തിലെ രണ്ടാമത്തെ ഞാറാഴ്ച. കല്യാണമൊക്കെ രാവിലെയേ കഴിഞ്ഞ് . ഇപ്പൊ രാത്രി, അല്ല ആദ്യരാത്രി.
സുജിത മനു, സിനിമാ സ്റ്റൈലില്‍ കസവുമുണ്ടും, മുല്ലപ്പൂവുമണിഞ്ഞ്, കയ്യില്‍ പാല്ഗ്ലാസുമായി മുറിയിലേക്ക് കടന്ന് വാതിലടച്ചു.
അവിടെ ജനലും തുറന്നിട്ട് നക്ഷത്രമെണ്ണുന്ന വരന്, കയ്യില്‍ കിങ്ങ്സ് പുകഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…..
മനു വധുവിനെ നോക്കി ഒന്ന് ചിരിച്ചു.
അവള് മനസ്സിലായില്ലെന്ന ഭാവത്തില്‍ മുഖത്തേക്ക് നോക്കി.
“അല്ല, പണ്ടൊക്കെ ഈ ആദ്യരാത്രികളിലെ സ്ഥിരം കാഴ്ചയാണ്, സിഗരെറ്റ് വലിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനെ കണ്ടിട്ട് മുറിയിലേക്ക് വരുന്ന ഭാര്യയുടെ കയ്യിലിരിക്കുന്ന പാല്ഗ്ലാസ് നിലത്ത് വീണുപൊട്ടുന്ന രംഗം,അതോര്‍ത്തു ചിരിച്ചതാ. സില്ലി ഗേള്‍സ് !”
മനു പാല് ഗ്ലാസ് വാങ്ങി .
സുജിത മനു കൈനീട്ടി, ആദ്യരാത്രിയിലെ അവളുടെ ആദ്യത്തെ വാക്കുകള്‍,
“മനൂ , ഒരു പഫ്ഫ് താ, ഞാന്‍ കിങ്ങ്സ് ഇത് വരെ വലിച്ചു നോക്കിയിട്ടില്ല”
ചിലിം ………പാല്ഗ്ലാസ് നിലത്തു വീണു. കുപ്പിച്ചില്ലുകള്‍ സ്ലോ മോഷനില്‍ ചിതറി .
ആ ശബ്ദം കേട്ട്, വാതിലിനു പുറത്തു നിന്ന് ചിരിയൊച്ചകള് ഉണ്ടായി, ഒപ്പം അടക്കിപിടിച്ച പറച്ചിലുകളും .
“അവനു പണ്ടേ ഭയങ്കര ആക്രാന്താ ”
രണ്ടാം ഭാഗം;
‘ദ ഗ്ലാസ് സ്റ്റോറി 2’ http://deepu.me/2014/02/02/theglassstory2/