ഷവര്‍മ്മ നിരോധിച്ച ദിവസം. സിന്ധി പശുവിന്‍റെ ഗ്ലാമറും, വെച്ചൂര്‍ പശുവിന്‍റെ മുഖശ്രീയുമുള്ള, പി.എം.യു.പി സ്‌കൂൾ ആണ് വേദി. പി ഫോർ പീതാംബരൻ, എം ഫോർ മെമ്മോറിയല്‍ (അങ്ങേർക്കിതൊന്നും കാണേണ്ടി വന്നില്ല)
ആറ് ബിയിലെ വിദ്യാര്‍ഥി സമൂഹത്തിനെ, പുതുതായി പണികഴിപ്പിച്ച ബയോളജി ലാബിലേക്ക് ബയോളജി ടീച്ചർ ഔട്ടിങ്ങിന് കൊണ്ടുപോയതോടെയാണ് കഥ തുടങ്ങുന്നത്. കോഴിക്കോട് ബീച്ചില്‍ ക്യാരറ്റും മാങ്ങയും ഉപ്പിലിട്ടുവെച്ചതുപോലെ, ഫോര്‍മാലിന്‍ ഭരണികളില്‍ കിടക്കുന്ന തവള പ്രാണി മൃഗാദികളെ കണ്ട് കുട്ടികള്‍ വായും പൊളിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഏറ്റവും പിന്നിൽ നിന്ന് ഓരൊച്ച പൊന്തുന്നത്,
“ടീച്ചർ… ഞങ്ങള് വല്ലതിനെയും കൊണ്ടുവന്നാൽ ഇതേപോലെ ഇട്ടു വെക്കുമോ?”
ദാ നിക്കുണു നമ്മടെ മൊതല്‍, ശ്രീജുട്ടന്‍!
അവന്‍റെ വാസനയ്ക്കൊരു പ്രോല്‍സാഹനം ആയിക്കോട്ടെ ന്ന് കരുതി ടീച്ചര്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞു,
“കൊണ്ടുവന്നോളൂ… ഡൊണേറ്റഡ് ബൈ എന്ന് പേരെഴുതിതന്നെ വെക്കാം”
ചെക്കന്‍ വല്ല പാറ്റയെയോ പഴുതാരെയൊയോ കൊണ്ടുവരുമെന്നല്ലേ ടീച്ചര്‍ വിചാരിച്ചത്.